ADVERTISEMENT

ചെറുപ്പത്തിൽ ദാരിദ്ര്യത്തിന്റെ പരകോടിയിൽ ജീവിച്ച പെൺകുട്ടി.  തെരുവിൽ ഭിക്ഷ യാചിച്ചും മക്ലിയോദ്ഗഞ്ചിലെ മാലിന്യക്കൂമ്പാരങ്ങളിൽ ഭക്ഷണം തേടിയും അലഞ്ഞിരുന്ന കുട്ടിക്കാലം. ഇന്നവൾ ആതുരസേവന രംഗത്ത് വെന്നിക്കൊടി പാറിച്ചു നിൽക്കുകയാണ്. പിങ്കി ഹരിയൻ എന്ന പെൺകുട്ടിയുടെ കഥ കയ്പ്പുനീരിൽ ചാലിച്ചെഴുതിയതാണ്. ഹിമാചൽ പ്രദേശ് സ്വദേശിനിയായ പിങ്കി ഹരിയൻ ഇരുപതാം വയസില്‍ ചൈനീസ് മെഡിക്കൽ ബിരുദം പൂര്‍ത്തിയാക്കി, ഇന്ത്യയിൽ വൈദ്യശാസ്‌ത്രം പ്രാക്‌ടീസ് ചെയ്യുന്നതിനുള്ള യോഗ്യത പരീക്ഷയ്ക്കായി തയാറെടുക്കുകയാണ്.

ഈ വിജയത്തിലേക്ക് എത്താൻ പിങ്കി താണ്ടിയ ദുരിതങ്ങളുടെ ദൂരം ചെറുതല്ല. തെരുവിലെ മാലിന്യ കൂമ്പാരങ്ങളിൽ നിന്നും ഭക്ഷണം വാരി കഴിക്കുന്ന ഒരു പെൺകുട്ടിയെ ടിബറ്റന്‍ സന്യാസിയും ധരംശാല ആസ്ഥാനമായുള്ള ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഡയറക്ടറുമായ ലോബ്‌സാങ് ജാംയാങ് കണ്ടുമുട്ടുന്നതിൽ നിന്നാണ് പിങ്കിയുടെ ജീവിതം തുടങ്ങുന്നത്. ആ കാഴ്ച അത്രയധികം ഹൃദയഭേദകമായിരുന്നു അദ്ദേഹത്തിന്. അന്നുമുതൽ അവളിലേക്ക് എത്താനുള്ള യാത്ര അദ്ദേഹം ആരംഭിച്ചു. തന്റെ മനസ്സിനെ പിടിച്ചുലച്ച ആ പെൺകുട്ടിയെ അദ്ദേഹം ഒടുവിൽ കണ്ടെത്തി. ലോബ്‌സാങിന്റെ അന്വേഷണം ചെന്നെത്തിനിന്നത് ചരണ്‍ ഖുദിലെ ഒരു ചേരിയിലാണ്. പിങ്കിയെ വിദ്യാഭ്യാസം തുടരാൻ അനുവദിക്കണമെന്ന് അവളുടെ മാതാപിതാക്കളെ പറഞ്ഞ് സമ്മതിപ്പിക്കുക എന്നതായിരുന്നു ലോബ്‌സാങ് നേരിട്ട അടുത്ത വെല്ലുവിളി. കുറെയേറെ പണിപ്പെട്ടിട്ടാണെങ്കിലും പിങ്കിയുടെ പിതാവിനെ കൊണ്ട് അവളുടെ വിദ്യാഭ്യാസം തുടരാൻ ലോബ്‌സാങ് സമ്മതിപ്പിച്ചെടുത്തു. 

2004ൽ ആയിരുന്നു പിങ്കിയുടെ ജീവിതത്തിലെ ആദ്യത്തെ വഴിത്തിരിവ്. ധരംശാലയിലെ ദയാനന്ദ് പബ്ലിക് സ്‌കൂളിൽ പിങ്കി ഹരിയൻ പ്രവേശനം നേടി. ചാരിറ്റബിൾ ട്രസ്റ്റ് നിർധനരായ കുട്ടികൾക്കായി 2004ൽ സ്ഥാപിച്ച ആ ഹോസ്റ്റലിലെ ആദ്യ ബാച്ച് വിദ്യാർഥികളിൽ ഒരാളായിരുന്നു അവൾ. ദാരിദ്ര്യത്തിൽ നിന്നും കരകയറാനുള്ള ഏകമാർഗം വിദ്യാഭ്യാസമാണെന്ന് തിരിച്ചറിഞ്ഞ ആ കുഞ്ഞു പെൺകുട്ടി അതിലേക്കുള്ള പ്രയാണം ആരംഭിച്ചു. 

സീനിയർ സെക്കണ്ടറി പരീക്ഷയില്‍ മികച്ച നേട്ടം കൈവരിച്ച പിങ്കി, നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റും (അണ്ടർ ഗ്രാജ്വേറ്റ്) പാസായി. എന്നാല്‍ അമിത ഫീസിന്റെ പേരിൽ ഒരു പാവം പെൺകുട്ടിയെ സ്വകാര്യ മെഡിക്കൽ കോളജുകൾ പടിയ്ക്ക് പുറത്താക്കി. എന്നാൽ വിധി അവളെ കയ്യൊഴിയാൻ തയാറായില്ല.യുകെയിലെ ടോങ്-ലെൻ ചാരിറ്റബിൾ ട്രസ്റ്റിന്‍റെ സഹായത്തോടെ, 2018ൽ ചൈനയിലെ ഒരു പ്രശസ്‌ത മെഡിക്കൽ കോളജിൽ പിങ്കി ഹരിയന്‍ പ്രവേശനം നേടി. എംബിബിഎസ് കോഴ്‌സ് പൂർത്തിയാക്കി അടുത്തിടെയാണ് പിങ്കി ധരംശാലയിൽ തിരിച്ചെത്തിയത്. 20 വർഷത്തെ കഷ്‌ടപ്പാടിനൊടുവിൽ ദരിദ്രരെ സേവിക്കാനും അവര്‍ക്ക് മികച്ച ചികിത്സ നൽകാനും പ്രാപ്‌തയായ ഒരു ഡോക്‌ടറാണ് ഇന്ന് പിങ്കി ഹരിയൻ.

English Summary:

From Garbage Dumps to Graduation Gown: Pinki Haryan's Inspiring Journey to Becoming a Doctor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com