മേൽചുണ്ട് മുറിച്ചത് സംസാരശേഷിയെ ബാധിച്ചു; അടുത്ത ലക്ഷ്യം ചർമം മുഴുവൻ നീക്കലെന്ന് ‘ബ്ലാക് ഏലിയൻ’

Mail This Article
ബോഡി മോഡിഫിക്കേഷൻ തന്റെ സംസാരശേഷിയെ ബാധിച്ചെന്നു വെളിപ്പെടുത്തി മുപ്പത്തിരണ്ടുകാരൻ ആന്റണി ലോഫ്രെഡോ. മേൽച്ചുണ്ട് മുറിച്ചു കളഞ്ഞുള്ള മോഡിഫിക്കേഷനാണ് ഇതിനു കാരണമായത്. ‘ബ്ലാക് ഏലിയൻ’ എന്ന ആശയത്തിലൂന്നിയുള്ള ബോഡി മോഡിഫിക്കേഷനിലൂടെയാണ് ഫ്രാൻസിലെ ആന്റണി ലോഫ്രെഡോ പ്രശസ്തനായത്.

സിനിമകളിൽ കണ്ടിട്ടുള്ളതും നോവലുകളിൽ വായിച്ചിട്ടുള്ളതുമായ അറിവുകളെല്ലാം ചേർത്ത്, അന്യഗ്രഹ ജീവിയുടെ സാങ്കൽപിക രൂപത്തിലേക്കാണ് മാറാനാണ് ഇയാളുടെ ശ്രമം. ഇതിനായി ശസ്ത്രക്രിയ വഴി തന്റെ ചില അവയവങ്ങൾ നീക്കം ചെയ്യുകയും ചിലതിന് രൂപമാറ്റം വരുത്തുകയും ചെയ്തു. ഇക്കൂട്ടത്തിൽ ഏറ്റവും അവസാനത്തേതായിരുന്നു മേൽചുണ്ടിന്റെ ഭാഗങ്ങൾ നീക്കം ചെയ്തത്.

സംസാരിക്കാനുള്ള ബുദ്ധിമുട്ട് ഒഴിച്ചാൽ മറ്റു പ്രശ്നങ്ങളൊന്നുമില്ല. ശരീരത്തിലെ ചർമം മുഴുവൻ നീക്കം ചെയ്ത് ലോഹം പിടിപ്പിക്കുകയാണ് അടുത്ത ലക്ഷ്യം. കൈകൾ, കാലുകൾ, വിരലുകൾ, തലയുടെ പിൻഭാഗം എന്നിവിടങ്ങളിലും കൂടുതൽ മോഡിഫിക്കേഷന്‍ നടത്തുമെന്നും ഒരു പത്രത്തിനു നൽകിയ അഭിമുഖത്തിൽ ലോഫ്രെഡോ പറഞ്ഞു.
ബോഡി മോഡിഫിക്കേഷന് ഫ്രാൻസിൽ നിരോധനമുള്ളതിനാൽ സ്പെയിനിലെ ബാർസിലോനയിലുള്ള പ്രസിദ്ധനായ ബോഡി മോഡിഫയർ ഓസ്കാർ മാർക്കുസിന്റെ സേവനമാണ് ലോഫ്രെഡോ ഉപയോഗപ്പെടുത്തുന്നത്. ശരീരം കറുത്ത നിറത്തിലാക്കി മൂക്ക് മുറിച്ചായിരുന്നു തുടക്കം. അതിനുശേഷം നാവ് നെടുകെ കീറി ഉരഗങ്ങളെ പോലെയാക്കി. പിന്നീട് കൃഷ്ണമണികൾ ഉൾപ്പടെ ശരീരത്തിൽ ടാറ്റൂ ചെയ്തു. നിരവധി പിയെർസിങ്ങുകൾ അണിയുകയും തല മൊട്ടയടിക്കുകയുമുണ്ടായി. ഇതിലൊന്നും തൃപ്തനാകാതെ വന്ന ലോഫ്രെഡോ ഒടുവിൽ രണ്ട് ചെവികൾ കൂടി മുറിച്ചു മാറ്റി.
ചെറുപ്പം മുതലേ ശരീരത്തിൽ മാറ്റങ്ങൾ വരുത്താനുള്ള ആഗ്രഹം ലോഫ്രെഡോയിൽ ഉണ്ടായിരുന്നു. വേഷം മാറി ചെന്ന് മറ്റുള്ളവരെ പേടിപ്പിക്കുന്നത് ഇഷ്ട വിനോദമായിരുന്നു. സെക്യൂരിറ്റി ഗാർഡ് ആയി ജോലി ചെയ്യവേ ആണ് രൂപമാറ്റം എന്ന ചിന്ത ഉണ്ടാകുന്നത്. തുടർന്ന് ജോലി ഉപേക്ഷിച്ച് ഓസ്ട്രേലിയയിലേക്ക് പോയ ലോഫ്രെഡോ വർഷങ്ങൾക്ക് ശേഷം ബ്ലാക്ക് ഏലിയൻ പ്രൊജക്ടുമായാണ് യൂറോപ്പിലേക്ക് തിരിച്ചെത്തിയത്.

ബ്ലാക്ക് ഏലിയൻ പ്രൊജക്ട് എന്ന ലോഫ്രെഡോയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിന് രണ്ട് ലക്ഷത്തോളം ഫോളോവേഴ്സുണ്ട്. ശരീരത്തിൽ നടത്തുന്ന ഓരോ പരീക്ഷണവും ഫോളോവേഴ്സിനെ ഇയാൾ അറിയിക്കും. നെടുകെ പിളർന്ന നാവും നീട്ടി ഹെൽബോയ് രൂപത്തിലുള്ള ശരീരം കാണിച്ച് തെരുവുകളിലൂടെ നടക്കുകയാണ് അന്റോണിയോയുടെ പ്രധാന വിനോദം. ആളുകളെ ഭയപ്പെടുത്തുന്ന ഈ ഭീകര രൂപത്തിൽ വളരെയധികം സന്തോഷവും സംതൃപ്തിയും ഇയാൾ കണ്ടെത്തുന്നു. താൻ സ്വപ്നം കണ്ട ജീവിതമാണ് ഇപ്പോഴത്തേതെന്ന് ലോഫ്രെഡോ പറയുന്നു.
English Summary : Body modification fanatic removes top lip to look like a 'black alien', now struggles to speak