കേരളത്തിന്റെ കൈത്തറി മഹിമ ലോകത്തിനു മുന്നിലെത്തിച്ച് ഓസ്കർ റെഡ്കാർപ്പറ്റിൽ പ്രാണ

Mail This Article
കേരളത്തിന്റെ സ്വന്തം ഫാഷൻ ലേബൽ ‘പ്രാണ’മറ്റൊരു അഭിമാന നേട്ടം കുറിച്ചിരിക്കുകയാണ്. ഓസ്‌കർ 2025 റെഡ് കാർപ്പറ്റിൽ അനന്യ ശാൻഭാഗ് എന്ന യുവ അഭിനേത്രിക്കാണ് പൂർണിമ ഇന്ദ്രജിത്തിന്റെ ലേബലായ ‘പ്രാണ’ ഹാൻഡ്‌ലൂം വേഷം രൂപകൽപന ചെയ്തത്. കേരളത്തിന്റെ തനത് കൈത്തറിയിൽ മോഡേൺ ട്വിസ്റ്റ് നൽകികൊണ്ട് പ്രാണ ഇന്ത്യൻ ഫാഷൻ-സിനിമ ലോകത്ത് മാത്രമല്ല, രാജ്യാന്തര ഫിലിം ഫെസ്റ്റിവൽ വേദികളിലും സുസ്ഥിര സാന്നിധ്യമായി മാറിയിരിക്കുകയാണ്.
പ്രശസ്ത അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്കും വേണ്ടി പ്രാണ ഡിസൈൻ ചെയ്ത വസ്ത്രങ്ങളൊക്കെ ഏറെ ശ്രദ്ധ നേടിയിരുന്നു. 2024 കാൻസ് ഫിലിം ഫെസ്റ്റിവൽ വേദിയിലും 2022 ലോകാർന്നോ ഇന്റർനാഷണൽ ഫിലിംനഫെസ്റ്റിവൽ വേദിയിലും ദിവ്യ പ്രഭ , 2019ലെ വെനീസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ നിമിഷ സജയൻ, 2019ലെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഗീതു മോഹൻദാസ്, ശാന്തി ബാലചന്ദ്രൻ, 2019 മോഡേൺ ആർട്ട് മ്യൂസിയത്തിന്റെ ഗ്രാൻഡ് ഓപ്പണിങ്ങിൽ പാർവതി തിരുവോത്ത് എന്നിവർ ധരിച്ചത് പ്രാണയുടെ സിഗ്നചർ വസ്ത്രങ്ങളായിരുന്നു. എല്ലാം ഒന്നിനൊന്നു മികച്ചതും ഏറെ പ്രശംസ നേടിയതുമായിരുന്നു. ഹോളിവുഡിലെ ഏറ്റവും വലിയ റെഡ് കാർപറ്റ് ഓസ്കർ വേദിയിലേക്ക് വിജയകുതിപ്പുമായി മുന്നേറുകയാണ് പ്രാണ.
പ്രിയങ്ക ചോപ്രയുടെ പിന്തുണയോടെ നിർമിച്ച ‘അനൂജ’ എന്ന മികച്ച ലൈവ് ആക്‌ഷൻ ഷോർട് ഫിലിമിൽ കേന്ദ്ര കഥാപാത്രമായ 21 കാരിയാണ് അനന്യ ശാൻഭാഗ്. അനന്യ ഓസ്കർ വേദിയിൽ ധരിച്ച പ്രാണ ഡിസൈൻ ചെയ്ത വസ്ത്രമാണ് ഇപ്പോഴത്തെ ചർച്ചാവിഷയം. ഓസ്കർ വേദിയിൽ അണിയാനായി ഭാരതനാട്യം നർത്തകി കൂടിയായ അനന്യക്ക്, നൃത്തത്തിന്റെ ലാവണ്യവും ആധുനികതയും കോർത്തിണക്കി കൊണ്ട് മനോഹരമായ ഒരു ലുക്കാണ് പൂർണിമയും അവരുടെ ടീമും രൂപപ്പെടുത്തിയിരിക്കുന്നത്. പ്രശസ്ത ജ്വല്ലറി ഡിസൈനർ കാവ്യ പൊത്‌ലൂരി ഭാരതനാട്യം ഡീറ്റെയിലിങ്ങോടെ നിർമിച്ച ആഭരണം ഈ ലുക്കിനെ കൂടുതൽ മനോഹരമാക്കുന്നു.
ഓസ്കറിൽ അനന്യ ഷാൻഭാഗ് ധരിച്ച ഡിസൈൻ ശ്രദ്ധേയമായതിൽ വളരെയധികം സന്തോഷമുണ്ടെന്ന് പൂർണിമ ഇദ്രജിത്ത് പറഞ്ഞു. പാരമ്പര്യവും ആധുനികതയും കൂട്ടിച്ചേർത്തതാണ് പ്രാണയുടെ ഡിസൈനുകൾ. അത് തന്നെയാണ് ഈ ഡിസൈനിലും കാണാൻ കഴിയുന്നത്. വിവിധ സംസ്കാരങ്ങളുടെ സ്വാധീനങ്ങൾ ഉൾകൊള്ളിച്ചുകൊണ്ട് കാലാതീതമായൊരു ശൈലി കൊണ്ടുവരാനായാണ് ഞങ്ങൾ ശ്രമിക്കുന്നത്. കോണ്ടമ്പററി ഫാഷനെ പ്രോത്സാഹിപ്പിക്കുകയാണ് പ്രാണയുടെ പ്രധാന ലക്ഷ്യം. അതിരുകൾ മറികടന്ന് ആഗോളതലത്തിൽ പ്രാണയ്ക്ക് എത്താൻ സാധിച്ചതിലും അത്തരമൊരു അംഗീകാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും പൂർണ്ണിമ ഇന്ദ്രജിത്ത് കൂട്ടിച്ചേർത്തു.
കൈത്തറിയും ആധുനിക ഫാഷനും ചേർത്ത് സിഗ്നേചർ ഡിസൈനുകൾ അതിന്റെ ഭംഗിക്ക് ഒട്ടുംകുറവ് വരാത്ത രീതിയിൽ നിർമിച്ചെടുക്കുക എന്നതും പ്രാണയുടെ മൂല്യങ്ങളിൽ ഒന്നായിരുന്നു. അനന്യക്കായി ഡിസൈൻ ചെയ്ത വസ്ത്രം ആ ലിസ്റ്റിൽ പുതിയൊരു ഇടം കൂടി നേടിയിരിക്കുകയാണ്. ഇത് വെറും ഒരു ഫാഷൻ സ്റ്റേറ്റ്മെന്റല്ല മറിച്ച് പാരമ്പര്യത്തിന്റെ സൗന്ദര്യവും കൈത്തറി കലയുടെ മഹത്വവും ആഗോള വേദിയിലെത്തിക്കാനുള്ള ഒരു മുന്നേറ്റം കൂടിയാണിത്. കാലം മാറിയാലും കൈത്തറിയുടെ ഒറിജിനാലിറ്റിയും സൗന്ദര്യവും നിലനിൽക്കേണ്ടതുണ്ട്, അതിലേക്കുള്ള ചെറിയ ഒരു ചുവടുവെപ്പാണ് അനന്യ ഷാൻഭാഗിന്റെ ഈ ഒസ്കർ ലുക്ക്.