ADVERTISEMENT

മുൻനിര ഫോട്ടോ എഡിറ്റിങ് സോഫ്റ്റ്‌വെയറായ ഫോട്ടോഷോപ്പിന്റെ പുതിയ വേര്‍ഷനുകളിലെ സൂപ്പര്‍ റെസലൂഷന്‍ മോഡ് ഉപയോഗിച്ചവരൊക്കെ അദ്ഭുതപ്പെട്ടെന്ന് റിപ്പോര്‍ട്ട്. പലരും ഈ ഫീച്ചറിനെ അവിശ്വസനീയമെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഇമേജ് അപ്‌സ്‌കെയിലിങ് എന്നറിയപ്പെടുന്ന ഈ ഫീച്ചര്‍ നേരത്തെ തന്നെ പല ആപ്പുകളും നല്‍കുന്നുണ്ട്. എന്നാൽ, ഫോട്ടോഷോപ്പിനൊപ്പമുള്ള അഡോബി ക്യാമറാ റോ അഥവാ എസിആറിന്റെ ഏറ്റവും പുതിയ പതിപ്പില്‍ വരുന്നത് ആദ്യമായാണ്. 

 

സൂപ്പര്‍ റെസലൂഷന്‍ എന്നാണ് പുതിയ ഫീച്ചറിനു നല്‍കിയിരിക്കുന്ന പേര്. മെഷീന്‍ ലേണിങ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നിവ പ്രയോജനപ്പെടുത്തിയാണ് പുതിയ ഫീച്ചര്‍ പ്രവര്‍ത്തിക്കുന്നത്. ചിത്രത്തിന്റെ റെസലൂഷന്‍ നാലുമടങ്ങായാണ് വര്‍ധിപ്പിക്കുന്നത്. അതായത് 12 എംപി ചിത്രങ്ങള്‍ 48 എംപിയാക്കാം. കൂടാതെ ചിത്രത്തിന്റെ വ്യക്തത വര്‍ധിക്കുകയും ചെയ്യുന്നുണ്ട്. ഇതാണ് ആളുകളെ വിസ്മയിപ്പിക്കുന്നതും.

 

ഒരു വര്‍ഷം മുൻപ് മുതലുള്ള അഡോബി ക്യാമറാ റോയില്‍ ലഭ്യമായിരുന്ന എന്‍ഹാന്‍സ് ഡീറ്റെയിൽസ് എന്ന ഫീച്ചറിന്റെ ഏറ്റവും പുതിയ പതിപ്പാണ് ഈ മാസം അഡോബി പുറത്തിറക്കിയിരിക്കുന്നത്. പഴയ വേര്‍ഷനുകളില്‍ റോ ഫോട്ടോകള്‍ക്ക് റെസലൂഷന്‍ വര്‍ധിപ്പിക്കാന്‍ കഴിയുമായിരുന്നു. പക്ഷേ, പുതിയ അപ്‌ഡേറ്റില്‍ അതിന്റെ മികവ് പല മടങ്ങ് വര്‍ധിച്ചിരിക്കുകയാണ്. പല ഇമേജ് അപ്‌സ്‌കെയിലിങ് ആപ്പുകളും പഴയ ടെക്‌നോളജി ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. അവ വഴി ചിത്രങ്ങളുടെ റെസലൂഷന്‍ വര്‍ധിപ്പിച്ചാല്‍ വെറുതെ ഫയല്‍ സൈസ് കൂടുമെന്നതല്ലാതെ കാര്യമായ ഗുണമൊന്നും ലഭിക്കാറില്ല. കൂടാതെ പലപ്പോഴും ഫോട്ടോ അവ്യക്തമാകുന്നതും കാണാം. ഇതെല്ലാമാണ് ഫോട്ടോഷോപ് ഒറ്റയടിക്ക് അട്ടമിറിച്ചിരിക്കുന്നതെന്ന് അഡോബിയുടെ ഉദ്യോഗസ്ഥനായ എറിക് ചാന്‍ അറിയിച്ചു.

 

∙ ഇതെങ്ങനെ പ്രവര്‍ത്തിക്കും?

 

ഫോട്ടോഗ്രാഫറായ മൈക്കിൾ ക്ലാര്‍ക്ക് പറയുന്നത് താന്‍ പുതിയ ഫീച്ചര്‍ പരീക്ഷിച്ച് ഞെട്ടിപ്പോയെന്നാണ്. ഒരു പതിറ്റാണ്ടെങ്കിലും മുൻപ് തന്റെ നിക്കോണ്‍ ഡി700 ക്യാമറയില്‍ പകര്‍ത്തിയ 12 എംപി ചിത്രം അദ്ദേഹം സൂപ്പര്‍ റെസലൂഷന്‍ മോഡ് ഉപയോഗിച്ച് ബൂസ്റ്റു ചെയ്തപ്പോള്‍ 48.2 എംപി ചിത്രമായി. മാത്രമല്ല അതിന്റെ വ്യക്തത വര്‍ധിച്ചതായും അദ്ദേഹം പറയുന്നു. ഇതില്‍ നിന്നു വ്യക്തമാകുന്നത് നേരത്ത സാധ്യമായിരുന്നതിനേക്കാള്‍ വലുപ്പത്തില്‍ തന്റെ 12 എംപി ഫയലുകള്‍ പ്രിന്റു ചെയ്യാമെന്നാണെന്ന് അദ്ദേഹം നിരീക്ഷിച്ചു. തന്റെ 45 എംപി സെന്‍സറുള്ള ക്യാമറയായ നിക്കോണ്‍ ഡി850യുടെ ഫയലുകള്‍ പോലെ തന്നെ പ്രിന്റു ചെയ്യാനുള്ള സാധ്യതയാണ് അദ്ദേഹം കാണുന്നത്. ഇന്നത്തെ മിക്ക ക്യാമറകളുടെയും റെസലൂഷന്‍ 24 എംപിയാണ്. എന്നാല്‍, ഈ ക്യാമറകളില്‍ എടുക്കുന്ന ചിത്രങ്ങളും പലമടങ്ങു റെസലൂഷനുള്ള ക്യാമറയില്‍ എടുത്താലെന്നവണ്ണം മികവുറ്റാതാക്കാം എന്നതാണ് പ്രായോഗികമായ ഒരു ഗുണം. അതായത് പലര്‍ക്കും കൂടുതല്‍ റെസലൂഷനുള്ള ക്യാമറ വാങ്ങേണ്ട പകരം അഡോബി സോഫ്റ്റ്‌വെയര്‍ സബ്‌സ്‌ക്രൈബ് ചെയ്താല്‍ മതിയാകും.

 

അഡോബിയുടെ മറ്റൊരു ജനപ്രിയ സോഫ്റ്റ്‌വെയറായ ലൈറ്റ്‌റൂമിലും ഈ ഫീച്ചര്‍ താമസിയാതെ അവതരിപ്പിച്ചേക്കും. അഡോബി ക്യാമറാ റോയില്‍ എത്തി ചിത്രത്തില്‍ സൂപ്പര്‍ റെസലൂഷന്‍ അപ്ലൈ ചെയ്ത ശേഷം സൂം ചെയ്താല്‍ ഞെട്ടിപ്പിക്കുന്ന വിശദാംശമാണ് ലഭിക്കുന്നതെന്ന് ഉപയോക്താക്കള്‍ സാക്ഷ്യപ്പെടുത്തുന്നു. നേരത്തെയുള്ള സാങ്കേതികവിദ്യയൊന്നും ഇത്തരത്തിലുള്ള വിശ്വസനീയമായ പ്രകടനം നടത്തിയിരുന്നില്ലെന്നും പറയുന്നു. എന്നാല്‍, കൂടിയ മെഗാപിക്‌സലുള്ള ഫോട്ടോകളും ഇങ്ങനെ ബൂസ്റ്റു ചെയ്യാം. പരമാവധി 65,000 പിസ്‌ക്‌സല്‍സില്‍ താഴെയും, 500 എപി ഔട്ട്പുട്ട് വരെയുമാണ് ഇപ്പോള്‍ സപ്പോര്‍ട്ടു ചെയ്യുന്നത്. എന്നു പറഞ്ഞാല്‍ നിലവിലുള്ള എല്ലാ കണ്‍സ്യൂമര്‍ ക്യാമറകളിലും എടുക്കുന്ന ചിത്രങ്ങളൊക്കെ ബൂസ്റ്റുചെയ്തു ഉപയോഗിക്കാം. ഫൂജിഫിലിം ജിഎഫ്എക്‌സ് 100ല്‍ എടുക്കുന്ന 102 എംപി ഫോട്ടോകള്‍ ഏകദേശം 400എംപി ചിത്രമാക്കിമാറ്റാം. (പരീക്ഷണങ്ങളില്‍ ഏകദേശം 376 എംപി ഫയലാണ് ലഭിച്ചത്.) അതേസമയം, 12 എംപി മുതല്‍ 24 എംപി വരെ റെസലൂഷനുള്ള ക്യാമറകള്‍ ഉപയോഗിക്കുന്നവര്‍ക്കായിരിക്കും പുതിയ ഫീച്ചര്‍ ഇപ്പോള്‍ ഏറ്റവും ഉപകാരപ്രദമെന്നും വാദമുണ്ട്.

 

∙ ഇനി എന്ത്?

 

ഇത് ഫൊട്ടോഗ്രാഫിയിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിപ്ലവത്തിന്റെ തുടക്കം മാത്രമാണ് എന്നാണ് വിലയിരുത്തല്‍. ഒരു ചിത്രത്തിന്റെ മേന്മ നിര്‍ണയിക്കുന്ന ഘടകം ക്യാമറ മാത്രമല്ല സോഫ്റ്റ്‌വെയറും കൂടിയായിരിക്കും. അതേസമയം, ക്യാമറാ ടെക്‌നോളജിയിലും വമ്പന്‍ മാറ്റങ്ങാളാണ് അടുത്ത വര്‍ഷങ്ങളില്‍ കാണാന്‍ പോകുന്നത്. ഇതെല്ലാം ഫൊട്ടോഗ്രാഫി മേഖലയെ ശക്തിപ്പെടുത്തുമെന്നും പറയുന്നു. ചുരുക്കിപ്പറഞ്ഞാല്‍, നിങ്ങളുടെ കയ്യിലിരിക്കുന്ന ക്യാമറയുടെ മെഗാപിക്‌സല്‍ എണ്ണം ഇനി ഒരിക്കലും തന്നെ പ്രശ്‌നമായേക്കില്ല. സാങ്കേതികമായി പറഞ്ഞാല്‍ സ്മാര്‍ട് ഫോണുകളിലെടുക്കുന്ന ചിത്രങ്ങളും ഇങ്ങനെ ബൂസ്റ്റു ചെയ്യാം. എന്നാല്‍, ആദ്യ റിപ്പോര്‍ട്ടുകള്‍ പ്രകാരം റോ ചിത്രങ്ങള്‍ ബൂസ്റ്റു ചെയ്യുമ്പോഴാണ് ഏറ്റവും മികച്ച റിസള്‍ട്ടുകള്‍ ലഭിക്കുക. അഡോബി ഫോട്ടോഷോപ് സബ്‌സ്‌ക്രൈബ് ചെയ്തിരിക്കുന്നവര്‍ക്ക് പുതിയ ഫീച്ചര്‍ ഇപ്പോള്‍ത്തനെ ടെസ്റ്റു ചെയ്തു നോക്കാം. എന്നാല്‍, ലഭ്യമായ ഏറ്റവും പുതിയ അപ്‌ഡേറ്റ് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടോ എന്നും പരിശോധിക്കുക. അതേസമയം, ഇതിന്റെ മാജിക് കാണണമെങ്കില്‍ ആന്റി-ഏലിയസിങ് ഫില്‍റ്ററുകള്‍ ഇല്ലാത്ത ക്യാമറകളില്‍ എടുത്ത ചിത്രങ്ങള്‍ തന്നെയാണ് ഭേദമെന്നും പറയുന്നു. നിക്കോണ്‍ സെഡ്6 തുടങ്ങിയ ക്യാമറകളില്‍ ആന്റി-എലിയസിങ് ഫില്‍റ്റര്‍ ഉപയോഗിച്ചിട്ടുണ്ട്.

 

English Summary: Adobe's new feature is nothing less that stunning

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com