യുഎസ് യുദ്ധവിമാനങ്ങളെ നേരിടാൻ ചൈനയ്ക്ക് ‘രഹസ്യ ആയുധം’, ഇന്ത്യക്കും ഭീഷണി
Mail This Article
അമേരിക്കയുടെ അഞ്ചാം തലമുറ പോർവിമാനങ്ങളെ വരെ നേരിടാൻ ശേഷിയുള്ള പുതിയ റഡാർ സംവിധാനം ചൈന വികസിപ്പിച്ചെടുത്തെന്ന് റിപ്പോർട്ട്. സ്റ്റെൽത്ത് (റഡാറുകളിൽ നിന്നു മറഞ്ഞിരിക്കാൻ) ശേഷിയുള്ള ഏതൊരു പോർവിമാനത്തെയും കണ്ടെത്താൻ ചൈനയുടെ പുതിയ റഡാർ സംവിധാനത്തിനു കഴിയുമെന്നാണ് അറിയുന്നത്. എഫ്–35 പോർവിമാനത്തെ അതിവേഗം കണ്ടെത്താൻ റഡാറിനു സാധിക്കുമെന്ന് ചൈനീസ് ഗവേഷകർ തെളിയിച്ചിട്ടുണ്ട്.
നൂറു കിലോമീറ്റര്‍ പരിധിയില്‍ രഹസ്യവിമാനങ്ങള്‍, ഡ്രോണുകൾ, മിസൈലുകൾ അടക്കമുള്ള വസ്തുക്കള്‍ കണ്ടെത്താനും വേര്‍തിരിച്ചറിയാനും ഇതിനു സാധിക്കും. ഈ റഡാർ വന്നാൽ അതിർത്തി രാജ്യമായ ഇന്ത്യയ്ക്കും ഭീഷണി തന്നെയാണ്. സമുദ്രത്തിലൂടെയുള്ള വെല്ലുവിളികളെ നേരിടാൻ ഈ റഡാറിനു സാധിക്കുമെന്നാണ് ഗ്ലോബൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. ദക്ഷിണ ചൈന കടലിലേക്ക് എത്തുന്ന അമേരിക്കൻ പോർവിമാനങ്ങളെയും കപ്പലുകളെയും പെട്ടെന്ന് നിരീക്ഷിക്കാനും വേണ്ട നീക്കങ്ങൾ നടത്താനും ഇതുവഴി സാധിക്കും.
നേരത്തെ ചൈന ഇലക്ട്രോണിക്സ് ടെക്നോളജി ഗ്രൂപ്പ് കോർപ്പറേഷന്റെ (CETC) ഇന്റലിജന്റ് പെർസെപ്ഷൻ ടെക്നോളജി ലബോററ്ററി ആദ്യ ചൈനീസ് ക്വാണ്ടം റഡാറും വികസിപ്പിച്ചെടുത്തിരുന്നു. രണ്ടു വർഷം മുൻപ് തന്നെ ഇതിന്റെ ആദ്യഘട്ട പരീക്ഷണവും നടന്നിരുന്നു.
സിംഗിൾ ഫൊട്ടോൺ ഡിറ്റെക്ഷൻ ടെക്നോളജിയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. സാധാരണ റഡാറുകളെക്കാള്‍ മികച്ച ശേഷിയുള്ള പുതിയ റഡാര്‍ ക്വാണ്ടം ഫൊട്ടോൺസ് ഉപയോഗിച്ചാണ് വസ്തുക്കളെ കണ്ടുപിടിക്കുന്നത്. സാധാരണ റഡാറുകള്‍ക്ക് കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടുള്ളതും രഹസ്യ സാങ്കേതികത ഉപയോഗിക്കുന്നതുമായ വിമാനങ്ങളെ കണ്ടുപിടിക്കുന്നതിനു ഉപയോഗിക്കാം. അമേരിക്കയുടെ സ്റ്റെൽത്ത് ജെറ്റുകള്‍ (എഫ്–35) വരെ കണ്ടെത്താൻ ഈ റഡാറിനു സാധിക്കും.
ശത്രുവിമാനങ്ങളെ ആശയക്കുഴപ്പത്തിലാക്കുകയോ ജാം ചെയ്യുകയോ ചെയ്യുന്ന ഉപകരണങ്ങള്‍ക്കെതിരെ മുന്‍കരുതലുകള്‍ എടുക്കുന്നതിനും ഈ റഡാര്‍ സഹായിക്കും. കുറഞ്ഞ ഊര്‍ജ്ജനില മാത്രം ആവശ്യമായതിനാല്‍ ബയോമെഡിസിന്‍ രംഗത്തും ഇതേ സാങ്കേതികത ഉപയോഗിക്കുന്നുണ്ട്.