ADVERTISEMENT

യുദ്ധം നടക്കുമ്പോള്‍ മുറിവേറ്റ സൈനികര്‍ക്ക് ഡ്രോണുകള്‍ ഉപയോഗിച്ച് രക്തവും മരുന്നും വരെ എത്തിച്ചു കൊടുക്കുന്ന നൂതന സംവിധാനം വിജയകരമായി പരീക്ഷിച്ചിരിക്കുകയാണ് അമേരിക്ക. അടുത്തിടെ കലിഫോര്‍ണിയയില്‍ അമേരിക്കയുടെയും മറ്റു രാജ്യങ്ങളുടെയും സൈനികരാണ് പുതിയ പരീക്ഷണത്തില്‍ ഏര്‍പ്പെട്ടത്. ഈ പരീക്ഷണത്തിന്റെ പേരാണ് പ്രൊജക്ട് ക്രിംസണ്‍. രക്തമെന്നു തോന്നിപ്പിക്കുന്ന ദ്രാവകവും മരുന്നുകളും മറ്റുമാണ് ഡ്രോണ്‍ വഴി എത്തിച്ചുകൊടുത്തത്. ചില സന്ദര്‍ഭങ്ങളില്‍ ആളുകളുടെ കൈവശം മരുന്നും മറ്റും നല്‍കി യുദ്ധമുന്നണിയിലേക്ക് വിടുന്നത് സുരക്ഷിതമായിരിക്കില്ല. അത്തരം അവസരങ്ങളിലായിരിക്കും പ്രൊജക്ട് ക്രിംസണ്‍ ഉപകരിക്കുക.

 

ഡ്രോണ്‍ കുത്തനെ ഉയരുകയും ലാന്‍ഡ് ചെയ്യുകയും ചെയ്യുന്ന പറക്കും ഉപകരണമായതിനാല്‍ ഇതിനായി റണ്‍വെ ഒന്നും സൃഷ്ടിക്കേണ്ടതില്ലെന്നതും ഗുണകരമാണ്. ഇതിനാല്‍ തന്നെ മുറിവേറ്റവരെയും മറ്റും രക്ഷിക്കാനുള്ള മരുന്നും മറ്റും എത്തിക്കാന്‍ ഇതായിരിക്കും ഏറ്റവും മികച്ചതും പ്രായോഗികവുമായ മാര്‍ഗം. മുറിവേറ്റ സൈനികര്‍ക്ക് തത്കാലത്തേക്ക് ജീവന്‍ രക്ഷിച്ചു നിർത്താനുള്ള ഏറ്റവും മികച്ച രീതികളിലൊന്നായിരിക്കും ഇത്. മുറിവേറ്റവരെ സൈനിക ആശുപത്രികളില്‍ എത്തിക്കുന്നതിനു മുൻപുള്ള പരിചരണത്തിനു വേണ്ടിയായിരിക്കും പ്രൊജക്ട് ക്രിംസണ്‍ പ്രവര്‍ത്തിക്കുക.

 

∙ എന്താണ് പ്രൊജക്ട് ക്രിംസണ്‍?

 

ഡ്രോണ്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഒരു സാധാരണ പറക്കും ആളില്ലാ വ്യോമ സംവിധാനം വഴി വൈദ്യസംബന്ധിയായ സാധനങ്ങള്‍ യുദ്ധ മുന്നണിയില്‍ എത്തിച്ചു കൊടുക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ പദ്ധതിയാണ് പ്രൊജക്ട് ക്രിംസണ്‍. ക്രിംസണ്‍ എന്ന വാക്കിന്റെ അര്‍ഥം 'രക്തവര്‍ണത്തിലുള്ള' എന്നാണ്. യുദ്ധ മുന്നണിയിലേക്ക് അതിവേഗം മരുന്നും മറ്റു സാമഗ്രികളും ഡ്രോണ്‍ വഴി എത്തിച്ചുകൊടുക്കുന്ന പദ്ധതിയാണ് പ്രൊജക്ട് ക്രിംസണ്‍ എന്ന് നെയ്തന്‍ ഫിഷര്‍ പറഞ്ഞു. അമേരിക്കയുടെ ടെലിമെഡിസിന്‍ ആന്‍ഡ് അഡ്വാന്‍സ്ഡ് ടെക്‌നോളജി റിസേര്‍ച് സെന്ററിന്റെ ഒരു വിഭാഗമായ മെഡിക്കല്‍ റോബോട്ടിക്‌സ് ആന്‍ഡ് ഓട്ടോണമസ് സിസ്റ്റം വിഭാഗത്തിന്റെ മേധാവിയാണ് നെയ്തന്‍.

 

ചില സന്ദര്‍ഭങ്ങളില്‍ യുദ്ധ മുന്നണിയില്‍ നിന്ന് മുറിവേറ്റ ഒരാളെ പരിചരണ വിഭാഗങ്ങളിലേക്ക് എത്തിക്കല്‍ വിഷമം പിടിച്ച ജോലിയാണ്. അത്തരം സാഹചര്യങ്ങളിലാണ് പുതിയ ഡ്രോണിന്റെ പ്രസക്തി കാണാനാകുക. ഡ്രോണിന് എത്തിക്കാനുള്ള രക്തം അടക്കമുള്ള വസ്തുക്കള്‍ ശീതീകരിച്ച, കൊണ്ടു നടക്കാവുന്ന പെട്ടികളിലാക്കി വയ്ക്കുന്നു. ഇവ ഡ്രോണില്‍ പിടിപ്പിച്ച് യുദ്ധം നടക്കുന്ന സ്ഥലത്തേക്ക് എത്തിച്ച് മുറിവേറ്റ സൈനികരുടെ ജീവന്‍ രക്ഷിക്കാനുള്ള പുതിയ പദ്ധതിയാണ് പ്രൊജക്ട് ക്രിംസണ്‍ എന്നാണ് നെയ്തന്‍ നല്‍കുന്ന വിശദീകരണം.

 

∙ എഫ്‌വിആര്‍-90 ഡ്രോണ്‍

 

അമേരിക്കന്‍ സൈന്യം എല്‍3ഹാരിസ് ടെക്‌നോളജീസ് നിര്‍മിച്ച എഫ്‌വിആര്‍-90 ഡ്രോണ്‍ ആണ് പ്രൊജക്ട് ക്രിംസണായി ഉപയോഗിച്ചത്. ഇത് ഈ ആവശ്യത്തിനായി നിര്‍മിച്ചതുമാണ്. ഡ്രോണിന് ചലിപ്പിക്കാനാകാത്ത ചിറകുകളുള്ള വിമാനത്തെ പോലെ 12-18 മണിക്കൂര്‍ വരെ പറക്കാന്‍ സാധിക്കും. കരയിലും കടലിലും പ്രവര്‍ത്തിപ്പിക്കാം. ഇതിന് 22 പൗണ്ട് വരെ ഭാരമുള്ള പെട്ടികളാണ് കൊണ്ടുപോകാന്‍ സാധിക്കുക. 

 

∙ പൂര്‍ണമായും പുതിയ ആശയമല്ല

 

ഡ്രോണ്‍ വഴി രക്തം എത്തിക്കാമെന്ന് 2015ല്‍ ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ കാണിച്ചു തന്നിരുന്നു. തുടര്‍ന്ന് 2022 ഏപ്രിലില്‍ ആഫ്രിക്കയുടെ പര്‍വത മേഖലകളില്‍ ഡ്രോണ്‍ വഴി സുരക്ഷിതമായി രക്തമെത്തിക്കാമെന്ന് ലാന്‍സെറ്റ് ഗ്ലോബല്‍ ഹെല്‍ത് തെളിയിക്കുകയും ചെയ്തു. ഇത് അതിവേഗം സാധിക്കും എന്നതാണ് ഏറ്റവും ആകര്‍ഷണിയമായ കാര്യങ്ങളിലൊന്ന്. ഡ്രോണുകള്‍ക്കു പുറമെ അകലേക്ക് സന്ദേശങ്ങള്‍ കൈമാറുന്ന പുതിയ സംവിധാനങ്ങളും ചില തകരാര്‍ കണ്ടുപിടിക്കല്‍ സംവിധാനങ്ങളും അമേരിക്കന്‍ അധികൃതര്‍ പരീക്ഷിച്ചു നോക്കി.

 

∙ പുതിയ കിറ്റ് എങ്ങനെ പ്രവര്‍ത്തിക്കും ?

 

ഇപ്പോള്‍ പരീക്ഷിച്ചു നോക്കിയ ടൂളുകളിലൊന്നിന്റെ പേര് ബാറ്റില്‍ഫീല്‍ഡ് അസിസ്റ്റഡ് ട്രോമ ഡിസ്ട്രിബ്യൂട്ടഡ് ഒബ്‌സര്‍വേഷന്‍ കിറ്റ് (ബിഎടിഡിഓകെ) എന്നാണ്. ചികിത്സ ആവശ്യമുള്ളവരു ദേഹത്ത് വച്ചിരിക്കുന്ന സെന്‍സറുകള്‍ക്കൊത്ത് പ്രവര്‍ത്തിപ്പിക്കാവുന്ന ഒരു സ്മാര്‍ട് ഫോണ്‍ ആപ് അടക്കമാണ് ഇത്. മുറിവേറ്റ ആളെ സ്‌കാന്‍ ചെയ്യാനും മറ്റു വിവരങ്ങള്‍ ശേഖരിക്കാനും ബിഎടിഡിഓകെയ്ക്കു സാധിക്കും. ഇങ്ങനെ പിടിച്ചെടുത്ത വിവരങ്ങള്‍ ഫോണില്‍ തന്നെ സൂക്ഷിക്കും. തുടര്‍ന്ന് ഈ വിവരങ്ങള്‍ മറ്റ് ഉപകരണങ്ങളിലേക്ക് കൈമാറും. ഇതിന് ബ്ലൂടൂത്ത്, വൈ-ഫൈ സംവിധാനങ്ങളായിരിക്കും ഉപയോഗിക്കുക. ഇത്തരത്തിലായിരിക്കും യുദ്ധ മുന്നണിയിലുള്ള ഡോക്ടര്‍മാര്‍ക്കും മറ്റും പരിക്കേറ്റ ആളെക്കുറിച്ചുള്ള വിവരങ്ങള്‍ എത്തിച്ചു കൊടുക്കുക.

 

∙ പരുക്കേറ്റ ആളെ തത്സമയം വീക്ഷിക്കാനും സാധിക്കും

 

ബിഎടിഡിഒകെ ഉപയോഗിച്ച് ചികിത്സ വേണ്ടവരുടെ അവസ്ഥ ഡോക്ടര്‍മാര്‍ക്ക് തത്സമയം നിരീക്ഷിക്കാനും സാധിക്കും. അങ്ങനെ നല്‍കേണ്ട ചികിത്സ വേണമെങ്കില്‍ മാറ്റുകയും ചെയ്യാം. കൂടുതല്‍ ഉചിതമായ നടപടിക്രമങ്ങള്‍ സ്വീകരിക്കാം എന്നാണ് അമേരിക്കന്‍ എയര്‍ഫോഴ്‌സ് റിസര്‍ച് ലബോറട്ടറിയുടെ എയര്‍മാന്‍ സിസ്റ്റം ഡയറക്ടറായ മൈക്കിള്‍ സെഡിലോ പറഞ്ഞത്. കൂടാതെ, ചികിത്സ വേണ്ടവരെ ആശുപത്രിയിലേക്കും മറ്റും എത്തിക്കുമ്പോള്‍ കൂടുതല്‍ പരിശോധനകള്‍ ഇല്ലാതെ തന്നെ ചികിത്സ തുടങ്ങാനായേക്കാമെന്ന അധിക ഗുണവും ഉണ്ട്. ആശുപത്രികളിലും മറ്റുമുള്ള ഡോക്ടര്‍മാര്‍ക്കും മറ്റും കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കാന്‍ പുതിയ സംവിധാനത്തിന് സാധിക്കും.

 

∙ ഇത് ജീവന്‍ രക്ഷിക്കല്‍ കൂടുതല്‍ എളുപ്പമാക്കും

 

ഇത്തരം ടെക്‌നോളജികള്‍ ഉപയോഗിക്കാന്‍ സാധിക്കുക എന്നു പറയുന്നത് ആരോഗ്യ മേഖലയ്ക്ക് വളരെ ഗുണകരമായിരിക്കുമെന്ന് ഫസ്റ്റ് കാവലറി ഡിവിഷനിലെ ക്യാപ്റ്റന്‍ മോര്‍ഗന്‍ പ്ലൗമാന്‍ നരീക്ഷിച്ചു. ഒരു ടാബ്‌ലറ്റോ ഫോണോ എടുത്ത് മുറിവേറ്റ ആളെപ്പറ്റിയുള്ള വിവരങ്ങള്‍ രേഖപ്പെടുത്തി എടുക്കാമെന്നത് വളരെയധികം ഗുണകരമാണ്. ഇങ്ങനെ ശേഖരിക്കുന്ന ഡേറ്റയ്ക്ക് സാധാരണഗതിയില്‍ കൃത്യതയും കൈവരിക്കാനാകുന്നു. അതു വഴി വേണ്ട ചികിത്സ നല്‍കി മുറിവേറ്റവരെ രക്ഷിക്കാന്‍ ശ്രമിക്കാം. മുറിവേല്‍ക്കുന്ന സമയം മുതല്‍ ആശുപത്രിയിലെത്തിക്കുന്ന കാര്യങ്ങള്‍ അതിവേഗമാക്കാന്‍ സാധിച്ചിരിക്കുന്നുവെന്നും നിരീക്ഷിക്കപ്പെടുന്നു.

 

English Summary: US Army tests DRONES to deliver blood and medical supplies in dangerous battlefield situations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com