പഴയ ലാപ്‌ടോപ്പിന്റെ വേഗം വര്‍ധിപ്പിക്കാന്‍ ഒറ്റമൂലി; കംപ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ക്ക് ചില ടിപ്സ്
Mail This Article
ഒരു പക്ഷേ, നിങ്ങള്‍ എടുത്തിരിക്കുന്ന ഈ വർഷത്തെ പ്രതിജ്ഞകളിലൊന്ന് ഇലക്ട്രോണികസ് അവശിഷ്ടങ്ങള്‍ കുറയ്ക്കുമെന്നായിരിക്കാം. (പ്രതിജ്ഞ ഇനി എടുത്താലും മതി.) അങ്ങനെയാണെങ്കില്‍ പഴയ കംപ്യൂട്ടര്‍ കൂടുതല്‍ കാലം ഉപയോഗിക്കാന്‍ ശ്രമിക്കാനുള്ള വഴികള്‍ ആരായാം. ഏതാനും കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പഴയ കംപ്യൂട്ടറുകള്‍ പ്രത്യേകിച്ചും ലാപ്‌ടോപ്പുകള്‍ കൂടുതല്‍ കാലം മികവോടെ ഉപയോഗിക്കാന്‍ സാധിച്ചേക്കും. പല ലാപ്‌ടോപ്പുകളും വര്‍ഷങ്ങളോളം പ്രശ്‌നമില്ലാതെ പ്രവര്‍ത്തിക്കാനായി നിര്‍മിച്ചവ തന്നെയാണ്. ഇതിനാല്‍ അവ ഉപയോഗിക്കുന്നവര്‍ തങ്ങളുടെ ഭാഗത്തുനിന്ന് അല്‍പം ഉത്സാഹം കാണിക്കുന്നത് പ്രകൃതിക്കും ഗുണകരമായിരിക്കും. ഒരൊറ്റക്കാര്യം ചെയ്താല്‍ തന്നെ നിങ്ങളുടെ പഴയ ലാപ്‌ടോപ്പിനും ഡെസ്‌ക്ടോപ്പിനും കൂടുതല്‍ മികവാര്‍ജിക്കാന്‍ സാധിച്ചേക്കും. ആ ഒറ്റമൂലി അടക്കം പഴയ കംപ്യൂട്ടറുകള്‍ ഉപയോഗക്കുന്നവര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ അറിയാം.
∙ സുരക്ഷയ്ക്ക് ഒന്നാം സ്ഥാനം
എത്രയൊക്കെ ശ്രമിച്ചാലും പഴയ ലാപ്‌ടോപ് അല്ലെങ്കില്‍ ഡെസ്‌ക്ടോപ് പെട്ടെന്ന് ഒരു ദിവസം പ്രവര്‍ത്തനം അവസാനിപ്പിക്കാനുള്ള സാധ്യതയുണ്ട്. ഇതിനാല്‍ തന്നെ അതിലുള്ള നിങ്ങളുടെ പ്രാധാന്യമേറിയ ഡേറ്റ ഒരു എക്‌സ്‌റ്റേണല്‍ ഹാര്‍ഡ് ഡിസ്‌കിലേക്കോ, മറ്റു കംപ്യൂട്ടറുകള്‍ ഉണ്ടെങ്കില്‍ അവയിലേക്കോ മാറ്റുക എന്നതിനായിരിക്കണം പ്രധാന പരിഗണന.
∙ പഴയ ലാപ്‌ടോപ്പിനും ഡെസ്‌ക്‌ടോപ്പിനും വേഗം വര്‍ധിപ്പിക്കാന്‍ ഒറ്റമൂലി
പഴയതോ പുതിയതോ ആയ നിങ്ങളുടെ ലാപ്‌ടോപ്പില്‍ സ്പിന്നിങ് ഹാര്‍ഡ്ഡിസ്‌ക് ആണോ, എസ്എസ്ഡി ആണോ എന്നു പരിശോധിക്കുക. സ്പിന്നിങ് ഹാര്‍ഡ് ഡിസ്‌ക് ആണെങ്കില്‍ അതുമാറ്റി എസ്എസ്ഡി വയ്ക്കുന്നതു തന്നെ കംപ്യൂട്ടറുകളുടെ പ്രവര്‍ത്തന വേഗം മാന്ത്രികമായി വര്‍ധിപ്പിച്ചേക്കും. ഇത് പഴയ കംപ്യൂട്ടറുകളുടെ കാര്യത്തില്‍ കൂടുതല്‍ പ്രകടമായിരിക്കും. പഴയ ലാപ്‌ടോപ്പുകള്‍ ഒരു പ്രശ്‌നവും ഇല്ലാതെ ഉപയോഗിക്കുന്ന പലരും ഈ മാറ്റം വരുത്തിയവര്‍ ആയിരിക്കും.
അധികം പണം മുടക്കാന്‍ താത്പര്യമില്ലെങ്കില്‍ കുറഞ്ഞ സ്റ്റോറേജ് ശേഷിയുള്ള ഒരു എസ്എസ്ഡി ഇന്‍സ്‌റ്റാള്‍ ചെയ്ത്, നിലവിലുള്ള സ്പിന്നിങ് ഹാര്‍ഡ്ഡിസ്‌കിന് കെയ്‌സ് വാങ്ങിയിട്ട് എക്‌സ്റ്റേണല്‍ ഹാര്‍ഡ് ഡസ്‌കായി ഉപയോഗിക്കുക. ഓപ്പറേറ്റിങ് സിസ്റ്റം എസ്എസ്ഡിയിലേക്ക് മാറ്റിയാല്‍ പഴയ കംപ്യൂട്ടറുകള്‍ പുതിയ പ്രതാപത്തോടെ പ്രവര്‍ത്തിക്കുന്നതാണ് പൊതുവെ കാണാനാകുന്നത്. എസ്എസ്ഡികള്‍ ക്രാഷ് ആകാനുളള സാധ്യതയും ഉണ്ട്. പക്ഷേ, പലതും ഒൻപത് വര്‍ഷം വരെയൊക്കെ പ്രവര്‍ത്തിപ്പിക്കാന്‍ സാധിച്ചേക്കുമെന്നാണ് പറയുന്നത്. പുതിയ എം.2 പോലെയുള്ള എസ്എസ്ഡി വേരിയന്റുകള്‍ പഴയ ലാപ്‌ടോപ്പുകള്‍ സ്വീകരിച്ചേക്കില്ല. ഏതു എസ്എസ്ഡിയാണ് വേണ്ടത് എന്ന കാര്യം സ്വയം തീരുമാനിക്കാനാകുന്നില്ലെങ്കില്‍ ടെക്‌നീഷ്യന്റെ ഉപദേശം തേടുക.
∙ റാം അപ്‌ഗ്രേഡ് ചെയ്യുക
താരതമ്യേന പുതിയ ലാപ്‌ടോപ്പാണെങ്കില്‍ റാം അപ്‌ഗ്രേഡു ചെയ്യുന്നതും ഗുണകരമായിരിക്കും.
∙ ലാപ്‌ടോപ്പ് കീബോഡില്‍ പൂച്ചകളും മറ്റും കിടക്കുന്നില്ലെന്ന് ഉറപ്പുവരുത്തുക
ലാപ്‌ടോപ്പ് കീബോര്‍ഡുകളില്‍ പൂച്ചകള്‍ കയറിക്കിടന്ന് ഉറങ്ങുന്നതിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലും മറ്റും പോസ്റ്റു ചെയ്യുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. പൂച്ചകള്‍ കയറിക്കിടക്കുക വഴി മാക്ബുക്കുകളുടെ പോലും കീബോര്‍ഡുകള്‍ നശിച്ചുപോകുമെന്ന് സിനെറ്റ് പറയുന്നു. മൃഗങ്ങള്‍ക്കും കൊച്ചുകുട്ടികള്‍ക്കും ലാപ്‌ടോപ് കളിക്കാന്‍ നല്‍കുന്നില്ല എന്ന കാര്യവും ഉറപ്പുവരുത്തുക.
∙ ഇവയും ശ്രദ്ധിക്കുക
ലാപ്‌ടോപ്പിനു ചുറ്റുമിരുന്ന് ഭക്ഷണം കഴിക്കരുത്. ഇക്കാര്യത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തുക. പലതും തെറിച്ച് കീബോഡിനും മറ്റും ഉള്ളിലേക്ക് പ്രവേശിക്കാം. ലാപ്‌ടോപ്പുകള്‍ക്ക് അടുത്തിരുന്ന പുകവലിക്കരുത്. ലാപ്‌ടോപ് ഉപയോഗിക്കുന്നതിനു മുൻപ് കൈകള്‍ കഴുകുന്നത് അവയുടെ ആയുസ് വര്‍ധിപ്പിച്ചേക്കും.
∙ സ്ലീപ് മോഡ് ഉപയോഗിക്കുന്നുണ്ടെങ്കില്‍ ആ സമയത്ത് കവര്‍ ഇടരുത്
സ്ലീപ് മോഡില്‍ ലാപ്‌ടോപ്പ് വച്ചിട്ടു പോകുന്ന സ്വഭാവമുള്ള ആളാണെങ്കില്‍ ആ സമയത്ത് പൊടി കയറാതിരിക്കാനുള്ള കവര്‍ ലാപ്‌ടോപ്പിനു മേല്‍ ഇടരുത്. വായു സഞ്ചാരം ഇല്ലാതായാല്‍ അവയ്ക്ക് പ്രശ്‌നങ്ങള്‍ ഉണ്ടാകാം. വിന്‍ഡോസ് 10/11 ലാപ്‌ടോപ്പുകളുടെ കാര്യത്തില്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധവേണമെന്നു പറയുന്നു. ഇഷ്ടാനുസരണം അപ്‌ഡേറ്റുകളും മറ്റും അയച്ചുകൊണ്ടിരിക്കുക മൈക്രോസോഫ്റ്റിന്റെ പുതിയ വിനോദമാണെന്നും ഇതിനാല്‍ കംപ്യൂട്ടറുകള്‍ ചൂടാകാമെന്നും പറയപ്പെടുന്നു.
∙ എപ്പോഴും ചാര്‍ജറില്‍ കുത്തിയിടാതിരിക്കുക
ബാറ്ററി ബാക്-അപ് ഉണ്ടെങ്കില്‍ എപ്പോഴും ചാര്‍ജറില്‍ കുത്തിയിട്ടു വര്‍ക്കു ചെയ്യിക്കാതിരിക്കുന്നത് ലാപ്‌ടോപ്പിന്റെ ആരോഗ്യത്തിന് നല്ലത്.
∙ ഡിസ്‌പ്ലേ പോയെങ്കില്‍ ചെറിയൊരു എക്‌സ്‌റ്റേണല്‍ മോണിട്ടര്‍ പരിഗണിക്കാം
ലാപ്‌ടോപ്പിന്റെ ഡിസ്‌പ്ലേ പോയെങ്കില്‍ അതു മാറ്റിവയ്ക്കുകയോ, അല്ലെങ്കില്‍ ഒരു എക്‌സ്‌റ്റേണല്‍ മോണിട്ടര്‍ വാങ്ങിവയ്ക്കുകയോ ചെയ്യാം. ചില വില കുറഞ്ഞ ലാപ്‌ടോപ്പുകള്‍ എക്‌സ്റ്റേണല്‍ മോണിട്ടറുകള്‍ സപ്പോര്‍ട്ട് ചെയ്‌തേക്കില്ല. അങ്ങനെയാണെങ്കില്‍ സ്‌ക്രീന്‍ മാറുകയെ നിവൃത്തിയുള്ളു. ലാപ്‌ടോപ് നിർമിച്ച കമ്പനിയില്‍ നിന്ന് ഔദ്യോഗികമായി സ്‌ക്രീന്‍ മാറ്റുന്നതാണ് ഉചിതം. എന്നാല്‍, ഇതു ചെലവേറിയതാണെങ്കില്‍ എക്‌സ്‌റ്റേണല്‍ മോണിട്ടര്‍ പരിഗണിക്കാം.
∙ കീബോര്‍ഡ് പോയെങ്കില്‍
കീബോര്‍ഡ് കേടായെങ്കില്‍ അതു മാറ്റിവയ്ക്കുകയോ, എക്‌സ്‌റ്റേണല്‍ കീബോര്‍ഡ് വാങ്ങുന്നതോ പരിഗണിക്കുക.
∙ ക്ലീന്‍ ചെയ്യുക
ലാപ്‌ടോപ്പുകള്‍ വൃത്തിയാക്കാന്‍ ചെയ്യാന്‍ ആഴ്ചയില്‍ അഞ്ചു മിനിറ്റെങ്കിലും സ്ഥിരമായി മാറ്റിവയ്ക്കുന്നത് അവയുടെ ആയുസ് വര്‍ധിപ്പിച്ചേക്കും. അടിഞ്ഞു കൂടുന്ന പൊടിയും മറ്റും നീക്കം ചെയ്യുക എന്നത് ഒരു ശീലമാക്കുക.
∙ അക്‌സസറികള്‍ ലഭ്യമാണോ എന്ന് തിരക്കുക
ലാപ്‌ടോപ്പുമായി കണക്ടു ചെയ്യേണ്ട ചില ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ അതിനുള്ള അക്‌സസറി ഉണ്ടോ എന്ന് അന്വേഷിക്കുക. തങ്ങളുടെ ലാപ്‌ടോപ്പിലേക്ക് ചില ഉപകരണങ്ങള്‍ ഘടിപ്പിക്കാന്‍ സാധിക്കുന്നില്ലെന്ന പരാതി മൂലമാണ് ചിലര്‍ പുതിയ ലാപ്‌ടോപ്പ് വാങ്ങാന്‍ ശ്രമിക്കുന്നത്. പക്ഷേ, അതിനു വേണ്ട അക്‌സകസറി ലഭ്യമാണോ എന്ന് പുതിയ ലാപ്‌ടോപ് വാങ്ങുന്നതിനു മുൻപ് അന്വേഷിക്കുന്നത് നല്ലതായിരിക്കും.
∙ ആവശ്യമില്ലാത്ത ആപ്പുകള്‍ അണ്‍ഇന്‍സ്‌റ്റാള്‍ ചെയ്യുക
ആവശ്യമില്ലാത്ത ആപ്പുകള്‍ അല്ലെങ്കില്‍ പ്രോഗ്രാമുകള്‍ കംപ്യൂട്ടറുകളില്‍ ഉണ്ടെങ്കില്‍ അവ നിഷ്‌കരുണം നീക്കംചെയ്യുക. ഒരിക്കലും ഉപയോഗിക്കാത്ത ആപ്പുകള്‍ ഉണ്ടെങ്കില്‍ അവ ഒന്നൊന്നായി അണ്‍ഇന്‍സ്‌റ്റാള്‍ ചെയ്യുന്നത് ഗുണകരമായ ഒരു നീക്കമായിരിക്കും.
∙റിഫ്രഷ് ഉപയോഗിക്കുക
എന്തെങ്കിലും പ്രശ്‌നം തോന്നുന്നുണ്ടെങ്കില്‍ വിന്‍ഡോസിലെ റിഫ്രഷ് ഓപ്ഷന്‍ ഉപയോഗിച്ച് റീ ഇന്‍സ്‌റ്റാള്‍ ചെയ്യുന്നത് ഉചിതമായ മറ്റൊരു നീക്കമായിരിക്കും. (വിന്‍ഡോസിന്റെ ഒറിജിനല്‍ പതിപ്പാണ് ഉപയോഗിക്കുന്നതെങ്കില്‍ മാത്രം ഇതു ചെയ്യുക.) വിന്‍ഡോസിന്റെ സെറ്റിങ്‌സില്‍ റിഫ്രഷ് എന്നു സേര്‍ച്ചു ചെയ്താല്‍ ഈ സെറ്റിങ് കാണാം. എല്ലാ ആപ്പുകളെയും നീക്കം ചെയ്ത് പുതിയതു പോലെ ആക്കും.
English Summary: One tweak can make your laptop fly; tips for using PCs