സിംഗിൾ 8 എംപി പിൻ ക്യാമറ, 5000 എംഎഎച്ച് ബാറ്ററി, ഒപ്പോ എ17കെ ഇന്ത്യയിലെത്തി
Mail This Article
മുൻനിര സ്മാർട് ഫോൺ ബ്രാൻഡ് ഒപ്പോയുടെ പുതിയ ഹാൻഡ്സെറ്റ് ഒപ്പോ എ17കെ (Oppo A17k ) ഇന്ത്യയിൽ അവതരിപ്പിച്ചു. ഏകദേശം ഒപ്പോ എ17 ന് സമാനമാണ് ഒപ്പോ എ17കെയും. രണ്ട് ഫോണുകളും ഡിസൈനിന്റെ കാര്യത്തിൽ സമാനമാണ്. എന്നാൽ, വില കുറച്ചായതിനാൽ ഒപ്പോ എ17കെ ചില ഫീച്ചറുകളിൽ വിട്ടുവീഴ്ച ചെയ്യുന്നുണ്ട്. കുറഞ്ഞത് രണ്ട് പിൻ ക്യാമറ സെൻസറുകളെങ്കിലും ഉള്ള ബജറ്റ് സ്മാർട് ഫോണുകളിൽ നിന്ന് വ്യത്യസ്തമായി ഫോണിന് ഒരു പിൻ ക്യാമറ സെൻസർ മാത്രമേയുള്ളൂ.
പുതിയ ഹാൻഡ്സെറ്റ് ഒപ്പോയുടെ ഔദ്യോഗിക വെബ്സൈറ്റിൽ 10,499 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിട്ടുണ്ട്. സിംഗിൾ 3 ജിബി റാമിലും 64 ജിബി സ്റ്റോറേജിലും മാത്രമേ ഇത് ലഭ്യമാകൂ. ബ്ലാക്ക്, ഗോൾഡ് എന്നീ നിറങ്ങളിലാണ് ഫോൺ വരുന്നത്. ഈ മാസം ആദ്യം ഇന്ത്യയിൽ അവതരിപ്പിച്ച ഒപ്പോ A17 ന് 12,499 രൂപയാണ് വില. 4 ജിബി റാമും 64 ജിബി സ്റ്റോറേജും ഉണ്ട്. ഇതും രണ്ട് നിറങ്ങളിലും ലഭ്യമാണ്. എന്നാൽ ഗോൾഡിന് പകരം ഓറഞ്ച് നിറത്തിലാണ് ഒപ്പോ എ17 വില്‍ക്കുന്നത്.
720x1,612 എച്ച്ഡി+ പിക്സൽ റെസലൂഷനോടുകൂടിയ 6.5 ഇഞ്ച് എൽസിഡി ഡിസ്പ്ലേയാണ് ഒപ്പോ എ17കെ അവതരിപ്പിക്കുന്നത്. സ്‌ക്രീനിന് 60Hz റിഫ്രഷ് റേറ്റും ഉണ്ട്. പിൻ പാനലിൽ 8 മെഗാപിക്സൽ ക്യാമറയും മുൻ പാനലിൽ വാട്ടർഡ്രോപ്പ് - സ്റ്റൈൽ നോച്ചിനുള്ളിൽ 5 മെഗാപിക്സൽ സെൻസറും ഉൾപ്പെടുന്നു. നൈറ്റ്, ടൈം-ലാപ്‌സ്, എക്സ്പേർട്ട്, പനോരമ, ഗൂഗിൾ ലെൻസ് തുടങ്ങിയ മോഡുകൾക്കൊപ്പമാണ് ക്യാമറ ആപ്പ് വരുന്നത്. പ്രൈമറി ക്യാമറ ഓട്ടോ-ഫോക്കസിനെ പിന്തുണയ്ക്കുന്നു.
വശത്തുള്ള പവർ ബട്ടൺ ഫിംഗർപ്രിന്റ് സ്കാനറായി ഉപയോഗിക്കാം. കൂടാതെ ഫോണിന് IPX4 റേറ്റിങ് ഉണ്ട്. ഒപ്പോ എ17കെയിൽ മീഡിയടെക് ഹീലിയോ ജി35 പ്രോസസർ ആണ് നൽകുന്നത്. എന്നാൽ റാം ശേഷി കുറവുമാണ്. 5000 എംഎഎച്ച് ബാറ്ററി, ഡ്യുവൽ സിം സ്ലോട്ട്, വൈ-ഫൈ 5, ബ്ലൂടൂത്ത് വി5.3, എൽഡിഎസി എന്നിവയാണ് മറ്റു പ്രധാന ഫീച്ചറുകൾ. മൈക്രോ യുഎസ്ബി പോർട്ട് വഴി ചാർജ് ചെയ്യാനും സാധിക്കും.
English Summary: Oppo A17k with 5000mAh battery launched in India