മനുഷ്യന്റെ ഉറ്റചങ്ങാതിമാരാകാൻ നായ്ക്കൾ ചെയ്ത 'നമ്പറുകൾ'; കൗതുകകരമായ ഒരു അന്വേഷണം

Mail This Article
മനുഷ്യന്റെ ഉറ്റചങ്ങാതിമാരാണ് നായ്ക്കൾ. മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സഹവാസത്തിന്റെ അന്യൂനമായ ഉദാഹരണമാണ് മനുഷ്യരും നായ്ക്കളും തമ്മിലുള്ള അചഞ്ചലമായ ബാന്ധവം. കേവലം ഭക്ഷണം കൊടുക്കുന്നയാളോടുള്ള സൗഹൃദം മാത്രമാണോ അത്. എന്താണ് ഇതിന്റെ പിറകിലുള്ള ശാസ്ത്രം? ആയിരക്കണക്കിന് വര്‍ഷങ്ങളായി രണ്ടു വ്യത്യസ്ത ജീവജാതികൾ ഉറ്റചങ്ങാതിമാരായിരിക്കുകയെന്നത് അതിശയകരമാണ്. എന്ത് വിശദീകരണമാണ് ശാസ്ത്രം ഇത്തരമൊരു ദീര്‍ഘകാലസൗഹൃദത്തിന് നൽകുക.

മനുഷ്യനും നായയും തമ്മിലുള്ള ഹൃദയബന്ധത്തിന്റെ രഹസ്യങ്ങളിലേക്ക് കടന്നു ചെല്ലാൻ ഇപ്പോൾ ഗവേഷകർക്ക് കഴിയുന്നുണ്ട്. ഒപ്പം ജീവിക്കാൻ സമാന്തരമായ ഒരു പാടു മാറ്റങ്ങൾ ( parallel evolution) നായ്ക്കളിൽ ഉണ്ടായതായി മോളിക്കുലർ ബയോളജി, ജീനോം സീക്വൻസിങ്ങ് ,MRI തുടങ്ങിയ പുത്തൻ സാങ്കേതിക വിദ്യകൾ വഴി നാം മനസിലാക്കിയിരിക്കുന്നു.
കട്ടെടുത്തത് പ്രണയത്തിന്റെ താക്കോൽ

ആളുകള്‍ തമ്മിലുള്ള സ്‌നേഹബന്ധത്തിന് കാരണമാകുന്ന ഹോര്‍മോണായ ഓക്സിറ്റോസിന്റെ പ്രവർത്തനമാണ് നായയും മനുഷ്യനുമായുള്ള തീവ്ര ബാന്ധവത്തിന്റെ കാരണമായി ജപ്പാനിലെ ഒരു സംഘം ഗവേഷകര്‍ പറയുന്നത്. അരുമകളായ നായ്ക്കൾ തങ്ങളുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കിയപ്പോള്‍ ഉടമകളില്‍ ഓക്‌സിടോക്‌സിന്‍ ഹോര്‍മോണിന്റെ കുതിച്ചു കയറ്റമുണ്ടായതായി ഗവേഷകര്‍ കണ്ടെത്തി. വളരെ നാടകീയമായ ഈ മാറ്റം നായ്ക്കളിലും ഉണ്ടായിരുന്നു.
കുഞ്ഞുങ്ങളുടെ കണ്ണുകളിലേക്ക് നോക്കുമ്പോള്‍ അമ്മമാരുടെ തലച്ചോറില്‍ തിരമാലപോലെ ഉയരുന്നത് ഓക്സിടോസിൻ ഹോര്‍മോണാണ്. ഈ ഹോർമോണിന്റെ പ്രവർത്തനമാണ് മാതൃവാല്‍സല്യത്തിനും മാതൃശ്രദ്ധയ്ക്കുമുള്ള ഉള്‍പ്രേരണ നല്‍കുന്നത്. അതുവഴിയാണ് അമ്മയും കുഞ്ഞും തമ്മിലുള്ള ഗാഢബന്ധവും ഉടലെടുക്കുന്നത്. കണ്ണില്‍ കണ്ണില്‍ നോക്കുന്നത് ബന്ധങ്ങള്‍ ഊഷ്മളമാക്കുന്നതിലേക്കുള്ള വഴി തെളിയിക്കലാണ് . അമ്മയും കുഞ്ഞുമായുള്ള വാത്സല്യബന്ധം മാത്രമല്ല കമിതാക്കളും ലൈംഗികപങ്കാളികളും കണ്ണിൽ കണ്ണിൽ ഉറ്റുനോക്കുമ്പോൾ സംഭവിക്കുന്നത് തലച്ചോറിന്റെ ഉദ്ദീപനവും ഓക്സിടോസിന്റെ പ്രവർത്തനവുമാണ്.
ഏറ്റവും പുതിയ കണ്ടെത്തലുകളനുസരിച്ച് നായ്ക്കള്‍ ചിരപുരാതനമായ ഈ ജൈവീക പ്രക്രിയ പകര്‍ന്നെടുത്തിരിക്കുന്നു. അതുവഴി ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുന്‍പ് മനുഷ്യന്‍ ആദ്യമായി ഇണക്കി വളര്‍ത്തിയതു മുതലുള്ള കൂട്ടുകെട്ടിനെ ഈ പ്രക്രിയ കൂടുതല്‍ ബലിഷ്ഠമാക്കുകയും ചെയ്തു. "മനുഷ്യനും നായയുമുള്ള ബന്ധം ഇത്ര അനായസമായി കൊണ്ടുപോകാന്‍ പറ്റുന്നത് സ്വാര്‍ത്ഥകമാകുന്ന സൗഹൃദം കാരണമാണ്. അതിനു പിന്നിലുള്ളത് ഓക്സിടോസിന്റെ കളിയാണ് " ടാക്കേഫുമി കിക്കുസൂയി എന്ന ശാസ്ത്രജ്ഞൻ പറയുന്നു.
മനുഷ്യനും നായ്ക്കളും അവരുടെ സവിശേഷമായ ബന്ധം രൂപപ്പെടുത്തിയതിന്റെ പൊരുളറിയാന്‍ കിക്കുസൂയിയും സഹപ്രവര്‍ത്തകരും തുടര്‍ച്ചയായ പരീക്ഷണങ്ങള്‍ നടത്തി. തുടക്കത്തില്‍ 30ഓളം നായ ഉടമകളും അവരുടെ നായ്ക്കളും തമ്മില്‍ കളിക്കുന്നത് അരമണിക്കൂര്‍ നിരീക്ഷിച്ചു. ഗോള്‍ഡന്‍ റിട്രീവര്‍, പൂഡില്‍, ജാക്ക് റസ്സല്‍ ടെറിയര്‍, ജര്‍മ്മന്‍ ഷെപ്പേര്‍ഡ് തുടങ്ങിയ ഇനങ്ങളാണ് അവയിലുണ്ടായിരുന്നത്. ആണുങ്ങളും, പെണ്ണുങ്ങളും സംഘത്തിലുണ്ടായിരുന്നു. നായ്ക്കളും ഉടമകളും കളികളിൽ ഏർപ്പെട്ട 30 മിനിറ്റിനു മുമ്പും പിന്‍പുമുള്ള മൂത്രപരിശോധനയില്‍ നിന്ന് ചില കാര്യങ്ങൾ ഗവേഷകർമനസ്സിലാക്കി.
ആരുടെ നായ്ക്കളാണോ ഉടമകളുടെ കണ്ണില്‍ കൂടുതല്‍ സമയം മിഴിയുറപ്പിച്ചത് , അവരുടെ മൂത്രത്തിൽ ഓക്‌സിടോക്‌സിന്‍ അളവ് കൂടുതലായി കണ്ടു. അവരുടെ നായ്ക്കളിലും സമാനമായ ഫലമാണ് കണ്ടത്.അടുത്ത ഘട്ടത്തിൽ അവര്‍ പരീക്ഷണത്തെ ഒരു പടികൂടി കടന്ന് കൊണ്ടുപോയി. ഇത്തവണ ഗവേഷണ സംഘം ചെയ്തത് ഉപ്പുവെള്ളമോ അല്ലെങ്കിൽ ഒരു മാത്ര ഓക്‌സിടോസിന്‍ ഹോര്‍മോണോ നായ്ക്കളുടെ മൂക്കിനു മുകളില്‍ സ്‌പ്രേ ചെയ്തു. ഓക്‌സിടോസിന്‍ അധികം കിട്ടിയ നായ്ക്കള്‍ കണ്ണില്‍ കണ്ണിലുള്ള നോക്കാൻ കൂടുതല്‍ സമയം ചിലവഴിക്കുന്നതായി അവർ കണ്ടെത്തുകയും ചെയ്തു.
മനുഷ്യബന്ധങ്ങളുടെ രഹസ്യ ഊടുവഴികൾ നായ്ക്കൾ കവർന്നെടുത്തതിനെ വിശദീകരിക്കുന്ന ഒരു ശാസ്ത്രലേഖനം 2015-ൽ ലോകപ്രസിദ്ധമായ സയൻസ് മാഗസിനിൽ പ്രസിദ്ധീകരിച്ചിരുന്നു. കൺവർജൻറ് പരിണാമം (Convergent evolution) എന്ന പ്രതിഭാസത്തിന്റെ അത്യപൂർവമായ ഉദാഹരണങ്ങളിലൊന്നാണിത്. ഒരേ സ്വഭാവങ്ങൾ വ്യത്യസ്ത കാലഘട്ടങ്ങളില്‍ രണ്ട് വ്യത്യസ്ത ജീവജാതികളിൽ പരിണമിച്ചുണ്ടാകുന്നതിനെയാണ് ഇത് അർത്ഥമാക്കുന്നത്.
മനുഷ്യര്‍ തമ്മിലുള്ള നിശബ്ദമായ ആശയവിനിമയത്തിന്റെ വഴികൾ നായ്ക്കള്‍ പരിണാമത്തിലൂടെ പകര്‍ത്തിയെടുത്തു. ഉറ്റുനോട്ടത്തിലൂടെ (gaze) അല്ലെങ്കിൽ കണ്ണുകൾ കഥകൾ കൈമാറുന്നു എന്നൊക്കെ സാഹിത്യത്തിൽ പറയുന്ന പ്രവൃത്തിയിലൂടെ തലച്ചോറിലെ രാസപരിസ്ഥിതിയെ മാറ്റിമറിച്ച് രണ്ടു മനുഷ്യരിൽ ഒരേ അനുഭൂതി ഉണ്ടാകുന്ന ഈ ജൈവ പ്രവർത്തനമാണ് നായ്ക്കള്‍ സ്വന്തം തലച്ചോറില്‍ പരിണാമത്തിലൂടെ ഉരുത്തിരിച്ചെടുത്തത്. പരിണാമത്തിന്റെ വ്യത്യസ്ത വഴികളിൽ ഉരുത്തിരിഞ്ഞ മനുഷ്യരും നായ്ക്കളും പരസ്പരബന്ധവും വൈകാരിക വിനിമയവും ഫലപ്രദമാക്കാൻ തങ്ങളുടെ തലച്ചോറിനെയും നാഡീവ്യവസ്ഥയേയും സൂക്ഷ്മതലത്തിൽ മാറ്റിവരയ്ക്കുകയായിരുന്നു എന്നു പറയാം.
മനുഷ്യന്റെ തലച്ചോറിന്റെ ഇത്രയും സൂക്ഷ്മമായ പ്രവൃത്തികള്‍ മോഷ്ടിച്ചെടുത്ത് മനുഷ്യനോട് ഹൃദയത്തിൽ തൊട്ടു സംവദിക്കാൻ നായ്ക്കൾ കാണിച്ച വിരുതാണ് അവരെ മനുഷ്യന്റെ ഉറ്റ കൂട്ടുകാരാകാൻ സഹായിച്ചത്. ഉപാധികളില്ലാത്ത, സൗഹാർദപരമായ ആശയവിനിമയം വാക്കുകളില്ലാതെ ഒരു മൃഗവുമായി സാധ്യമായാൽ മനുഷ്യർക്ക് അവയെ ഉപേക്ഷിക്കാനാവില്ലെന്ന രഹസ്യം നായ്ക്കൾ മനസിലാക്കിയിട്ടുണ്ടാവും. ഓക്സിടോസിന്റെ പ്രവർത്തന ഫലമായി ഡോപ്പമിൻ, എൻഡോർഫിൻ തുടങ്ങിയ ആനന്ദത്തിന്റെ യും സമാധാനത്തിന്റെ യും രാസവസ്തുക്കൾ ശരീരത്തിലുണ്ടാകുമ്പോൾ നായ്ക്കളുടെ മനുഷ്യരുടെയും പരസ്പര നോട്ടം അവർക്ക് സമ്മാനിക്കുന്നത്, അമ്മയ്ക്കും കാമുകിക്കും ഉറ്റചങ്ങാതിക്കും നൽകാൻ കഴിയുന്ന ദർശനസുഖമായിരിക്കും.

മെനു മാറിയപ്പോൾ മാറിയ ദഹനശക്തി
വേട്ടയാടിയും കായ്കനികൾ ശേഖരിച്ചും സ്ഥിര വാസസ്ഥലമില്ലാതെ ജീവിച്ച മനുഷ്യൻ അന്നജ പ്രധാനമായ ധാന്യങ്ങൾ വളർത്തുന്ന കർഷകനായി '' സെറ്റിൽ " ചെയ്തതോടെ കൂട്ടുകാരായ നായ്ക്കൾക്കും അവരുടെ മെനുവിൽ മാറ്റം വന്നു. മാംസാഹാരികളായ നായ്ക്കൾക്ക് അന്നജം (സ്റ്റാർച്ച്) ദഹിപ്പിക്കാനുള്ള കഴിവാകട്ടെ അന്ന് നാമമാത്രമായിരുന്നു. പക്ഷേ ആ പ്രതിസന്ധിഘട്ടം നായ്ക്കൾ അതിജീവിച്ചതിന്റെ രഹസ്യം ഇപ്പോൾ ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്.
2013-ൽ നേച്ചർ ജേണലിൽ പ്രസിദ്ധീകരിച്ച പേപ്പറിലാണ് എറിക് ആക്സൽസണും സംഘവും മനുഷ്യനൊപ്പം ഉണ്ണാൻ നായകൾക്കുണ്ടായ ജൈവപരിണാമത്തിന്റെ ശാസ്ത്രം വിശദീകരിച്ചത്.അന്നജമായ സ്റ്റാർച്ച് (starch)ദഹിപ്പിക്കാൻ കഴിയുന്ന സലൈവറി അമൈലേസ് എന്ന ജൈവരാസത്വരകം ഉത്പാദിപ്പിക്കാൻ ജനിതക സന്ദേശം നൽകുന്ന മൂന്നു ജീനുകൾ സെലക്ട് ചെയ്യപ്പെട്ടതാണ്ട് നായയുടെ ദഹനശേഷി മാറാനുള്ള കാരണമായി ഇവർ ചൂണ്ടിക്കാട്ടുന്നത്.AMY2B,MGAM,SGLT1 എന്നിവയാണ് അന്നജത്തിന്റെ ദഹനത്തിൽ പ്രധാന പങ്കുവഹിയ്ക്കുന്ന മൂന്നു ജീനുകൾ. മൂന്നു ജീനുകളിലുണ്ടായ ഉണർവാണ് മനുഷ്യൻ ഭക്ഷണരീതി മാറ്റിയപ്പോൾ അതിനോട് അനുരൂപപ്പെടാൻ നായ്ക്കളെ സഹായിച്ചത്.
ഹൃദയതന്ത്രികൾ മീട്ടുന്ന കണ്ണുകൾ
നായ്ക്കൾ മനുഷ്യന്റെ മുഖത്തേക്കു നോക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ? എത്ര നിഷ്കളങ്കവും അൽപം ദുഃഖം കലർന്നതുമായ നോട്ടമാണത്.മനുഷ്യന്റെ ശ്രദ്ധ തന്റെ മേലൊന്നു പതിയാൻ, ഒരു നോട്ടം കിട്ടുവാൻ തീവ്രമായി ആഗ്രഹിക്കുന്ന വളർത്തുമൃഗമാണ് നായ.ഏകദേശം നാലാഴ്ച പ്രായം മുതൽ തന്നെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള ഈ ശ്രമം വളർത്തുനായ്ക്കുട്ടികൾ തുടങ്ങുന്നു.നായയെ വളർത്തുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നവർക്കാകട്ടെ നായയുടെ ദൈന്യമായ, എന്തോ സങ്കടമുണ്ടെന്നു തോന്നിക്കുന്ന കണ്ണിലെ ഭാവം ഹൃദയത്തിൽ തൊടുന്നതുപോലെയാവും അനുഭവപ്പെടുന്നു.
പ്രൊസീഡിങ്ങ്സ് ഓഫ് നാഷണൽ അക്കാഡമി ഓഫ് സയൻസസിൻ പ്രസിദ്ധീകരിക്കപ്പെട്ട ലേഖനത്തിൽ നായയുടെ മുഖത്തിനും കണ്ണുകൾക്കും തങ്ങളുടെ പിതാമഹൻമാരായ ചെന്നായകൾക്കില്ലാത്ത സങ്കീർണ്ണമായ ഭാവങ്ങൾ ലഭിച്ചതിന്റെ കാരണം വെളിപ്പെടുത്തിയിട്ടുണ്ട്.നായ്ക്കളുടെ കണ്ണുകളിലെ ഒരു ജോടി മാംസപേശികളാണ് നായകൾക്ക് മനുഷ്യന്റെ നെഞ്ചിൽ തറയ്ക്കുന്ന നോട്ടമെയ്യാൻ കഴിവു നൽകുന്നത്.
ഈ മാറ്റമാകട്ടെ മനുഷ്യരുമായി കൂടുതൽ ഹൃദ്യമായി ആശയവിനിമയം നടത്താനും ബന്ധങ്ങൾ ഒന്നു കൂടി ഉറപ്പിക്കാനും അവരെ സഹായിച്ചിട്ടുണ്ട്. The retractor anguli oculi lateralis ,levator anguli oculi medialis (RAOL and LAOM) എന്നീ മാംസപേശികളാണ് ഒരുമിച്ചു പ്രവർത്തിച്ച് കണ്ണുകളുടെ പ്രത്യേക ചലനം സാധ്യമാക്കി അവയ്ക്ക് ' cute look ' നൽകി മനുഷ്യന്റെ ഹൃദയത്തെ വശീകരിക്കാൻ സഹായിക്കുന്നത്.
മൊഴികളുടെ പൊരുളറിയുവാൻ
നായയും മനുഷ്യനുമായുള്ള അടുത്ത സഹവാസം തുടങ്ങിയിട്ട് കാലമേറെയായല്ലോ? സമയവും അനുഭവങ്ങളും അവരെ കൂടുതൽ അടുത്തറിയാനും മനസിലാക്കാനും കഴിയുംവിധം മാറ്റിയെടുത്തിട്ടുണ്ട്. മനുഷ്യരുടെ സംസാരം നായ്ക്കൾ മനസ്സിലാക്കുന്നത് എങ്ങനെയെന്ന് 2016 സെപ്റ്റംബർ 2- ന് പ്രസിദ്ധീകരിച്ച സയൻസ് ജേണലിൽ ആൻഡിക്സും സഹപ്രവർത്തകരും ചേർന്നു നടത്തിയ ഗവേഷണത്തിന്റെ ഫലം പ്രസിദ്ധീകരിച്ചതോടെ നമുക്ക് കൂടുതൽ ബോധ്യമായിട്ടുണ്ട്. നമ്മൾ പറയുന്ന വാക്കുകളും ശബ്ദത്തിന്റെ ധ്വനിയും മനസിലാക്കാൻ നായയുടെ തലച്ചോറ് പ്രവർത്തിക്കുന്ന രീതിയാണ് അവർ പഠിച്ചത്.

അത്ഭുതകരമെന്നു പറയട്ടെ വാക്കുകളുടെയും ശബ്ദത്തിന്റെ യും വൈകാരികത മനസിലാക്കാൻ നമ്മൾ ഉപയോഗിക്കുന്ന തലച്ചോറിന്റെ അതേ ഭാഗങ്ങളാണ് നായ്ക്കളും ഉപയോഗിക്കുന്നതത്രേ! തലച്ചോറിന്റെ ഇടത് അർദ്ധഗോളമാണ് വാക്കുകളുടെ അർത്ഥം മനസിലാക്കാൻ മനുഷ്യനെ സഹായിക്കുന്നത്. നായകളെ പുകഴ്ത്താൻ നാം ഉപയോഗിക്കുന്ന വാക്കുകകളോട് ശക്തമായി പ്രതികരിക്കുന്നതും നായയുടെ തലച്ചോറിന്റെ ഇടതനാണ്.
നായയുടെ തലച്ചോറിന്റെ വലത് അർദ്ധഗോളത്തിലെ ഒരു പ്രത്യേക ഭാഗമാണ് വാക്കുകളുടെ ധ്വനിഭേദങ്ങൾ, വൈകാരികത എന്നിവ തിരിച്ചറിയാൻ ശ്രമിക്കുന്നത്.ഏറ്റവും പ്രധാന കാര്യം ഇനിയാണ് വരുന്നത്. സന്തോഷം തോന്നിപ്പിക്കുന്ന നായയുടെ തലച്ചോറിലെ ഭാഗം പ്രകാശിക്കപ്പെടുന്നത് വാക്കുകളും അവയുടെ ധ്വനിയും, വികാരവും നല്ലതാകുമ്പോൾ മാത്രമാണ്. അതായത് വാക്കുകൾ മാത്രമല്ല അവ നമ്മൾ പറയുന്നതിന്റെ രീതിയും മനസിലാക്കാൻ കഴിയുന്ന വിധം നായയുടെ തലച്ചോർ മാറിയിരിക്കുന്നു. നായക്കു സംസാരിക്കാനാവില്ലെങ്കിലും മനുഷ്യൻ പറയുന്ന വാക്കുകളുടെ പൊരുളറിയാൻ നായക്ക് കഴിയും. മൊഴികൾ സംഗീതമായാൽ അവർ അത് തിരിച്ചറിയുകയും ചെയ്യും.