ഡ്രാക്കുള – ശാസ്ത്രവും മിത്തും ഇഴകലർന്ന ബ്രാം സ്റ്റോക്കർ ബ്രില്യൻസ്: ഗ്രാഫിക്സ് വിവരണം
.jpg?w=1120&h=583)
Mail This Article
1897 ൽ റുമേനിയയിലെ കാർപാത്യൻ മലനിരകളിലെ തണുത്തുറഞ്ഞ പ്രദേശത്ത് ഒരു തിന്മയുടെ ശക്തി ഉടലെടുത്തു. ഒരു വൈറസിനെപ്പോലെ ആസ്വാദക മനസ്സുകളിലേക്കു പടർന്നു കയറിയ രക്തദാഹിയും മരണമില്ലാത്തവനുമായ ആ കഥാപാത്രം പുസ്തകങ്ങളിലൂടെയും സിനിമകളിലൂടെയും നാടകങ്ങളിലൂടെയും അനശ്വരനായി മാറി. ഡ്രാക്കുളയുടെ രചനാരീതിയിൽ തുടങ്ങുന്നു ബ്രാം സ്റ്റോക്കർ ‘ബ്രില്യൻസ്’. കത്തുകൾ, പത്രവാർത്തകൾ തുടങ്ങിയവയുടെ ഫോർമാറ്റിൽ കഥ പറയുന്ന എപ്പിസ്റ്റോളറി രീതിയിൽ ബ്രാംസ്റ്റോക്കർ എഴുതിയ നോവലിൽ ശാസ്ത്രവും അന്ധവിശ്വാസവും തമ്മിലുള്ള അതിർവരമ്പുകൾ നനുത്ത മൂടൽമഞ്ഞു പോലെ നേർത്തതാണ്.
കഥയിൽ ഉടനീളം, അമാനുഷിക പ്രശ്നങ്ങൾ പരിഹരിക്കാന്‍ കഥാപാത്രങ്ങൾ ശാസ്ത്രത്തെ ഉപയോഗിക്കാന്‍ ശ്രമിക്കുന്നു. എന്താക്കെയാണ് അവയെന്ന് പരിശോധിക്കാം. ഒരു ഭീകരകഥയ്ക്ക് ആഴവും യാഥാർഥ്യത്തോടടുത്തു നിൽക്കുന്നെന്ന തോന്നലും നൽകാൻ മാത്രമാണ് ഇത്തരം മാർഗങ്ങള്‍ കഥാകാരൻ പ്രയോഗിച്ചിരിക്കുന്നതെന്നും ശാസ്ത്രവും മിത്തും എങ്ങനെ സമർഥമായി യോജിപ്പിച്ചെന്നു മനസിലാക്കാനാണ് ഈ വിവരണമെന്നും ഓര്‍മിക്കുക.
ബ്രാംസ്റ്റോക്കറുടെ ‘ഡ്രാക്കുള’യിലെ പ്രധാന കഥാപാത്രമാണ് ഡോ. ജോൺ സെവാർഡ്. അന്ധവിശ്വാസങ്ങളുടെ സ്വഭാവവും ബലഹീനതകളും മനസ്സിലാക്കാൻ ശാസ്ത്രവും വസ്തുതകളും പ്രയോജനപ്പെടുത്തുന്നതിലൂടെ നോവലിൽ സെവാർഡ് വ്യത്യസ്തനാകുന്നു. മാനസികാസ്വാസ്ഥ്യമുള്ളവർക്കായി ഒരു അഭയകേന്ദ്രം നടത്തുന്ന മാനസികാരോഗ്യ വിദഗ്ധനാണ് അദ്ദേഹം. ഡോ. സെവാർഡിന്റെ സാനിറ്റോറിയത്തിലെ ഒരു രോഗിയായിരുന്നു റെൻഫീൽഡ്. പ്രാണികൾ, ചിലന്തികൾ, പക്ഷികൾ, എലികൾ തുടങ്ങിയവയെ ഭക്ഷിച്ച് അവയുടെ ജീവശക്തി സ്വന്തമാക്കാമെന്നു വിശ്വസിക്കുന്ന പ്രത്യേക മാനസികാവസ്ഥയാണ് റെൻഫീൽഡിനുള്ളത്.

ഫൊറൻസിക് സൈക്യാട്രിയിൽ ഇങ്ങനെ ജന്തുക്കളെ ജീവനോടെ ഭക്ഷിക്കുകയും രക്തം കുടിക്കുകയും ചെയ്യുന്ന രോഗാവസ്ഥയെ ക്ലിനിക്കൽ വാംപയറിസം എന്നാണു പറയുന്നത്. ഡ്രാക്കുള നോവൽ ജനകീയമായതിനുശേഷം ഇത് റെൻഫീൽഡ് സിൻഡ്രോം എന്നും അറിയപ്പെട്ടു.
റെൻഫീൽഡിനെ ചികിത്സിച്ച അനുഭവത്തിനൊപ്പം മനഃശാസ്ത്രത്തിന്റെ നവോത്ഥാന മേഖലയിൽ വൈദഗ്ധ്യവും നേടിയ ഡോ. സിവേർഡ്, മിന ഹാർക്കറുടെ സുഹൃത്തായ ലൂസിയുടെ സോനാംബുലിസവും വിചിത്രമായ പെരുമാറ്റവും അസാധാരണമായ ഒരു രോഗാവസ്ഥയാണന്നു സംശയിച്ചുതുടങ്ങുന്നതിലൂടെയാണ് ‘ഡ്രാക്കുള’യിൽ കഥയുടെ വിചിത്രമായ അടരുകളിലേക്കു വായനക്കാർ കടന്നു ചെല്ലുന്നത്. ലൂസിയുടെ അച്ഛനും ഇത്തരത്തിൽ ഉറക്കത്തിൽ എഴുന്നേറ്റു നടക്കുന്ന സ്വഭാവമുണ്ടെന്ന് അമ്മ മിസ്സിസ് വെസ്റ്റേന മിനയോടു പറയുന്നത് നോവലിൽ കാണാം. ഏകദേശം അരനൂറ്റാണ്ട് കഴിഞ്ഞാണ് സ്വപ്നാടനം എന്ന രോഗാവസ്ഥ പാരമ്പര്യാർജ്ജിതമാകുമോയെന്നുള്ള ചർച്ചകൾ വന്നുതുടങ്ങിയതത്രേ.

സെവാർഡ് തന്റെ സുഹൃത്തായ ഡോ. എബ്രഹാം വാൻ ഹെൽസിങ്ങിന്റെ സഹായം തേടുന്നു. ലൂസിയുടെ ആത്മാവിനെ അപഹരിച്ചിരിക്കുന്ന ഇരുട്ടിനെ മനസിലാക്കാൻ ഹിപ്നോട്ടിസത്തിന്റെ അനന്ത സാധ്യതകളാണ് വാൻ ഹെൽസിങ് ഉപയോഗപ്പെടുത്തുന്നത്.

രക്തദാനം: രക്തത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അക്കാലത്തുണ്ടായിരുന്ന ശാസ്ത്രധാരണകളെ പ്രതിഫലിപ്പിക്കുന്ന സംഭാഷണങ്ങൾ നോവലിൽ വായിക്കാം. ഡ്രാക്കുള ലണ്ടനിൽ വരുമ്പോൾ ലൂസി ഒരു ഇരയായി മാറുന്നു. ലൂസിക്കു 4 പുരുഷ നായകന്മാരുടെ (ആർതർ ഹോംവുഡ്, ക്വിൻസി മോറിസ്, ഡോ. ജോൺ സെവാർഡ്, ഡോ. എബ്രഹാം വാൻ ഹെൽസിങ്) രക്തം ദാനം ചെയ്താണ് അവളുടെ ജീവൻ ഹ്രസ്വകാലത്തേക്കെങ്കിലും പിടിച്ചു നിർത്തുന്നത്.

സാഹിത്യത്തിലെ രക്തപ്പകർച്ചയുടെ ആദ്യകാല ചിത്രീകരണങ്ങളിലൊന്നാണിത്. രക്തം എങ്ങനെയാണ് കൈമാറ്റം ചെയ്യപ്പെട്ടതെന്ന് സ്റ്റോക്കർ വിശദമായി വിവരിക്കുന്നില്ല.
ജയിംസ് ബ്ലണ്ടെൽ 19-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മനുഷ്യരിൽനിന്നു മനുഷ്യരിലേക്കുള്ള രക്തദാനം പരീക്ഷിച്ചിരുന്നു. 1897 ൽ നോവൽ പ്രസിദ്ധീകരിച്ച കാലഘട്ടത്തിൽ രക്തപ്പകർച്ച അപകടകരമായ, സങ്കീർണതകൾ നിറഞ്ഞ ഒരു പരീക്ഷണ പ്രക്രിയയായിരുന്നു. ലൂസിക്ക് ലഭിക്കുന്ന രക്തപ്പകർച്ചകൾ അനുയോജ്യമായിരുന്നോ എന്നോ അതു പരിശോധിക്കാൻ എന്തെങ്കിലും മാർഗം അവലംബിച്ചിരുന്നോ എന്നോ നോവലിൽ ഒരിക്കലും പരാമർശിക്കുന്നില്ല.