ആരോഗ്യത്തിൽ ലോകം ആശങ്കയിൽ, പക്ഷേ ബഹിരാകാശത്ത് 'ചീര' കൃഷിയുമായി സുനിത വില്യംസ്

Mail This Article
ജൂൺ മുതൽ ബഹിരാകാശത്ത് കുടുങ്ങിക്കഴിയുന്ന ഇന്ത്യൻ വംശജയായ സുനിത വില്യംസിന് രാജ്യാന്തര ബഹികാശ നിലയത്തിന്റെ കമാൻഡർ സ്ഥാപനത്തിനു പുറമെ ഒരു ചുമതല കൂടി ലഭിച്ചിരിക്കുന്നു. മൈക്രോ ഗ്രാവിറ്റിയിൽ കൃഷി സംബന്ധമായ പരീക്ഷണം നടത്തുന്നതിനു നേതൃത്വം നൽകുകയാണ് സുനിത. പ്ലാന്റ് ഹാബിറ്റാറ്റ്-07 എന്ന പരീക്ഷണം പ്രതികൂല സാഹചര്യങ്ങള്‍ വളർച്ചയെ എങ്ങനെ സ്വാധീനിക്കുമെന്നു മനസിലാക്കാൻ സഹായകമാകും. ഒപ്പം ദീർഘകാല ബഹിരാകാശ ദൗത്യങ്ങളിൽ ഭക്ഷ്യോത്പാദനം വർധിപ്പിക്കാൻ ഉതകുന്ന പരീക്ഷണമാണ് ഇത്.
രാജ്യാന്തര ബഹിരാകാശ നിലയത്തിൽ മുൻപും കൃഷിയും പാചകവുമൊക്കെ നടന്നിട്ടുണ്ട്. 2021ൽ ഭൂമിയിൽ നിന്ന് ശിതീകരിച്ചു കൊണ്ട് പോയ ബീഫും തക്കാളിയും മസാലയ്ക്കും സോസിനുമൊപ്പം നല്ല ഫ്രെഷ് പച്ചമുളകു കൂടി ചേർത്ത് ടാക്കോസ് എന്ന പലഹാരമുണ്ടാക്കി ബഹിരാകാശ യാത്രികർ ഭക്ഷിച്ചു. ഇതിന്റെ ചിത്രങ്ങളും പുറത്തുവിട്ടു. ടാക്കോസിൽ ഉപയോഗിച്ച പച്ചമുളക് പിടിച്ചത് ബഹിരാകാശത്ത് തന്നെയാണ്.

ബഹിരാകാശ നിലയത്തിൽ നട്ടുവളർത്തിയ പച്ചമുളക് ചെടിയിൽ പിടിച്ച മുളകുകളാണു ടാക്കോസിനായി ഉപയോഗിച്ചത്.അതിനും നാലുമാസം മുൻപാണ് ബഹിരാകാശനിലയത്തിൽ യാത്രികർ മുളകു ചെടി വളർത്താൻ തുടങ്ങിയത്. ഇതിനു വലിയ ശ്രദ്ധ കൈവന്നിരുന്നു. പച്ചമുളകും പഴുത്ത് ചുവന്ന നിറത്തിലുള്ള മുളകുകളും ഈ കൃഷിയിലുണ്ടായി. പ്ലാന്റ് ഹാബിറ്റാറ്റ് 04 എക്‌സ്പിരിമെന്റ് എന്നായിരുന്നു ഈ പരീക്ഷണത്തിനു നൽകിയ പേര്. 2020ൽ നാസ ബഹിരാകാശത്ത് റാഡിഷുകൾ കൃഷി ചെയ്ത് ഉത്പാദിപ്പിച്ചിരുന്നു.
മടങ്ങാനുള്ള കാത്തിരിപ്പ്
സ്‌പേസ് എക്‌സ് ഡ്രാഗണിൽ ഭൂമിയിലേക്കുള്ള മടങ്ങിവരവിന് ഒരുങ്ങുകയാണ് സുനിത വില്യംസും ബുച്ച് വിൽമോറും ആരംഭിച്ചു. 2025 തുടക്കത്തില്‍ ഐഎസ്എസിൽ ഡോക്ക് ചെയ്യാൻ ക്രൂ ഡ്രാഗൺ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്.

2024 ജൂണിൽ ബോയിങ്ങിന്റെ സ്റ്റാർലൈനർ ബഹിരാകാശ പേടകത്തിലാണ് ഇരുവരും ബഹിരാകാശ നിലയത്തിൽ എത്തിയത്. സ്റ്റാർലൈനർ ബഹിരാകാശ പേടകത്തിൽ ത്രസ്റ്റർ തകരാറുകളാലും ഹീലിയം ചോർച്ചയാലും ക്രൂവിന്റെ തിരിച്ചുവരവിന് സുരക്ഷിതമല്ലാതായി ഇരുവരും അവിടെ കുടുങ്ങിപ്പോകുകയായിരുന്നു. അടുത്തിടെ പുറത്തുവന്ന ചിത്രമാണ് സുനിത വില്യംസിന്റെ ആരോഗ്യകാര്യങ്ങളിൽ ആശങ്കയുയർത്തിയത്.