ജൂൺ 5ന് ബോയിങ് സ്റ്റാർലൈനറിൽ കുതിച്ചു, മാർച്ച് 19ന് സ്പെയ്സ് എക്‌സ് ഫ്രീഡം ഡ്രാഗണിൽ തിരികെയെത്തി; ആ 9 മാസം ഇങ്ങനെ

Mail This Article
സ്റ്റാര്‍ലൈനറിന്റെ മനുഷ്യരേയും വഹിച്ചുള്ള ഐഎസ്എസിലേക്കുള്ള ആദ്യ പരീക്ഷണത്തിന്റെ ഭാഗമായി ജൂണ്‍ അഞ്ചിനാണ് ഇന്ത്യന്‍ വംശജ സുനിത വില്യംസും ബുച്ച് വില്‍മോറും ഭൂമിയില്‍ നിന്നും പുറപ്പെട്ടത്. ജൂണ്‍ ഏഴിന് ഐഎസ്എസിലെത്തി ജൂണ്‍ 13ന് മടങ്ങാനായിരുന്നു പദ്ധതി. എന്നാല്‍ സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ ത്രസ്റ്ററുകള്‍ക്കുണ്ടായ തകരാറുകളും ഹീലിയം ചോര്‍ച്ചയും എല്ലാം മാറ്റി മറിച്ചു.

ബോയിങ് സ്റ്റാര്‍ലൈന്‍ പേടകത്തിൽ തിരികെയെത്തിക്കുന്നത് സുരക്ഷിതമല്ലെന്ന് മനസിലായതോടെ സഞ്ചാരികളില്ലാതെ ന്യൂമെക്സികോയിലെ വൈറ്റ് സാൻഡ് സ്പേസ് ഹാർബറിൽ സെപ്റ്റംബർ 6ന് ബോയിങിന്റെ സ്റ്റാർലൈനർ തിരികെയെത്തി.

അതേസമയം അഞ്ചോളം ബഹിരാകാശ വാഹനങ്ങൾ രാജ്യാന്തര ബഹിരാകാശ നിലയത്തിൽ ഡോക് ചെയ്തിരുന്നു. സ്‌പേസ് എക്‌സ് ഡ്രാഗൺ എൻഡവർ (ക്രൂ-8 മിഷൻ), നോർത്ത്‌റോപ്പ് ഗ്രുമ്മൻ റീസപ്ലൈ കപ്പൽ, സോയൂസ് എംഎസ്-25 ക്രൂ ഷിപ്പ്, പ്രോഗ്രസ് 88, 89 റീസപ്ലൈ എന്നിവയായിരുന്നു ആ സമയത്ത് ബഹിരാകാശ നിലയത്തിൽ ഉണ്ടായിരുന്നത്.
നീണ്ട ദൗത്യം, വിവിധ അനുഭവങ്ങൾ
കമാൻഡർ സുനിത: രാജ്യാന്തര ബഹിരാകാശ നിലയത്തിലെ താമസം അപ്രതീക്ഷിതമായി നീണ്ടതോടെ അവിടുത്തെ കമാൻഡറുടെ ചുമതലയും സുനിത വില്യംസ് ഏറ്റെടുത്തു. നിലയം കമാൻഡർ ആയിരുന്ന റഷ്യൻ സഞ്ചാരി ഒലേഗ് കൊനോനെങ്കോ ഭൂമിയിലേക്കു മടങ്ങിയതോടെ സുനിത ആ ഒഴിവു നികത്തി. രാജ്യാന്തര ബഹിരാകാശ നിലയത്തിലെ (ഐഎസ്എസ്) ഗവേഷണ പ്രവർത്തനങ്ങൾ ഉൾപ്പെടെ വിവിധ ദൗത്യങ്ങളുടെ ഏകോപനച്ചുമതലയാണു സുനിതയ്ക്കുണ്ടായിരുന്നത്.

അഭിമാന നേട്ടം
രാജ്യാന്തര ബഹിരാകാശ നിലയത്തിനു ( ഐഎസ്എസ്) പുറത്ത് 5 മണിക്കൂർ 26 മിനിറ്റ് നടന്നതോടെ ആകെ 62 മണിക്കൂർ 6 മിനിറ്റെന്ന റെക്കോർഡോടെ സുനിത വില്യംസ് അഭിമാന നേട്ടം കൈവരിക്കാനും കഴിഞ്ഞു.
അവർ ശരിക്കും 'കുടുങ്ങിപ്പോയിരുന്നോ?'
നാസ ബഹിരാകാശയാത്രികരായ ബുച്ച് വിൽമോറും സുനിത വില്യംസും ബഹിരാകാശത്ത് 'കുടുങ്ങിപ്പോയിരുന്നു' എന്ന വാദം ഇപ്പോഴും നാസ അംഗീകരിക്കുന്നില്ല.ഒരാഴ്ച നീണ്ടുനിന്ന താമസത്തിൽ നിന്ന് 9 മാസത്തേക്ക് നീട്ടിയപ്പോഴും ഈ ബഹിരാകാശയാത്രികർ ഒരിക്കലും കുടുങ്ങിപ്പോയിട്ടില്ലെന്ന് നാസ സ്ഥിരമായി വാദിക്കുന്നു. ഒരു എക്സ്റ്റെന്‍ഡഡ് മിഷൻ എന്നാണ് നാസ ഇതിനെ വിശേഷിപ്പിക്കുന്നത്. സാധാരണ ജോലിയുടെ ഭാഗം മാത്രം!.
ഉപേക്ഷിച്ചിട്ട് പോന്നതാണെന്ന് ട്രംപ്
ബൈഡൻ ഭരണകൂടം ബഹിരാകാശയാത്രികരെ ഉപേക്ഷിച്ചു എന്നാണ് ഇലോൺ മസ്‌ക് , യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എന്നിവരുൾപ്പെടെയുള്ളവർ രാഷ്ട്രീയപരമായി ആരോപിച്ചത്.അതേസമയം നാസയും ബഹിരാകാശയാത്രികരും ഈ അവകാശവാദങ്ങളെ ശക്തമായി നിരാകരിച്ചു.

സെപ്റ്റംബർ അവസാനം മുതൽ ഐഎസ്‌എസിൽ ഡോക്ക് ചെയ്തിരിക്കുന്ന സ്‌പേസ് എക്‌സ് ക്രൂ ഡ്രാഗൺ കാപ്സ്യൂളിൽ വില്യംസിനും വിൽമോറിനും ബദൽ ഗതാഗതം നാസ ക്രമീകരിച്ചിരുന്നതായി നാസ അവർത്തിച്ചു വ്യക്തമാക്കുന്നു.

അവശ്യമെങ്കില്‍ അവർക്ക് നേരത്തെ മടങ്ങാമായിരുന്നു, പക്ഷേ അങ്ങനെ ചെയ്യുന്നത് ബഹിരാകാശ നിലയത്തിൽ ജീവനക്കാരുടെ കുറവുണ്ടാക്കുകയും ശാസ്ത്രീയ ഗവേഷണവും പതിവ് പ്രവർത്തനങ്ങളും മുടങ്ങുകയും ചെയ്യുമായിരുന്നുവെന്ന് നാസ പറയുന്നു.
ഏറ്റവും പ്രായോഗിക പരിഹാരം വില്യംസും വിൽമോറും പതിവ് ഐഎസ്‌എസ് ക്രൂ റൊട്ടേഷനിൽ ചേരുകയെന്നതായിരുന്നു നാസയുടെ തീരുമാനം. അതിനാൽമാർച്ച് 14 ന് ഫ്ലോറിഡയിലെ നാസയുടെ കെന്നഡി ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് ഫാൽക്കൺ 9 റോക്കറ്റിൽ നാല് ബഹിരാകാശയാത്രികർ അടങ്ങുന്ന ക്രൂ-10 വിക്ഷേപിച്ചു , 28 മണിക്കൂറിനുശേഷം ഐഎസ്‌എസിൽ എത്തി.ഡ്രാഗൺ, ഫ്രീഡം എന്ന് പേരിട്ടിരിക്കുന്ന ക്രൂ മൊഡ്യൂൾ പുലർച്ചെ 3.30ന് ഫ്ലോറിഡ തീരത്ത് സുരക്ഷിതമായി ഇറങ്ങി.