ബഹിരാകാശത്ത് 9 മാസം, സുനിത വില്യംസിന് ഓവർടൈം ശമ്പളം ലഭിക്കുമോ? ട്രംപിന്റെ വിചിത്രമായ മറുപടി

Mail This Article
ജൂൺ 5-ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ISS) എത്തിയ സുനിത വില്യംസും ബുച്ച് വിൽമോറും 9 മാസത്തിന് ശേഷം സ്‌പേസ് എക്‌സിന്റെ ഡ്രാഗൺ ബഹിരാകാശ പേടകത്തിൽ ഭൂമിയിൽ തിരിച്ചെത്തി. നിരവധി ശാസ്ത്ര പരീക്ഷണങ്ങൾക്ക് ഇരുവരും അവിടെ നേതൃത്വം നൽകുകയും പങ്കാളികളാവുകയും ചെയ്തു. നിർണായക ശാസ്ത്ര നേട്ടങ്ങൾക്കൊപ്പം ഇത്തരത്തിലുള്ള അപൂർവമായ നീണ്ടകാല ബഹിരാകാശവാസത്തിലെ ചെറിയ സംഭവങ്ങൾപോലും ചർച്ചാവിഷയമാകുന്നുണ്ട്.
അതിലൊന്നായിരുന്നു, ബഹിരാകാശത്ത് 278 ദിവസം കൂടി ചെലവഴിച്ചിട്ടും, നാസ ബഹിരാകാശയാത്രികർക്ക് ഓവർടൈം ശമ്പളം ലഭിക്കില്ലെന്നത്. ഓവൽ ഒഫീസിൽ നടന്ന വാർത്താ സമ്മേളനത്തിൽ ഇത്തരമൊരു ചോദ്യം ട്രംപിനോട് ചോദിച്ചു നാസ ബഹിരാകാശയാത്രികരുടെ ഈ ഓവർടൈം ശമ്പളത്തെക്കുറിച്ച് ചോദിച്ചപ്പോൾ, ട്രംപ് പറഞ്ഞത് ആരും ഈ കാര്യങ്ങൾ തന്നോട് അറിയിച്ചിട്ടില്ലെന്നും വേണ്ടിവന്നാൽ സ്വന്തം പോക്കറ്റിൽ നിന്ന് പണം നൽകുമെന്നുമാണ്.

നാസയിലെ ബഹിരാകാശയാത്രികർ ഫെഡറൽ ജീവനക്കാരാണ് - അതായത് മറ്റ് സർക്കാർ ജീവനക്കാരുടേതിന് സമാനമായ സ്റ്റാൻഡേർഡ് ശമ്പളമാണ് അവർക്ക് ലഭിക്കുന്നത്. ഷെഡ്യൂൾ പ്രകാരം, ഓവർടൈം ജോലി, വാരാന്ത്യങ്ങൾ അല്ലെങ്കിൽ അവധി ദിവസങ്ങൾ തുടങ്ങിയവയിൽ അല്ലാതെ ർഘദൂര ദൗത്യങ്ങൾക്ക് അവർക്ക് അധിക വേതനം ലഭിക്കുന്നില്ല. ബഹിരാകാശ യാത്ര പോലും ഔദ്യോഗിക യാത്രയായി കണക്കാക്കപ്പെടുന്നു.
ബഹിരാകാശയാത്രികരുടെ യാത്ര, താമസം, ഭക്ഷണം എന്നിവ നാസയാണ് വഹിക്കുന്നത്. "incidentals" എന്ന് വിളിക്കുന്ന ചില കാര്യങ്ങൾക്ക് അവർ അധിക പണം, ദിനംപ്രതി ഏകദേശം 5 ഡോളറോളം മാത്രം നൽകുന്നു.സുനിത വില്യംസും ബുച്ച് വിൽമോറും മൊത്തം 286 ദിവസം ബഹിരാകാശത്ത് ചെലവഴിച്ചു, അതിനാൽ അവർക്ക് ഓരോരുത്തർക്കും ഏകദേശം 94,998 ഡോളർ(രൂപ 81,69,861) മുതൽ 123,152 ഡോളര്‍ (രൂപ 1,05,91,115) വരെയുള്ള ശമ്പളത്തിന് പുറമേ 1,430 ഡോളർ (രൂപ 1,22,980) അധികമായി ലഭിക്കും.