മാക് ഒഎസിന്റെ 20 വര്‍ഷങ്ങള്‍, മാക് ആരാധനാരീതി ഇന്നും തുടരുന്നത് എന്തുകൊണ്ട്?

Mail This Article
ആപ്പിളിന്റെ മാക്ഒഎസ് 20-ാം പിറന്നാള്‍ ആഘോഷിക്കുകയാണ്. ഈ അവസരത്തിൽ മാക് കള്‍ട്ടിലേക്ക് ഒരു എത്തിനോട്ടം നടത്താം. ഐഫോൺ മറ്റു ഫോണുകളുമായി താരതമ്യം ചെയ്യുമ്പോള്‍ സ്മാർട് ഫോൺ ആരാധകര്‍ പറയുന്ന ഒരു മറുപടിയുണ്ട് - ആപ്പിളിനെയും ഓറഞ്ചിനെയും തമ്മില്‍ താരതമ്യം ചെയ്യരുതെന്ന്. ഐഫോണ്‍ വരുന്നതിനു മുൻപും ഈ വേര്‍തിരിക്കല്‍ നിലനിന്നിരുന്നു. ഇതിനാണ് മാക് കള്‍ട്ട് അഥവാ, മാക് ആരാധാന സമ്പ്രാദായം എന്നു വിളിക്കുന്നത്. ഐഫോണുകളുടെ കാര്യത്തില്‍ കണ്ടതു പോലെ നേരത്തെ നിലനിന്നിരുന്ന കഥയാണിത്.
ലോകത്ത് രണ്ടു തരം കംപ്യൂട്ടര്‍ ഉപയോക്താക്കളാണ് ഉള്ളത്- മാക് ഉപയോഗിക്കുന്നവരും അല്ലാത്തവരും. മാക് കംപ്യൂട്ടര്‍ ഉപയോഗിക്കുന്നവരില്‍ മിക്കവരും നിങ്ങളോട് പറയാന്‍ സാധ്യതയുള്ള ഒരു കാര്യം പറയാം: മാക് എന്നു പറഞ്ഞാല്‍ വെറുമൊരു കംപ്യൂട്ടര്‍ അല്ല. അതൊരു ശീലമാണ്. ഒരു അനുഭവമാണ്. ഒരു ജീവിത ചര്യയാണ്. പക്ഷേ വിന്‍ഡോസ് വെറുമൊരു കംപ്യൂട്ടറാണ്. നിങ്ങള്‍ പണം കൂടുതല്‍ കൊടുക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്കൊരു നല്ല വിന്‍ഡോസ് കംപ്യൂട്ടര്‍ ലഭിക്കും. അപ്പോഴും അതൊരു കംപ്യൂട്ടര്‍ മാത്രമാണ്. അതിലൊരു ജോലി ചെയ്തു തീര്‍ക്കാമെന്നു മാത്രമെയുള്ളു. ഒരു മാക് സ്വന്തമാക്കുമ്പോള്‍ മാത്രമാണ് നിങ്ങള്‍ ഒരു സംസ്‌കാരത്തിന്റെ ഭാഗമാകൂ തുടങ്ങിയ പൊങ്ങച്ചങ്ങള്‍ കേട്ടിരിക്കാന്‍ സാധ്യതയുണ്ട്.

ഇത്തരം വാദങ്ങളുടെ ശരിതെറ്റുകള്‍ വേര്‍തിരിച്ചു കാണേണ്ട ദിവസം ഇന്നല്ല. മറിച്ച് മാക് ഒഎസിന്റെ 20-ാം വാര്‍ഷികത്തില്‍ ഒരു മാക് വാങ്ങുന്നയാള്‍ക്ക് എന്തെല്ലാമാണ് ലഭിക്കുന്നതെന്നു പരിശോധിക്കാം. (മാക്ഒഎസ് ഹാക്കു ചെയ്ത് പിസികളില്‍ ഉപയോഗിക്കുന്നവരുണ്ട്. ഇതിനെ ഹാക്കിന്റോഷ് എന്നു പറയുന്നു. ഇത്തരക്കാരെയും ഇവിടെ പരിഗണിക്കുന്നില്ല.) സാധാരണഗതിയില്‍ മാക്ഒഎസ് ആപ്പിളിന്റെ ഹാര്‍ഡ്‌വെയറിനൊപ്പം മാത്രമാണ് ഉപയോഗിക്കാനാകുക. എന്നു പറഞ്ഞാല്‍ മാക് ഒഎസിനൊപ്പം തികവുറ്റ ഹാര്‍ഡ്‌വെയറും ഉപയോക്താവിനു ലഭിക്കുന്നു. താരതമ്യേന ഉപയോഗിക്കാന്‍ എളുപ്പമുള്ള സോഫ്റ്റ്‌വെയറും സ്വകാര്യതയും ലഭിക്കുന്നു. അതിലേറെയായി, മാക് ഉപയോക്താവാകുമ്പോള്‍ ആപ്പിള്‍ പരിസ്ഥിതിയിലേക്ക് പ്രവേശനവും ലഭിക്കുന്നു. ഒരിക്കല്‍ ഉപയോഗിച്ചു ശീലമായിക്കഴിഞ്ഞല്‍ പിരിയാന്‍ വിടാത്ത കാമുകിയെപ്പോലെ നിങ്ങളെ വശീകരിച്ചു നിർത്തുന്ന ഒന്നാണിതെന്നു പറയാം.

ഇതിനെല്ലാം തുടക്കമായത് 20 വര്‍ഷം മുൻപ് മാര്‍ച്ച് 24ന് ആയിരുന്നു. അന്നാണ് മാക് ഒഎസ് എക്‌സ് അവതരിപ്പിക്കുന്നത്. (mac OS X, ഇത് മാക്ഒഎസ് 10 എന്നാണ് പറയേണ്ടത്. പക്ഷേ, മാക്ഒഎസ് എക്‌സ് എന്നു പറയുന്നവരുമുണ്ട്. ചില വേര്‍ഷനുകളുടേ പേരു പറയുമ്പോള്‍ ഉച്ചാരണവുമായി ബന്ധപ്പെട്ട ചില പ്രശ്‌നങ്ങളുമുണ്ട്.) വിന്‍ഡോസിനുള്ള ആദ്യ ശരിയായ ബദല്‍ എന്നു പറഞ്ഞാണ് ഇത് അവതരിപ്പിക്കുന്നത്. അന്നും ലിനക്‌സ് സോഫ്റ്റ്‌വെയര്‍ നിലവില്‍ ഉണ്ടായിരുന്നെങ്കിലും ചുരുക്കം ചിലര്‍ മാത്രമായിരുന്നു ഉപയോഗിച്ചിരുന്നത്. മുഖ്യധാരയിലേക്ക് എന്തുകൊണ്ടോ ലിനക്‌സ് പ്രവേശിച്ചില്ല. തങ്ങളുടെ ഒഎസ് പുറത്തിറക്കിയ ശേഷം പ്രൊഫഷണലുകള്‍, ഡവലപ്പര്‍മാര്‍ വിദ്യാര്‍ഥികള്‍, പരിഷ്‌കാരപ്രേമകിള്‍ തുടങ്ങി എല്ലാവരെയും ആകര്‍ഷിക്കാനാണ് ശ്രമിച്ചത്.
ഇന്ന് മാക്ഒഎസ് (macOS) എന്നാണ് എഴുതുന്നതെങ്കില്‍ തുടക്കത്തില്‍ എഴുത്ത് മാക് ഒഎസ് എക്‌സ് (Mac OS X) എന്നായിരുന്നു. മാക് ഒഎസ് എക്‌സ് അവതരിപ്പിച്ചുകൊണ്ട് കമ്പനിയുടെ അന്നത്തെ മേധാവി സ്റ്റീവ് ജോബ്‌സ് പറഞ്ഞത് ഇതിന്റെ ലാളിത്യം സാധാരണ ഉപയോക്താക്കളെ സന്തുഷ്ടരാക്കുമെന്നും, ഇതിന്റെ ശക്തി പ്രൊഫഷണലുകളെ അദ്ഭുതപ്പെടുത്തുമെന്നുമാണ്. പേഴ്‌സണല്‍ കംപ്യൂട്ടര്‍ ഉപയോഗിക്കുന്നതില്‍ പുതുമകളുമായി എത്തുന്ന ഓപ്പറേറ്റിങ് സിസ്റ്റമാണ് ഇതെന്നാണ് ജോബ്‌സ് പറഞ്ഞത്. 1990കളില്‍ വിന്‍ഡോസും മൈക്രോസോഫ്റ്റുമായിരുന്നു സൂപ്പര്‍സ്റ്റാറുകള്‍. ആര്‍ക്കും എതിരിടാനാവില്ലെന്ന തോന്നലുണ്ടാക്കി മുന്നേറുന്ന സമയത്താണ് മാക് ഒഎസിന്റെ ഇടപെടല്‍ സംഭവിക്കുന്നത്. ആപ്പിള്‍ പോലും പല ശക്തമായ നീക്കങ്ങള്‍ ഇക്കാലത്തു നടത്തിയെങ്കിലും അവയൊന്നും ഫലപ്രദമായില്ല. വിന്‍ഡോസിനെ എതിരിടാന്‍ കെല്‍പ്പില്ലാതെ ആപ്പിള്‍ അടച്ചുപൂട്ടലിന്റെ വക്കില്‍ വരെ എത്തിയിരുന്നു എന്നത് കംപ്യൂട്ടിങ് ചരിത്രത്തിലെ പ്രസിദ്ധമായ അധ്യായങ്ങളിലൊന്നാണ്. സ്വന്തം കമ്പനിയില്‍ നിന്ന് സ്റ്റീവ് ജോബ്‌സിനെ പുറത്താക്കിയിരുന്നതും ഇക്കാലത്താണ്. അങ്ങനെയിരിക്കെയാണ് ആപ്പിളിലേക്ക് ജോബ്‌സ് തിരിച്ചെത്തുന്നത്. ജോബ്‌സ് തിരിച്ചെത്തിയെങ്കിലും മൈക്രോസോഫ്റ്റിനോ വിന്‍ഡോസിനോ ഒരു കനത്ത വെല്ലുവിളി ഉയര്‍ത്താന്‍ ആപ്പിളിനു സാധിച്ചില്ല. എന്നാല്‍, മാക് ഒഎസ് ടെന്‍ അവതരിപ്പിച്ചതൊടെ ജോബ്‌സും ആപ്പിളും, മൈക്രോസോഫ്റ്റിനും വിന്‍ഡോസിനും മുകളിലൂടെ ഒരു പോള്‍വോള്‍ട്ട് ചാട്ടം നടത്തി മുന്നിലെത്തുകയായിരുന്നു. ഇത് കംപ്യൂട്ടിങ് മേഖലയെ മൊത്തത്തില്‍ പിടിച്ചുലയ്ക്കുകയായിരുന്നു.

∙ എന്താണ് ചിലര്‍ക്ക് മാക്കിനോട് ഇത്ര പ്രിയം?
ചിലര്‍ക്കു മാത്രമാണ് മാക് പ്രേമം എന്ന കാര്യവും ശ്രദ്ധിക്കാതെ പോകരുത്. തരക്കേടില്ലാത്ത ഒരു വിന്‍ഡോസ് കംപ്യൂട്ടര്‍ 25,000 രൂപയ്ക്കു പോലും ലഭിച്ചെന്നിരിക്കും. എന്നാല്‍ അതിന്റെ ഇരട്ടി നല്‍കിയാല്‍ പോലും ഒരു മാക് സ്വന്തമാക്കാനുമാവില്ല. സാധാരണക്കാരനു വേണ്ട കംപ്യൂട്ടിങ് ടാസ്‌കുകള്‍ നിറവേറ്റാന്‍ വിന്‍ഡോസ് പിസി മാത്രം മതിയെന്നിരിക്കെ പലരും അധികവില നല്‍കി മാക് വാങ്ങാന്‍ ശ്രമിക്കാറില്ല. ലോകമെമ്പാടും ഇതു തന്നെയാണ് ഗതി. അതിനാല്‍ തന്നെ കംപ്യൂട്ടര്‍ മാര്‍ക്കറ്റിന്റെ 75 ശതമാനവും വിന്‍ഡോസ് ഉപയോക്താക്കളാണ്. ആപ്പിളിന് ഏകദേശം 16 ശതമാനം ഉപയോക്താക്കളാണുള്ളത്. എന്നാല്‍, ഈ 16 ശതമാനം പേര്‍ വരേണ്യവര്‍ഗമായാണ് അറിയപ്പെടുന്നത്. ഇത് ഐഫോണിന്റെയും ഐപാഡിന്റെയും എയര്‍പോഡ്‌സിന്റെയും കാര്യത്തിലും അങ്ങനെ തന്നെയാണ്.
∙ പൊങ്ങച്ചം മാറ്റി നിർത്തിയാല്‍ മാക്ഒഎസിന് എന്താണ് ഗുണം?
ഒഎസ് അപ്‌ഡേറ്റു ചെയ്യല്‍ മാക്കില്‍ വളരെ എളുപ്പമാണ്. പല വിന്‍ഡോസ് അപ്‌ഡേറ്റുകളും മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു വന്ന കംപ്യൂട്ടറുകളെ കുളമാക്കിയ ചരിത്രം ഏറെയുണ്ട് പറയാന്‍. അത്തരം ഒരു പ്രശ്‌നം മാക്കിനു കുറവാണ്. അതിനാല്‍ തന്നെ പുതിയ അപ്‌ഡേറ്റിനായി മാക്ഒഎസ് ഉപയോക്താക്കള്‍ കാത്തിരിക്കുമ്പോള്‍, വിന്‍ഡോസ് ഉപയോക്താക്കളില്‍ പലരും പുതിയ അപ്‌ഡേറ്റ് തങ്ങളുടെ പിസിയോട് എന്തു ചെയ്യുമെന്നു ഭയക്കുന്നു. വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റം വാങ്ങണമെങ്കില്‍ പണം നല്‍കണം. അതേസമയം, ഐഒഎസിനെ പോലെ മാക്ഒഎസിന് വില നല്‍കേണ്ടതില്ല, ഹാര്‍ഡ്‌വെയറിനൊപ്പം ഫ്രീയാണ്. മാക്ഒഎസിനൊപ്പം അനാവശ്യ പ്രോഗ്രാമുകള്‍ അഥവാ ബ്ലോട്ട്‌വെയര്‍ ഇൻസ്റ്റാൾ ചെയ്തു വിടാറില്ല. വിന്‍ഡോസിലാകട്ടെ ക്യാന്‍ഡി ക്രഷ് സാഗ മുതല്‍ ആന്റി-വൈറസ് വരെ നല്‍കും. ഇവയൊക്കെ കംപ്യൂട്ടറിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചേക്കാം. ഇവയെല്ലാം നിരന്തരം നോട്ടിഫിക്കേഷന്‍സ് അയച്ച് ഉപയോക്താവിനെ ശല്യപ്പെടുത്തിക്കൊണ്ടിരിക്കാം. (എന്നാല്‍, ഇതില്‍ പലതും അണ്‍ഇന്‍സ്റ്റാള്‍ ചെയ്തു കളയാവുന്നതേയുള്ളു.) മാക്ഒഎസിനൊപ്പം പേജസ്, നമ്പേഴ്‌സ്, കീനോട്ട് തുടങ്ങിയ ടൂളുകള്‍ ഫ്രീയായി ലഭിക്കും. അതേസമയം, വിന്‍ഡോസില്‍ വേഡ്, ഓഫിസ്, പവര്‍പോയിന്റ് മറ്റ് ഓഫിസ് സൂട്ട് ആപ്പുകള്‍ തുടങ്ങിയവയ്ക്ക് പണം നല്‍കണം.
സുരക്ഷയാണ് മാക് ഉപയോക്താക്കള്‍ ഏറ്റവുമധികം ആസ്വദിക്കുന്നത്. ഉപയോക്താക്കളുടെ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും ആപ്പിള്‍ പ്രാധാന്യം നല്‍കുന്നു എന്നത് ഉപയോക്താക്കള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നു. കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ മാക്ഒഎസിനെതിരെ കടുത്ത വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുണ്ട്. ചുരുക്കം ചിലര്‍ക്കു മാത്രമാണ് ഇതു ഉപയോഗിക്കാനാകുന്നത് എന്നതാണ് പ്രധാന വിമര്‍ശനങ്ങളിലൊന്ന്. അതേസമയം, മൈക്രോസോഫ്റ്റിന്റെ മര്‍ക്കറ്റ്‌ഷെയര്‍ കഴിഞ്ഞ വര്‍ഷം 4.9 ശതമാനം ഇടിഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. മാക്ഒഎസും, ഗൂഗിളിന്റെ ക്രോം ഒഎസുമാണ് ഈ വിടവിലേക്കു കയറിപ്പറ്റിയിരിക്കുന്നത്. ഓരോ വര്‍ഷവും തങ്ങളുടെ ഓപ്പറേറ്റിങ് സിസ്റ്റത്തിന് കൂടുതല്‍ പ്രവര്‍ത്തന മികവ് സമ്മാനിക്കാന്‍ ആപ്പിള്‍ കഠിനാധ്വാനം നടത്തുന്നു. അതിന്റെ ഗുണമെന്താണെന്നു ചോദിച്ചാല്‍, ഒരിക്കല്‍ മാക്ഒഎസുമായി പ്രണയത്തിലായാല്‍ പിന്നെ പിരിയല്‍ എളുപ്പമല്ലെന്നാണ് പറയുന്നത്.
English Summary: 20 years of Mac OS X