സ്വന്തം വിദ്യാര്‍ഥിയില്‍ നിന്ന് കംപ്യൂട്ടിങ് പഠിച്ച അഡോബി സ്ഥാപകൻ കീഴടക്കിയത് ടെക് ലോകം!
Mail This Article
ടെക് ലോകത്തെ കണ്‍സ്യൂമര്‍ കംപ്യൂട്ടിങ്ങില്‍ ശക്തമായ ഇടപെടല്‍ നടത്തിയ കമ്പനികളിലൊന്നാണ് അഡോബി. ദിവസങ്ങൾക്ക് മുൻപാണ് ഈ കമ്പനിയുടെ സ്ഥാപകരില്‍ ഒരാളായ ചാള്‍സ് 'ചക്' ഗെഷ്‌ക് അന്തരിച്ചത്. എല്ലാ ടെക്‌നോളജി പ്രേമികളും അറിഞ്ഞിരിക്കേണ്ടതാണ് അദ്ദേഹത്തിന്റെ ജീവിതത്തിലെ ചില സംഭവങ്ങള്‍. 1982ല്‍ അദ്ദേഹവും ജോണ്‍ വാര്‍ണകും ചേര്‍ന്നാണ് ഒരു ഗ്രാഫിക്‌സ്, സോഫ്റ്റ്‌വെയര്‍ പബ്ലിഷിങ് കമ്പനിയായി അഡോബി ആരംഭിച്ചത്. ഇന്നു നമ്മള്‍ പിഡിഎഫ് എന്നു പറഞ്ഞ് ഉപയോഗിക്കുന്ന പോര്‍ട്ടബിൾ ഡോക്യുമെന്റ് ഫോര്‍മാറ്റ് ടെക്‌നോളജി വികസിപ്പിച്ചെടുക്കുന്നതില്‍ മുന്നില്‍ നിന്നത് ചാള്‍സ് ആണ്. അഡോബിക്ക് വലിയൊരു നഷ്ടമാണ് അദ്ദേഹത്തിന്റെ മരണം. പതിറ്റാണ്ടുകളായി അദ്ദേഹം കമ്പനിക്ക് ഒരു ഹീറോയും വഴികാട്ടിയുമായിരുന്നു എന്നും അഡോബിയുടെ മേധാവി ശാന്തനു നരയേന്‍ പറഞ്ഞു. ഒഹായോയിലെ ക്ലെവലണ്ടില്‍ 1939 സെപ്റ്റംബര്‍ 11ന് ജനിച്ച ചാള്‍സിന്റെ പിതാവ് ഒരു ഫോട്ടോ എന്‍ഗ്രേവറായിരുന്നു. ചാള്‍സിന്റെ അഡോബി ഉണ്ടാക്കിയ ഉൽപന്നങ്ങൾ പിതാവ് ചെയ്തുവന്ന ജോലികള്‍ കാലഹരണപ്പെടുത്തുന്നവ ആയിരുന്നു.
സേവിയര്‍ സർവകലാശാലയില്‍ പഠനമാരംഭിച്ച ചാള്‍സ് ഒരു പുരോഹിതാനാകുന്ന കാര്യം വരെ പരിഗണിച്ചിരുന്നു. എന്നാല്‍ പിന്നെ ഗണിതത്തില്‍ ബിരുദാനന്തര ബിരുദത്തിനായി പഠിക്കുകയും യാദൃശ്ചികമായി 1960കളില്‍ കംപ്യൂട്ടര്‍ പ്രോഗ്രാമിങ്ങില്‍ എത്തുകയുമായിരുന്നു. ജോണ്‍ ക്യാരള്‍ സർവകലാശാലയില്‍ അധ്യാപകനായിരുന്ന ചാൾസിനെ കംപ്യൂട്ടര്‍ പ്രോഗ്രാമിങ്ങിന്റെ മാന്ത്രിക മേഖലകളിലേക്ക് വഴിതിരിച്ചുവിട്ടത് അദ്ദേഹത്തിന്റെ ഒരു മുന്‍ വിദ്യാര്‍ഥിയായിരുന്നു എന്നതും രസകരമായ കാര്യമാണ്.
∙ സ്വന്തം വിദ്യാര്‍ഥിയില്‍ നിന്ന് പ്രോഗ്രാമിങ് പഠനം!
ഒരു സോഫ്റ്റ്‌വെയര്‍ കമ്പനിയില്‍ ജോലിചെയ്തു വരികയായിരുന്ന വിദ്യാര്‍ഥിയാണ് ചാള്‍സിനെ ലളിതമായ പ്രോഗ്രാമുകള്‍ എഴുതാന്‍ ശീലിപ്പിച്ചത്. ഇതാണ് അദ്ദേഹത്തിന്റെ ജീവിതം മാറ്റിമറിച്ചത്. കംപ്യൂട്ടിങ്ങില്‍ താത്പര്യം ജനിച്ച ചാള്‍സ് പെട്ടെന്ന് തന്നെ ഡോക്ടോറല്‍ പ്രോഗ്രാമില്‍ ചേരുകയായിരുന്നു. ഇന്ന് കാര്‍ണഗി മെലണ്‍ യൂണിവേഴ്‌സിറ്റി എന്നറിയപ്പെടുന്ന സ്ഥാപനത്തിലാണ് അദ്ദേഹം ചേര്‍ന്നത്. തുടര്‍ന്ന് 1973ൽ കംപ്യൂട്ടര്‍ സയന്‍സില്‍ പിഎച്ഡിയുമായാണ് ചാൾസ് പുറത്തുവരുന്നത്. പിന്നീട് അദ്ദേഹം അമേരിക്കയുടെ പ്രതിരോധ ഡിപ്പാര്‍ട്ട്‌മെന്റിന്റെ അഡ്വാന്‍സ്ഡ് റിസേര്‍ച് പ്രൊജക്ട്‌സ് ഏജന്‍സിയുടെ ഗവേഷണ വിഭാഗത്തില്‍ ജോലിയെടുത്തു. അന്നു തന്നെ സിലിക്കന്‍ വാലി സ്റ്റാര്‍ട്ട്-അപ് സംസ്‌കാരം തുടങ്ങാന്‍ പോകുന്ന ആളുകളില്‍ കണ്ടുവന്ന സ്വഭാവസവിശേഷതകള്‍ അദ്ദേഹത്തിലും കാണാമായിരുന്നു.
∙ അഡോബിയുടെ ജനനം
അക്കാലത്താണ് സെറോക്‌സ് (Xerox) കമ്പനി അദ്ദേഹത്തെ തങ്ങളുടെ പാളോ ആള്‍ട്ടോ റിസേര്‍ച് സെന്ററിലേക്ക് ജോലിക്കെടുക്കുന്നത്. ഇവിടെ വെച്ചാണ് അഡോബിയുടെ സഹസ്ഥാപകനായ ജോണ്‍ വാര്‍ണക്കിനെ ചാൾസ് കണ്ടുമുട്ടുന്നത്. ചാള്‍സിന് ഏറ്റവും ഇഷ്ടപ്പെട്ട സുഹൃത്തായും ജോണ്‍ മാറുകയായിരുന്നു. ഇരുവരും ചേര്‍ന്നുണ്ടാക്കിയ പദ്ധതി നടപ്പിലാക്കാന്‍ കുറഞ്ഞത് ഏഴു വര്‍ഷം സമയമെടുക്കുമെന്ന് സെറോക്‌സ് അറിയിച്ചത് ഇരുവരെയും നിരാശയിലാഴ്ത്തി. അത്രയും കാലം കാത്തിരിക്കാന്‍ അവര്‍ തയാറായിരുന്നില്ല. അങ്ങനെയാണ് സ്വന്തം കമ്പനി എന്ന ആശയം ഉടലെടുക്കുന്നത്. ഹംബ്രച്റ്റ് ആന്‍ഡ് ക്വിസ്റ്റ് എന്ന വെഞ്ച്വര്‍ ക്യാപ്പിറ്റലിസ്റ്റ് കമ്പനിയാണ് അഡോബി തുടങ്ങാനുള്ള പണം നല്‍കിയത്. ഇരുവരും ചേര്‍ന്ന് 1982ല്‍ തുടങ്ങിയ കമ്പനിയുടെ ആദ്യ ഉപഭോക്താക്കളില്‍ ഒന്ന് സാക്ഷാല്‍ ആപ്പിള്‍ കംപ്യൂട്ടേഴ്‌സ് ആയിരുന്നു. അഡോബിയുടെ പോസ്റ്റ്‌സ്‌ക്രിപ്റ്റ് (PostScript) കംപ്യൂട്ടിങ് ഭാഷ ഉപയോഗിച്ചാണ് ലെയ്‌സര്‍റൈറ്റര്‍ പ്രിന്ററുകള്‍ അവതരിപ്പിച്ചത്.
∙ ആപ്പിളിനെയും മൈക്രോസോഫ്റ്റിനെയും പരാജയപ്പെടുത്തി
തുടക്ക കാലത്ത് കംപ്യൂട്ടിങ് മേല്‍ക്കോയ്മയ്ക്കു വേണ്ടി നടന്ന കിടമത്സരത്തെ ഫോണ്ട് (font) യുദ്ധം എന്നാണ് വിളിക്കുന്നത്. അഡോബിക്കെതിരെ ആപ്പിളും മൈക്രോസോഫ്റ്റും സംയുക്തമായി ഡെസ്‌ക്ടോപ് പബ്ലിഷിങ്ങില്‍ നടത്തിയ നീക്കമായിരുന്നു ഇത്. ഇതില്‍ അഡോബി വിജയിച്ചു എന്നത് ചില്ലറ കാര്യമല്ല. ചാള്‍സിന്റെയും ജോണിന്റെയും മികവിലൂടെയാണ് അവര്‍ ഇതു നേടുന്നത്.
∙ ചുറ്റും സ്മാര്‍ട് ആളുകള്‍ മാത്രം മതി
ചാള്‍സ് വളരെ എളിമയും അനുകമ്പയുമുള്ള ആളായാണ് അറിയപ്പെടുന്നത്. എന്നാല്‍, അദ്ദേഹത്തിന് ഒരു ആഗ്രഹമുണ്ടായിരുന്നു- തനിക്കു ചുറ്റുമുള്ളത് സ്മാര്‍ട് ആയ ആളുകള്‍ മാത്രം ആയിരിക്കണം! ഇത്തരം ആളുകളുടെ ഒരു കൂട്ടായ്മയില്‍ ജീവിക്കാന്‍ അദ്ദേഹം ആഗ്രഹിച്ചു.
∙ അദ്ദേഹത്തെ തോക്കു കാട്ടി തട്ടിക്കൊണ്ടുപോയി, രക്ഷിച്ചത് എഫ്ബിഐ
52 വയസുള്ളപ്പോള്‍ അഡോബി കമ്പനിയിലേക്ക് ജോലിക്കെത്തുന്ന സമയത്ത് അദ്ദേഹത്തെ തോക്കു ചൂണ്ടി തട്ടിക്കൊണ്ടു പോകുകയുണ്ടായി. അദ്ദേഹത്തെ കാലിഫോര്‍ണിയയിലെ ഹോളസ്റ്റര്‍ എന്ന സ്ഥലത്ത് നാലു ദിവസത്തേക്ക് തടവുകാരനായി പാര്‍പ്പിച്ചു. ഇതുമായി ബന്ധപ്പെട്ട് എഫ്ബിഐ നടത്തിയ അന്വേഷണമാണ് അദ്ദേഹത്തെ മോചിപ്പിച്ചത്.
∙ പിഡിഎഫ് മുതല്‍ ഫോട്ടോഷോപ് വരെ
അഡോബിയുടെ ആദ്യ കാല സോഫ്റ്റ്‌വെയറില്‍ പ്രശസ്തം പോസ്റ്റ്‌സ്‌ക്രിപ്റ്റും പിഡിഎഫുമാണ്. എന്നാല്‍, തുടര്‍ന്ന് കമ്പനിയിറക്കിയ ഫോട്ടോഷോപ്, ഇലസ്‌ട്രേറ്റര്‍, അക്രോബാറ്റ്, പ്രീമിയര്‍ പ്രോ തുടങ്ങിയവയെല്ലാം ഇന്നും അതതു മേഖലകളിലെ പ്രൊഫഷണലുകള്‍ക്ക് പ്രിയപ്പെട്ടാതാണ് എന്നത് കമ്പനിയുടെ മികവ് വിളിച്ചോതുന്നു.
∙ നാഷണല്‍ മെഡല്‍ ഓഫ് ടെക്‌നോളജി
2009ല്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ ചാള്‍സിനും ജോണിനുമായി അമേരിക്കയുടെ നാഷണല്‍ മെഡല്‍ ഓഫ് ടെക്‌നോളജി സമ്മാനിച്ചു.
അദ്ദേഹത്തിന്റെ ഭാര്യയാണ് നാന്‍സി (78). ചാള്‍സിനും നാന്‍സിക്കും മൂന്നു മക്കളും ഏഴു കൊച്ചുമക്കളും ഉണ്ട്. അദ്ദേഹത്തിന്റെ മരണത്തില്‍ അനുശോചനം അര്‍പ്പിച്ച അഡോബി നടത്തിയ ട്വീറ്റ് ഇതാ: https://bit.ly/3txsiog
English Summary: Adobe founder no more! very interesting story