പ്രമുഖർക്ക് നഷ്ടപ്പെട്ടത് 140,000 കോടി ഡോളർ, മസ്കിനും ബെസോസിനും തിരിച്ചടി! റിപ്പോർട്ട് പുറത്ത്

Mail This Article
ആറു മാസത്തിനിടയില്‍ ടെസ്‌ല, സ്‌പേസ്എക്‌സ് തുടങ്ങിയ കമ്പനികളുടെ മേധാവിയും ലോകത്തെ ഏറ്റവും വലിയ ധനികനുമായ ഇലോണ്‍ മസ്‌കിന്റെ ആസ്തി ഇടിഞ്ഞത് 6,200 കോടി ഡോളറാണ്. ഇതേ കാലയളവില്‍ ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിന്റെ മൂല്യം 6,300 കോടി ഡോളറാണ് കുറഞ്ഞത്. ഫെയ്‌സ്ബുക് (മെറ്റാ) ഗ്രൂപ്പ് കമ്പനികളുടെ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ആസ്തി നേര്‍പകുതിയില്‍ അധികം കുറഞ്ഞു. ലോകമെമ്പാടുമുള്ള, ടെക്‌നോളജി മേധാവികള്‍ അടക്കമുള്ള ആദ്യ 500 പേരുടെ പട്ടികയിലുള്ളവരുടെ ആസ്തി ഇടിഞ്ഞത് മൊത്തം 1.4 ട്രില്യന്‍ ഡോളറാണെന്ന് (140,000 കോടി) ബ്ലൂംബര്‍ഗിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
∙ ലോകത്തെ ഏറ്റവും വലിയ പതനം
ആഗോള തലത്തില്‍ ശതകോടീശ്വരൻമാർക്ക് ഇന്നേവരെ ഉണ്ടായിരിക്കുന്നതില്‍ വച്ച് ഏറ്റവും വലിയ തിരിച്ചടിയാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. അതേസമയം, കോവിഡ് കാലത്ത് പെട്ടെന്നായിരുന്നു ഇവരില്‍ പലരുടെയും വളര്‍ച്ച. ഈ കാലഘട്ടത്തില്‍ ഇത്തരം ധനികരുടെ ആസ്തി അതിവേഗം കുതിക്കുന്നത് കണ്ട് സർക്കാരുകളും കേന്ദ്ര ബാങ്കുകളും പുതിയ പല നടപടികളും സ്വീകരിച്ചു തുടങ്ങിയിരുന്നു.
∙ എന്തുകൊണ്ട് ആസ്തി ഇടിഞ്ഞു?
വിവിധ രാജ്യങ്ങളില്‍ വര്‍ധിച്ചുവരുന്ന നാണയപ്പെരുപ്പം നിയന്ത്രിക്കാനായി സർക്കാരുകള്‍ സ്വീകരിച്ചു തുടങ്ങിയ നടപടികാളാണ് ധനികരുടെ ആസ്തിയില്‍ കാര്യമായ ഇടിവ് ഉണ്ടാക്കിയിരിക്കുന്നത് എന്നു പറയുന്നു. കോവിഡിന്റെ ആദ്യ രണ്ടു വര്‍ഷങ്ങളില്‍ പലതരത്തിലുമുള്ള പ്രോത്സാഹനങ്ങളും ടെക്‌നോളജി കമ്പനികള്‍ക്ക് വിവിധ സർക്കാരുകള്‍ നല്‍കിയിരുന്നു. എന്നാല്‍, ഇപ്പോള്‍ പലിശ നിരക്ക് ഉയര്‍ത്തുന്നതടക്കമുളള വിവിധ സാമ്പത്തിക നടപടികളാണ് സർക്കാരുകള്‍ സ്വീകരിച്ചു തുടങ്ങിയിരിക്കുന്നത്. മസ്‌കിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് വാഹന നിര്‍മാണ കമ്പനി ടെസ്‌ലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പതനമാണ് ജൂണില്‍ ഉണ്ടായിരിക്കുന്നത്. ആമസോണിനും വലിയ ആഘാതമാണ് സംഭവിച്ചിരിക്കുന്നത്.
∙ കോടീശ്വരൻമാടെ പതനം ഇങ്ങനെ
ലോക കോടീശ്വരൻമാര്‍ക്ക് 'നഷ്ടം' കുമിഞ്ഞു കൂടുകയാണെങ്കിലും ഇപ്പോഴും പാവപ്പെട്ടവരും ധനികരും തമ്മിലുള്ള വിടവ് ഒട്ടും നികന്നിട്ടില്ലെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. മസ്‌ക് തന്നെയാണ് ലോകത്തെ ഏറ്റവും വലിയ ധനികന്‍. അദ്ദേഹത്തിന്റെ ആസ്തി 20,850 കോടി ഡോളറാണ്. അതേസമയം, രണ്ടാം സ്ഥാനത്തുള്ള ബെസോസിന്റെ ആസ്തി 12,960 കോടി ഡോളറായി എന്നും ബ്ലൂംബര്‍ഗ് പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ സമ്പന്നരുടെ പട്ടികയില്‍ കാണാം. ഫ്രാന്‍സുകാരനായ ബേണഡ് ആര്‍ണോ ആണ് 12,870 കോടി ഡോളറുമായി മൂന്നാം സ്ഥാനത്ത്. ബില്‍ ഗേറ്റ്‌സ് 11,480 കോടി ഡോളറുമായി നാലാം സ്ഥാനത്തും ഉണ്ട്. എന്നാല്‍, ഈ നാലു പേര്‍ക്കു മാത്രമാണ് ഇപ്പോള്‍ 10,000 കോടി ഡോളര്‍ മതിപ്പുള്ളത്. ഈ വര്‍ഷം ആദ്യം ലോകമെമ്പാടും നിന്നുള്ള 10 പേര്‍ക്ക് 10,000 കോടി ഡോളറിലേറെ മൂല്യമുണ്ടായിരുന്നു. ആ 10 പേരില്‍ ഒരാളായിരുന്ന സക്കര്‍ബര്‍ഗിന് ഇപ്പോള്‍ 60,00 കോടി ഡോളര്‍ ആണുള്ളത്. അദ്ദേഹം 17-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു.
∙ ക്രിപ്‌റ്റോ മുതലാളി കുത്തനെ താഴേക്ക്

ക്രിപ്‌റ്റോ മേഖലയിൽ നിന്നുള്ള ചാങ്‌പെങ് സാഹോ (Changpeng Zhao) ഈ വര്‍ഷം ആദ്യമായാണ് ശതകോടീശ്വരൻമാരുടെ ലിസ്റ്റില്‍ കടന്നുകൂടിയത്. 9,600 കോടി ഡോളറായിരുന്ന അദ്ദേഹത്തിന്റെ ആസ്തി 8,000 കോടി ഡോളറായാണ് താഴ്ന്നിരിക്കുന്നത്. ക്രിപ്‌റ്റോ മേഖലയിലുണ്ടായ ചാഞ്ചാട്ടമാണ് ഇതിനു കാരണം. അതേസമയം, ധനികര്‍ക്ക് വലിയ നഷ്ടമൊക്കെയാണ് സംഭവിച്ചിരിക്കുന്നതെങ്കിലും ഇവര്‍ അത്രമാത്രം ധനം കൈവശപ്പെടുത്തിയിരിക്കുന്നതിനാല്‍ മിക്കവരെയും ഈ തകർച്ചയൊന്നും ഏശിയേക്കില്ല. കണക്കു പ്രകാരം 1970 നു ശേഷം ഒരു വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ഇത്രയും വലിയ തകർച്ച നടന്നിട്ടില്ല.
∙ തകര്‍ച്ച മുതലാക്കാനും ധനികര്‍, പുട്ടിന്‍ തന്നെ ഉദാഹരണം
ഇതു കൂടാതെ വിവിധ മേഖലകളിലുണ്ടാകുന്ന തകര്‍ച്ച മുതലെടുക്കാനും ധനികര്‍ ശ്രമിക്കും. റഷ്യയിലെ ഏറ്റവും വലിയ ധനികന്‍ കൂടിയായ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്റെ നീക്കം ഇതിന് ഉദാഹരണമാണ്. ഔദ്യോഗികമായി റഷ്യയിലെ ഏറ്റവും വലിയ ധനികന്‍ പുട്ടിനാണ് - ഏകദേശം 3520 കോടി ഡോളര്‍ ആണ് ആസ്തി. (അനൗദ്യോഗികമായി ലോകത്തെ ഏറ്റവും വലിയ ധനികന്‍ അദ്ദേഹമാണെന്ന് ഗൂഢാലോചനാ വാദക്കാര്‍ പറയുന്നു.) പുട്ടിന്‍ റഷ്യന്‍ ധനികന്‍ ഒലെഗ് ടിങ്‌കോവിന് (Oleg Tinkov) ഡിജിറ്റല്‍ ബാങ്കില്‍ ഉണ്ടായിരുന്ന ഓഹരി ഏറ്റെടുത്തു. ഇത് യുക്രെയ്ന്‍ യുദ്ധം തുടങ്ങുന്നതിന് മുൻപ് അതിനുണ്ടായിരുന്ന മൂല്യത്തിന്റെ ചെറിയൊരു തുകയ്ക്കാണ്.
∙ മറ്റ് ഉദാഹരണങ്ങള്‍
ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചായ എഫ്ടിഎക്‌സിന്റെ മേധാവി സാം ബാങ്ക്മാന്‍-ഫ്രൈഡ് റോബിന്‍ഹുഡ് മാര്‍ക്കറ്റ്‌സില്‍ 7.6 ശതമാനം ഒഹരി സമ്പാദിച്ചത് അത്തരത്തിലൊരു നീക്കമാണെന്നു പറയുന്നു. കമ്പനിയുടെ മൂല്യം 77 ശതമാനം ഇടിഞ്ഞപ്പോഴാണ് അദ്ദേഹം ഓഹരി വാങ്ങിയത്. ട്വിറ്റര്‍ വാങ്ങാനിറങ്ങിയ മസ്‌ക് ഇപ്പോള്‍ മാറി നില്‍ക്കുന്നത് വില കുറച്ച് കമ്പനി സ്വന്തമാക്കാനാണെന്ന വാദവും ഉണ്ട്.
∙ സ്റ്റീവ് ജോബ്‌സിന് മരണാനന്തര ബഹുമതി
ആപ്പിള്‍ കമ്പനിയുടെ സ്ഥാപകരിലൊരാളും മേധാവിയുമായിരുന്ന സ്റ്റീവ് ജോബ്‌സിന് അമേരിക്കയുടെ പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം ബഹുമതി നല്‍കും. അമേരിക്കന്‍ പ്രസിന്റ് ജോ ബൈഡന്‍ ആയിരിക്കും ഇത് മരണാനന്തര ബഹുമതിയായി ജോബ്‌സിന് സമര്‍പ്പിക്കുക എന്ന് എന്‍ഗ്യാജറ്റ് റിപ്പോര്‍ട്ടു ചെയ്യുന്നു. ജോബ്‌സ് അടക്കം 17 പേര്‍ക്കാണ് ബഹുമതി നല്‍കുക.
∙ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു ചെയ്യുന്ന വിഡിയോകള്‍ റീല്‍സിലേക്ക്
ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു ചെയ്യുന്ന വിഡിയോകള്‍ റീല്‍സിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് മെറ്റാ കമ്പനി. അക്കൗണ്ട് പബ്ലിക് ആണെങ്കില്‍ നിങ്ങള്‍ പോസ്റ്റ് ചെയ്യുന്ന വിഡിയോ എല്ലാവര്‍ക്കും കാണാൻ സാധിക്കും.
∙ ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി ഔട്ട്‌ലുക്ക് ലൈറ്റ്
മൈക്രോസോഫ്റ്റിന്റെ ഇമെയില്‍ ആയ ഔട്ട്‌ലുക്ക് ഉപയോക്താക്കള്‍ക്കായി പുതിയ ആപ്. ഔട്ട്‌ലുക്ക് ലൈറ്റ് (Outlook Lite) എന്ന പേരിലായിരിക്കും പുതിയ ആപ് മൈക്രോസോഫ്റ്റ് ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കായി അവതരിപ്പിക്കുക എന്ന് സെഡ്ഡി നെറ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. പെട്ടെന്നു പ്രവര്‍ത്തിപ്പിക്കാവുന്ന ഈ ആപ് ചില രാജ്യങ്ങളില്‍ ഇപ്പോള്‍ത്തന്നെ ലഭ്യമാണെന്നും പറയുന്നു.
∙ ഡൂം മൊബൈല്‍ ഗെയിം ഇനി വിന്‍ഡോസിലും കളിക്കാം
ഐഒഎസും ആന്‍ഡ്രോയിഡും വരുന്നതിനു മുൻപ് മൊബൈല്‍ ഫോണുകളില്‍ കളിച്ചിരുന്ന ഗെയിമായ ഡൂമിന് (Doom) കുറച്ച് ആരാധകരുണ്ട്. ഈ ഗെയിം പ്രധാന ആപ് സ്റ്റോറുകളിലൊന്നും ലഭ്യമല്ല. പക്ഷേ, 2005ല്‍ പ്രശസ്തമായിരുന്ന ഈ ഗെയിം വിന്‍ഡോസില്‍ കളിക്കാന്‍ പാകത്തിന് ഇപ്പോള്‍ പരുവപ്പെടുത്തിയിരിക്കുന്നു എന്ന് എആര്‍എസ് ടെക്‌നിക്കാ റിപ്പോര്‍ട്ടു ചെയ്യുന്നു.
English Summary: Elon Musk, Jeff Bezos, Other Top Billionaires Lose $1.4 Trillion In Worst Half Ever