ADVERTISEMENT

മോഹിച്ചു വാങ്ങിയ, വിലകൂടിയ ഐഫോണ്‍ 14 മാക്‌സ് നിശ്ചലമാകുന്നെന്ന പരാതി വ്യാപകം. എന്തോ നിഗൂഢമായ കാരണത്താലാണ് ആപ്പിളിന്റെ ഇപ്പോഴത്തെ ഏറ്റവും വിലകൂടിയ ഐഫോൺ മോഡല്‍ പ്രതികരിക്കാതെയാകുന്നത് എന്നാണ് റിപ്പോർട്ട്. ചിലര്‍ ഹാൻഡ്സെറ്റ് ചാര്‍ജ് ചെയ്തെടുക്കുമ്പോൾ പ്രവര്‍ത്തനം നിലച്ചതായും കണ്ടെത്തി. ചിലര്‍ പഴയ ഫോണില്‍ നിന്ന് ഐഫോണ്‍ 14 പ്രോ മാക്‌സിലേക്ക് ഡേറ്റ മാറ്റുന്ന സമയത്താണ് ഫോണ്‍ നിശ്ചലമായത്. ചിലര്‍ വൈ-ഫൈയുമായി കണക്ടു ചെയ്യുന്ന സമയത്തും പ്രശ്‌നങ്ങള്‍ നേരിട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

∙ ഇതുവരെ പരിഹാരമായില്ല

ഈ പ്രശ്‌നത്തിൽ ആപ്പിളിന് ഇതുവരെ പരിഹാരം കണ്ടെത്താനായിട്ടില്ല. ഐഫോണ്‍ 14 പ്രോ മാക്‌സ് പുറത്തിറക്കിയ 2022 സെപ്റ്റംബറിനു ശേഷം പല തവണ ഇതിന്റെ സോഫ്റ്റ്‌വെയര്‍ ആപ്പിള്‍ പുതുക്കിയെങ്കിലും പ്രശ്‌നം പരിഹരിക്കാനായിട്ടില്ലെന്നു പറയുന്നു. പക്ഷേ, ചില നടപടികള്‍ സ്വീകരിച്ചാല്‍ ഫോണ്‍ തിരിച്ചു പ്രവര്‍ത്തിപ്പിക്കാനായേക്കാമെന്നും സൂചനയുണ്ട്. ഡെയ്‌ലി മെയിലിന്റെ റിപ്പോര്‍ട്ട് പ്രകാരം ഒരു ഉപയോക്താവ് ഫോണ്‍ ചാര്‍ജിലിട്ട് ഉറങ്ങാന്‍ കിടന്നെങ്കിലും ഫോണിന്റെ അലാം പ്രവർത്തിച്ചില്ല. താമസിച്ചുണര്‍ന്ന തനിക്ക് ഫോണ്‍ പ്രവര്‍ത്തനരഹിതമായി എന്നു മനസ്സിലായെന്നും ഭര്‍ത്താവിന്റെ ഫോണ്‍ ഉപയോഗിച്ച് വണ്ടി വിളിച്ച് ജോലിക്കു പോകേണ്ടി വന്നുവെന്നും അവര്‍ കുറിക്കുന്നു. മുൻപ് വാങ്ങിയ ഐഫോണുകൾക്കൊന്നും ഇത്തരം ഒരു പ്രശ്‌നം കാണിച്ചിട്ടില്ലെന്നാണ് അവര്‍ പറഞ്ഞത്.

∙ സ്‌ക്രീന്‍ കറുത്ത നിറത്തിലാകുന്നു

ഉറങ്ങാന്‍ പോകുന്നതിനു മുൻപും ഉണര്‍ന്ന ശേഷവും ഫോണ്‍ ചാര്‍ജ് ചെയ്തുവെന്നും ഇപ്പോൾ ഫോണിന്റെ സ്‌ക്രീനില്‍ കറുത്ത നിറം മാത്രമാണ് ഉള്ളതെന്നുമാണ് മറ്റൊരു ഉപയോക്താവ് ആപ്പിളിന്റെ വെബ്‌സൈറ്റില്‍ കുറിച്ചിരിക്കുന്നത്. ഫോണ്‍ ഓണാക്കാന്‍ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു എന്നും ഓണ്‍ലൈനിൽ സേര്‍ച്ച് നടത്തിയപ്പോൾ മറ്റുള്ളവരും ഈ പ്രശ്‌നം നേരിടുന്നുണ്ടെന്നാണ് മനസ്സിലായതെന്നും ഉപയോക്താവ് പറഞ്ഞു. ആപ്പിൾ സ്‌റ്റോറില്‍ കൊടുത്ത് ഒഎസ് റീഇന്‍സ്‌റ്റാള്‍ ചെയ്തു നോക്കാമെന്നല്ലാതെ എന്തു ചെയ്യണമെന്ന് അറിയില്ലെന്നും ഉപയോക്താവ് പറയുന്നു.

∙ എന്താണ് ചെയ്യേണ്ടതെന്നറിയാതെ ഉപയോക്താക്കള്‍

മറ്റു ചിലര്‍ക്ക് ഫോണ്‍ ഉപയോഗിച്ചുകൊണ്ടിരിക്കുമ്പോഴാണ് പ്രശ്‌നങ്ങൾ വരുന്നത്. തനിക്കിത് എപ്പോഴും സംഭവിക്കുന്നു, സ്ലൈഡ് ടു റീസ്റ്റാര്‍ട്ട് എന്ന സന്ദേശം സ്‌ക്രീനില്‍ വരികയും അത് രണ്ടു മണിക്കൂറായി അങ്ങനെ തന്നെ നിൽക്കുകയും ചെയ്യുന്നു. എന്താണ് ചെയ്യേണ്ടതെന്ന അറിയില്ലെന്നും മറ്റൊരു ഉപയോക്താവ് പറഞ്ഞു. ആപ്പിള്‍ സ്‌റ്റോറിലെ ജോലിക്കാര്‍ക്കും തന്റെ ഫോണിന്റെ പ്രശ്‌നം പരിഹരിക്കാനായിട്ടില്ല എന്നാണ് വേറൊരാള്‍ പ്രതികരിച്ചിരിക്കുന്നത്. ഐഒഎസ് 16.2 ഇന്‍സ്‌റ്റാള്‍ ചെയ്ത ശേഷം യാതൊരു മുന്നറിയിപ്പുമില്ലാതെ ഫോണ്‍ നിശ്ചലമാകുന്നു. പിന്നെ ഓരോ തവണയും ഫോഴ്‌സ് റീസ്റ്റാര്‍ട്ട് ചെയ്‌തെടുക്കേണ്ടി വരുന്നു എന്നാണ് പരാതി.

∙ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിക്കപ്പെടുന്നോ?

വൈ-ഫൈ എന്നോ, സെല്ലുലാര്‍ എന്നോ ഉള്ള വ്യത്യാസമില്ലാതെ ഫോണിന്റെ ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിക്കപ്പെടുന്നതുകൊണ്ടാണോ പ്രശ്‌നമെന്ന് ഒരു ഉപയോക്താവ് സംശയം പ്രകടിപ്പിച്ചു. കാരണം, ഫോണ്‍ ഓണാക്കിയെടുത്തു കഴിഞ്ഞാലും മെയില്‍ ആപ്പിലും മറ്റും ചെന്നാല്‍ 'ലോഡിങ്' എന്നു കാണിച്ചു നില്‍ക്കും പിന്നീട് ആപ് വെള്ള നിറത്തിലേക്കു പോകുന്നു എന്നാണ് അദ്ദേഹം നിരീക്ഷിച്ചത്. ഐഫോണ്‍ 14 പ്രോ മാക്‌സ് ആണ് താനിതുവരെ ഉപയോഗിച്ചിരിക്കുന്ന ഫോണുകളില്‍ ഏറ്റവും മോശം എന്നാണ് പെനി ഹെന്‍ഡെഴ്‌സണ്‍ എന്ന ഉപയോക്താവ് പറഞ്ഞത്. നിറയെ പ്രശ്‌നങ്ങള്‍, എല്ലാ ദിവസവും ആപ്പുകള്‍ പ്രതികരിക്കാതെ നില്‍ക്കുന്നു. ‘‘ആപ്പിള്‍ എന്റെ പണം മടക്കി തരണം. പ്രശ്‌നങ്ങള്‍ പരിഹരിക്കാതെയാണ് ആപ്പിള്‍ ഈ മോഡല്‍ വിറ്റു തുടങ്ങിയത്. ലജ്ജിക്കൂ ആപ്പിള്‍’’ എന്നാണ് അദ്ദേഹം പ്രതികരിച്ചത്. കൂടുതല്‍ പേര്‍ തങ്ങള്‍ ഐഒഎസ് 16.2 ഇന്‍സ്‌റ്റാള്‍ ചെയ്ത ശേഷം പ്രശ്‌നത്തിലായി എന്നു റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

∙ പ്രശ്‌നത്തെക്കുറിച്ച് ആപ്പിളിന് അറിയാം

ആപ്പിളില്‍ നിന്ന് സംഘടിപ്പിച്ച മെമ്മോയില്‍, കമ്പനി ഇതേക്കുറിച്ച് അന്വേഷിച്ചുവരികയാണ് എന്നാണെന്ന് മാക്‌റൂമേഴ്‌സ് റിപ്പോര്‍ട്ടു ചെയ്യുന്നു. ഇതേത്തുടര്‍ന്ന് ജനുവരി 13 മുതല്‍ ലഭ്യമാക്കിയ ഐഒഎസ് 16.3നും പ്രശ്‌നങ്ങള്‍ പരിഹരിക്കാനായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ആപ്പിളിന്റെ ഇപ്പോഴത്തെ ഏറ്റവും പ്രീമിയം ഫോണായ ഐഫോണ്‍ 14 പ്രോ മാക്‌സിന്റെ തുടക്കം മികച്ചതായില്ലെന്നാണ് റീട്ടെയില്‍ സ്‌റ്റോര്‍ അധികാരികള്‍ പ്രതികരിച്ചത്.

∙ എന്താണ് സാധ്യമായ പരിഹാരം?

പ്രശ്‌നം നേരിടുന്നുവെങ്കില്‍ ചെയ്തു നോക്കാവുന്ന കാര്യങ്ങളിലൊന്ന് ഹാൻഡ്സെറ്റ് റീസെറ്റ് ചെയ്യുക എന്നതാണ്. വോളിയം അപ് ബട്ടണില്‍ അമര്‍ത്തുക. അതു നിർത്തിയ ശേഷം ഉടനെ വോളിയം ഡൗണ്‍ ബട്ടണില്‍ അമര്‍ത്തുക. തുടര്‍ന്ന് ഫോണിന്റെ വലതു വശത്തുള്ള സൈഡ്ബട്ടണില്‍ ഉടനെ അമര്‍ത്തിപ്പിടിക്കുക. ആപ്പിളിന്റെ ലോഗോ പ്രത്യക്ഷപ്പെടുന്നതു വരെ ഇതു തുടരുക. പ്രവര്‍ത്തിക്കാതാകുന്ന പ്രശ്‌നം ഇതു വഴി പരിഹരിക്കപ്പെട്ടേക്കാം. ഇല്ലെങ്കില്‍ പിസിയിലോ മാക്കിലോ ഉള്ള ഐട്യൂണ്‍സുമായി ബന്ധിപ്പിക്കുക. ഇനി ഇതുകൊണ്ടൊന്നും ഫ്രീസിങ് പ്രശ്‌നം മാറുന്നില്ലെങ്കില്‍ ഫോണില്‍ ഒരേസമയം നിരവധി ആപ്പുകള്‍ പശ്ചാത്തലത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്നു പരിശോധിക്കുക. ഉണ്ടെങ്കില്‍ അവ ക്ലോസ് ചെയ്തു നോക്കുക. അതും പ്രശ്‌നം പരിഹരിക്കുന്നില്ലെങ്കില്‍ ആപ്പിള്‍ സ്റ്റോറില്‍ ഫോണ്‍ എത്തിക്കുക.

∙ ഇന്ത്യയിലെ ആദ്യത്തെ ഗ്രീന്‍ സോളര്‍ പാനല്‍ ഫാക്ടറി വരുന്നു

രാജ്യത്തെ ആദ്യത്തെ പരിസ്ഥിതി സൗഹൃദ സോളര്‍ പാനല്‍ നിര്‍മാണ ഫാക്ടറി ഉത്തരാഖണ്ഡില്‍ തുടങ്ങും. ലൂമിനസ് കമ്പനിയാണ് ഇത് നടത്തുക.

∙ വിവോ എക്‌സ്90 സീരീസ് ഫോണുകള്‍ ഉടന്‍

വിവോ കമ്പനിയുടെ എക്‌സ്90 സീരീസ് ഫോണുകള്‍ ഉടന്‍ ഇന്ത്യയില്‍ വില്‍പനയ്‌ക്കെത്തും. കമ്പനിയുടെ ഏറ്റവും മുന്തിയ ഹാന്‍ഡ്‌സെറ്റാണിത്. 2022 നവംബറിലാണ് ഇത് പുറത്തിറക്കിയത്. ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ ഫെബ്രുവരി 3 മുതല്‍ വില്‍പനയ്‌ക്കെത്തിയേക്കും. ഈ മോഡലിന്റെ പിന്‍ക്യാമറാ സിസ്റ്റം നിര്‍മിക്കാന്‍ സൈസ് കമ്പനിയുടെ പിന്തുണ വിവോയ്ക്ക് ലഭിച്ചിട്ടുണ്ട്. സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 2 ആയിരിക്കും പ്രോസസര്‍.

∙ ഗൂഗിള്‍ പിക്‌സല്‍ ടാബ്‌ലറ്റിന്‍ ടെന്‍സര്‍ ജി2 പ്രോസസര്‍

ഗൂഗിള്‍ തങ്ങളുടെ ആദ്യ പിക്‌സല്‍ ടാബ്‌ലറ്റ് കംപ്യൂട്ടര്‍ ഉടന്‍ പുറത്തിറക്കുമെന്ന് മാസങ്ങളായി പറഞ്ഞു കേള്‍ക്കുന്നു. പുതിയ സൂചനകള്‍ പ്രകാരം ഇതിന് കരുത്തു പകരുക കമ്പനി തന്നെ നിര്‍മിച്ചെടുത്ത ടെന്‍സര്‍ ജി2 പ്രോസസര്‍ ആയിരിക്കും. ടാബിനെക്കുറിച്ച് ഒരു കാര്യവും കമ്പനി ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

∙ സാംസങ് ഗ്യാലക്‌സി എസ്23 സീരീസിന് വില കൂടുതലായിരിക്കുമെന്ന്

ഈ വര്‍ഷം ഇറങ്ങാന്‍ പോകുന്ന ഏറ്റവുമധികം പ്രാധാന്യമുള്ള ഫോണ്‍ സീരീസുകളിലൊന്നായ സാംസങ് ഗ്യാലക്‌സി എസ്23 സീരീസ് അടുത്ത മാസം അവതരിപ്പിക്കും. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വില വ്യത്യാസം ഉണ്ടെന്നാണ് റോളണ്‍ഡ് ക്വാണ്‍ഡ്റ്റ് എന്ന ട്വിറ്റര്‍ യൂസര്‍ അവകാശപ്പെടുന്നത്. ഉദാഹരണത്തിന് കഴിഞ്ഞ വര്‍ഷത്തെ എസ്22 അള്‍ട്രാ തുടക്ക വേരിയന്റിന് വില 1,459 യൂറോ ആയിരുന്നു. ഈ വര്‍ഷത്തെ എസ്23യ്ക്ക് 1589 യൂറോ ആയിരിക്കും പ്രതീക്ഷിക്കുന്ന തുടക്ക വില.

intel

∙ കംപ്യൂട്ടര്‍ വിപണിയില്‍ പ്രതീക്ഷിച്ചതിലേറെ മാന്ദ്യം വന്നേക്കാം

നടപ്പു പാദത്തില്‍ നഷ്ടം വന്നേക്കാമെന്ന് കംപ്യൂട്ടര്‍ ചിപ്പ് നിര്‍മാതാവ് ഇന്റലിന്റെ ചീഫ് എക്‌സിക്യൂട്ടിവ് പാറ്റ് ഗെല്‍സിങ്ഗര്‍ പറഞ്ഞു. തങ്ങള്‍ പ്രതീക്ഷിച്ചതിനേക്കാളേറെ മാന്ദ്യമായിരിക്കും വിപണിക്കുണ്ടാകാന്‍ പോകുന്നതെന്ന് അദ്ദേഹം പറയുന്നു.

English Summary: iPhone 14 Pro, iPhone 14 Pro Max have one more issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com