പതിനായിരക്കണക്കിന് ജീവനക്കാരുള്ള വമ്പന്‍ കമ്പനികള്‍ ഇല്ലാതാകും, തൊഴിലന്വേഷകര്‍ പേടിക്കേണ്ടി വരും? മുന്നറിയിപ്പ്

Mail This Article
ആഗോള തലത്തില്‍ 19-ാം നൂറ്റാണ്ടിന്റെ അവസാനം മുതല്‍ ഇന്നുവരെ നിലനിന്നുവന്ന ഒന്നാണ് നിരവധി പേർ ജോലിചെയ്യുന്ന കമ്പനികള്‍ എന്ന യാഥാര്‍ഥ്യം. ഇപ്പോള്‍ അമേരിക്കയിലേക്കു നോക്കിയാല്‍ കൂടുതല്‍ പേരും ഇത്തരം വമ്പന്‍ കമ്പനികള്‍ക്കായി ജോലിയെടുക്കുന്നവരാണ് എന്ന് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ടു ചെയ്യുന്നു. എന്നാല്‍, ഈ രീതിക്ക് താമസിയാതെ മാറ്റം വന്നേക്കുമെന്നും അവരുടെ റിപ്പോര്‍ട്ടില്‍ ഗൗരവമുള്ള മുന്നറിയിപ്പുണ്ട്. ഇനി ചെറിയ കമ്പനികളുടെ കാലമായിരിക്കാമെന്നും പറയുന്നു. അതായത്, കമ്പനികളിലെ ജോലി എന്ന സങ്കല്‍പത്തിന് മാറ്റം വരുമോ? എങ്കില്‍ കാരണമെന്ത്?
∙ പ്രശ്‌നം എഐ തന്നെ
ട്വിറ്റര്‍ മേധാവി ഇലോണ്‍ മസ്‌ക് മുതല്‍ ആധുനികകാല തത്വചിന്തകനായ യുവാള്‍ നോവ ഹരാരി വരെ പലരും നിർമിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) മനുഷ്യരാശിയുടെ ഇപ്പോഴത്തെ രീതിയിലുള്ള നിലനില്‍പ് അവതാളത്തിലാക്കിയേക്കുമെന്ന മുന്നറിയിപ്പു വര്‍ഷങ്ങളായി നല്‍കുന്നുണ്ട്. ആ ദിശയിലേക്കു തന്നെയാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നാണ് ബ്ലൂംബര്‍ഗ് പറയുന്നത്. ഉദാഹരണമായി ചില കമ്പനികളുടെ കാര്യം ചൂണ്ടിക്കാണിക്കുന്നു. എഐ ഉപയോഗിച്ച് ഇമേജ് ജനറേറ്റു ചെയ്യുന്നതില്‍ ഇപ്പോള്‍ മുന്നില്‍ നില്‍ക്കുന്ന കമ്പനികളിലൊന്നാണ് മിഡ്‌ജേണി. ഇതില്‍ ജോലി ചെയ്യുന്ന മുഴുവന്‍ സമയ ജോലിക്കാരുടെ എണ്ണം കേള്‍ക്കണ്ടേ - കേവലം 11 പേര്‍! എഐ ഇമേജിങ്ങില്‍ ആഗോള തലത്തില്‍ ഏറ്റവുമധികം ഗൗരവത്തിലെടുക്കുന്ന കമ്പനികളിലൊന്നില്‍ 11 പേരെ ജോലിയെടുക്കുന്നുള്ളു എന്നത് അവിശ്വസനീയമാണ്. മാറുന്ന ജോലി രീതിയുടെ നേര്‍ ചിത്രമാണിത്.
∙ എന്താണ് ഇതിനു കാരണം?
ഉപയോക്താക്കള്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ സേവനം എത്തിച്ചു നല്‍കാനായി മിഡ്‌ജേണിയില്‍ ജോലിക്കാര്‍ക്കു പകരം പണിയെടുക്കുന്നത് കംപ്യൂട്ടറുകളും എഐയുമാണ്. അതേസമയം, ഇതോടെ വന്‍തോതില്‍ തൊഴിലില്ലായ്മയിലേക്ക് എത്തുമോ എന്ന കാര്യം ഇപ്പോള്‍ അപ്രവചനീയമാണ്. പക്ഷേ ചരിത്രം പറയുന്നത് മറ്റൊരു കഥയാണ്. ഓട്ടോമേഷന്‍ നടക്കുന്ന മേഖലയില്‍ നിന്ന് തൊഴിലാളികള്‍ ഓട്ടോമേഷന്‍ ഇല്ലാത്ത പരമ്പരാഗത മേഖലകളിലേക്കും പുതിയ മേഖലകളിലേക്കുമായിരിക്കും നീങ്ങുക. അതേസമയം, ഇത്തരം പല മേഖലകളും പ്രാദേശികമാണ് എന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഉദാഹരണത്തിന് ഇത്തരം മേഖലകളിലൊന്ന് മുതര്‍ന്നവരെ പരിചരിക്കുന്ന ജോലിയാണ്. ഇത്തരം ജോലികള്‍ നല്‍കുന്ന സ്ഥാപനങ്ങളാകട്ടെ ചെറുതും പ്രാദേശികവുമാണ്. ചുരുക്കിപ്പറഞ്ഞാല്‍ ഇനി ഇത്രനാള്‍ കണ്ടതുപോലെ ധാരാളം പേര്‍ വമ്പന്‍ സ്ഥാപനങ്ങള്‍ക്കു വേണ്ടി ജോലി ചെയ്യുന്ന സാഹചര്യം ഇല്ലാതായേക്കാമെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പു നല്‍കുന്നു.
∙ ചാറ്റ്ജിപിടി മറ്റൊരു ഉദാഹരണം
ഇപ്പോള്‍ അതിവേഗം വളരുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനമായ ചാറ്റ്ജിപിടിക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയായ ഓപ്പണ്‍എഐയിലെ ജോലിക്കാരുടെ എണ്ണം 375 ആണ്. ഇത് ഏറ്റവും ഒടുവില്‍ ലഭ്യമായ കണക്കു പ്രകാരമാണ്. ഇനി ഈ സംഖ്യ മെറ്റാ കമ്പനിയുമായി താരതമ്യം ചെയ്യാം. അടുത്തിടെ കമ്പനി പിരിച്ചുവിട്ട ജോലിക്കാരുടെ എണ്ണം കൂട്ടാതെ ഇനി മെറ്റായില്‍ ശേഷിക്കുന്നത് 60,000ലേറെ പേരാണ്. ഓപ്പണ്‍എഐ നിശ്ചയമായും കൂടുതല്‍ പേരെ ജോലിക്കെടുക്കും. പക്ഷേ, അതൊന്നും മെറ്റാ പോലെ ജോലിക്കാരാല്‍ നിറഞ്ഞൊരു കമ്പനി സൃഷ്ടിക്കില്ലെന്നും പറയുന്നു.
∙ ജോലിക്കാര്‍ കുറയുന്നതോടെ വമ്പന്‍ ബിസിനസ് സ്ഥാപനങ്ങളുടെ പത്തിയും താഴ്ന്നേക്കും
ഇപ്പോള്‍ വമ്പന്‍ ടെക് കമ്പനികളുടെ കരുത്തിനെ സർക്കാരുകള്‍ പോലും വിലമതിക്കുന്നു. അവര്‍ക്ക് വലിയതോതില്‍ രാഷ്ട്രീയ സ്വാധീനവും ഉണ്ട്. ജോലിക്കാരുടെ എണ്ണം കുറഞ്ഞാല്‍ അവര്‍ക്ക് തങ്ങളുടെ കാര്യം നേടിയെടുക്കാന്‍ സർക്കാരിനെ സ്വാധീനിക്കാനുള്ള ലോബിയിങ് കരുത്തും നഷ്ടമായേക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു. സെനറ്റര്‍മാര്‍ വമ്പന്‍ ടെക്‌നോളജി കമ്പനികളെ അനുകൂലിച്ച് പാര്‍ലമെന്റുകളില്‍ സംസാരിച്ചിരുന്നത് തങ്ങള്‍ക്ക് വോട്ടു ചെയ്‌തേക്കാവുന്ന ജോലിക്കാരുടെ എണ്ണം കൂടി പരിഗണിച്ചാണ്. പതിനായിരക്കണക്കിനു ജോലിക്കാരുള്ള ഒരു കമ്പനി പറഞ്ഞാല്‍ കേള്‍ക്കേണ്ട സാഹചര്യം അമേരിക്കയില്‍ ഇപ്പോള്‍ നിലനിന്നിരുന്നത് ഇതെല്ലാം കൊണ്ടുകൂടി ആണ്.

∙ വന്‍തോതിലുള്ള കുടിയേറ്റം നിലച്ചേക്കും
പുറം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ വന്‍തോതില്‍ വികസിത രാജ്യങ്ങളിലേക്ക് എത്തണമെന്ന നയമായിരുന്നു വമ്പന്‍ ടെക്‌നോളജി കമ്പനികളുടേത്. അധികം താമസിയാതെ ജോലിയെടുക്കാന്‍ കെല്‍പ്പുള്ള എല്ലാവരും ഇങ്ങു പോരട്ടെ എന്ന നിലപാട് ഉണ്ടായേക്കില്ല. കുറച്ചുപേര്‍ക്കും ചില മേഖലകളിലും മാത്രമായിരിക്കും കുടിയേറ്റം സാധ്യമാകുക. പുതിയതായി വന്നുകൊണ്ടിരിക്കുന്ന ചെറുതും ശക്തമായതുമായ കമ്പനികളിലേക്ക് അതിസമര്‍ഥരായ ആളുകള്‍ക്കു മാത്രമായിരിക്കും ജോലി ലഭിക്കുക.
∙ ചെറിയ കമ്പനികള്‍ക്കും ജോലിക്കാരെ വേണം, പക്ഷേ...
എഐ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന, ഇപ്പോള്‍ പ്രാധാന്യം നേടിക്കൊണ്ടിരിക്കുന്ന ചെറിയ കമ്പനികള്‍ക്ക് പുതിയ ജോലിക്കാരെ വേണ്ടിവരും. ഇത് ഓട്ടോമേറ്റഡായ സിസ്റ്റങ്ങളുടെ മേല്‍നോട്ടം വഹിക്കാനായിരിക്കും. ചുരുക്കിപ്പറഞ്ഞാല്‍ അപാര ശേഷിയുള്ളവര്‍ക്കു മാത്രമായിരിക്കാം ഭാവിയില്‍ വികസിത രാജ്യങ്ങള്‍ സ്വാഗതമരുളുക. അതേസമയം, ഇത്തരം ശേഷിയുള്ളവര്‍ക്ക് ഗംഭീര ശമ്പളം പ്രതീക്ഷിക്കാമെന്നും റിപ്പോര്‍ട്ട് പറയുന്നു. ചെറിയ ടീമുകള്‍ വരുന്നതോടെ തൊഴിലിടങ്ങളും തൊഴില്‍ സംസ്‌കാരവും മാറും. പുതിയ തൊഴില്‍ സംസ്‌കാരത്തിന് സമീപഭാവിയില്‍ തന്നെ തുടക്കമായേക്കും.
∙ നിക്ഷേപ രീതിയും മാറും
ഇനി അമേരിക്കക്കാര്‍ ബിസിനസ് സ്ഥാപനങ്ങളുടെ ഓഹരി വാങ്ങി പണം നിക്ഷേപിക്കുന്ന രീതിയും മാറിയേക്കുമെന്ന് റിപ്പോര്‍ട്ട് പ്രവചിക്കുന്നു. ബിസിനസ് സ്ഥാപനങ്ങള്‍ വളരെ ചെറുതാകുന്നതോടു കൂടി അവയ്ക്ക് പ്രവര്‍ത്തന മൂലധനം സ്വരൂപിക്കാന്‍ പൊതുജനതത്തെ സമീപിക്കേണ്ട കാര്യമില്ലതായേക്കും. ഇത്തരം സ്ഥാപനങ്ങളെല്ലാം തന്നെ ഒന്നോ ഒന്നിലേറെയോ വ്യക്തികള്‍ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനികളായി നിലനില്‍ക്കും. വെഞ്ച്വര്‍ ക്യാപ്പിറ്റലിസ്റ്റുകള്‍ക്ക് ഇത് ഗുണമായേക്കും. എന്നാല്‍, ഇത്തരത്തിലുള്ള നിക്ഷേപകര്‍ക്ക് സർക്കാരുകള്‍ പരിധികള്‍ നിര്‍ണയിക്കുന്നതോടെ അവര്‍ക്കും നിക്ഷേപിക്കാന്‍ മറ്റു മാര്‍ഗങ്ങള്‍ തേടേണ്ടി വന്നേക്കും.
∙ എല്ലാ വമ്പന്‍ കമ്പനികളും മെലിയില്ല
ചില കസ്റ്റമര്‍ സേവന കമ്പനികള്‍ ജോലിക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടേക്കില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഉദാഹരണത്തിന് സ്റ്റാര്‍ബക്‌സ് (Starbucks). ഇത്തരം കമ്പനിയുടെ പ്രധാന ബിസിനസ് ദേശീയ തലത്തില്‍ നിരവധി ബ്രാഞ്ചുകള്‍ ഉള്ളതാണ്. സ്റ്റാര്‍ബക്‌സില്‍ ഇപ്പോള്‍ 400,000 ജോലിക്കാരാണ് ഉള്ളത്. ചില സ്റ്റാര്‍ബക്‌സ് ജോലിക്കാര്‍ ഇപ്പോള്‍ത്തന്നെ കമ്പനിയുടെ കസ്റ്റമര്‍ സര്‍വിസ് വിഭാഗത്തില്‍ നിന്ന് മറ്റു വിഭാഗങ്ങളിലേക്ക് മാറിത്തുടങ്ങി. വമ്പന്‍ ബിസിനസ് സ്ഥാപനങ്ങള്‍ക്ക് ജോലിയെടുക്കുന്നത് താരതമ്യേന ചെറുപ്പകാലത്ത് മാത്രമായി മാറാനുള്ള സാധ്യതയും റിപ്പോര്‍ട്ട് തള്ളിക്കളയുന്നില്ല.
∙ കാലം മാറുമെന്ന്
ഭാവിയില്‍ നിങ്ങള്‍ ഒരു പാര്‍ട്ടിയല്‍ പങ്കെടുക്കുകയും അവിടെ വച്ച് ഒരു വമ്പന്‍ ടെക് കമ്പനി ജീവനക്കാരനുമായി സംസാരിക്കുന്നതും സങ്കല്‍പ്പിക്കുക. ഇയാള്‍ വളരെ താത്പര്യജനകവും വിചിത്രവുമായ കാര്യങ്ങള്‍ സംസാരിക്കുന്നു എന്നും കരുതുക. അത്തരം ഒരു സാഹചര്യം ഇപ്പോള്‍ രഹസ്യാന്വേഷണ വിഭാഗത്തില്‍ ജോലി ചെയ്യുന്ന ആളെ ഇത്തരം ഒരു പാര്‍ട്ടിയില്‍ വച്ചു കാണുന്നതിനും സംസാരിക്കുന്നതിനും സമാനമായിരിക്കുമെന്നും റിപ്പോര്‍ട്ട് പറഞ്ഞുവയ്ക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍ വമ്പന്‍ ടെക് കമ്പനികളിലുള്ള ഒരു സാധാരണ ജോലി എന്ന സ്വപ്‌നം അധികം താമസിയാതെ പൊലിഞ്ഞേക്കാം.
∙ വിശ്വസിക്കാന്‍ പ്രയാസം
ഇതിപ്പോള്‍ പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസമായിരിക്കുമെന്നും ലോകത്തെ പ്രധാനപ്പെട്ട വാര്‍ത്താ ഏജന്‍സികളിലൊന്നായ ബ്ലൂംബര്‍ഗ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, സമീപ ഭാവിയില്‍ തന്നെ, വമ്പന്‍ ടെക് സ്ഥാപനം എന്ന സങ്കല്‍പം തന്നെ തകര്‍ന്നേക്കാം. ഇത് എഐയുടെ വളര്‍ച്ചയില്‍ നിന്നു സംജാതമായിരിക്കുന്ന അപ്രതീക്ഷിതമായ സംഭവ വികാസമാണെന്നും റിപ്പോര്‍ട്ട് പറയുന്നു. റിപ്പോര്‍ട്ട് മുഖവിലയ്‌ക്കെടുത്തില്ലെങ്കിലും മുന്നറിയിപ്പായി സ്വീകരിക്കുന്നത് തൊഴിലന്വേഷകര്‍ക്കും മറ്റുള്ളവര്‍ക്കും നല്ലതായിരിക്കും.
English Summary: Artificial Intelligence could spell the end of big business