സാറയെ രശ്മികയാക്കി മാറ്റുന്ന ആ 'ഒരു നിമിഷം'!; പക്ഷേ സാധാരണക്കാര് വിശ്വസിക്കുമോ?
Mail This Article
നടി രശ്മിക മന്ദാന ലിഫ്റ്റിലേക്കു കയറുന്ന വിഡിയോ ഡീപ് ഫെയ്ക് ആണെന്നു വ്യക്തമായപ്പോഴേക്കും സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞിരുന്നു. രാജ്യത്ത് ഡീപ്ഫെയ്ക് കൈകാര്യം ചെയ്യാൻ നിയമനിർമാണം ആവശ്യപ്പെടുന്ന തരത്തിൽ ഇത്തരം പ്രവണതകൾക്കെതിരെ പ്രതിഷേധവും ഉയർന്നു.
രശ്മികയുടേതെന്ന പേരിൽ പ്രചരിക്കുന്ന വിഡിയോ സാറ പട്ടേൽ എന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറിന്റേതാണെന്നും രശ്മികയുടെ മുഖം ഡീപ് ഫെയ്ക് വഴി ചേർത്തതാണെന്നും കണ്ടെത്തി എക്സില്‍ പോസ്റ്റ് ചെയ്തത് വിസിൽബ്ലോവർ ഫാക്ട്ചെക് ജേണലിസ്റ്റ് ആയ അഭിഷേക് കുമാറായിരുന്നു.
ഡീപ് ഫെയ്ക് വിഡിയോയും യഥാർഥ വിഡിയോയും അദ്ദേഹം പങ്കുവച്ചു. വിഡിയോ ശ്രദ്ധാപൂർവം നിരീക്ഷിച്ചാൽ, ലിഫ്റ്റിൽനിന്ന് ഇറങ്ങുമ്പോൾ സാറയിൽ നിന്നു (0:01) രശ്മിക ആയി മാറുന്നത് കാണാനാകും, പക്ഷേ സാധാരണ ഉപയോക്താക്കൾ അത്തരം വിശദാശംങ്ങളിലേക്കു പോകുമോയെന്നും യാഥാർഥ്യമെന്നു കരുതി പങ്കുവയ്ക്കില്ലേയെന്നും അഭിഷേക് കുമാർ ചോദിക്കുന്നു.
ഡീപ് ഫെയ്ക്കുകൾക്ക് വിരാമമിടുന്നതിന് നയങ്ങളും നിയന്ത്രണങ്ങളും ആവശ്യമാണ്. അതുവരെ, വ്യക്തിപരവും തൊഴിൽപരവുമായ സുരക്ഷയ്ക്കായി ഉത്തരം പ്രവണതകളെ ചെറുക്കാൻ ശ്രമിക്കേണ്ടതുണ്ട്. അതിനായി ഇതിനെക്കുറിച്ചു പ്രാഥമിക ധാരണ ഉണ്ടായിരിക്കണം.
ഡീപ് ഫെയ്ക് തിരിച്ചറിയാമോ?
ഒരു ഫോട്ടോയിലോ വിഡിയോയിലോ ഉള്ള വ്യക്തിയുടെ രൂപം ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ് അൽഗോരിതം തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകളാൽ മാറ്റുന്നതും യാഥാർഥ്യമെന്നു തോന്നാവുന്ന ഉള്ളടക്കം സൃഷ്ടിക്കുന്നതുമൊക്കെ ഡീപ് ഫെയ്ക്കിന്റെ പരിധിയിൽ വരും.
ഉള്ളടക്കം കൂടുതൽ ആകർഷകമാക്കാൻ ഫോട്ടോകളോ വിഡിയോയോ മെച്ചപ്പെടുത്താൻ ഫിൽട്ടറുകൾ, ടെക്സ്റ്റ്, കളർ ഗ്രേഡിങ് തുടങ്ങിയവയ്ക്കായി നിർമിത ബുദ്ധി ഉപയോഗിക്കുന്നതിൽ തെറ്റൊന്നും കാണുന്നില്ല. പക്ഷേ ഒരു ചിത്രം യഥാർഥമാണോ അതോ പൂർണമായും നിർമിക്കപ്പെട്ടതാണോ എന്ന സംശയം വരുമ്പോഴാണ് പ്രശ്നങ്ങൾ ഉണ്ടാകുന്നത്.
ദിസ് പഴ്‌സൻ ഡസ് നോട്ട് എക്‌സിസ്റ്റ്
ലോകത്ത് ഇതുവരെ ഉണ്ടാകാനിടയില്ലാത്ത ഒരു മുഖം സൃഷ്ടിച്ചാലോ? അതെ, പല വെബ്സൈറ്റുകളും ഇത്തരം എഐ ടൂളുകൾ വാഗ്ദാനം ചെയ്യുന്നു. ലോകമെമ്പാടുനിന്നുമുള്ള ലക്ഷക്കണക്കിനു ഫോട്ടോകൾ പ്രോസസ് ചെയ്ത്, ഇതുവരെയില്ലാത്ത ഒരു പുതിയ മുഖം സൃഷ്ടിക്കും. വ്യാജ ബാങ്ക് അക്കൗണ്ടുകൾ തുറക്കുന്നതിനോ മറ്റുള്ള കാര്യങ്ങൾക്കോ ഇതുപയോഗിക്കാൻ തുടങ്ങിയാൽ, ഈ തമാശ ഗൗരവമായി മാറും.
ഡിജിറ്റൽ സാക്ഷരത വേണം
സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നതിൽ പകുതിയിലേറെ ലിങ്കുകൾ വായിക്കപ്പെട്ടതല്ലെന്ന ഒരു പഠനം 2016ൽ പുറത്തുവന്നിരുന്നു. പലതും ഷെയർ ചെയ്യാൻ പാടില്ലെന്ന നിയമങ്ങളും മറ്റും അറിയാതെയാണ് ഗ്രൂപ്പുകളിലേക്കു ഫോർവേഡ് ചെയ്യുന്നത്. വ്യാജമെന്നു തോന്നിയാലും അതു മറ്റുള്ളവരെ അറിയിക്കാനുള്ള ആഗ്രഹവും ഇതിനു പിന്നിലുണ്ട്. നൂതന സാങ്കേതിക വിദ്യകൾ അറിയുന്നതിനൊപ്പം അവയുടെ സുരക്ഷിതമായ ഉപയോഗവും പഠിക്കേണ്ടതുണ്ട്.
സംശയാലു ആയിരിക്കുക
‘എല്ലാത്തിലും സംശയമാ’ എന്നതു നിത്യജീവിതത്തിൽ പ്രശ്നമെന്നു തോന്നിയാലും ഡിജിറ്റൽ ലോകത്തു ഗുണം ചെയ്യും. നമ്മുടെ മുന്നിലേക്കെത്തുന്ന ഉള്ളടക്കം വിവാദപരമോ അതിരുകടന്നതോ അണെങ്കിൽ പങ്കിടുന്നതിനു മുൻപ് വിമർശനാത്മകമായി പരിശോധിക്കുക.
വിശദാംശങ്ങൾ ശ്രദ്ധിക്കുക. ഡീപ്ഫെയ്കുകൾ പലപ്പോഴും പൂർണതയുള്ളതായിരിക്കില്ല. ഉള്ളടക്കം വ്യാജമാണെന്ന് സൂക്ഷ്മമായ സൂചനകൾ ഉണ്ടാകാം. ഉദാഹരണത്തിന്, ലൈറ്റിങ്ങിലോ ഓഡിയോയിലോ മുഖഭാവങ്ങളിലോ ഉള്ള പൊരുത്തക്കേടുകൾക്കായി നോക്കുക.
വെരിഫിക്കേഷൻ ടൂളുകൾ
ഡീപ്ഫെയ്ക് ഡിറ്റക‌്ഷൻ ടൂളുകൾ ചിലപ്പോൾ കൃത്രിമ ഉള്ളടക്കം തിരിച്ചറിയാൻ സഹായിക്കും, എന്നാൽ 100 ശതമാനവും കൃത്യമല്ല. സെൻസിറ്റി അല്ലെങ്കിൽ Adobe's Content Authenticity Initiative , മൈക്രോസോഫ്റ്റ് വിഡിയോ ഓതന്റിക്കേറ്റര്‍ പോലുള്ള ധാരാളം സോഫ്‌റ്റ്‌വെയറുകളും ആപ്ലിക്കേഷനുകളും ഈ ആവശ്യത്തിനായി രൂപകൽപ്ന ചെയ്‌തിരിക്കുന്നു.
റിവേഴ്സ് ഇമേജ് സേർച്
ഡീപ്ഫെയ്ക് ആണെന്ന് നിങ്ങൾ കരുതുന്ന ഒരു ചിത്രമോ വിഡിയോയോ കാണുകയാണെങ്കിൽ, അത് ഓൺലൈനിൽ മറ്റെവിടെയെങ്കിലും പോസ്റ്റ് ചെയ്തിട്ടുണ്ടോ എന്നറിയാൻ ഒരു റിവേഴ്സ് ഇമേജ് സേർച് നടത്തുക. ചിത്രമോ വീഡിയോയോ യഥാർഥമാമോ അതോ കൃത്രിമം കാണിച്ചതാണോ എന്ന് നിർണയിക്കാൻ അതു സഹായിക്കും.
കാലികമായിരിക്കുക
ഡീപ് ഫെയ്ക് തിരിച്ചറിയുന്നതിനായി നിലവിലെ സംഭവ വികാസങ്ങളെക്കുറിച്ചും ധാരണ ഉണ്ടായിരിക്കേണ്ടതുണ്ട്. വാർത്താക്കുറിപ്പുകൾ സബ്‌സ്‌ക്രൈബുചെയ്യുക, ടെക്നോളജിയിലെ അത്തരം പുരോഗതികളെക്കുറിച്ചു റിപ്പോർട്ട് ചെയ്യുന്ന വാർത്താ പ്ലാറ്റ്‌ഫോമുകള്‍ പിന്തുടരുക.
ഡീപ്ഫെയ്കുകൾ ഉണ്ടാക്കാൻ സാധ്യതയുള്ള ദോഷങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കുക. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനോ ആരുടെയെങ്കിലും പ്രശസ്തി നശിപ്പിക്കുന്നതിനോ വഞ്ചന നടത്തുന്നതിനോ പോലും ഡീപ്ഫെയ്ക്കുകൾ ഉപയോഗിക്കാം. ഡീപ്ഫെയ്ക്കുകളുമായി ബന്ധപ്പെട്ട അപകടസാധ്യതകളെക്കുറിച്ച് ബോധവാനായിരിക്കുകയും സ്വയം പരിരക്ഷിക്കാനുള്ള നടപടികൾ കൈക്കൊള്ളുകയും ചെയ്യുക.
ആന്റി-ഡീപ്ഫെയ്ക് സാങ്കേതികവിദ്യ
ആന്റി-ഡീപ്ഫെയ്ക് സാങ്കേതികവിദ്യയുടെ വികസനത്തെ പിന്തുണയ്ക്കുക. ഡീപ്ഫെയ്ക് കണ്ടെത്തുന്നതിനും തടയുന്നതിനുമായി ഗവേഷകർ പുതിയ സാങ്കേതിക വിദ്യകൾ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ്.