ADVERTISEMENT

പേരിനൊപ്പം ഭായ് വിളിക്കുള്ള സ്ഥാനം എന്തായാലും, മാര്‍ച്ച് 5ന് നടക്കാനിരിക്കുന്ന നതിങ് ഫോണ്‍ 2എ അവതരണത്തോടനുബന്ധിച്ച് എക്‌സ് പ്ലാറ്റ്‌ഫോമില്‍ ഭായ് വിളിയുടെ തരംഗമാണ്. നതിങ് കമ്പനിയുടെ ഇന്ത്യന്‍ ആരാധകരാണ് ഇതിന് തുടക്കമിട്ടത്. കമ്പനിയുടെ മേധാവി കാള്‍ പെയ്‌യെ 'കാള്‍ ഭായ്' എന്ന് അഭിസംബോധന ചെയ്തിട്ട പോസ്റ്റാണ് ഇതിനെല്ലാം തുടക്കമിട്ടത്. കാള്‍ പിന്നീട് ഇട്ട പോസ്റ്റുകളിലെല്ലാം ഭായ് ചേര്‍ത്ത് ആളുകളെ അഭിസംബോധന ചെയ്തു. 

ബോളിവുഡ് നടന്‍ രണ്‍വീര്‍ സിങിനെ നതിങിന്റെ ബ്രാന്‍ഡ് അംബാസഡറാക്കുന്നതിനെക്കുറിച്ച് ഒരു യൂസര്‍ ചോദിച്ചപ്പോള്‍, കാള്‍ പറഞ്ഞത്, 'നമുക്ക് കൂടുതല്‍ ഫോണ്‍വില്‍ക്കണം, ഭായ്' എന്നായിരുന്നു. വേറൊരു ഇന്ത്യന്‍ യൂസര്‍ 'പെയ് ഭായ്' എന്നും കാളിനെ വിളിച്ചു. മൊത്തം ഭായ് വിളി തുടര്‍ന്നപ്പോള്‍ കാള്‍ തന്റെ ട്വിറ്റര്‍ ഹാന്‍ഡ്‌ലില്‍ പേര് 'കാള്‍ ഭായ്' എന്നാക്കി മാറ്റി. തുടര്‍ന്ന് നതിങ് ഇന്ത്യയുടെ ഔദ്യോഗിക എക്സ് ഹാന്‍ഡിലിന്റെ പേരും, 'നതിങ് ഇന്ത്യാ ഭായ്' എന്നാക്കി മാറ്റി. ഇങ്ങനെ ഭായ് മേള തകൃതിയായി നടക്കുന്നതിനിടയില്‍ നതിങ് കമ്പനിയുടെ സഹസ്ഥാപകന്‍ അകിസ് എവാന്‍ഗെല്‍ഡിസ് തന്റെ ട്വിറ്റര്‍ ഹാന്‍ഡ്ല്‍ പേര് 'അകിസ് ഭായ്' എന്നുമാക്കി. 

ഇതിനിടയില്‍ പ്രശസ്ത എഐ സേവനമായ പെര്‍പ്ലെക്‌സിറ്റി എഐയുടെ മേധാവി അരവിന്ദ് ശ്രീനിവാസനും ഇതില്‍ അല്‍പ്പനേരത്തേക്ക് ഇടപെട്ടു. കാള്‍ ഭായ്, നമ്മുടെ സഹകരണം എങ്ങനെ എന്നു ചോദിച്ചെത്തിയ അരവിന്ദിനോട് കാള്‍ പറഞ്ഞത്, താങ്കളുടെ പേര് അരവിന്ദ് ഭായ് എന്നാക്കി മാറ്റിയാല്‍ മാത്രം സഹകരണം എന്നായിരുന്നു. അതേ തുടര്‍ന്ന്, അദ്ദേഹം കുറച്ചു നേരത്തേക്ക് തന്റെ എക്സ് ഹാന്‍ഡിൽ അരവിന്ദ് ഭായ് എന്നാക്കി മാറ്റി. അതിനുശേഷം, ഇപ്പോള്‍ഇരു കമ്പനികളും തമ്മിലുള്ള 'സഹകരണം ഔദ്യോഗികമായിരിക്കുന്നു' എന്ന് കാള്‍ പ്രതികരിച്ചു. 

എഐ ഭായ്, ഇലോണ്‍ ഭായ്!

ഈ തമാശക്കളിയില്‍ വീണ്ടും ഇന്ത്യന്‍ എക്‌സ് യൂസര്‍മാര്‍ വീണ്ടും ഇടപെട്ടു, 'പെര്‍പ്ലക്‌സിറ്റിയുടെ സഹകരണത്തോടെ നതിങ് ഫോണില്‍ എത്തുന്ന എഐക്ക് ഭായ് (Bh'AI) എന്നു പേരിടണമെന്നായി ആവശ്യം. ഇതിനിടയിലാണ്, വണ്‍പ്ലസ് കമ്പനിയുടെ സ്ഥാപകരിലൊരാള്‍ കൂടെയായ, കാള്‍ ഇലോണ്‍ മസ്‌കിനെ ടാഗ് ചെയ്ത് പുതിയ പോസ്റ്റ് ഇട്ടത്: ഇലോണ്‍മസ്‌ക്, യൂസര്‍ നെയിം ഇലോണ്‍ ഭായ് എന്ന് ആക്കാതെ താങ്കള്‍ക്ക് ഇന്ത്യയില്‍ ഒരു ടെസ്‌ല ഫാക്ടറി സ്ഥാപിക്കാനാകുമെന്ന് താങ്കള്‍ ശരിക്കും കരുതുന്നുണ്ടോ, എന്നായിരുന്നു ചോദ്യം. ഇതിന് മസ്‌ക് ഉത്തരം ഇതുവരെ നല്‍കിയിട്ടില്ല. 

ഇലോൺ മസ്ക്. Photo Credit : Hannibal Hanschke / Reuters
ഇലോൺ മസ്ക്. Photo Credit : Hannibal Hanschke / Reuters

നതിങ് ഫോണ്‍ 2എ

ഭായ് വിളിയെല്ലാം തമാശക്കളിയാണെങ്കിലും, അതുവഴി തങ്ങള്‍ ഉടന്‍ അവതരിപ്പിക്കാന്‍ പോകുന്ന പുതിയ സ്മാര്‍ട്ട്‌ഫോണ്‍ മോഡലായ നതിങ് ഫോണ്‍ 2എയിലേക്ക് ശ്രദ്ധ ആകര്‍ഷിക്കാന്‍ കാളിനും കൂട്ടര്‍ക്കും സാധിച്ചിരിക്കുമെന്നു കരുതുന്നു. നതിങ് കമ്പനിയുടെ ഫോണുകള്‍ ഏറ്റവുമധികം വില്‍ക്കുന്ന രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറിയെന്നു സ്ഥിതിവിവരക്കണക്കുകള്‍ കാണിക്കുന്നു. ഇന്ത്യയോട് ചേര്‍ന്നു നില്‍ക്കാന്‍ ആഗ്രഹിക്കുന്ന കമ്പനിയായ നതിങ്, ചെന്നൈയില്‍ തങ്ങളുടെ ഫോണ്‍ നിര്‍മാണ ഫാക്ടറിയും സ്ഥാപിച്ചിട്ടുണ്ട്. അവിടെ കമ്പനി ഇതുവരെ ഇറക്കിയ ഏറ്റവും മികച്ച പ്രൊഡക്ട് ആയ നതിങ് ഫോണ്‍ 2 നിര്‍മ്മിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.  

nothing-phone-2 - 1

ലൈകാ ബ്രാന്‍ഡഡ് ക്യാമറയുമായി ഷഓമി 14 മാര്‍ച്ച് 7ന് എത്തിയേക്കും

ഷഓമി കമ്പനിയുടെ ഏറ്റവും മികച്ച ഫോണായ ഷഓമി 14 മാര്‍ച്ച് 7ന് ഇന്ത്യയില്‍ പരിചയപ്പെടുത്തിയേക്കും. ഇതിന്റെ പ്രധാന ആകര്‍ഷണീയതകളിലൊന്ന് അതിന്റെ ലൈകാ ബ്രാന്‍ഡഡ്ക്യാമറയാണ്. ഫോണിന് 50എംപി ട്രിപ്പിള്‍ പിന്‍ ക്യാമറാ സിസ്റ്റമാണ് ഉള്ളത്. സെല്‍ഫിക്ക് 32എംപി റെസലൂഷനുള്ള സെന്‍സറും ഉണ്ട്.ഫോണിന്റെ മറ്റൊരു സവിശേഷത അത് ഷഓമിയുടെ പുതിയ ഓഎസുമായി എത്തുന്ന ഫോണാണ് എന്നതാണ്. 

ഹൈപ്പര്‍ഒഎസ് എന്നു പേരിട്ടിരിക്കുന്ന പുതിയ ഓപ്പറേറ്റിങ് സിസ്റ്റം ആന്‍ഡ്രോയിഡ്ഓപ്പണ്‍ സോഴ്‌സ് പ്രൊജക്ട് അടിസ്ഥാനമാക്കി വികസിപ്പിച്ചാതണ്. ഫോണ്‍ എന്നാണ് അവതരിപ്പിക്കുക എന്ന കര്യത്തില്‍ ഷഓമി ഇതുവരെ ഔദ്യോകിക സ്ഥിരീകരണം നടത്തിയിട്ടില്ല. അവതരിപ്പിച്ച സമയത്ത് ഷഓമി 13 പ്രോയുടെ വില 74,999 രൂപ ആയിരുന്നതിനാല്‍ ഷഓമി 14നും ഏകദേശം ആ വിലയെങ്കിലുംഇട്ടേക്കാമെന്നാണ് സൂചന.

ഷഓമി അള്‍ട്രാ ഗ്ലോബല്‍ അതുക്കും മേലെ!

ഷഓമി 14 സീരിസില്‍ ഇതുവരെ കേട്ടിട്ടില്ലാത്ത ഒരു മോഡലും അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി-ഷഓമി അള്‍ട്രാ ഗ്ലോബല്‍ എന്നായിരിക്കും പുതിയ വേരിയന്റിന്റെപേര്. വലിയ, വൃത്താകൃതിയിലുള്ള പിന്‍ക്യാമറ മൊഡ്യൂളായിരിക്കും ഇതിന്റെ സവിശേഷത. ഇതിന് 16ജിബി വരെ റാമും, 1ടിബി വരെ സംഭരണശേഷിയും കണ്ടേക്കും. ഫോണിന് 5180എംഎഎച് ബാറ്ററിയും പ്രതീക്ഷിക്കുന്നു. 

samsung-s24-6 - 1

ഗ്യാലക്‌സി എസ്24 സീരിസിന് പുതിയ ഒഎസ് അപ്‌ഡേറ്റ്

തങ്ങളുടെ ഫ്‌ളാഗ്ഷിപ് സ്മാര്‍ട്ട്‌ഫോണ്‍ സീരിസായ ഗ്യാലക്‌സി എസ്24ന് പുതിയ സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് നല്‍കാന്‍ ഒരുങ്ങുകയാണ് സാംസങ് എന്ന് റിപ്പോര്‍ട്ടുകള്‍. ഫോണിന്റെ ഡിസ്‌പ്ലെയുടെ കളര്‍ ഇഷ്ടാനുസരണം മാറ്റുന്നതടക്കം മികച്ച ഒരുപറ്റം ഫീച്ചറുകള്‍ ഉള്‍പ്പെടുത്തിയായിരിക്കും പുതിയ അപ്‌ഡേറ്റ് എന്നു കരുതുന്നു. ഇത് ഫെബ്രുവരി അവസാനത്തോടെ ലഭിച്ചേക്കും.  

Image Credit: fireFX/shutterstock.com
Image Credit: fireFX/shutterstock.com

ആപ്പിളിന് ഇയു 500 മില്ല്യന്‍ യൂറോ പിഴയിട്ടേക്കും

ആപ്പിള്‍ തങ്ങളുടെ കോംപറ്റീഷന്‍ നിബന്ധനകള്‍ അനുസരിക്കുന്നില്ല എന്ന കാരണത്താല്‍ യൂറോപ്യന്‍ യൂണിയന്‍ ഐഫോണ്‍ നിര്‍മ്മാതാവിന് 500 മില്ല്യന്‍ യൂറോ (ഏകദേശം 539 ദശലക്ഷം ഡോളര്‍) പിഴയിട്ടേക്കുമെന്ന് ഫൈനാന്‍ഷ്യല്‍ ടൈംസ്. അടുത്ത മാസം ആദ്യം പ്രഖ്യാപനം ഉണ്ടായേക്കും.

ബിഎസ്എന്‍എല്‍ ജോലിക്കാരുടെ പദ്ധതിക്കു പച്ചക്കൊടി കിട്ടുമോ?

ഇന്ത്യന്‍ ടെലകോം മേഖലയില്‍ റിലയന്‍സ് ജിയോയും എയര്‍ടെല്ലും കുതിച്ചുചാടി മുന്നേറുകയാണ്. ഗവണ്‍മെന്റിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന കമ്പനിയായ ബിഎസ്എന്‍എല്‍ആകട്ടെ തങ്ങളുടെ എതിരാളികളുമായി മത്സരിക്കാന്‍ ഒരു നിവൃത്തിയുമില്ലാതെ നില്‍ക്കുകയാണ്. ഈ സന്ദര്‍ഭത്തില്‍ ബിഎസ്എന്‍എല്‍ ജോലിക്കാരുടെ സംഘടന ടെലകോം മന്ത്രി അശ്വിനി വൈഷ്ണവിന് നല്‍കിയിരിക്കുന്ന അഭ്യര്‍ത്ഥനയാണ് ഇപ്പോള്‍ ശ്രദ്ധ പിടിച്ചിരിക്കുന്നത്. 

ഇന്ത്യയിലെ മറ്റൊരു ടെലകോം ഓപ്പറേറ്ററായ വൊഡാഫോണ്‍-ഐഡിയയുടെ 4ജി നെറ്റ്‌വര്‍ക്ക് ബിഎസ്എന്‍എല്ലിനും ഉപയോഗിക്കാന്‍ അനുവദിക്കണം എന്നാണ്, എംപ്ലോയീസ് യൂണിയന്റെ ജനറല്‍ സെക്രട്ടറി പി അഭിമന്യു നല്‍കിയിരിക്കുന്ന കത്തില്‍ അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. വൊഡാഫോണ്‍-ഐഡിയയുടെ 33.1 ശതമാനം ഓഹരി കൈയ്യില്‍ വച്ചിരിക്കുന്ന ഗവണ്‍മെന്റ് തന്നെയാണ് അതിന്റെ ഏറ്റവും വലിയ ഓഹരിയുടമ എന്ന് കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. 

അതിനാല്‍, ഇരു കമ്പനികളും തമ്മില്‍ 4ജി ടവര്‍ പങ്കുവയ്ക്കാന്‍ സാധിക്കില്ലേ എന്നാണ് ജീവനക്കാര്‍ ചോദിക്കുന്നത്. വൊഡാഫോണ്‍-ഐഡിയയ്ക്ക് നിരന്തരം കസ്റ്റമര്‍മാര‌െ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. നെറ്റ്‌വര്‍ക്കില്‍ തിരക്കുമില്ല. ഇങ്ങനെ ഒരു തീരുമാനമെടുത്താല്‍ ഇരു കമ്പനികള്‍ക്കും ഗുണകരമായിരിക്കുമെന്ന് കത്തില്‍ പറയുന്നു. പിന്നെ, ഈ ഇടപാട് എല്ലാക്കാലത്തേക്കും തുടരേണ്ടതുമില്ല.

vi-vodafone-idea

ബിഎസ്എന്‍എല്‍ സ്വന്തം 4ജി നെറ്റ്‌വര്‍ക്ക് തുടങ്ങുന്നതുവരെ മതി ഇത് എന്നാണ് ജീവനക്കാര്‍ പറയുന്നത്. റിലയന്‍സും, എയര്‍ടെല്ലും 5ജി നെറ്റ്‌വര്‍ക്കിലേക്കു മാറുന്ന തിരക്കിലാണിപ്പോള്‍. അതിനിടയില്‍ 5ജി നെറ്റ്‌വര്‍ക്കില്‍ ശ്രദ്ധിക്കുന്നതിനു പകരം ബിഎസ്എന്‍എല്‍ എന്തിനാണ് 4ജി വിന്യസിച്ച് സമയവും, കാശും കളയുന്നത് എന്നത് മറ്റൊരുചോദ്യം. 

English Summary:

Nothing Phone (2a) to be Made in India, CEO ‘Carl Bhai’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com