ADVERTISEMENT

ഒരു മെൻസ്ട്രൽ കപ്പ് സി ഫോൾഡ് ചെയ്യാനും ബട്ടർഫ്ളൈ ഫോൾഡ് ചെയ്യാനും അറിയാവുന്ന പുരുഷ പാർലമെന്റംഗമെന്ന നിലയിലാണ് ടെഡെക്സ് ടോക് ഷോയിലെ യുവ സദസ്സിനു മുന്നിൽ ഹൈബി ഈഡൻ സ്വയം പരിചയപ്പെടുത്തിയത്. നൂതന ആശയങ്ങളും സാമൂഹിക മാറ്റങ്ങളും സമഗ്രമായി ചർച്ച ചെയ്യുന്ന ടെഡ്എക്സ് വാർഷിക കോൺഫറൻസായ TEDxNUALS: മ്യൂസിങ്സ് ഇൻ ട്വിലൈറ്റിൽ സംസാരിക്കുകയായിരുന്നു ഹൈബി ഈഡൻ എം പി.

ഏറ്റവും വലിയ ആർത്തവ ശുചിത്വ പരിപാടികളിലൊന്നായി ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡിൽ ഇടം നേടിയ തന്റെ ‘കപ്പ് ഓഫ് ലൈഫ്’ പദ്ധതിയെക്കുറിച്ചു വിവരിക്കുകയായിരുന്നു ഹൈബി ഈഡൻ. കൊച്ചി കളമശ്ശേരിയിലെ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് (NUALS) ആതിഥേയത്വം വഹിച്ച TedX-NUALS 2024 - Musings in Twilight-ൽ വെച്ച് ഹൈബി ഇതിനെ രക്തരൂക്ഷിതമായ വിപ്ലവം എന്ന് വിശേഷിപ്പിച്ചു. വിവിധ മേഖലകളിൽ നിന്നുള്ള 13 വ്യക്തിത്വങ്ങൾ ആശയങ്ങൾ അവതരിപ്പിച്ച സമ്മേളനത്തിലെ ആദ്യ പ്രാസംഗികനായിരുന്നു അദ്ദേഹം.

tedx - 1

2022 ഓഗസ്റ്റ് 31 ന് കൊച്ചിയിൽ 24 മണിക്കൂറിനുള്ളിൽ ഒരു ലക്ഷത്തി ഒരു മെൻസ്ട്രൽ കപ്പുകൾ സൗജന്യമായി വിതരണം ചെയ്യുന്നതായിരുന്നു ‘കപ്പ് ഓഫ് ലൈഫ്’ എന്ന വിപ്ലവം. വികസന പ്രവർത്തനങ്ങൾ അടിസ്ഥാന സൗകര്യങ്ങളിൽ മാത്രം ഒതുങ്ങരുതെന്ന്  എപ്പോഴും വിശ്വസിക്കുന്നതിനാലാണ് ആർത്തവ ശുചിത്വ പദ്ധതി എന്ന ആശയം ആരംഭിച്ചതെന്ന് ഹൈബി പറഞ്ഞു. 'ഔട് ഓഫ് ദ ബോക്സ്' എന്തെങ്കിലും ചെയ്യാൻ തന്നെ പ്രേരിപ്പിച്ചതിന് ഭാര്യ അന്ന ലിൻഡയ്ക്കാണ് അദ്ദേഹം ക്രെഡിറ്റ് നൽകുന്നത്.

മെൻസ്ട്രൽ കപ്പുകളെന്നതു മാത്രമല്ല നിയോജക മണ്ഡലത്തിലെ സർക്കാർ സ്കൂളുകളിൽ ഒരു രൂപയ്ക്ക് പാഡുകൾ എടുക്കാവുന്ന സാനിറ്ററി പാഡ് വെൻഡിങ് മെഷീനുകൾ സ്ഥാപിക്കുക എന്നതായിരുന്നു ഈ മേഖലയില ആദ്യ പരിപാടി. “എന്തെങ്കിലും ചെയ്യണമെന്ന്  ഭാര്യ എന്നോട് പറഞ്ഞപ്പോൾ, ബ്രേക്കിങ് ബാരിയേഴ്സ് എന്ന പദ്ധതിക്ക് രൂപം നൽകി. 1 രൂപ കൈവശമുള്ളവർക്കുപോലും സാനിറ്ററി നാപ്കിൻ ലഭിക്കുന്നുണ്ടെന്നു ഉറപ്പുവരുത്തി. സാനിറ്ററി നാപ്കിൻ വിദ്യാർഥികൾക്ക് മാത്രമല്ല, എല്ലാ ആൺകുട്ടികൾക്കും മറ്റുള്ളവർക്ക് കാണാനും കഴിയുന്ന തരത്തിൽ തുറന്ന സ്ഥലത്ത് സൂക്ഷിച്ചു. കാരണം അതിലൊരു സന്ദേശവുമുണ്ട്. സാനിറ്ററി നാപ്കിനുകളെ രഹസ്യമായി എത്തിക്കാൻ 'ബ്രെഡ് പാക്കറ്റുകൾ' എന്ന് വിശേഷിപ്പിച്ചിരുന്ന സ്വന്തം സ്കൂൾ, കോളേജ് ദിനങ്ങൾ അദ്ദേഹം ഈ സന്ദർഭത്തിൽ ഓർമിച്ചു.

tedx-nuals - 1

സാനിറ്ററി നാപ്കിൻ സ്കൂളിലെ ക്ളോസറ്റിൽ വീണാൽ മുഴുവൻ സംവിധാനവും അടഞ്ഞുപോകും. സർക്കാർ സ്കൂളുകളിൽ ഇതിനു പരിഹാരമുണ്ടാകാൻ ആഴ്ചകളും മാസങ്ങളും എടുക്കും. അതിനാൽ വിശ്രമമുറിയിലോ ടോയ്‌ലറ്റിലോ ലേഡീസ് റൂമിലോ ഒരു ഇൻസിനറേറ്റർ ഉണ്ടെന്നു ഉറപ്പുവരുത്തി. 25 സർക്കാർ സ്‌കൂളുകളിൽ ആരംഭിച്ച പദ്ധതി പിന്നീട് സർക്കാർ-എയ്ഡഡ് സ്ഥാപനങ്ങൾ ഉൾപ്പെടെ നൂറ്റമ്പത് എണ്ണത്തിലെത്തി. 

ലോകമെമ്പാടും പ്രചാരം നേടുന്ന ആർത്തവ ശുചിത്വ രീതിയായ ആർത്തവ കപ്പുകളെ അടിസ്ഥാനമാക്കിയുള്ള ഒരു പ്രോജക്ട് എന്ന ആശയം തന്നിൽ വിതച്ചത് നടി പാർവതി തിരുവോത്താണെന്നും ഈഡൻ പറഞ്ഞു.ഭാവിയിൽ വളരെയധികം സ്വാധീനം ചെലുത്തുന്ന ആർത്തവ കപ്പ് ഉപയോഗിക്കുന്നതിനെക്കുറിച്ച്  ആളുകൾ മനസ്സിലാക്കുന്ന രീതിയിൽ പ്രചാരണം നടത്തുക എന്നതായിരുന്നു മുഴുവൻ പദ്ധതിയും. നാപ്കിനുകൾ ഉൽപ്പാദിപ്പിക്കുന്ന മാലിന്യത്തിന്റെ അളവും വളരെ വലുതായിരിക്കും, അത് ഇത്തരം ബദൽ മാർഗത്തിലൂടെ കുറയ്ക്കാൻ കഴിയും. കുടുംബശ്രീ, ആശാ പ്രവർത്തകരെ ഉൾപ്പെടുത്തിയുള്ള കാംപെയ്‌നുകൾ, പ്രായമായവർക്കുള്ള ബോധവൽക്കരണ സെഷനുകൾ, യുവാക്കളെ ബോധവത്കരിക്കുന്നതിനായി നടത്തിയ ആർത്തവ വേദന സിമുലേറ്റർ പദ്ധതികൾ എന്നിവയുൾപ്പെടെയുള്ള തുടർപ്രവർത്തനങ്ങളും അദ്ദേഹം പരാമർശിച്ചു. നമുക്ക് തടസ്സങ്ങളെല്ലാം തകർത്ത് ഈ രക്തരൂക്ഷിതമായ വിപ്ലവം മുന്നോട്ട് കൊണ്ടുപോകാമെന്നും അദ്ദേഹം പറഞ്ഞു.

പാർലമെന്റ് അംഗം ഹൈബി ഈഡൻ, ഇന്ത്യയിലെ LGBTQIA+ അവകാശങ്ങൾക്കായുള്ള പോരാട്ടത്തിലെ പ്രമുഖ വ്യക്തിയായ നവതേജ് ജോഹർ, ഡോ. വാസുകി ഐഎഎസ്, "ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ", "കാതൽ: ദി കോർ" എന്നീ ചിത്രങ്ങളിലൂടെ സാമൂഹിക പ്രശ്നങ്ങള്‍ കൈകാര്യം ചെയ്ത ചലച്ചിത്ര നിർ‍മാതാവ് ജിയോ ബേബി, പ്രഞ്ജൽ സിൻഹ, അഡ്വ. ഡോ.ക്രിസ് വേണുഗോപാൽ, ദേവി കൃഷ്ണ, ജയലക്ഷ്മി അരിപിന, ചാന്ദിനി, സതീഷ് എം., അഡ്വ. നിഹാരിക ഹേമ, അഗ്നി മിത്ര, സുരേഖ യാദവ് തുടങ്ങിയവരെല്ലാം സമ്മേളനത്തിൽ സംസാരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com