ADVERTISEMENT

ലോകത്ത് ആദ്യമായി 500 ബില്യന്‍ ഡോളര്‍ ആസ്തിയുള്ള വ്യക്തിയായി മാറിയ ടെസ്‌ല കമ്പനി മേധാവി ഇലോണ്‍ മസ്‌ക് തന്റെയൊരു പുതിയ സ്വപ്‌നം പ്രഖ്യാപിച്ചു. അസാധ്യമെന്ന് തോന്നിപ്പിക്കുന്ന ചില പദ്ധതികള്‍ പോലും നടപ്പാക്കാന്‍ തയാറാണെന്ന് വിളിച്ചു പറയുന്ന മസ്‌കിന്റെ പുതിയ അവകാശവാദം, ന്യൂയോര്‍ക്കിനും ലണ്ടനുമിടയില്‍ ടണല്‍ നിര്‍മിച്ച്, യാത്രാ സമയം 1 മണിക്കൂര്‍ ആയി കുറയ്ക്കാമെന്നാണ്. അംഗീകരിക്കപ്പെട്ടാല്‍ പദ്ധതി ഏറ്റെടുത്തു നടപ്പാക്കുന്നത് മസ്‌കിന്റെ തന്നെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു കമ്പനിയായ 'ബോറിങ്' ആയിരിക്കും. 

വാക്വം ട്യൂബ് ടെക്‌നോളജി ഉപയോഗിച്ചാണ് ഇരു നഗരങ്ങളെയും ബന്ധിപ്പിക്കാന്‍ ട്രാന്‍സ്അറ്റ്‌ലാന്റിക് ടണല്‍ എന്ന വിവരണമുള്ള പദ്ധതിയുമായി മസ്‌ക് മുന്നോട്ടിറങ്ങിയിരിക്കുന്നതെന്ന് സിഎന്‍എന്‍. ഇതിനായി കടലിനടിയിലൂടെ 3,000 മൈല്‍ തുരങ്കമാണ് നിർമിക്കേണ്ടത്. അതേസമയം, യൂറോപ്പിലെ 'ചാനല്‍ ടണല്‍' നിര്‍മ്മിച്ച വേഗതയിലാണ് മസ്‌കിന്റെ തുരങ്കത്തിന്റെ പണി പുരോഗമിക്കാന്‍ പോകുന്നതെങ്കില്‍ ഒരു അഞ്ഞൂറു വര്‍ഷമൊക്കെ എടുത്താല്‍ പൂര്‍ത്തിയാക്കാന്‍ പറ്റിയേക്കുമെന്ന് ദി ന്യൂസ് വീക്ക് കണക്കുകൂട്ടി പരിഹസിക്കുന്നു.

elon-musk-new

അപ്പോൾ പിന്നെ?

അത്തരം ടെക്‌നോളജി ഒന്നുമായിരിക്കില്ല ബോറിങ് കമ്പനി പുറത്തെടുക്കാന്‍ പോകുന്നത്. ഇത്തരത്തിലുള്ള ചില ടണല്‍ പദ്ധതികള്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ആരംഭിച്ചും കഴിഞ്ഞു. നോര്‍വെയിലെ റോഗ്ഫാസ്റ്റ് (Rogfast) പദ്ധതിയാണ് അതിലൊന്ന്. ഇതായിരിക്കും കടലിനടിയില്‍ നിര്‍മ്മിക്കുന്ന ലോകത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ റോഡ് ടണല്‍. ഏറ്റവും ആഴത്തിലുള്ളതും ഇതായിരിക്കും.

കടലിനടിയിലെ ഏറ്റവും ദൈര്‍ഘ്യമുള്ള റോഡും, റെയിലും ചേര്‍ന്നുള്ള പദ്ധതി ഡെന്മാര്‍ക്കിനും ജര്‍മനിക്കുമിടയിലാണ് വരാന്‍ പോകുന്നത്. ഫെഹ്‌മര്‍ബെല്‍റ്റ് (Fehmarnbelt) ടണല്‍ എന്ന പേരില്‍ അറിയപ്പെടാന്‍ പോകുന്ന ഈ പദ്ധതി 2029ല്‍ പൂര്‍ത്തിയാക്കാനാകുമെന്നാണ് കരുതുന്നത്. 

ഗ്രീസിനും ടര്‍ക്കിക്കുമിടയിലും വന്നേക്കാം ഇത്തരമൊരു പദ്ധതി. ബ്രിട്ടണിലാണെങ്കില്‍ ലോകത്തെ ഏറ്റവും മുതല്‍മുടക്കു വേണ്ട ഒരു റെയില്‍വെ പദ്ധതിയുടെ പണിയാണ് നടക്കാന്‍ പോകുന്നത്. എച്എസ്2 (ഹൈ സ്പീഡ്2) എന്നാണ് അതിന്റെ പേര്. ഒരു മൈല്‍ നിര്‍മ്മിക്കാന്‍ 416 ദശലക്ഷം ഡോളറാണ് മുതല്‍മുടക്ക്. എന്നാല്‍, ഇത് നിരര്‍ഥകമായ പണം കളയലാണെന്ന് വാദിക്കുന്നവരും ഉണ്ട്. 

മസ്‌കിന്റെ ടണല്‍ സ്വപ്ന പദ്ധതി അങ്ങനെ പുതിയതാണെന്നും പറയാനൊക്കില്ല. പല ഫ്യൂച്ചറിസ്റ്റുകളും ഇത്തരം ഒരു സ്വപ്‌നം കണ്ടിട്ടുണ്ട്. ലണ്ടന്‍-ന്യൂയോര്‍ക് ഫ്‌​ലൈറ്റ് സമയം ഏകദേശം 8 മണിക്കൂര്‍ ആയിരിക്കെയാണ് അത് 1 മണിക്കൂറായി കുറയ്ക്കാന്‍ ശ്രമിക്കുന്നത്. സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ സാധിച്ചാല്‍ മനുഷ്യരുടെ യാത്രചെയ്യല്‍ രീതി പുതിയൊരു ചരിത്രം രചിക്കും. 

TWITTER-M&A/MUSK

ചെലവ്-ബോറിങ് പുതിയ സാങ്കേതികവിദ്യ കണ്ടെത്തിയോ?

ചില മാധ്യമങ്ങള്‍ മസ്‌കിന്റെ ബോറിങ് കമ്പനിക്ക് പദ്ധതി പൂര്‍ത്തീകരിക്കാന്‍ 20 ബില്യൻ ഡോളര്‍ മാത്രം മതിയെന്നു പറയുന്നു. എന്നാല്‍, സിഎന്‍എന്‍ അടക്കമുള്ള ചില പ്രസിദ്ധീകരണങ്ങള്‍ 20 ട്രില്യൻ ഡോളര്‍ വേണമെന്നു പറയുന്നു. ചെലവിന്റെ കാര്യത്തിലെ ഈ അന്തരം തന്നെ ഈ പദ്ധതി എത്ര അപ്രായോഗികമാണെന്ന് കാണിക്കുന്നു എന്ന് ചില വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. 

ടണലിങ് സാങ്കേതികവിദ്യയില്‍ ബോറിങ് കൈവരിച്ച ചില മുന്നേറ്റങ്ങള്‍ കൂടെ കണക്കിലെടുത്താണ് 20 ബില്യൻ മതിയെന്ന് പറയുന്നതെന്ന് കരുതുന്നവരുണ്ട്. അതിനൂതന ടണലിങ് സാങ്കേതികവിദ്യയും, ഹൈപ്പര്‍ലൂപ് സങ്കല്‍പ്പവും കൂട്ടിക്കലര്‍ത്തിയായിരിക്കും ഇരു വന്‍നഗരങ്ങള്‍ക്കുമിടയിലുള്ള യാത്രാ സമയം കുറയ്ക്കുക. 

ഇത്തരത്തിലുള്ള ചെറിയ ചില പദ്ധതികള്‍ ബോറിങ് ഇതിനോടകം നടപ്പാക്കി കഴിഞ്ഞു. ലാസ് വെഗാസ് കണ്‍വെന്‍ഷന്‍ സെന്റര്‍ ലൂപ് പോലെയുള്ള പദ്ധതികളാണ് നടപ്പാക്കിയിരിക്കുന്നത്. എന്നാല്‍, ട്രാന്‍സ്അറ്റ്‌ലാന്റിക് ടണല്‍ പോലത്തെ ഒരു പടുകൂറ്റന്‍ പദ്ധതി നടപ്പാക്കാന്‍ അത്തരത്തിലുള്ള പ്രകടനങ്ങളൊന്നും പോരത്രെ. 

ഇലോൺ മസ്ക് (Photo by Allison ROBBERT / POOL / AFP)
ഇലോൺ മസ്ക് (Photo by Allison ROBBERT / POOL / AFP)

ഹൈപ്പര്‍ലൂപ് പോഡ്

ഈ പദ്ധതി നടപ്പാക്കാന്‍ പറ്റുമെന്നു പറയുമ്പോള്‍ മസ്‌കിന്റെ മനസില്‍ ഹൈപര്‍ലൂപ് തന്നെയാണെന്നാണ് കരുതപ്പെടുന്നത്. വാക്വം സീല്‍ ചെയ്ത ടണലുകളിലൂടെ പ്രഷറൈസ് ചെയ്ത പോഡുകള്‍ പായിക്കാനാണ് ഉദ്ദേശം. ഇവയ്ക്ക് ഹൈപ്പര്‍ലൂപ് പോഡ് എന്നായിരിക്കാം പേരിടുക.വായുവിന്റെ പ്രതിരോധം വരെ ഒഴിവാക്കപ്പെടുന്നതോടെ പരമ്പരാഗത ട്രെയിനുകള്‍ക്ക് ആര്‍ജ്ജിക്കാനാകാത്ത കരുത്തോടെ കുതിക്കാന്‍ പ്രത്യേകമായി നിര്‍മിച്ചെടുത്ത വാഹനങ്ങള്‍ക്ക് സാധിക്കുമെന്നാണ് സങ്കല്‍പ്പം.

ഇത് സാധ്യമാക്കുക എന്നു പറഞ്ഞാല്‍ മണിക്കൂറില്‍ 3,000 മൈല്‍ അല്ലെങ്കില്‍ 4,800 കിലോമീറ്റര്‍ വേഗത ആര്‍ജ്ജിക്കാന്‍ സാധിക്കണം. മാഗ്നെറ്റിക് ലെവിറ്റേഷന്‍ അല്ലെങ്കില്‍ മാഗ്‌ലെവ് സാങ്കേതികവിദ്യ ആയിരിക്കും ഹൈപ്പര്‍ലൂപ് പോഡുകളെ പായിക്കുക. പരീക്ഷണ ഘട്ടത്തിലുള്ള ഈ സാങ്കേതികവിദ്യ ജപ്പാനിലെയും ചൈനയിലെയും ചില ട്രെയിനുകളില്‍ ഇപ്പോള്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. 

മസ്‌കിന്റെ സ്വപ്‌നം അതുക്കും മേലെ

മാഗ്‌ലെവ് ട്രെയിനുകളിലെ സാങ്കേതികവിദ്യ പ്രവേശിപ്പിച്ച ഹൈപ്പര്‍ലൂപ് പോഡുകള്‍ ടണലിലൂടെ പായിക്കാനായിരിക്കും മസ്‌ക് ശ്രമിക്കുക. നേര്‍ത്ത ഘര്‍ഷണം മാത്രമെ കാണൂ. ഇത് സാധ്യമായാല്‍ അന്താരാഷ്ട്ര തലത്തിലുള്ള യാത്രകള്‍ക്ക് വിപ്ലവകരമായ മാറ്റം കൊണ്ടുവരാന്‍ സാധിച്ചേക്കും.  ഇക്കാര്യത്തില്‍ മസ്‌കിന്റെ ശുഭാപ്തിവിശ്വാസം അസ്ഥാനത്തായിരിക്കാമെന്ന് കരുതുന്നവര്‍ ഉന്നയിക്കുന്ന എതിര്‍ വാദങ്ങള്‍ ഇതാ:

NEW YORK, NEW YORK - OCTOBER 27: Elon Musk speaks during a campaign rally for Republican presidential nominee, former U.S. President Donald Trump at Madison Square Garden on October 27, 2024 in New York City. Trump closed out his weekend of campaigning in New York City with a guest list of speakers that includes his running mate Republican Vice Presidential nominee, U.S. Sen. J.D. Vance (R-OH), Tesla CEO Elon Musk, UFC CEO Dana White, and House Speaker Mike Johnson, among others, nine days before Election Day.   Anna Moneymaker/Getty Images/AFP (Photo by Anna Moneymaker / GETTY IMAGES NORTH AMERICA / Getty Images via AFP)
. Anna Moneymaker/Getty Images/AFP (Photo by Anna Moneymaker / GETTY IMAGES NORTH AMERICA / Getty Images via AFP)

അറ്റ്‌ലാന്റിക് സമുദ്രത്തിനടിയിലൂടെ 3,000 മൈല്‍ ടണല്‍ നിര്‍മിക്കുക എന്നു പറഞ്ഞാല്‍ അതിന് ഒട്ടനവധി എൻജിനീയറിങ് പ്രതിബന്ധങ്ങള്‍ തന്നെ ഉണ്ട്. സമുദ്രാന്തര്‍ഭാഗത്തെ മര്‍ദ്ദം, വെള്ളത്തിനടിയിലെ ഭൗമഘടന, സര്‍വ്വോപരി പാരിസ്ഥിതികാഘാതം തുടങ്ങിയവ വിഘ്‌നമായേക്കാം. വെള്ളത്തിനടിയിലെ സവിശേഷ അവസ്ഥകള്‍, ഭൂചലന സാധ്യത തുടങ്ങിയവ വന്‍ വെല്ലുവിളി ഉയര്‍ത്തും.

പൈസ എവിടെനിന്നു വരുമെന്നതാണ് മറ്റൊരു ചോദ്യം. മസ്‌കിന്റെ 20 ബില്യൻ ഡോളര്‍ മൂല്യനിര്‍ണ്ണയം പ്രായോഗികമായിരിക്കുമോ എന്ന സംശയം ഉണ്ടല്ലോ. പിന്നെ, പൊതു-സ്വകാര്യ മേഖലകളും അന്താരാഷ്ട്ര തലത്തിലുള്ള സഹകരണവും ഒക്കെ ചേര്‍ത്തു മാത്രമെ പണം സംഘടിപ്പിക്കാന്‍ സാധിക്കൂ. 

ഹൈപ്പര്‍ലൂപ് സാങ്കേതികവിദ്യയ്ക്ക് പല സാധ്യതകള്‍ ഉണ്ടെങ്കിലും അത് ഇത്തരം ഒരു വമ്പന്‍ പദ്ധതിക്കായി ഉപയോഗിക്കാന്‍ വേണ്ട പക്വത ആര്‍ജ്ജിച്ചിട്ടില്ലെന്നും പറയപ്പെടുന്നു. ഇത്തരം ഒരു പദ്ധതി ഉണ്ടാക്കിയേക്കാവുന്ന പാരിസ്ഥിതികാഘാതം സമയമെടുത്തു തന്നെ പഠിക്കേണ്ടിയിരിക്കുന്നു. സമുദ്രാന്തര്‍ഭാഗത്തെ പരിസ്ഥിതിക്ക് ഭംഗം വന്നേക്കാം. നിര്‍മാണ സമയത്ത് കാര്‍ബൺ പുറംതള്ളല്‍ ഉണ്ടാകും. ദീര്‍ഘകാലാടിസ്ഥാനത്തില്‍ നോക്കിയാല്‍ ടണല്‍ നിലനിര്‍ത്താന്‍ വന്‍തോതില്‍ അറ്റകുറ്റപ്പണികളും വേണ്ടിവരും. ഇതൊക്കെ പ്രായോഗികമാണോ?

പല സർക്കാരുകളുടെയും സമ്മതം വാങ്ങേണ്ടിവന്നേക്കാം. 

സഞ്ചാരത്തിനു വേണ്ട സമയമൊക്കെ കുറയ്ക്കാന്‍ സാധിച്ചേക്കുമെങ്കിലും ഇത് പ്രായോഗികമല്ലെന്നാണ് പൊതുവെയുളള വിശ്വാസം. ഇത്ര സങ്കീര്‍ണ്ണമായ ടണല്‍ നിര്‍മ്മാണവും മറ്റ് പ്രവര്‍ത്തനങ്ങളുമൊക്കെ 20 ബില്യൻ ഡോളറിന് തീര്‍ക്കാമെന്നുള്ളത് നടക്കാത്ത സ്വപ്‌നമാണെന്നാണ് വിമര്‍ശകര്‍ പറയുന്നത്.അതേസമയം, ഇത്തരത്തിലുള്ള പല 'നടക്കാത്തത്' എന്ന് എഴുതിത്തള്ളിയ പദ്ധതികളും നടപ്പാക്കാന്‍ ശ്രമിക്കുന്നവരുടെ ആശാനാണ് മസ്‌ക്. സ്‌പെയ്‌സ്എക്‌സിന്റെ പുനരുപയോഗിക്കാവുന്ന റോക്കറ്റുകള്‍, ടെസ്‌ല എന്ന ഇലക്ട്രിക് വാഹന കമ്പനിയുടെ വിജയം തുടങ്ങി പലതും മസ്‌കിന്റെ സ്വപ്‌നങ്ങളെ അപ്രായോഗികമെന്നു പറഞ്ഞ് എഴുതി തള്ളാന്‍ ശ്രമിക്കുന്നവര്‍ക്കുളള മുന്നറിയിപ്പാണെന്നും വാദമുണ്ട്.

English Summary:

Elon Musk's ambitious plan to build a hyperloop tunnel connecting New York and London in just one hour faces enormous engineering and financial challenges. Will this groundbreaking project become a reality?

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com