ഇലോൺ മസ്കിന്റെ ആസ്തിയിൽ കുത്തനെ ഇടിവ്, പക്ഷേ ഇപ്പോഴും ഏറ്റവും സമ്പന്നൻ; പതനത്തിന്റെ തുടക്കമോ?

Mail This Article
'അടിത്തറ തോണ്ടുന്ന' ബോറിങ് കമ്പനി മുതൽ ആകാശം ഭേദിക്കുന്ന സ്പെയ്സ് എക്സ് വരെ. ലോകത്തിലെ ഏറ്റവും ധനികനായ ഇലോൺ മസ്കിന്റെ സാമ്പത്തിക ഉറവിടങ്ങളാണ് ഇവയൊക്കെ. 450 ബില്യൺ ഡോളറോളം സമ്പത്തുണ്ടായിരുന്ന മസ്കിന്റെ ആസ്തി നാലിലൊന്നോളം ഇടിഞ്ഞ് ഏകദേശം 330 ബില്യൺ ഡോളർ(27.40 ലക്ഷോ കോടി രൂപ) ആയിരിക്കുന്നത്രെ. എക്സിനെതിരെ ലക്ഷ്യമിട്ട് ഹാക്കിങ് ഗ്രൂപ്പുകള്‍ തുടരെ നടത്തുന്ന ആക്രമണങ്ങളും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. പക്ഷേ ഇതൊരു പതനത്തിന് തുടക്കമാണെന്നതിൽ വിരുദ്ധ അഭിപ്രായങ്ങളാണ് ഉള്ളത്.
മസ്കിന്റെ സാമ്പത്തിക ഉറവിടം
ഇലോൺ മസ്കിന്റെ സമ്പത്തിന്റെ പ്രധാന ഉറവിടം ടെസ്‌ല, സ്‌പേസ് എക്‌സ്, ബോറിങ് കമ്പനി, എക്‌സ് (മുമ്പ് ട്വിറ്റർ), എക്‌സ്‌എഐ (xAI) തുടങ്ങിയ കമ്പനികളാണ്. ടെസ്‌ലയുടെ ഓഹരി മൂല്യം സമ്പത്തിന്റെ ഏറ്റവും വലിയ ഘടകമാണ്, എന്നാൽ സ്‌പെയ്സ് എക്‌സിന്റെ വളർച്ചയും (350 ബില്യൺ ഡോളറിലധികം മൂല്യമുള്ള ഒരു സ്റ്റാർട്ടപ്പ് എന്ന നിലയിൽ) അദ്ദേഹത്തിന്റെ സാമ്പത്തിക ശക്തി വർധിപ്പിക്കുന്നുണ്ട്. ബോറിങ് കമ്പനിയുടെ സംഭാവന താരതമ്യേന കുറവാണെങ്കിലും, അതിന്റെ നൂതന പദ്ധതികൾ മസ്കിന്റെ ബ്രാൻഡിനെ ശക്തിപ്പെടുത്തുന്നു.
ട്രംപ് സർക്കാരിൽ അതീവ ശക്തനാണ് ഇലോൺ മസ്ക്. ട്രംപ് അധികാരത്തിലെത്തിയതോടെ പുതുതായി സൃഷ്ടിച്ച ഗവൺമെന്റ് എഫിഷ്യൻസി ഡിപ്പാർട്ട്‌മെന്റിന്റെ (DOGE) തലവനായി മസ്‌കിനെ നിയമിച്ചു. ഫെഡറൽ ചെലവുകൾ കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട നിർണായക ചുമതലയാണ് മസ്ക് വഹിക്കുന്നത്. മസ്കിന്റെ സേവനങ്ങളെ മുക്തകണ്ഠം പുകഴ്ത്താൻ ട്രംപ് ധാരാളം സമയം നീക്കി വയ്ക്കുന്നുണ്ട്.
ട്രംപിന്റെ അടുത്തയാളും ഒപ്പം യുഎസ് ഗവൺമെന്റിന്റെ ഉപദേശക പദവിയും പോലുള്ള രാഷ്ട്രീയ ഇടപെടൽ നിക്ഷേപകരുടെ ആശങ്കകൾക്ക് ആക്കം കൂട്ടിയതായി റിപ്പോർട്ടുകള്‍. ടെസ്‌ല ഓഹരികളുടെ വിലയിൽ ഉണ്ടായ കുറവിനെ അടിസ്ഥാനമാക്കിയാണ് ട്രംപിന്റെ ആസ്തിയിൽ വലിയ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്നത്. മസ്കിന്റെ ശ്രദ്ധ കമ്പനികളിൽ നിന്ന് രാഷ്ട്രീയത്തിലേക്ക് മാറുന്നതായും, ഇത് ടെസ്‌ലയുടെ പ്രവർത്തനക്ഷമതയെ ബാധിക്കുമോ എന്നുമുള്ള ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്.

പ്രതിഷേധങ്ങളും ഒരു കാരണം
ലോകമെമ്പാടും ബ്രാൻഡിനെതിരായ നശീകരണ പ്രവർത്തനങ്ങൾ, തീവയ്പ്പുകൾ, പ്രതിഷേധങ്ങൾ എന്നിവ വർദ്ധിച്ചുവരുന്ന സാഹചര്യവുമുണ്ട്.ആക്ടിവിസ്റ്റ് ഗ്രൂപ്പുകളെയാണ് മസ്ക് ഇതിൽ പ്രതിസ്ഥാനത്ത് നിർത്തുന്നത്.
നിലവിൽ, ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയായി മസ്‌ക് തുടരുന്നു, പക്ഷേ ജെഫ് ബെസോസ് (ആമസോൺ), മാർക്ക് സക്കർബർഗ് (മെറ്റ), ബെർണാഡ് അർനോൾട്ട് (LVMH) തുടങ്ങിയ എതിരാളികൾ മസ്കുമായി സമ്പന്നതയിൽ വാശിയേറിയ പോരാട്ടത്തിലാണ്. നിലവിലെ കണക്കുകൾ പ്രചാരം മസ്കിന്റെ മാർജിനിൽ വലിയ കുറവ് തന്നെ വന്നിരിക്കുന്നു. ചില റിപ്പോർട്ടുകൾ പ്രകാരം ഇതോടെ തൊട്ടുപിന്നില്‍ മെറ്റ മേധാവി മാർക്ക് എത്തിയിരിക്കുന്നു.
ഇതിന്റെ അപ്പുറം ചാടിക്കടന്നവനാണീ...
സാമ്പത്തിക പ്രതിസന്ധികൾ മസ്‌കിന് പുതുമയല്ല . മുമ്പ് അദ്ദേഹത്തിന്റെ സമ്പത്തിൽ കുത്തനെ ഇടിവ് അനുഭവപ്പെട്ടിട്ടുണ്ട് - വീണ്ടും ശക്തമായി തിരിച്ചുവരിക മാത്രമാണ് ചെയ്തത്. 2022 ൽ, ഒറ്റ വർഷത്തിനുള്ളിൽ അദ്ദേഹത്തിന് 200 ബില്യൺ ഡോളറിലധികം നഷ്ടപ്പെട്ടു, എന്നിട്ടും ലോകത്തിലെ ഏറ്റവും ധനികൻ എന്ന പദവി തിരിച്ചുപിടിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ടെസ്‌ലയുടെ ഓഹരി വിലയും സ്‌പേസ് എക്‌സിന്റെ മൂല്യവും വീണ്ടും ഉയർന്നാൽ, മസ്കിന്റെ സമ്പത്ത് വീണ്ടും 400 ബില്യൺ ഡോളറിന് മുകളിലേക്ക് എത്തിയേക്കാം.