LPST: ലിസ്റ്റ് തീരാൻ രണ്ടര മാസം, പകുതിപോലും നിയമനമില്ല

Mail This Article
വിദ്യാഭ്യാസ വകുപ്പിൽ എൽപി സ്കൂൾ ടീച്ചർ റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിക്കാൻ രണ്ടര മാസം മാത്രം ശേഷിക്കെ, ഇതുവരെ നടന്നത് 40% നിയമന ശുപാർശ.
14 ജില്ലകളിലായി നിലവിലുളള റാങ്ക് ലിസ്റ്റിൽ 11,602 പേരെയാണു പിഎസ്‌സി ഉൾപ്പെടുത്തിയത്. ഇതിൽ 4,676 പേർക്കു മാത്രമേ ഇതുവരെ നിയമന ശുപാർശ ലഭിച്ചിട്ടുള്ളൂ. ആകെ നിയമന ശുപാർശയിൽ 170 എണ്ണം എൻജെഡി ഒഴിവുകളിലാണ്. യഥാർഥ നിയമനം 4,506 മാത്രം. 3 വർഷ കാലാവധി പൂർത്തിയാക്കി മേയ് 30നു റാങ്ക് ലിസ്റ്റുകൾ അവസാനിക്കും. ഈ തസ്തികയുടെ മുൻ റാങ്ക് ലിസ്റ്റുകളിൽനിന്ന് 14 ജില്ലയിലുമായി 6,294 പേർക്കു നിയമന ശുപാർശ ലഭിച്ചിരുന്നു.
4 ജില്ലകളിൽ നിയമനം നിരാശാജനകം
ഇടുക്കി, പാലക്കാട്, വയനാട്, കണ്ണൂർ ജില്ലകളിലെ എൽപിഎസ്ടി നിയമനം നിരാശാജനകമാണ്. ഈ 4 ജില്ലകളിലും മുൻ റാങ്ക് ലിസ്റ്റുകളിൽനിന്നുള്ളതിന്റെ പകുതി നിയമനംപോലും ഇത്തവണ നടന്നില്ല.
ഇടുക്കി, വയനാട് ജില്ലകളിലെ നിയമനനിലയാണ് ഏറ്റവും ദയനീയം. ഇടുക്കിയിൽ മുൻ റാങ്ക് ലിസ്റ്റിൽനിന്ന് 225 പേർക്കു നിയമന ശുപാർശ ലഭിച്ചപ്പോൾ ഇത്തവണ 99 പേർക്കു മാത്രമേ ശുപാർശയായിട്ടുള്ളൂ.
വയനാട് ജില്ലയിൽ മുൻ ലിസ്റ്റിലെ 323 പേർക്കു ശുപാർശ നൽകിയപ്പോൾ ഇത്തവണ നടന്നത് 92 ശുപാർശ മാത്രം.
തൃശൂർ, കോഴിക്കോട് ജില്ലകളിൽ മുൻ ലിസ്റ്റിനേക്കാൾ കൂടുതൽ പേർക്കു നിയമന ശുപാർശ ലഭിച്ചു. തൃശൂരിൽ 124 പേർക്കും കോഴിക്കോട് ജില്ലയിൽ 56 പേർക്കുമാണ് ഇത്തവണ കൂടുതലായി നിയമന ശുപാർശ ലഭിച്ചത്.
ഇത്തവണത്തെ എൽപിഎസ്ടി റാങ്ക് ലിസ്റ്റുകളിൽനിന്ന് ഏറ്റവും കൂടുതൽ പേർക്കു നിയമന ശുപാർശ ലഭിച്ചത് മലപ്പുറം ജില്ലയിലാണ്–1162. കുറവ് വയനാട് ജില്ലയിൽ–92.
ആലപ്പുഴ, കോട്ടയം, ഇടുക്കി, വയനാട്, കണ്ണൂർ ജില്ലകളിൽ 200 പേർക്കുപോലും നിയമന ശുപാർശ ലഭിച്ചിട്ടില്ല. മുൻ റാങ്ക് ലിസ്റ്റുകളിൽനിന്ന് പത്തനംതിട്ട, ഇടുക്കി, തൃശൂർ ഒഴികെ എല്ലാ ജില്ലകളിലും 300ൽ കൂടുതൽ പേർക്കു നിയമന ശുപാർശ ലഭിച്ചിരുന്നു.
തസ്തികനിർണയം; ഒഴിവ് കുറയുന്നു
ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ വലിയ കുറവുണ്ടായതാണ് എൽപിഎസ്ടി റാങ്ക് ലിസ്റ്റുകളിലെ നിയമനം കുറയാൻ കാരണമായത്. തസ്തികനിർണയത്തിന്റെ അടിസ്ഥാനത്തിൽ എൽപി സ്കൂൾ ടീച്ചർ തസ്തികയിൽ കണ്ടെത്തിയ ഒഴിവുകൾ പൂർണമായി റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ ചൂണ്ടിക്കാട്ടുന്നു. ഒഴിവുകൾ റിപ്പോർട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഉദ്യോഗാർഥികൾ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടർ ഓഫിസുമായി ബന്ധപ്പെട്ടെങ്കിലും അനുകൂല സമീപനമുണ്ടായില്ല.
പുതിയ ഷോർട് ലിസ്റ്റിൽ ഉൾപ്പെട്ടവരുടെ ഇന്റർവ്യൂ പുരോഗമിക്കുകയാണ്. നിലവിലുള്ള റാങ്ക് ലിസ്റ്റുകൾ റദ്ദാകുന്നതിന്റെ തൊട്ടടുത്ത ദിവസം പുതിയ ലിസ്റ്റ് നിലവിൽ വരും. ഇനിയുള്ള രണ്ടര മാസത്തിനകം നിലവിലുള്ളതും ലിസ്റ്റിന്റെ കാലാവധിക്കുള്ളിൽ പ്രതീക്ഷിക്കുന്നതുമായ എല്ലാ ഒഴിവും ഉടൻ പിഎസ്‌സിയിൽ റിപ്പോർട്ട് ചെയ്യണമെന്നാണ് ഉദ്യോഗാർഥികൾ ആവശ്യപ്പെടുന്നത്. റിപ്പോർട്ട് ചെയ്യുന്ന ഒഴിവുകളിൽ നിയമന ശുപാർശ പിഎസ്‌സി വേഗത്തിലാക്കിയാൽ പരമാവധി എൻജെഡി ഒഴിവുകളും റിപ്പോർട്ട് ചെയ്യപ്പെടും.