കയർ; ദൈവത്തിന്റെ നാട്ടിലെ സുവർണ നാര്

Mail This Article
ആറന്മുള കണ്ണാടിയെന്നപോലെ ഭൗമസൂചികാ മുദ്ര ലഭിച്ച പൈതൃക സമ്പത്താണ് ആലപ്പുഴ കയർ. 2007 ലാണു കേന്ദ്ര വാണിജ്യ മന്ത്രാലയം ഈ മുദ്ര കേരളത്തിനു സമ്മാനിച്ചത്. ദക്ഷിണേന്ത്യ സന്ദർശിച്ച മാർക്കോപോളോ ഉൾപ്പെടെയുള്ള പല വിദേശ സഞ്ചാരികളുടെയും കുറിപ്പുകളിൽ ഈ സുവർണ നാരിനെപ്പറ്റിയുള്ള പരാമർശമുണ്ട്. ദൈവത്തിന്റെ സ്വന്തം നാട്ടിലെ സുവർണ നാരെന്ന പേരിലാണു രാജ്യാന്തര വിപണിയിൽ കയറിനെ കേരളം പരിചയപ്പെടുത്തുന്നത്. കയർ ക്രാഫ്റ്റ് എന്ന പേരിലാണ് കയറുൽപന്നങ്ങളെ കേരളാ കയർ കോർപറേഷൻ ബ്രാൻഡ് ചെയ്തിരിക്കുന്നത്. കയറിന്റെ കഥകൾ തേടിയുള്ള യാത്ര.

ജയിംസ് ഡാറയും ഹെൻട്രി സ്മെയിലും
ഒരു കാലത്ത് ബംഗാളിലെ സമ്പദ് വ്യവസ്ഥയെ നിർണയിച്ചിരുന്നതു ചണവുമായി ബന്ധപ്പെട്ട വ്യവസായമായിരുന്നു. വിദേശികളുടെ നിയന്ത്രണത്തിലായിരുന്നു ഈ രംഗം. എന്നാൽ 1857ലെ ആദ്യ സ്വാതന്ത്ര്യ സമരത്തിനു ശേഷം കാറ്റ് മാറി വീശിത്തുടങ്ങി. ബംഗാൾ സുരക്ഷിതമായ താവളമല്ലെന്ന ചിന്ത യൂറോപ്യൻ വ്യവസായികളിൽ ശക്തിപ്പെട്ടു. അവർ മറ്റു ഭാഗങ്ങളിൽ സുരക്ഷിതമായ താവളം അന്വേഷിച്ചു തുടങ്ങി. അങ്ങനെയാണ് ചിലരൊക്കെ അന്നത്തെ തിരുവിതാംകൂറിന്റെ ഭാഗമായ ആലപ്പുഴയിലെത്തിയത്. തുറമുഖമെന്ന നിലയിൽ അന്ന് ഈ നഗരത്തിനു വ്യവസായ ഭൂപടത്തിൽ പ്രമുഖ സ്ഥാനമുണ്ടായിരുന്നു. ഗ്രാമീണ തോടുകൾ, വിശാലമായ കായൽ, സമുദ്ര സാമീപ്യം, ജല ഗതാഗതത്തിന് അനുകൂലമായ സാഹചര്യം എന്നിവ വ്യവസായികളിൽ പ്രതീക്ഷയുണർത്തി.

വ്യവസായ മേഖലയുടെ പുതിയ സാധ്യതകൾ തിരഞ്ഞു തിരുവിതാംകൂറിലെത്തിയവരിൽ പ്രമുഖരായിരുന്നു ഐറിഷ് സ്വദേശിയായ ജയിംസ് ഡാറയും ഹെൻട്രി സ്മെയിലും. ഒന്നാം സ്വാതന്ത്ര്യ സമരത്തിനു മുൻപുതന്നെ ഇവർ കയർ മേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്നു. 1854ൽ, ഇന്നത്തെ കന്യാകുമാരിയിലുൾപ്പെട്ട കുളച്ചലിൽ കയറ്റുപായ നിർമാണ യൂണിറ്റ് ആരംഭിച്ചെങ്കിലും അതു മുന്നോട്ടു പോയില്ല. പിന്നീടാണവർ ഭാഗ്യ പരീക്ഷണത്തിന് ഈ തുറമുഖ പട്ടണത്തിലേക്കു വന്നത്. ബംഗാളിൽ നിന്നുള്ള രണ്ടു സാങ്കേതിക വിദഗ്ധരെയും ഇവിടേക്കു കൊണ്ടുവന്നു. അവരുടെ സഹായത്തോടെ 1859–60 കാലത്ത് ഇവർ ആദ്യത്തെ കയർ ഫാക്ടറി സ്ഥാപിച്ചു. അതാണ് ഡാറാ സ്മെയിൽ ആൻഡ് കോ. തിരുവിതാംകൂർ മഹാരാജാവായ ഉത്രം തിരുനാൾ, റസിഡന്റായിരുന്ന ജനറൽ കല്ലൻ എന്നിവർ ഈ സംരംഭത്തിനു പൂർണ പിന്തുണ നൽകി.

ഇന്നത്തെ ആലപ്പുഴ കലക്ടറേറ്റിനും വാണിജ്യ കനാലിനും സമീപത്തായിരുന്നു ഈ സ്ഥാപനം. രണ്ടായിരത്തോളം തൊഴിലാളികൾ ജോലി ചെയ്തിരുന്നു. കയർ തടുക്കുകളും കയറ്റു പായുമാണിവിടെ നിർമിച്ചിരുന്നത്. വ്യവസായം തുടങ്ങിയതോടൊപ്പം ഈ രംഗത്തു വിദഗ്ധരായ തൊഴിലാളികളെ കണ്ടെത്തി പരിശീലനം നൽകി വളർത്തിയെടുക്കാനും അവർ ശ്രമിച്ചു. അവരുടെ പിന്മുറക്കാരാണ് ഇപ്പോഴുള്ളത്.

ഇതര വിദേശ സ്ഥാപനങ്ങൾ
ഡാറയെ പിന്തുടർന്നു ധാരാളം വിദേശികൾ ആലപ്പുഴ നഗരത്തിൽ കയർ ഫാക്ടറികൾ ആരംഭിച്ചു. വില്യം ഗുഡേക്കർ ആൻഡ് സൺസ്, മധുരക്കമ്പനി, ബോംബെ കമ്പനി, പിയേഴ്സ് ലസ്‌ലി ആൻഡ് കമ്പനി, വോൾകാർട്ട് ബ്രദേഴ്സ്, ആസ്പിൻവാൾ ആൻഡ് കമ്പനി, എന്നിവയാണതിൽ പ്രശസ്തം.
1947 ൽ ഇന്ത്യ സ്വതന്ത്രമായതോടെ വിദേശികൾ വ്യവസായം സ്വദേശികൾക്കു കൈമാറി മടങ്ങിപ്പോയി. ആ സ്ഥാപനങ്ങളിൽ പലതും ഇന്നില്ല. വില്യം ഗുഡേക്കർ കമ്പനി, ആസ്പിൻവാൾ എന്നിവ പേരുമാറ്റാതെ നിലനിൽക്കുന്നു. ആലപ്പുഴയിൽ കയർ വ്യവസായം തുടങ്ങിയപ്പോൾ അനുബന്ധമായി മറ്റൊരു സാധ്യതകൂടി തുറന്നു. ഇവിടത്തെ കടൽത്തീരത്തുനിന്നു പോയ കയറിൽ പറ്റിയിരുന്ന തിളങ്ങുന്ന ലോഹ മണൽത്തരികളുടെ വിപണന സാധ്യതയായിരുന്നു അത്. അതിന്റെ ചുവടു പിടിച്ചാണു കരിമണലുമായി ബന്ധപ്പെട്ട സംരംഭങ്ങൾ പിൽക്കാലത്തു വളർന്നു വികസിച്ചത്.

കാലത്തിന്റെ മാറ്റങ്ങൾ
പഴയ ഡാറാ സ്മെയിൽ ആൻഡ് കോ പ്രവർത്തിച്ചിരുന്നിടത്ത് ഇന്നുള്ളത് കയർ കോർപറേഷന്റെ സ്ഥാപനങ്ങളാണ്. ആലപ്പുഴ നഗരത്തിലെ ശവക്കോട്ട പാലത്തിനു സമീപത്താണു വില്യം ഗുഡേക്കർ കമ്പനി. ആധുനിക കയർ വ്യവസായത്തിന്റെ ശിൽപി എന്നറിയപ്പെട്ട, അന്തരിച്ച രവി കരുണാകരൻ നേതൃത്വം നൽകിയിരുന്ന കരൻ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലാണ് ഇന്ന് ഈ സ്ഥാപനം. ബ്രിട്ടിഷ് വ്യവസായി ജോൺ എച്ച്. ആസ്പിൻവാൾ സ്ഥാപിച്ച ആസ്പിൻവാൾ കമ്പനി ഇന്ന് പബ്ലിക് ലിമിറ്റഡ് കമ്പനിയാണ്. തിരുവിതാംകൂർ രാജകുടുംബത്തിന് ഓഹരി പങ്കാളിത്തമുള്ള ഈ സ്ഥാപനം ഇന്നു വൈവിധ്യവൽക്കരണത്തിന്റെ പാതയിലാണ്.

ശവക്കോട്ടപ്പാലം– ബീച്ച് റോഡിലുള്ള വാടക്കനാലിന്റെ ചുറ്റും കയർ വ്യവസായവുമായി ബന്ധപ്പെട്ട ധാരാളം സ്ഥാപനങ്ങളുണ്ട്. പലതും പ്രവർത്തിക്കുന്നത് പഴയ യൂറോപ്യൻ വ്യവസായികൾ നിർമിച്ച കെട്ടിടങ്ങളിലാണ്. അവയുടെ കെട്ടിലും മട്ടിലുമൊന്നും കാര്യമായ മാറ്റങ്ങളുണ്ടായിട്ടില്ല. എ.വി. തോമസ് കമ്പനി പോലെയുള്ള പല സ്ഥാപനങ്ങളുടെയും പേരുകൾ എഴുതിയിരിക്കുന്നതു കാണുമ്പോൾ ബ്ലാക്ക് ആൻഡ് വൈറ്റിലുള്ള ചില പഴയകാല യൂറോപ്യൻ സിനിമാ ദൃശ്യങ്ങൾ മനസ്സിലേക്കുവരുന്നെങ്കിൽ അതു സ്വാഭാവികമാണ്. ഇവയുടെ പശ്ചാത്തലത്തിൽ ധാരാളം ചലച്ചിത്രങ്ങളും പിറന്നിട്ടുണ്ട്.

പഴയ കാലത്തെ പ്രതാപിയായ യൂറോപ്യൻ കമ്പനിയായിരുന്നു പിയേഴ്സ് ലസ്‌ലി. രണ്ടായിരത്തിലേറെ തൊഴിലാളികൾ ഇവിടെ ജോലി ചെയ്തിരുന്നു. ആലപ്പുഴ നഗരത്തിലെ പ്രഭാതങ്ങളും വൈകുന്നേരങ്ങളും ഇവിടുത്തെ തൊഴിലാളികളുടെ തിരക്കിലമർന്നിരുന്ന കാലമുണ്ടായിരുന്നു. ആലപ്പുഴ നഗരത്തിന്റെ ഹൃദയ ഭാഗത്തുണ്ടായിരുന്ന ഈ സ്ഥാപനം ചരിത്രമായി. പിന്നീടവിടെ മുനിസിപ്പൽ മൈതാനമായി. ഇപ്പോൾ സാംസ്കാരിക പരിപാടികൾക്കു വേദിയായ നഗര ചത്വരമെന്ന പേരിലാണിത് അറിയപ്പെടുന്നത്.
കയർ വ്യവസായം ഇന്ന്
ചെറുകിട ഉൽപാദകരുടെ ഉൽപന്നങ്ങളുടെ സംഭരണവും വിപണനവും നടത്തുന്ന കയർ കോർപറേഷൻ, രാജ്യാന്തര വിപണനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന ഫോം മാറ്റിങ്സ് (ഇന്ത്യ) ലിമിറ്റഡ്, പ്രാഥമിക സഹകരണ സംഘങ്ങളുടെ ഉൽപന്നങ്ങളുടെ സംഭരണം വിപണനം, ഏകോപനം, അവർക്ക് ആവശ്യമായ അസംസ്കൃത വസ്തുക്കൾ ലഭ്യമാക്കുക തുടങ്ങിയ ദൗത്യം ഏറ്റെടുത്തിട്ടുള്ള കയർഫെഡ്, ഈ രംഗത്തെ യന്ത്രവൽക്കരണത്തെ സഹായിക്കുന്നതിനും ആവശ്യത്തിനുള്ള ആധുനിക യന്ത്രങ്ങളുടെ നിർമാണത്തിനുമുള്ള കയർ മെഷിനറി മാനുഫാക്ചറിങ് കമ്പനി, കയർ തൊഴിലാളികളുടെ ക്ഷേമകാര്യങ്ങൾ നോക്കുന്ന കേരള കയർ വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ് എന്നിവ ഈ രംഗത്തു സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള പൊതുമേഖലാ സംരംഭങ്ങളാണ്.

പ്രാഥമിക സഹകരണ സംഘങ്ങൾ, ചെറുതും വലുതുമായ സ്വകാര്യ സംരംഭങ്ങൾ, കയറ്റുമതി സ്ഥാപനങ്ങൾ എന്നിവയും ഈ മേഖലയിലുണ്ട്. അതിൽ ഭൂരിഭാഗവും കേന്ദ്രീകരിച്ചിരിക്കുന്നത് ആലപ്പുഴയിലാണ്. കയർ രംഗത്തെ പരിശീലനം, ഗവേഷണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള കേന്ദ്ര സർക്കാർ സംരംഭമായ സെൻട്രൽ കയർ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ആലപ്പുഴ– ചേർത്തല ദേശീയപാതയിലെ കലവൂരിൽ പ്രവർത്തിക്കുന്നു. കയർമേഖലയെക്കുറിച്ചു സമഗ്ര വിവരം ലഭിക്കുന്ന കയർ മ്യൂസിയവും ഈ ക്യാംപസിൽ പ്രവർത്തിക്കുന്നു.

കയറിന്റെ വകഭേദങ്ങൾ
അഞ്ചുതെങ്ങ്, മങ്ങാടൻ, ആറാട്ടുപുഴ, അഷ്ടമുടി, വൈക്കം, കടപ്പുറം, റോപ്പ്, പരൂർ, ബേപ്പൂർ, കൊയിലാണ്ടി എന്നിവയാണു വിവിധ ഇനം കയറുകൾ. ഇതിൽ വൈക്കം കയറാണു ചേർത്തല താലൂക്കിലും ആലപ്പുഴ നഗരമുൾപ്പെടുന്ന അമ്പലപ്പുഴ താലൂക്കിലും നിർമിക്കുന്നത്. ഈ രംഗത്തെ മറ്റൊരു പ്രമുഖ ഇനമായ ആറാട്ടുപുഴ കയർ കാർത്തികപ്പള്ളി താലൂക്കിലുൾപ്പെട്ട ആറാട്ടുപുഴയിൽ നിർമിക്കുന്നു.
വികാസ പരിണാമങ്ങളിലൂടെ
ഒട്ടേറെ വികാസ പരിണാമങ്ങളിലൂടെയാണ് ഈ മേഖല കടന്നു പോയത്. തൊണ്ടു സംഭരിച്ചു തോടുകളിലും കായലിലും അഴുക്കി അതിനെ തല്ലി ചകിരിയെടുത്ത് പരമ്പരാഗത റാട്ടുകളിൽ നെയ്തെടുക്കുന്ന കയറൊക്കെ പഴയ കഥകളാണ്. തൊണ്ടുതല്ലലിനും ചകിരി പിരിക്കലിനുമൊക്കെയുള്ള അത്യന്താധുനിക യന്ത്രങ്ങൾ വന്നു കഴിഞ്ഞു. കയറു പിരിക്കാനുള്ള യന്ത്രവത്കൃത റാട്ടുകളാണ് ഈ മേഖലയിലെ ആദ്യത്തെ പരീക്ഷണം. രണ്ടുപേർ വീതം യന്ത്രവത്കൃത റാട്ടുകളിൽ കയർ പിരിക്കുന്നത് കുടിൽ വ്യവസായം പോലെ ആലപ്പുഴയിലെ പല ഭാഗത്തുമുണ്ട്. പച്ചത്തൊണ്ടിൽനിന്നു ചകിരി വേർതിരിക്കുന്ന ഡിഫൈബറിങ് യൂണിറ്റുകളാണ് ഈ രംഗത്തു വിപ്ലവകരമായ മാറ്റം ഉണ്ടാക്കിയത്. തൊണ്ടഴുക്കലുമായി ബന്ധപ്പെട്ട പരിസ്ഥിതി മലിനീകരണമെന്ന പ്രശ്നത്തിന് ഇതോടെ പരിഹാരമായി.

പ്രതിദിനം 3000 മുതൽ 4000 വരെ തൊണ്ടു തല്ലാൻ കഴിയുന്ന, 10 മുതൽ 15 കുതിര ശക്തിയുള്ള ഡിഫൈബറിങ് യന്ത്രങ്ങളാണ് ഇപ്പോൾ കേരളത്തിലുള്ളത്. പ്രതിദിനം 240 കിലോ ചകിരി ഇങ്ങനെ ഉൽപാദിപ്പിക്കുന്നു. 20 കുതിര ശക്തിയുള്ള യന്ത്രങ്ങൾ ഇപ്പോൾ വിതരണം ചെയ്തു തുടങ്ങിയിട്ടുണ്ട്. തമിഴ്നാട്ടിൽ 100 കുതിരശക്തിയുള്ള യന്ത്രങ്ങളാണുള്ളത്. പ്രതിദിനം 60000 തൊണ്ടിൽനിന്ന് 4800 കിലോ ചകിരി അവർക്ക് ഉൽപാദിപ്പിക്കാനാകുന്നു. കയർ കെട്ടുകളാക്കുന്ന സ്പൂളിങ് മെഷീൻ, യന്ത്രവത്കൃത തറികൾ, എന്നിവ ഈ രംഗത്ത് പുത്തൻ ഉണർവുണ്ടാക്കിയിട്ടുണ്ട്. എങ്കിലും പഴയകാല കൈത്തറികൾ ഉപയോഗിച്ചു കയറും കയറുൽപന്നങ്ങളും നിർമിക്കുന്നവർ ഇപ്പോഴുമുണ്ട്. ആലപ്പുഴ ജില്ലയിലെ ചേർത്തല, മുഹമ്മ, പൂച്ചാക്കൽ, കാർത്തികപ്പള്ളി താലൂക്ക് തുടങ്ങിയ ഭാഗങ്ങളിൽ ഈ രംഗത്തെ നൂതന പരീക്ഷണങ്ങൾ കാണാനും അറിയാനുമാകും.
കലവൂരിലെ കയർ മ്യൂസിയം
കയറിന്റെ വികാസ പരിണാമങ്ങൾ ആലപ്പുഴ– കൊച്ചി ദേശീയപാതയിൽ ചേർത്തലയ്ക്കു സമീപം കലവൂരിലുള്ള കയർ മ്യൂസിയത്തിൽ സമഗ്രമായി ചിത്രീകരിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണിത്. തെങ്ങിൽ കയറുന്നിടത്തുനിന്നു കാഴ്ചകൾ തുടങ്ങുന്നു. തേങ്ങ പൊതിക്കൽ, വള്ളങ്ങളിൽ എത്തിച്ചിരുന്ന തൊണ്ടുകൾ, സ്ത്രീകളുടെ തൊണ്ടുതല്ലൽ, പരമ്പരാഗത റാട്ടിലെ കയറുപിരി, കൈത്തറിയിലെ കയറ്റുപായ നിർമാണം, വിവിധ തരം ഡിഫൈബറിങ് യന്ത്രങ്ങൾ, കയർ ഭൂവസ്ത്രത്തിന്റെ സാധ്യതകൾ, വിവിധ തരം കയർ ഉൽപന്നങ്ങൾ, കയറിലെ വകഭേദങ്ങൾ, ആധുനിക യന്ത്രങ്ങൾ, കയർ ഉപയോഗിച്ചു നിർമിക്കുന്ന കരകൗശല വസ്തുക്കൾ, മേൽക്കൂര, വീടുകൾ, പെയിന്റിങ് ബ്രഷുകൾ, ഈ രംഗത്തു പ്രമുഖ സംഭാവന നൽകിയ വ്യക്തികളുടെ ചിത്രങ്ങൾ എന്നിവയ്ക്കു പുറമേ ജയിംസ് ഡാറ, ഹെൻട്രി സ്മെയിൽ എന്നിവരുടെ പ്രതിമകളും ഇവിടെ കാഴ്ചയുടെ വിരുന്നും വിജ്ഞാനവും ഒരുക്കുന്നു. 33 മിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വ ചിത്രവും പ്രദർശിപ്പിക്കും. കയറും ടൂറിസവുമായി ബന്ധപ്പെടുത്തിയാണിതു തയാറാക്കിയിരിക്കുന്നത്. 2014ലാണ് മ്യൂസിയം പ്രവർത്തനം ആരംഭിച്ചത്. മുതിർന്നവർക്കു പ്രവേശന ഫീസ് 20 രൂപയും കുട്ടികൾക്ക് 10 രൂപയുമാണ്.
പരിശീലന പരിപാടികൾ
കയർ വ്യവസായവുമായി ബന്ധപ്പെട്ട് മൂന്നു പരിശീലന പരിപാടികൾ ഇവിടെയുണ്ട്. ഡിപ്ലോമ ഇൻ അഡ്വാൻസ്ഡ് കയർ ടെക്നോളജി, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കയർ ടെക്നോളജി, സ്ത്രീകൾക്കായുള്ള പത്തു ദിവസത്തെ ഓറിയന്റേഷൻ പ്രോഗ്രാം. ഡിപ്ലോമ കോഴ്സിന് പ്ലസ്ടു ആണ് യോഗ്യക. ഏതെങ്കിലും വിഷയത്തിലെ ഡിഗ്രി അഭികാമ്യം. സർട്ടിഫിക്കറ്റ് കോഴ്സിന് എസ്എസ്എൽസിയാണ് യോഗ്യത. പഠിതാക്കൾക്ക് 3000 രൂപയുടെ സ്റ്റൈപ്പൻഡ് നൽകും. പെൺകുട്ടികൾക്കു ഹോസ്റ്റൽ സൗകര്യമുണ്ട്. ആൺകുട്ടികൾക്കു പുറത്തു താമസിക്കാനായി 500 രൂപ നൽകും.
ഡിപ്ലോമ കോഴ്സിന്റെ കാലാവധി ഒരു വർഷമാണ്. ഫെബ്രുവരി ഒന്നിന് ക്ലാസ് ആരംഭിക്കും. സർട്ടിഫിക്കറ്റ് കോഴ്സിന്റെ കാലാവധി ആറുമാസം. ജൂലൈ ഒന്നിനും ജനുവരി ഒന്നിനുമാണ് ക്ലാസ് തുടങ്ങുക. നവംബറിൽ അപേക്ഷ ക്ഷണിക്കും. സ്ത്രീകൾക്കായി 5 മുതൽ 10 ദിവസം വരെ നീളുന്ന പ്രത്യേക കോഴ്സും ഇതോടൊപ്പമുണ്ട്. പരിശീലനം പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും. കയർ മേഖലയുമായി ബന്ധപ്പെട്ട വ്യവസായ സംരംഭം തുടങ്ങാൻ ഉദ്ദേശിക്കുന്നവർക്കുള്ള വായ്പാ സഹായങ്ങളും ഇവിടെ ലഭ്യമാണ്.
ആലപ്പുഴ തുറമുഖം
തിരുവിതാംകൂർ രാജ്യത്തിന്റെ വാണിജ്യ തലസ്ഥാനമായിരുന്നു ആലപ്പുഴ. ഈ പ്രദേശത്തെ ഒരു തുറമുഖ പട്ടണമാക്കി വളർത്തിയെടുത്തത് വലിയ ദിവാൻജിയെന്നറിയപ്പെട്ട രാജാ കേശവദാസ് ആയിരുന്നു. വിശാലമായ കായലുകൾ, അവയെ തുറമുഖവുമായി ബന്ധിപ്പിക്കുന്ന കനാലുകൾ, അതിലൂടെ നീങ്ങിയിരുന്ന ചരക്കു വള്ളങ്ങൾ എന്നിവ ഒരുകാലത്തെ കാഴ്ചയായിരുന്നു. ജലഗതാഗതം സജീവമായിരുന്ന കാലമായിരുന്നു അത്. കായലിൽനിന്നു കടൽത്തീരത്തേക്കു ചരക്കുകളെത്തിക്കാനായി കൃത്രിമമായി നിർമിച്ചതാണ് വാണിജ്യക്കനാൽ. പുന്നമടക്കായലിൽനിന്ന് ആലപ്പുഴ നഗരത്തിന്റെ ഹൃദയ ഭാഗമായ കല്ലുപാലം, ഇരുമ്പുപാലം എന്നിവയിലൂടെയാണ് ഈ കനാൽ കടൽത്തീരത്തേക്കെത്തുന്നത്. ഇതിനു സമാന്തരമായി വാടൈക്കനാലുമുണ്ട്. വാടൈക്കനാലിലൂടെ വിനോദ സഞ്ചാരികളുമായി യാത്ര ചെയ്യുന്ന ചെറുതും വലുതുമായ ജലയാനങ്ങൾ ഇപ്പോൾ സജീവമാണ്.
1780 ലാണത്രേ ആലപ്പുഴ കടപ്പുറത്ത് ആദ്യത്തെ കപ്പലടുത്തത്. ഒരു തുറമുഖമായി വികസിക്കാൻ വീണ്ടും 6 വർഷം കൂടി കാത്തിരിക്കേണ്ടിവന്നു. 1786ൽ ആലപ്പുഴ തുറമുഖം യാഥാർഥ്യമായി. ചരക്കുകൈമാറ്റത്തിനായി സ്ഥാപിച്ചതാണ് കടൽപാലം. സമീപത്തായി കയറുൾപ്പെടെയുള്ള വാണിജ്യ വസ്തുക്കൾ സൂക്ഷിക്കുന്നതിനായി പണ്ടകശാലകളുണ്ടായിരുന്നു. ഇത് ആലപ്പുഴ ജില്ലയുടെയും കയറുൽപന്നങ്ങളുടെയും വിപണനത്തെയും കാര്യമായി സ്വാധീനിച്ചു. പിൽക്കാലത്ത് കൊച്ചി തുറമുഖം വികസിച്ചതോടെ ആലപ്പുഴയുടെ പ്രതാപം മാത്രമല്ല തുറമുഖ സാധ്യതകളും ഇല്ലാതായി. എങ്കിലും ഗതകാല സ്മരണകളുമായി വിശാലമായ തീരവും അവിടെ പ്രതാപ സ്മരണയുമായി കടൽപാലത്തിന്റെ അവശിഷ്ടങ്ങളും ഇപ്പോഴുമുണ്ട്. ഈ പാലം 30 വർഷം മുൻപുവരെ സജീവമായി നിലനിന്നിരുന്നു. പണ്ടകശാലയായി പ്രവർത്തിച്ചിരുന്ന കെട്ടിടങ്ങൾ ഏറെക്കാലം ഇവിടെ അനാഥമായി നിൽപുണ്ടായിരുന്നു.