സ്ത്രീകളാണ് ഇവിടെ വീടുകൾ നിർമിക്കുന്നത്; മസായ്മാരാ യാത്രാനുഭവം
Mail This Article
കെനിയ മസായിമാരയിലെ തലക്ക്(Talek) നദിയുടെ തരിശായ തീരങ്ങൾ ഹരിത ഭൂമിയാക്കാനുള്ള ഉദ്യമത്തിലാണ് തൃശൂർ സ്വദേശികളായ ദിലീപ് അന്തിക്കാടും, രമ്യ വാര്യരും. പുൽമേടുകളും കുറ്റിക്കാടുകളാലും നിറഞ്ഞ ഭൂപ്രദേശങ്ങളോടു കൂടിയ മസായിമാരയിൽ മലയാളികളുടെ നേതൃത്വത്തിൽ വനവത്കരണ പദ്ധതികൾ നടക്കുന്നത് ആദ്യം.
വനവത്കരണത്തിനു മുന്നോടിയായി തലക്ക് നദിയോടു ചേർന്ന ഏകദേശം 40 ഏക്കർ സ്ഥലം സംരക്ഷണ വേലി ഒരുക്കുന്ന തിരക്കിലാണ് ഇരുവരും.പദ്ധതി ലക്ഷ്യത്തിൽ എത്തുന്നതോടെ വിദേശ വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന വിവിധ ടൂറിസം പ്രവർത്തനങ്ങൾക്കു മലയാളി തനിമയിൽ തലക്ക് നദിയുടെ തീരം സാക്ഷിയകും.
മസായിമാരയുടെ പ്രകൃതി ദൃശ്യങ്ങളും വന്യ മൃഗങ്ങളുടെ ചിത്രങ്ങളും പകർത്താനുള്ള അതിയായ മോഹവുമായി 12 വർഷം മുൻപാണ് ദിലീപ് ഖത്തറിൽ നിന്നും ഇവിടെ എത്തുന്നത്. ആഫ്രിക്കയിലെ വന്യമൃഗങ്ങളെ പറ്റി പഠിക്കാൻ 2018ൽ വന്നതാണ് സിംഗപ്പൂരിൽ നിന്ന് രമ്യ വാര്യർ. ഇരുവരുടെ സൃഹൃത്ത് ബന്ധത്തിൽ ഉരുത്തിരിഞ്ഞ ആശയങ്ങളാണ് ‘ഒസിറോ സോപിയ റിവർ ക്യാംപ്’(osero sopia river camp) എന്ന പേരിൽ തലക്ക് തീരത്ത് ഉയർന്നു വരുന്ന സംരംഭങ്ങൾ.
∙ടൂറിസം പദ്ധതികൾക്കു ലഭിക്കുന്ന പിന്തുണ..
കെനിയയിൽ ‘നരോക്ക്’ കൗണ്ടിയിലാണ്(സംസ്ഥാനത്തിനു തുല്യമായ സ്ഥലത്തിനു പറയുന്നതാണ് കൗണ്ടി) മസായിമാര. നൈറോബി(Nairobi) വിമാനത്താവളത്തിൽ നിന്ന് ഏകദേശം 250 കിലോമീറ്റർ വാഹനത്തിൽ സഞ്ചരിച്ചാൽ തലക്ക് നദിയുടെ തീരത്തോടു ചേർന്ന മലയാളി മണ്ണിൽ എത്താം. വാഹനത്തിൽ എത്താൻ 5 മണിക്കൂർ വേണം. മസായിമാര നാഷണൽ പാർക്കിനോടു ചേർന്ന പാതയിലൂടെ തലക്കിൽ എത്താൻ എളുപ്പം. കെനിയ സർക്കാറുമായി കൈകോർത്ത് നടക്കുന്ന സാമൂഹിക പ്രവർത്തനങ്ങളുടെ ഭാഗമായാണ് ടൂറിസം.
പദ്ധതികളുടെ ഭാഗമായി മസായികളുടെ ഉടമസ്ഥതയിലുള്ള 40 ഏക്കർ സ്ഥലം ഇരുവരും കൂടി 50 വർഷത്തേയ്ക്കു 6 മാസം മുൻപ് ഉപാധികളോടു വാടകയ്ക്കു എടുത്താണ് ടൂറിസം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചത്. വൃക്ഷങ്ങൾ നശിച്ച് പോയതും തരിശായി കിടക്കുന്നതുമായ 40 ഏക്കർ സ്ഥലം വന വത്കരിക്കുക,ഈ പ്രദേശത്തെ മസായി കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനം,വംശനാശം നേരിടുന്ന കാണ്ടാമൃഗങ്ങളുടെ സംരക്ഷണം, മാരാ എലിഫന്റ് പ്രോജക്ട് തുടങ്ങിയവ ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങളും ഇവയ്ക്കു ഒപ്പം ടൂറിസം പദ്ധതികൾ കൂടി ആവിഷ്കരിക്കുന്നതിനുള്ള അനുമതിയാണ് കെനിയ സർക്കാറിൽ നിന്നും ലഭിച്ചിരിക്കുന്നതെന്ന് ദിലീപ് അന്തിക്കാട് പറയുന്നു. ആദ്യപടിയായി സഞ്ചാരികൾക്കു താമസിക്കുന്നതിനു ഉന്നത നിലവാരത്തിലുള്ള ടെൻഡുകളും ഭക്ഷണം കഴിക്കുന്നതിനുള്ള കൂടാരങ്ങളും ഒരുങ്ങി കഴിഞ്ഞു. കോവിഡ് കാലത്ത് സ്ഥലവാസികൾക്കായി ഇരുവരും കൂടി ഒരുക്കിയ വിവിധ സന്നദ്ധ പ്രവർത്തനങ്ങൾ സർക്കാർ തലത്തിൽ ഏറെ പ്രശംസ നേടിയതോടെയാണ് നിലവിലുള്ള പ്രവർത്തനങ്ങൾക്കും അനുമതി ലഭിച്ചത്.
മസായിമാര നാഷണൽ പാർക്കിനോടു ചേർന്ന സ്ഥലത്താണ് ‘ഒസിറോ സോപിയ റിവർ ക്യാംപ്’. wildanglesafari@gmail.com +254701636363(whatsapp) പാർക്കിൽ നിന്നുള്ള വന്യമൃഗങ്ങൾ തലക്ക് നദി കടന്ന് രാത്രി ക്യാംപിനോടു ചേർന്നുള്ള പ്രദേശങ്ങളിൽ പതിവായി എത്താറുണ്ട്. ഇവർ ഏറ്റെടുത്ത സ്ഥലം വനവത്കരിക്കുന്നതിനു മുന്നോടിയായി സംരക്ഷണ വേലി ഒരുക്കുന്ന ജോലികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്.
ക്യാംപിൽ താമസിക്കാൻ ഇതിനോടകം 4 താവളങ്ങളുടെ(ടെൻഡ്) ജോലികൾ പൂർത്തിയായി. ഓരോന്നിലും 5 പേർക്ക് വീതം കഴിയാം.തറ നിരപ്പിൽ നിന്ന് നിന്ന് അഞ്ചടിയോളം ഉയരത്തിൽ മരത്തൂണുകളിലാണ് താവളങ്ങളുടെ അടിത്തറ ഒരുക്കുന്നത്. പെട്ടന്നു അഴിച്ച് മാറ്റാവുന്ന ടാർപ്പോൾ ഷീറ്റ് ഉപയോഗിച്ചാണ് മുറികൾ വേർതിരിച്ചിരിക്കുന്നത്. നിലവിലുള്ള സാഹചര്യത്തിൽ സ്ത്രീകളും പുരുഷൻമാരുമായ 16 മസായികളാണ് ജീവനക്കാർ.
ഏകദേശം 25 മീറ്ററിൽ കുറയാതെ വീതി വരുന്ന തലക്ക് നദി മഴക്കാലത്ത് നിറഞ്ഞ് കവിയും. ഹിപ്പോപ്പൊട്ടാമസും, മുതലകളും അതിവസിക്കുന്ന ‘മാരാ’നദിയിലേക്കാലാണ്(മാരാറിവർ) തലക്ക് നദി ഒഴുകി എത്തുന്നത്.
∙മസായിമാരാ നാഷണൽ പാർക്ക്.....
ഏകദേശം 1400 ചതുരശ്ര കിലോമീറ്റർ വിസ്തൃതി. വന്യ ജീവികളുടെ പറുദീസയെന്ന് ഒറ്റവാക്കിൽ പറയാം. കടുവ ഒഴികെ മിക്ക വന്യമൃഗങ്ങളുടേയും താവളം.സിംഹം, ചീറ്റ, ആന, ലെപ്പേഡ്,ഹൈന, ഹിപ്പോപൊട്ടാമസ്, കാണ്ടാമൃഗം, മുതല, ജിറാഫ്, വിൽഡെ വീസ്റ്റ്, സീബ്ര,നിരവധി ഇനത്തിൽപ്പെട്ട മാനുകൾ, തുടങ്ങി വന്യമൃഗങ്ങൾ എല്ലാം മസായിമാരക്കു സ്വന്തം. അപൂർവ ഇനം പക്ഷികളും നിരവധി.ആഫ്രിക്കയിൽ പിടിയാനകൾക്ക് കൊമ്പ് ഉണ്ടെന്നുള്ളതാണ് പ്രത്യേകത. വന്യമൃഗങ്ങളെ വളരെ അടുത്ത് കാണാം. ഉപദ്രവകാരികൾ അല്ലെങ്കിലും നിശ്ചിത അകലത്തിൽ വാഹനം നിർത്തിയാണ് ഇവയെ കാണിക്കുന്നത്.
ലോക പ്രശസ്തമായ വിൽഡെ ബീസ്റ്റുകളുടെ മൈഗ്രേഷനാണ് മസായിമാരയിലെ ഏറ്റവും പ്രധാനമായ കാഴ്ച. ഒക്ടോബർ അവസാനത്തോടു കൂടി ഏറെക്കുറെ മൈഗ്രേഷൻ അവസാനിക്കുമെന്ന് പ്രശസ്ത വന്യജീവി ഫോട്ടോഗ്രഫർ മോഹൻതോമസ് പറയുന്നു.ടാന്സാനിയിലെ നിന്നും സാൻഡ് റിവർ നദി കടന്നാണ് വിൽഡെ ബീസ്റ്റുകൾ മസായിമാരയിൽ എത്തുന്നത്.നൈൽ മുതലകൾ ഏറെയുള്ള മാരാ നദി കുറുകെ കടന്നുള്ള വിൽഡെ ബീസ്റ്റുകളുടെ പാലായനം ജീവൻ മരണപോരാട്ടമാണ്.പലപ്പോഴും വിൽഡെ ബീസ്റ്റുകൾ മുതലയ്ക്കു ഭക്ഷണം ആകാറുണ്ട്. ആയിരക്കണക്കിനു വിൽഡെ ബീസ്റ്റുകൾ ഒന്നിച്ചാണ് നദി കടക്കുക.ഇര പിടിക്കാൻ ചീറ്റയും പുലിയും സിംഹവും മാരാർ റിവറിനു സമീപം തക്കം പാർത്തിരിക്കുന്ന കാഴ്ചകളും കാണാം.
∙സഫാരി.....
ഒരാഴ്ചത്തെ പാക്കേജിലാണ് മിക്ക വിനോദ സഞ്ചാരികളും മസായിമാരയിൽ എത്തുന്നത്. നിരവധി ടൂർ ഓപ്പറേറ്റർമാർ വിവിധ പാക്കേജുകളുമായി സജീവമാണ്.ദിവസം 2 സഫാരികളാണ് പ്രധാനമായും നടക്കുക.മുകൾ വശം തുറക്കാവുന്ന വാഹനങ്ങളാണ് സഫാരിക്കു ഉപയോഗിക്കുന്നവയിൽ ഏറെയും. രാവിലെ 5.30ന് ആരംഭിക്കുന്ന സവാരി 12.30 വരെ നീളും. ഇതിനിടെ തണൽ വൃക്ഷങ്ങൾ നോക്കി പ്രഭാത ഭക്ഷണം. പോകുന്ന വാഹനത്തിൽ തന്നെ ഇരുന്നാണ് ഭക്ഷണം കഴിക്കുക. ഉച്ചയ്ക്കു തിരികെ ക്യാംപിൽ എത്തും. വിശ്രമത്തിനു ശേഷം 3.30 വീണ്ടും യാത്ര.6.30നു മുൻപായി പാർക്കിൽ നിന്നും പുറത്ത് പോകണം. ഇതിൽ മാറ്റം വന്നാൽ വനം വകുപ്പിന്റെ നേതൃത്വത്തിൽ പിഴ ഈടാക്കും. പരിശോധനകൾ കർശനം.
മസായികൾ തന്നെയാണ് വാഹനത്തിന്റെ ഡ്രൈവറും ഗൈഡും. വാഹനത്തിൽ വയർലെസ് സെറ്റ് സ്ഥാപിച്ചിട്ടുണ്ട്. പാർക്കിൽ പ്രധാനമായും കാണാവുന്ന മൃഗങ്ങൾ, വന്യ മൃഗങ്ങളുടെ വേട്ട തുടങ്ങി പ്രധാന കാഴ്ചകൾ ഡ്രൈവർമാർ വയർലെസിലൂടെ പങ്കു വയ്ക്കും. കാണാത്ത കാഴ്ചകളാണെങ്കിൽ ഗൈഡുകൾ നിമിഷങ്ങൾക്കുള്ളിൽ അവിടെ എത്തിക്കും. പാർക്കിലൂടെ സ്ഥിരമായുള്ള റോഡുകൾ മിക്ക സ്ഥലങ്ങളിലും ഇല്ല. സഫാരിക്കുള്ള ഭൂരിഭാഗം വാഹനങ്ങളും ഓഫ് റോഡ് വാഹനങ്ങളായതിനാൽ കുണ്ടും കുഴിയും വെള്ളക്കെട്ടും ഇവർക്കു പ്രശ്നമേ അല്ല.വാഹനത്തിൽ മിക്കപ്പോഴും 4 പേരുടെ സംഘമാണ് സഞ്ചരിക്കുക. ഇരുന്നും കിടന്നും ഫോട്ടോ എടുക്കുന്നതിനുള്ള സൗകര്യത്തിനാണ് വാഹനത്തിൽ യാത്രക്കാരുടെ എണ്ണം പരിമിതപ്പെടുത്തിയിരിക്കുന്നത്. വാഹനത്തിനു പുറത്തിറങ്ങി ഫോട്ടോ എടുക്കാൻ സഞ്ചാരികളെ അനുവദിക്കില്ല.
സിംഹം, ചീറ്റ, ലെപ്പേഡ് എന്നിവയുടെ ഇരപിടുത്തം, ഇണചേരൽ, കുഞ്ഞുങ്ങൾക്ക് ഒപ്പമുള്ള യാത്ര, ഇവയുടെ കളികൾ തുടങ്ങിയവയാണ് ഫോട്ടോഗ്രഫർമാരുടെ പ്രധാന ഫ്രെയിമുകൾ.ഇവ ചിത്രീകരിക്കുന്നതിനുള്ള സൗകര്യങ്ങൾ ഗൈഡുകൾ കൃത്യമായി ഒരുക്കുകയാണ് പതിവ്.
∙മസായി വില്ലേജുകൾ............
ഒരു സമൂഹത്തിന്റെ ജീവിത രീതികളും സംസ്കാരവും നേരിട്ട് അറിയുകയെന്ന ലക്ഷ്യത്തോടെ മസായിമാരയിൽ എത്തുന്ന സഞ്ചാരികളുടെ ഒരു ദിവസത്തെ പരിപാടിയാണ് മസായികൾ കൂട്ടമായി താമസിക്കുന്ന വില്ലേജ് സന്ദർശം. ആളൊന്നിനു 25 ഡോളറാണ് വില്ലേജ് സന്ദർശനത്തിനു ഇവർ ഈടാക്കുന്നത്. ഇതിൽ നിശ്ചിത തുക ഇവർ സന്നദ്ധപ്രവർത്തനങ്ങൾക്കായി ഉപയോഗിക്കും. ബാക്കി തുക ഇവർക്കു സ്വന്തം.ഓരോ വില്ലേജിലും ഗ്രാമത്തലവൻ ഉണ്ടാകും.
സഞ്ചാരികളിൽ നിന്ന് പ്രവേശ ഫീസ് വാങ്ങിയ ശേഷം ആവശ്യമായ മാർഗ നിർദേശങ്ങൾ ഗ്രാമത്തലവൻ നൽകും. വില്ലേജിനുള്ളിൽ പ്രവേശിച്ചാൽ എങ്ങനെ വേണമെന്നും ഇതിനുള്ളിലെ പ്രത്യേകതകൾ എല്ലാം അദ്ദേഹം വിശദീകരിക്കും. ഇതിനു ശേഷം വില്ലേജിലെ സ്ത്രീകളും പുരുഷൻമാരും അടങ്ങിയ സംഘം അവരുടെ തനതായ ഗോത്ര വേഷത്തിൽ ആഭരണങ്ങൾ ധരിച്ചും ഇവരുടെ പരമ്പരാഗത ആയുധങ്ങൾ വഹിച്ചും കൂട്ടത്തോടെ പാട്ടുകൾ പാടിയും ആടിയും താളത്തിനൊത്തു ചുവടുകൾ വച്ചും വാദ്യമേളങ്ങളോടെയാണ് വില്ലേജ് കാണാൻ എത്തുന്നവരെ സ്വീകരിക്കുന്നത്.
മസായികളുടെ ആദിത്യമര്യാദകൾ ആരേയും ഈ നാട്ടിലേക്കു വീണ്ടും വരാൻ ആകർഷിക്കും. ആദ്യമായി എത്തുന്ന ആർക്കും ഊഷ്മളമായ സ്വീകരണമാണ് മസായികൾ ഒരുക്കുന്നത്. പ്രത്യേക ഈണത്തിലുള്ള പാട്ടുകളുടെ അകമ്പടിയോടെയാണ് ഓരോ സ്വീകരണ ചടങ്ങുകളും. സംഘത്തിലെ മുതിർന്നയാൾ ചൊല്ലി കൊടുക്കുന്ന പാട്ടുകൾ ഒപ്പം ഉള്ളവർ ഏറ്റു ചൊല്ലും. ഈ വരികൾ കേട്ടാൽ ഒന്നും മനസിലായില്ലെങ്കിലും ആരും ഇവർക്കൊപ്പം ചുവടുകൾ വയ്ക്കും. പ്രത്യേക വേഷത്തിൽ എത്തുന്ന പുരുഷൻമാർ പാട്ടുകൾ പാടുന്നതിനിടെ ഉയർന്ന് പൊങ്ങിയുള്ള ചാട്ടവും ഏറെ ആകർഷകം.വന്യമൃഗങ്ങളുടെ കൊമ്പിൽ ദ്വാരം ഇട്ടുള്ള വാദ്യോപകരണത്തിൽ നിന്നുള്ള ശബ്ദം കേൾക്കാൻ തന്നെ പ്രത്യേക ഹരമാണ്.
മസായി ഗൃഹം.....
ചുള്ളിക്കമ്പിൽ തീർത്ത ഇടുങ്ങിയ കവാടത്തിനുള്ളിലൂടെയാണ് ഗ്രാമത്തിനുള്ളിലേക്കു പ്രവേശനം. മണ്ണിലും മുള കമ്പിലും തീർത്ത ഏകദേശം 150 ചതുരശ്ര അടി വിസ്താരം വരുന്ന വീടുകളിലാണ് ഇവരുടെ താമസം. സ്ത്രീകളാണ് വീടുകൾ നിർമിക്കുന്നത്. ഓരോ വില്ലേജിലും 30 മുതൽ 50 വരെ വീടുകൾ കണ്ടേക്കാം. നിരപ്പായ സ്ഥലത്ത് ഈ വീടുകൾ വൃത്താകൃതിയിലാണ് സ്ഥാപിച്ചിരിക്കുന്നത്. ഭാര്യഭർത്താവിനും മാതാപിതാക്കൾക്കും വിരുന്നുകാർക്കും ഓരോ മുറികളും ഇവയ്ക്കു നടുവിലായി തറയിൽ ഭക്ഷണം പാകം ചെയ്യുന്നതിനുള്ള അടുപ്പും ഉൾപ്പെട്ടതാണ് ഓരോ വീടുകളും.
ചുറ്റോടു ചുറ്റുമുള്ള വീടുകൾക്കു നടുവിലായാണ് ഇവരുടെ കന്നുകാലികളെ പാർപ്പിച്ചിരിക്കുന്നത്. നൂറ് കണക്കിനു കന്നുകാലികൾ ഉണ്ടാവും ഇവിടെ.
മസായികളുടെ പ്രധാന ജോലിയും വരുമാനമാർഗവും കന്നുകാലി പരിപാലനമാണ്. 1000പശുക്കൾ വരെയുള്ളവർ ഉണ്ട്. കൂടുതൽ കന്നുകാലികൾ ഉള്ളവർക്ക് കൂടുതൽ വിവാഹം കഴിക്കാമെന്നാണ് ഇവരുടെ നാട്ടുരീതി. 100 കന്നുകാലികൾ ഉള്ള ഒരാൾക്ക് ഒരു വിവാഹം കൂടി കഴിക്കാൻ അർഹനാണെന്ന് ഒപ്പമുള്ള ഗൈഡ് റാഡി പറയുന്നു. സാമ്പത്തികമായി മുന്നേറ്റമുള്ള മിക്ക മസായികൾക്കും ഒന്നിലധികം ഭാര്യമാർ ഉള്ളവരാണ്.വില്ലേജ് സന്ദർശനത്തിനു ശേഷം ഇതിനോടു ചേർന്ന് പ്രവർത്തിക്കുന്ന സ്റ്റാളുകളിൽ എത്തി ഇവരുടെ ആഭരണങ്ങളും മറ്റ് കരകൗശല സാധനങ്ങളും വാങ്ങാനുള്ള സൗകര്യവും ഉണ്ട്.
∙സഞ്ചാരികൾക്കു ലഭിക്കുന്ന ഭക്ഷണ രീതികൾ..........
ഉച്ചയ്ക്കും വൈകിട്ടും ഭക്ഷണത്തിനു മുൻപായി വെജിറ്റബിൾ സൂപ്പ് നിർബന്ധം. സവാരിക്കിടെയാവും മിക്കപ്പോഴും പ്രഭാത ഭക്ഷണം. സാൻവിച്ചുകളാണ് ക്രമീകരിക്കുക. പൊന്നിയരി ചോറ്, ചപ്പാത്തി എന്നിവയ്ക്കൊപ്പം ഇറച്ചി, മീൻ, തോരൻ, ഡാൽ, സലാഡ് എന്നിവ ഭക്ഷണലഭിക്കും. ഇറച്ചിയിലുള്ള വിവിധ വിഭവങ്ങൾ പ്രധാനം.പഴങ്ങൾ, ഐസ്ക്രീം തുടങ്ങിയവയും ഉണ്ടാകും. കാപ്പിയും, ചായയും നമ്മൾ തന്നെ തയ്യാറാക്കണം. ആവശ്യമായ പാലും ചായപ്പൊടിയും കാപ്പിപൊടിയും ലഭിക്കും.
∙വന്യമൃഗ സംരക്ഷണം..........
വന്യമൃഗങ്ങൾക്കൊപ്പമാണ് ഇവരുടെ ജീവിതമെന്നു പറയുന്നതായും ശരി. ഏറെ കരുതയോടെയാണ് ഇവയോടുള്ള സമീപനം. വനൃമൃഗ സംരക്ഷണത്തിനു സർക്കാർ തലത്തിൽ നിരവധി പ്രവർത്തനങ്ങൾ സജീവമാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥനായ റേഞ്ചർ സോളോ. കണ്ടാമൃഗങ്ങളാണ് ഇന്നും മൃഗ വേട്ടയ്ക്കു ഇരയാകുന്ന പ്രധാന മൃഗം. ഇവയുടെ കൊമ്പുകൾക്കു വിദേശ രാജ്യങ്ങളിൽ വലിയ പ്രീയമാണ്. വംശനാശം നേരിടുന്ന കാണ്ടാമൃഗങ്ങളുടെ സംരക്ഷണത്തിനു ഒട്ടേറെ പദ്ധതികൾ സർക്കാർ തലത്തിൽ നടക്കുന്നുണ്ട്. ഏറെ ആരാധനയോടെയാണ് വന്യമൃഗങ്ങളെ മസായികൾ നോക്കി കാണുന്നത്. ഇവയുടെ ഇറച്ചി ഇവർ ഭക്ഷിക്കാറില്ല. സഞ്ചാരികൾ എത്തുന്ന പ്രദേശങ്ങളിൽ എല്ലാം വനപാലകരുടെ സാന്നിധ്യവും ഉണ്ട്.
.കോട്ടയം ഫോട്ടോവൈഡ് ക്യാമറ ക്ലബിന്റെ നേതൃത്വത്തിൽ മസായിമാരയിൽ പ്രശസ്ത വന്യ ജീവി ഫോട്ടോഗ്രഫർ മോഹൻ തോമസിന്റെ സാന്നിധ്യത്തിൽ നടന്ന ഫോട്ടോഗ്രഫി ക്യാംപിന്റെ ഭാഗമായിട്ടായിരുന്നു യാത്ര.
English Summary: Masai Mara Travel Experience