സിക്കന്ദർ സാഹബിന്റെ പള്ളി, ഡൽഹിയിലെ ഏറ്റവും പഴക്കമുള്ള ക്രിസ്‌ത്യൻ ദേവാലയം
Mail This Article
മഹാനായ അലക്‌സാണ്ടറെ ഏഷ്യക്കാർ പണ്ട് സിക്കന്ദർ എന്നാണ് വിളിച്ചിരുന്നത്. അലക്‌സാണ്ടർ എന്ന പേര് രൂപാന്തരം പ്രാപിച്ചാണു സിക്കന്ദർ ആയത്. എന്നാൽ ഡൽഹിക്കാർക്കു മറ്റൊരു സിക്കന്ദർ സാഹബ് ഉണ്ടായിരുന്നു. അലക്‌സാണ്ടറെപ്പോലെ വെറുമൊരു ചരിത്ര ഓർമയല്ല, ഡൽഹിക്കാർ അടുത്തറിഞ്ഞ വ്യക്തിയായിരുന്നു അദ്ദേഹം. യഥാർഥ പേര് കേണൽ ജയിംസ് സ്‌കിന്നർ. സ്‌കിന്നർ എന്ന വാക്ക് ഇന്ത്യക്കാരുടെ നാവിൽ സിക്കന്ദറായതാണ്.
സിക്കന്ദർ സാഹബ് നിർമിച്ച സുന്ദരമായ പള്ളി ഇന്നും ഡൽഹിയിലുണ്ട്. പഴയ ഡൽഹിയിൽ കശ്‌മീരി ഗേറ്റിനടുത്തു വിശാലമായ കോംപൗണ്ടിൽ തലയുയർത്തി നിൽക്കുന്ന സെന്റ് ജയിംസ് പള്ളി.
പതിനെട്ടാം നൂറ്റാണ്ടിൽ ബ്രിട്ടിഷ് ഈസ്‌റ്റ് ഇന്ത്യ കമ്പനി സൈന്യത്തോടൊപ്പം ഇന്ത്യയിൽ വന്ന സ്‌കോട്‌ലൻഡുകാരനായ ഹെർക്കുലിസ് സ്‌കിന്നർക്ക് ഇന്ത്യാക്കാരിയായ ഭാര്യയിൽ ജനിച്ച പുത്രനായിരുന്നു ജയിംസ്. ഹെർക്കുലീസ് സ്‌കിന്നർ പിന്നീട് കമ്പനി സൈന്യം വിട്ട് വാടകപ്പടയാളിയായി. അന്ന് ഇന്ത്യയിലെത്തിയ പല യൂറോപ്യൻ ഓഫിസർമാരും മാതൃരാജ്യത്തിന്റെ സൈന്യം വിട്ട് ഇന്ത്യയിലെ നാട്ടു രാജാക്കന്മാരുടെ സൈന്യങ്ങളുടെ കമാൻഡർമാരായി.
ജയിംസ് സ്‌കിന്നർക്ക് ബ്രിട്ടിഷ് സൈന്യത്തിൽ ചേരാൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും അമ്മ ഇന്ത്യക്കാരിയായിരുന്നെന്ന കാരണത്താൽ അവർ അദ്ദേഹത്തെ സ്വീകരിച്ചില്ല. ഏതെങ്കിലും നാട്ടുരാജാവിന്റെ സൈന്യത്തിൽ ചേരുകയേ ജയിംസിന് നിവൃത്തിയുണ്ടായിരുന്നുള്ളു.
അങ്ങനെ ഒരു കൊച്ചു പ്രമാണിയുടെ സൈന്യത്തിൽ സേവനമനുഷ്‌ഠിക്കുമ്പോൾ യുദ്ധത്തിൽ മുറിവേറ്റു വീണു. ആരും ശ്രദ്ധിക്കാതെ യുദ്ധഭൂമിയിൽ രണ്ടു ദിവസം വേദന സഹിച്ചു കിടക്കേണ്ടിവന്നപ്പോൾ, ജീവനോടെ രക്ഷപ്പെട്ടാൽ പള്ളി പണിയുമെന്ന് അദ്ദേഹം പ്രതിജ്‌ഞയെടുത്തു. രണ്ട് ദിവസം കഴിഞ്ഞ് ഒരു ഗ്രാമീണ സ്‌ത്രീ അദ്ദേഹത്തെയും കൂട്ടാളികളെയും കണ്ടെത്തി ആഹാരവും വെള്ളവും നൽകി രക്ഷപ്പെടുത്തി. സ്‌കിന്നർക്ക് അന്ന് 22 വയസ്സായിരുന്നു.
തുടർന്ന് ഗ്വാളിയറിലെ മറാഠ ഭരണാധികാരിയായ സിന്ധ്യയുടെ സൈന്യത്തിൽ ചേർന്ന അദ്ദേഹം താമസിയാതെ സിന്ധ്യ സൈന്യത്തിന്റെ കമാൻഡർമാരിൽ ഒരാളായി. സ്‌കിന്നറുടെയും മറ്റും സഹായത്തോടെയാണ് സിന്ധ്യയുടെ സൈന്യം ഡൽഹി പിടിച്ചെടുത്ത് മുഗൾ ചക്രവർത്തിയെ അവരുടെ പിണിയാളാക്കിയത്. അക്കാലത്ത് സ്‌കിന്നർ സമ്പാദിച്ച അളവറ്റ ധനം കൊണ്ടാണ് പള്ളി നിർമിച്ചത്.
1803-ൽ ബ്രിട്ടിഷുകാർ സിന്ധ്യയുടെ സൈന്യത്തെ തോൽപിച്ചു ഡൽഹി പിടിച്ചെടുത്തു. തുടർന്ന് സ്‌കിന്നർ ബ്രിട്ടിഷ് സൈന്യത്തിൽ ചേർന്നു. എന്നാൽ ഒരു ഉപാധിയോടെ - സിന്ധ്യയ്ക്കെതിരെ പോരാടാൻ ആവശ്യപ്പെടരുത്. ബ്രിട്ടിഷുകാർ സമ്മതിച്ചു. ബ്രിട്ടിഷ് ഇന്ത്യൻ സൈന്യത്തിൽ സ്‌കിന്നേഴ്‌സ് ഹോഴ്‌സ് എന്ന പേരിൽ ഒരു കുതിരപ്പട റെജിമെന്റ് സ്‌കിന്നർ രൂപകരിച്ചു. ഒരു ടാങ്ക് യൂണിറ്റായി ഈ റെജിമെന്റ് ഇന്നും ഇന്ത്യൻ ആർമിയിലുണ്ട്.
പത്തൊൻപതാം നൂറ്റാണ്ടിലെ ഉത്തരേന്ത്യൻ മാടമ്പികളെപ്പോലെ അനവധി ഭാര്യമാരും അതിലധികം വെപ്പാട്ടികളുമായി അഴിഞ്ഞൊരു ജീവിതമായിരുന്നു സ്ക്കിന്നറുടേത്. സ്‌കിന്നർ മരിച്ചപ്പോൾ 64 പേർ അദ്ദേഹത്തിന്റെ മക്കളെന്ന് അവകാശപ്പെട്ടു മുന്നോട്ടുവന്നുവത്രെ.
ഡൽഹിയിൽ ഇന്ന് നിലനിൽക്കുന്നതിലെ ഏറ്റവും പഴയ ക്രിസ്‌ത്യൻ ദേവാലയമാണ് സെന്റ് ജയിംസ് പള്ളി. പള്ളിപ്പറമ്പിൽ തന്നെ ജയിംസ് സ്‌കിന്നറേയും അദ്ദേഹത്തിന്റെ അനവധി കുടുംബാംഗങ്ങളെയും സംസ്കരിച്ചിട്ടുണ്ട്. ആ കല്ലറകൾ ഇന്നും അവിടെ കാണാം. പള്ളിയുടെ ജനാലകളിലെ വർണച്ചില്ലു ചിത്രങ്ങളാണ് മറ്റൊരു ആകർഷണം. യേശുക്രിസ്‌തുവിന്റെ ജീവിതത്തിലെ ചില രംഗങ്ങളാണു ചിത്രീകരിച്ചിരിക്കുന്നത്. ഇത്ര സുന്ദരമായ സ്‌റ്റെയിൻഡ് ഗ്ലാസ് ചിത്രങ്ങൾ ഉത്തരേന്ത്യയിലുണ്ടോ എന്ന് സംശയമാണ്.
∙ അടുത്ത മെട്രോ സ്റ്റേഷനുകൾ – ചാന്ദ്നിചൗക്ക്, കശ്മീരി ഗേറ്റ്
∙ വേനൽക്കാലത്ത് ദിവസവും രാവിലെ 8.30നും ശൈത്യകാലത്ത് രാവിലെ 9നും പള്ളിയിലെ ചടങ്ങുകൾ ആരംഭിക്കും.