ADVERTISEMENT

സെൻട്രൽ സെക്രട്ടേറിയറ്റിനടുത്തുള്ള ഗുരുദ്വാരയ്‌ക്കു റക്കാബ്‌ഗഞ്ച് എന്നു പേരു വന്നത് യാദൃച്ഛികമായാണ്. ഹിന്ദുസ്‌ഥാനിയിൽ റക്കാബ് എന്നാൽ സവാരിക്കാരനു കാൽവയ്‌ക്കാൻ കുതിരയുടെ രണ്ടുവശത്തും തൂക്കിയിട്ടിരിക്കുന്ന ഇരുമ്പുചവിട്ടി. ഇംഗ്ലിഷിൽ സ്‌റ്റിറപ് എന്നു പറയും. ഇന്ന് ഗുരുദ്വാര നിൽക്കുന്ന സ്ഥലം മുഗൾ കാലത്തു ദില്ലി നഗരത്തിനു പുറത്തുള്ള റെയ്‌സിന എന്ന ഗ്രാമമായിരുന്നു. സൈനികർക്ക് ആവശ്യമായ നല്ല കുതിരകളും കുതിരയ്‌ക്കു വേണ്ട സാമഗ്രികളും ഇവിടെ ലഭിക്കുമായിരുന്നു. കുതിരസവാരിയുമായി ബന്ധപ്പെട്ട സാമഗ്രികൾ വിറ്റിരുന്ന അങ്ങാടി എന്ന അർഥത്തിലാണ് ഗ്രാമത്തിനു റക്കാബ്‌ഗഞ്ച് എന്ന പേരു വന്നത്. റക്കാബ്‌ഗഞ്ചിൽ ഗുരുദ്വാര വന്നതിനു പിന്നിൽ വീരോചിതവും ത്യാഗനിർഭരവുമായ ഒരു കഥയുണ്ട്. കശ്‌മീരിലെ പണ്ഡിറ്റുകളെ മതപരിവർത്തനം ചെയ്യാൻ മുഗൾ ചക്രവർത്തി ഔറംഗസേബ് ശ്രമിച്ചപ്പോൾ ഒൻപതാം സിക്ക് ഗുരു തേജ് ബഹാദൂർ അവരുടെ രക്ഷയ്‌ക്കെത്തി. 1675ൽ ഔറംഗസേബ് ചാന്ദ്‌നി ചൗക്കിലെ തെരുവിൽ വച്ച് പരസ്യമായി അദ്ദേഹത്തിന്റെ തല വെട്ടി. മൃതദേഹം കൊണ്ടുപോയി മറവുചെയ്യാൻ പോലും ആരെയും അനുവദിച്ചില്ല.

കുത്തബ് മിനാറിന് അടുത്തുള്ള ഇരുമ്പുതൂൺ. Image Credit : Rakesh Nayar/istockphoto
കുത്തബ് മിനാറിന് അടുത്തുള്ള ഇരുമ്പുതൂൺ. Image Credit : Rakesh Nayar/istockphoto

Read Also : നൂറ്റാണ്ടുകൾ പഴക്കം, ഇന്നും തുരുമ്പ് എടുക്കാത്ത ഇരുമ്പുതൂൺ; കെട്ടിപ്പിടിച്ചാൽ ‘രാജയോഗം’

എന്നാൽ ഭായി ജയ്‌ഠ എന്ന സാഹസികനായ ശിഷ്യൻ മിന്നൽവേഗത്തിൽ കുതിരപ്പുറത്തെത്തി ഗുരുവിന്റെ തല തട്ടിയെടുത്ത് പഞ്ചാബിലെ അനന്ത്പൂരിൽ കൊണ്ടുപോയി സംസ്കരിച്ചു. ശരീരം ചാന്ദ്‌നി ചൗക്കിൽ തന്നെ കിടന്നു. വൈകുന്നേരത്തോടെ ശക്തമായ കാറ്റും മഴയും വന്നു. ലാഖി ഷാ എന്നൊരു പഞ്ഞിവിൽപനക്കാരൻ ഈ തക്കം നോക്കി ഗുരുവിന്റെ ശരീരമെടുത്ത് തന്റെ കുതിരവണ്ടിയിലെ പഞ്ഞിക്കെട്ടിൽ ഒളിപ്പിച്ച് റക്കാബ്‌ഗഞ്ചിലെ തന്റെ വീട്ടിലേക്ക് കൊണ്ടുപോയി. വീട്ടിനകത്തു ചന്ദനവിറക് അടുക്കി, അതിന്മേൽ തലയില്ലാത്ത ദേഹം കിടത്തിയ ശേഷം വീടിനു മുഴുവനായും തീയിട്ടു. അദ്ദേഹവും കുടുംബവും പഞ്ചാബിലേക്ക് പലായനം ചെയ്തു.

Qutb Minar in Delhi. Image Credit : Vibgyor Studios/shutterstock
Qutb Minar in Delhi. Image Credit : Vibgyor Studios/shutterstock

Read more : ജന്തർ മന്തർ: അകം കാണാത്തവർ ഏറെ; അറിയാനുമേറെ...

ഈ വീട് നിന്നിരുന്ന സ്‌ഥലത്താണ്, ഔറംഗസേബിന്റെ മരണശേഷം, സിക്കുകാർ ഗുരുദ്വാര നിർമിച്ചത്. അന്നു നിർമിച്ച ഗുരുദ്വാര പലതവണ പൊളിച്ചുപണിത് ഇരുപതാം നൂറ്റാണ്ടിൽ തീർത്ത വെണ്ണക്കൽ കെട്ടിടമാണ് ഇന്നു കാണുന്നത്. ഇവിടെ ഒരു മസ്ജിദ് നിലനിന്നിരുന്നതായും കഥയുണ്ട്. 1857ലെ സ്വാതന്ത്യസമരത്തിനുശേഷം മുസ്‌ലിംകളും സിക്കുകാരും തമ്മിൽ അതേച്ചൊല്ലി തർക്കമുണ്ടായി. നീണ്ടനാളത്തെ കോടതിത്തർക്കത്തിനു ശേഷം ലണ്ടനിലെ പ്രിവി കൗൺസിൽ സിക്കുകാർക്ക് അനുകൂലമായി വിധിക്കുകയായിരുന്നു.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യം ഇന്ത്യയുടെ തലസ്ഥാനം കൊൽക്കത്തയിൽ നിന്ന് ഡൽഹിയിലേക്കു മാറ്റിയപ്പോൾ പുതിയ ന്യൂ ഡൽഹി നഗരം റെയ്‌സിന കുന്നിനു ചുറ്റുമായി നിർമിക്കാൻ ബ്രിട്ടിഷുകാർ തീരുമാനിച്ചു. റെയ്‌സിന ഗ്രാമം മുഴുവനോടെ പൊളിച്ചുമാറ്റി. ഒന്നാം ലോകമഹായുദ്ധകാലം. 

നോർത്ത് ബ്ലോക്ക് നിർമിക്കാനായി ഗുരുദ്വാരയുടെ മതിൽ പൊളിച്ചതോടെ സിക്കുകാർ പ്രതിഷേധിച്ചു. യുദ്ധസേവനത്തിനായി ലക്ഷക്കണക്കിനു സൈനികരെ സംഭാവന ചെയ്‌തിരുന്ന സിക്കുകാരെ പിണക്കാൻ ബ്രിട്ടിഷുകാർ തയാറായില്ല. മതിൽ അവർ പുനർനിർമിച്ചുകൊടുത്തു. ഗുരുദ്വാര നിലനിർത്തിക്കൊണ്ട് പുതിയ നഗരം പണിയാനും തീരുമാനിച്ചു. എന്നാൽ, സിക്കുകാരും ബ്രിട്ടിഷുകാരുമായുള്ള സൗഹൃദം നീണ്ടുനിന്നില്ല. 1919ൽ അമൃത്‌സറിൽ നടന്ന ജാലിയൻവാലാ ബാഗ് വെടിവയ്‌പോടെ അവർ പൂർണ ശത്രുതയിലായി.

സന്ദർശിക്കാൻ

∙ ഏതു സമയത്തും സന്ദർശിക്കാം

∙ അടുത്ത മെട്രോ സ്റ്റേഷൻ– പട്ടേൽ ചൗക്ക്

∙ ബസ് സ്റ്റോപ്– ഗുരുദ്വാര റക്കാബ്ഗഞ്ച്

English Summary:

The Gurdwara Rakab Ganj Sahib is a historic gurdwara near Parliament House in New Delhi.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com