ഷെന്‍ഗന്‍ വീസ; അപേക്ഷയിൽ ഈ തെറ്റുകൾ ഒഴിവാക്കാം
Mail This Article
ഷെന്‍ഗന്‍ വീസ ലഭിക്കുന്നത് ഏതുകാലത്തും അത്ര എളുപ്പമുള്ള കാര്യമല്ല. ഷെന്‍ഗന്‍ വീസക്കായി നല്കുന്ന അപേക്ഷയിലെ പാളിച്ചകളും അഭിമുഖത്തിന്റെ സമയത്തെ കുഴപ്പങ്ങളും ഫീസ് അടക്കുന്നതിലെ ആശയക്കുഴപ്പവും സമര്‍പ്പിക്കുന്ന രേഖകളിലെ പ്രശ്നങ്ങളുമൊക്കെ സാധാരണ അപേക്ഷ നിരസിക്കുന്നതിലേക്ക് എത്തിക്കാറ്. ഇത്തരം കാര്യങ്ങളില്‍ ഭൂരിഭാഗത്തിനും ഒരേ പ്രശ്നങ്ങളാണ് ഉണ്ടാവുക. സംഭവിക്കാനിടയുള്ള പ്രശ്നങ്ങള്‍ നേരത്തെ അറിഞ്ഞിരുന്നാല്‍ നിങ്ങള്‍ക്ക് ഷെന്‍ഗന്‍ വീസ ലഭിക്കാനുള്ള സാധ്യതയും കൂടും. ഷെന്‍ഗന്‍ വീസ എടുക്കുമ്പോള്‍ സംഭവിക്കുന്ന പൊതുവായ പിഴവുകള്‍ പരിചയപ്പെടാം.
1. പരിചയക്കാരുടെ നിര്‍ദേശത്തില്‍ രേഖകള്‍ സമർപ്പിക്കുക
ഷെന്‍ഗന്‍ വീസ എടുക്കാന്‍ ശ്രമിക്കുന്ന ഭൂരിഭാഗവും അവരുടെ പരിചയത്തിലുള്ള ഷെന്‍ഗന്‍ വീസ ലഭിച്ചവരുമായി ഉപദേശത്തിന് ശ്രമിക്കാറുണ്ട്. അതുമല്ലെങ്കില്‍ സോഷ്യല്‍മീഡിയയിലെ വിഡിയോകളും മറ്റും നോക്കും. കുറച്ച് പാടുള്ള പണിയാണെന്ന് തിരിച്ചറിഞ്ഞ് വീസ ലഭിച്ചവര്‍ നല്കുന്ന മാര്‍ഗങ്ങളിലൂടെ പോയാല്‍ എളുപ്പം കാര്യം നടക്കുമെന്ന തോന്നലാകാം പിന്നില്‍. പലപ്പോഴും ഇത് തിരിച്ചടിയാവാനാണ് സാധ്യത. ഷെന്‍ഗന്‍ വീസയുടെ മാനദണ്ഡങ്ങളും മറ്റും കാലാകാലങ്ങളില്‍ പുതുക്കാറുണ്ട്.
ഷെന്‍ഗന്‍ വീസ നേടിയ ആള് പറയുന്ന കാര്യങ്ങള്‍ മാത്രം അടിസ്ഥാനപ്പെടുത്തി അപേക്ഷ നല്‍കാനും രേഖകള്‍ സമര്‍പിക്കാനും പോവരുത്. നിങ്ങളുടേതായ നിലയില്‍ ഔദ്യോഗിക സംവിധാനങ്ങളുടെ നിര്‍ദേശങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കണം. ഷെന്‍ഗന്‍ വീസ അനുവദിച്ചു നല്കുന്ന രാജ്യങ്ങള്‍ക്കനുസരിച്ച് മാനദണ്ഡങ്ങളിലും മാറ്റമുണ്ടാവാറുണ്ട്. ഏതു രാജ്യത്തിലേക്കാണോ ഷെന്‍ഗന്‍ വീസക്ക് അപേക്ഷ നല്‍കുന്നത് ആ രാജ്യത്തിന്റെ എംബസി പ്രസിദ്ധീകരിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ശ്രമിക്കുക.
2. പാസ്പോര്‍ട്ടിലെ പ്രശ്നങ്ങള്‍
ഏതാനും മാസം നിയമസാധുതയുള്ള പാസ്പോര്‍ട്ട് ഉണ്ടെന്നു കരുതി ഷെന്‍ഗന്‍ വീസ ലഭിക്കണമെന്നില്ല. യൂറോപ്യന്‍ യൂണിയന് പാസ്പോര്‍ട്ട് നിയമങ്ങളുടെ കാര്യത്തില്‍ കര്‍ശനമായാണ് പൊതുവില്‍ നിലപാടെടുക്കാറ്.
- ഷെന്‍ഗന്‍ രാജ്യങ്ങളിലേക്കുള്ള യാത്രക്കു ശേഷം ആറ് മാസമോ അതിലേറെയോ സാധുതയുള്ള പാസ്പോര്‍ട്ടായിരിക്കണം.
- യാത്ര പുറപ്പെടുന്ന തീയതിക്ക് പത്തു വര്‍ഷത്തിനുളളില്‍ എടുത്ത പാസ്പോര്‍ട്ടായിരിക്കണം.
- കുറഞ്ഞത് രണ്ട് ബ്ലാങ്ക് പേജെങ്കിലും പാസ്പോര്ട്ടില് വേണം. എന്നാല്‍ അത് പിന്നീട് കൂട്ടിച്ചേര്ത്തതാവരുത്.
ഇത്തരം മാനദണ്ഡങ്ങള്‍ പാലിക്കാത്തവരുടെ ഷെന്‍ഗന്‍ വീസ അപേക്ഷ തള്ളാറാണ് പതിവ്.
3. അപേക്ഷയിലേയും സമര്‍പിക്കുന്ന രേഖകളിലേയും വിവരങ്ങള്‍ ചേരാതിരിക്കുക
ഷെന്‍ഗന്‍ വീസക്കായി ശ്രമിക്കുന്നവരെല്ലാം അപേക്ഷ സമര്‍പിക്കേണ്ടതുണ്ട്. ഇതാണ് ആദ്യത്തേതും പ്രധാനപ്പെട്ടതുമായ രേഖ. ഈ അപേക്ഷക്കൊപ്പം വയ്ക്കേണ്ട രേഖകളിലെ വിവരങ്ങള്‍ തന്നെയാണ് അപേക്ഷയിലെന്ന് ഉറപ്പു വരുത്തുക. ഇത് സാധാരണ സംഭവിക്കുന്ന ഒരു പാളിച്ചയാണ്.
ഉദാഹരണത്തിന് പാസ്പോര്‍ട്ടിന്റെ കാലാവധി രേഖപ്പെടുത്തുമ്പോള്‍ വ്യത്യാസം വരുക. താമസത്തിന്റേയോ ട്രാവല്‍ ഇന്‍ഷുറന്‍സിന്റേയോ വിശദാംശങ്ങളില്‍ തെറ്റുകളുണ്ടാവുക എന്നിവയെല്ലാം സാധാരണ സംഭവിക്കാറുള്ള തെറ്റാണ്. ഇത്തരം തെറ്റുകള്‍ ബോധപൂര്‍വമോ അല്ലാതെയോ സംഭവിച്ചാലും ഷെന്‍ഗന്‍ വീസയ്ക്കുള്ള അപേക്ഷ നിരസിക്കുന്നതാവും ഫലം.
4. ട്രാവല്‍ ഇന്‍ഷുറന്‍സ്
യാത്രക്കിടെ എനിക്കൊന്നും സംഭവിക്കില്ലെന്ന ശുഭാപ്തി വിശ്വാസക്കാരാണ് ഏറെയും. അതുകൊണ്ടുതന്നെ ട്രാവല്‍ ഇന്‍ഷൂറന്‍സ് വേണ്ടെന്നു കരുതുന്നവരും. എന്നാല്‍ ഷെന്‍ഗന്‍ വീസ വേണമെങ്കില്‍ ട്രാവല്‍ ഇന്‍ഷൂറന്‍സ് നിര്‍ബന്ധം. അതും അവര്‍ നിര്‍ദേശിക്കുന്ന മാനദണ്ഡങ്ങള്‍ പാലിച്ചുള്ള ഷെന്‍ഗന്‍ ട്രാവല്‍ ഇന്‍ഷൂറന്‍സ് തന്നെ വേണം. കുറഞ്ഞ കവറേജുള്ള ഇന്‍ഷൂറന്‍സുകളും കുറഞ്ഞകാലത്തേക്കുള്ള ഇന്ഷൂറന്സുകളുമെല്ലാം ഷെന്‍ഗന്‍ വീസ അപേക്ഷ തന്നെ തള്ളാന്‍ കാരണമായേക്കും. എത്ര പണം നല്കി ഇന്‍ഷൂറന്‍സ് എടുത്താലും വീസ എടുക്കുന്നവര്‍ക്ക് യാത്രക്കിടെ മരണം സംഭവിച്ചാല്‍ തിരിച്ച് മാതൃരാജ്യത്തേക്കു കൊണ്ടുവരുന്ന ചെലവ് ഉള്‍പ്പെടുന്ന ഇന്ഷൂറന്സല്ലെങ്കില് ഒരു കാര്യവുമില്ല.
5. അപേക്ഷയുടെ സമയം
ഷെന്‍ഗന്‍ വീസയുടെ അപേക്ഷ നേരത്തെ സമര്പിപ്പിക്കുന്നതും വൈകി സമര്‍പ്പിക്കുന്നതും ഒരു പോലെ പ്രശ്നമാണ്. നിങ്ങളുടെ യാത്രയേക്കാള്‍ ആറ് മാസം മുമ്പ് വരെയാണ് പരമാവധി നേരത്തെ അപേക്ഷ നല്‍കാനാവുക. ഏറ്റവും കുറഞ്ഞത് യാത്രയുടെ 15 ദിവസം മുമ്പെങ്കിലും അപേക്ഷ നല്‍കുകയും വേണം. എപ്പോഴാണ് ഷെന്‍ഗന്‍ വീസ അപേക്ഷ നല്‍കേണ്ടതെന്ന ധാരണ അപേക്ഷകര്‍ക്കുണ്ടാവണം.
6. തെറ്റായ എംബസി/കോണ്‍സുലേറ്റ്/ വീസ സെന്ററില്‍ അപേക്ഷ നല്‍കുക
തെറ്റായ എംബസികളില്‍ ഷെന്‍ഗന്‍ വീസക്കായി അപേക്ഷ നല്‍കുന്നതും ഒരു സാധാരണ പിഴവാണ്. നിങ്ങള്‍ രണ്ടോ അതിലേറെയോ ഷെന്‍ഗന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ആദ്യം എത്തി ചേരുന്ന രാജ്യത്താണ് ഷെന്‍ഗന്‍ വീസ അപേക്ഷ നല്‍കേണ്ടത്. ഉദാഹരണത്തിന് അഞ്ചു ദിവസം വീതം ഓസ്ട്രിയയിലും ജര്‍മനിയിലും ഫ്രാന്‍സിലും കഴിയാനാണ് ശ്രമിക്കുന്നതെങ്കില്‍ ആദ്യം പോവുന്ന ഓസ്ട്രിയന്‍ എംബസിക്ക് വേണം അപേക്ഷ നല്കാന്.
ഒന്നിലേറെ രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും ഒരു രാജ്യത്ത് കൂടുതല്‍ ദിവസം താമസിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ എവിടെയാണോ കൂടുതല്‍ ദിവസം താമസിക്കുന്നത് അവിടെ അപേക്ഷ നല്‍കണം. ഉദാഹരണത്തിന് ഓസ്ട്രിയയിലും ജര്‍മനിയിലും അഞ്ചു ദിവസവും ഫ്രാന്‍സില്‍ ഏഴു ദിവസവുമാണ് കഴിയുകയെങ്കില്‍ അപേക്ഷ ഫ്രാന്‍സ് എംബസിയില്‍ നല്‍കണം.
7 അപേക്ഷാ ഫീസ് പണമായി നല്‍കണം
സാധാരണ ഷെന്‍ഗന്‍ വീസ നിരസിക്കപ്പെടാനുള്ള കാരണങ്ങളില്‍ മുന്നിലാണിത്. അവസാന ഘട്ടം വരെ എത്തിയ ശേഷം ഷെന്‍ഗന്‍ വീസ നിരസിക്കുന്നതിലേക്ക് ഇത് കാരണമാവും. ഷെന്‍ഗന്‍ വീസക്കായുള്ള അഭിമുഖത്തിനെത്തുമ്പോള്‍ അപേക്ഷാ ഫീസിന്റെ പണം കയ്യില്‍ കരുതണം. അക്കൗണ്ടില്‍ പണമുണ്ടല്ലോ എന്നു കരുതി എത്തുന്നവര്‍ക്ക് തിരിച്ചടിയാവും ഫലം. കാരണം എംബസികളും വീസ സെന്ററുകളും കോണ്‍സുലേറ്റുകളുമെല്ലാം പണമായി തന്നെയാണ് ഫീസ് സ്വീകരിക്കാറ്. അനാവശ്യ തലവേദനകള്‍ ഒഴിവാക്കാനായി കൃത്യം തുക തന്നെ പണമായി കയ്യില്‍ കരുതുന്നതാണ് ഉചിതം.