ADVERTISEMENT

കോവിഡ് മഹാമാരി വരുത്തിയ വലിയ പ്രതിസന്ധികളിലൊന്ന് ടൂറിസം രംഗത്ത് ആയിരുന്നു. അതുകൊണ്ടു തന്നെ വിനോദസഞ്ചാര മേഖല കൂടുതൽ ശക്തിപ്പെടുത്താൻ ആയിരുന്നു ഓരോ രാജ്യവും തീരുമാനിച്ചത്. ഇതിനായി മിക്ക രാജ്യങ്ങളും സ്വീകരിച്ച ഒരു പ്രധാന നടപടി 'വീസ ഫ്രീ' ആയിരുന്നു. വീസ ഫ്രീ നടപടിയിലൂടെ ഓരോ സഞ്ചാരിക്കും ഏത് രാജ്യത്തേക്ക് ആണോ പോകേണ്ടത് അവിടേക്ക് വീസ നടപടിക്രമങ്ങളില്ലാതെ തന്നെ പോകാൻ സാധിക്കുന്നു. ഇത് യാത്രാക്രമീകരണങ്ങൾ കൂടുതൽ ലളിതമാക്കുകയും ചെയ്യുന്നു. എന്നാൽ ഈ ഇളവ് ചില രാജ്യങ്ങൾ നൽകുന്നുമില്ല.

ഉദാഹരണത്തിന് യു എസ് പാസ്പോർട്ട് കൈവശമുള്ള ഒരു വ്യക്തിക്ക് ചൈന, റഷ്യ എന്നീ രാജ്യങ്ങൾ സന്ദർശിക്കണമെങ്കിൽ നിർബന്ധമായും വീസ ആവശ്യമാണ്. ആവശ്യമായ അപേക്ഷ സമർപ്പിക്കുകയും കോൺസുലേറ്റുകളിൽ പാസ്പോർട്ട് സമർപ്പിക്കുകയും ആവശ്യമായ ഫീസ് അടയ്ക്കുകയും ചെയ്യണം. അതേസമയം, ഫ്രാൻസ് പോലുള്ള രാജ്യങ്ങളിൽ നിന്നുള്ളവർക്കു ചൈനയിലേക്കു വരുന്നതിന് വീസ ആവശ്യമില്ല. രാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി കരാറിന്റെ സ്വഭാവത്തെ ആശ്രയിച്ചാണ് സൗജന്യ വീസയും മറ്റും പൗരൻമാർക്ക് അനുവദിക്കുന്നത്.

അതിർത്തി കടക്കാൻ പാസ്പോർട്ട് മാത്രം

വീസ ഫ്രീ യാത്രയാണെങ്കിൽ സഞ്ചാരികൾക്കു പാസ്പോർട്ട് മാത്രം കൈയിൽ കരുതിയാൽ മതി. കസ്റ്റംസ് ക്ലിയറൻസിനും പാസ്പോർട്ട് മാത്രം മതി. എന്നാൽ ചില രാജ്യങ്ങൾ പാസ്പോർട്ട് കൂടാതെ ചില അധികരേഖകൾ കൂടി ആവശ്യപ്പെടും. പ്രവേശനം അനുവദിക്കുന്നതിന് മുമ്പ് യാത്രയുടെ രേഖകൾ ആയിരിക്കും ആവശ്യപ്പെടുക. ഉദാഹരണത്തിന് വളരെ ജനപ്രിയമായ ഒരു വിനോദസഞ്ചാര കേന്ദ്രമാണ് തായ്​ലൻഡ്. തായ്​ലൻഡിലേക്കുള്ള പ്രവേശനം വീസ ഫ്രീ ആണ്. എന്നാൽ തായ്​ലൻഡിലേക്ക് എത്തുന്ന സഞ്ചാരികൾ ആവശ്യത്തിനുള്ള ഫണ്ട് ഉണ്ടെന്നും യാത്രാപദ്ധതികൾ എന്തൊക്കെയാണെന്നും വ്യക്തമാക്കേണ്ടതുണ്ട്. മറ്റു ചില രാജ്യങ്ങളിൽ വീസ ഫ്രീ ആണെങ്കിലും ചിലപ്പോൾ എയർപോർട് അല്ലെങ്കിൽ ഡിപാർച്ചർ നികുതി നൽകേണ്ടതായി വരും. ഈ ഫീസുകൾ പലപ്പോഴും നാമമാത്രമായിരിക്കും. 

കൂടുതൽ സൗകര്യപ്രദം വീസാരഹിത യാത്ര

നിരന്തരമായ രാജ്യാന്തര യാത്രകൾ ചെയ്യുന്നവർക്ക് അറിയാം വീസ രഹിത യാത്രകൾ എത്രത്തോളം സൗകര്യപ്രദമാണെന്ന്. ചൈന പോലുള്ള രാജ്യങ്ങളിലേക്കു യാത്ര ചെയ്യണമെങ്കിൽ കഠിനമായ വീസ നടപടി ക്രമങ്ങളെ അഭിമുഖീകരിക്കേണ്ടതായി വരുന്നുണ്ട്. അതിനോട് താരതമ്യം ചെയ്യുമ്പോഴാണ് വീസ രഹിത യാത്രകൾ എത്രത്തോളം സൗകര്യപ്രദമാണെന്ന് മനസ്സിലാകുന്നത്. വീസ ആവശ്യമായി വരുന്ന യാത്രകളിൽ അപേക്ഷ പൂരിപ്പിക്കൽ, സമർപ്പിക്കൽ, എംബസി അംഗീകാരത്തിനായി കാത്തിരിക്കൽ അങ്ങനെ നിരവധി നടപടിക്രമങ്ങളുണ്ട്. എന്നാൽ, വീസാരഹിത യാത്രയിൽ ഇതിന്റെയൊന്നും ആവശ്യമില്ല.

മാത്രമല്ല വീസ രഹിത യാത്രകൾ സഞ്ചാരികൾക്ക് കൃത്യമായി പദ്ധതികൾ തയ്യാറാക്കി എളുപ്പത്തിൽ യാത്ര സാധ്യമാക്കാൻ സഹായിക്കുന്നു. വീസ ആവശ്യമുള്ള യാത്രകളിൽ പലപ്പോഴും വിചാരിക്കുന്ന സമയത്ത് അനുമതി ലഭിക്കാതെ വരുകയും യാത്ര മാറ്റി വയ്ക്കേണ്ടി വരികയും ചെയ്യാറുണ്ട്. എന്നാൽ, വീസാരഹിത യാത്രകൾ ഇത്തരം യാത്രാ തടസങ്ങൾ ഇല്ലാതാക്കുന്നു. യാത്ര കൂടുതൽ സുഗമവും സൗകര്യപ്രദവുമാക്കി മാറ്റുന്നു.

ഇത്തരം നിരവധി സൗകര്യങ്ങൾ വീസ രഹിത യാത്രയ്ക്ക് ഉണ്ടെങ്കിലും ചില പരിമിതികളും ഉണ്ട്. വീസാ രഹിത യാത്ര അത്ര തടസമില്ലാത്ത പ്രവേശനം സഞ്ചാരികൾക്ക് വാഗ്ദാനം ചെയ്യുന്നില്ല. പലപ്പോഴും ഇമിഗ്രേഷൻ ഉദ്യേഗസ്ഥർ വീസാ രഹിത യാത്ര നടത്തുന്നവരെ കൂടുതൽ ചോദ്യം ചെയ്യുകയോ കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കുകയോ ചെയ്തേക്കാം.

വീസ രഹിത യാത്ര ഇത്രയും സൗകര്യങ്ങൾ ഒക്കെ നൽകുന്നുണ്ടെങ്കിലും പോകാൻ ആഗ്രഹിക്കുന്ന സ്ഥലങ്ങളുടെ പ്രായോഗികത പരിഗണിക്കുമ്പോൾ ഇതിന്റെ പ്രാധാന്യം കുറയുന്നു. ചുരുക്കത്തിൽ വ്യക്തികളുടെ സാഹചര്യങ്ങളെ ആശ്രയിച്ചാണ് ഓരോ യാത്രയും തീരുമാനിക്കപ്പെടുന്നത്. വീസയ്ക്ക് വേണ്ടി പണം മുടക്കിയാലും മികച്ച യാത്രാനുഭവം ലഭിക്കുമെന്ന് തോന്നിയാൽ ആളുകളുടെ മുൻഗണന അത്തരത്തിൽ മാറുകയും ചെയ്യും.

English Summary:

Discover the Ease of Visa-Free Travel: Benefits and Limitations Explained

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com