ലോകം സൗദി അറേബ്യയിലേക്ക് വരട്ടെ, രാജ്യാന്തര വിമാനങ്ങളിൽ ടിക്കറ്റ് നിരക്കുകളിൽ 50% ഇളവ്
Mail This Article
ലോകമെങ്ങുമുള്ള വിനോദസഞ്ചാരികളെ തങ്ങളുടെ നാട്ടിലേക്ക് സ്വാഗതം ചെയ്ത് സൗദി അറേബ്യ. സൗദിയുടെ ദേശീയ പതാക വാഹകരായ സൗദിയ രാജ്യാന്തര വിമാനങ്ങളിൽ ടിക്കറ്റ് നിരക്കിൽ 50% വരെ ഇളവുകൾ പ്രഖ്യാപിച്ചു. ജിദ്ദയിലെ കിങ് അബ്ദുൾഅസിസ് രാജ്യാന്തര വിമാനത്താവളം, റിയാദിലെ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളം എന്നിവ വഴിയുള്ള രാജ്യാന്തര വിമാനങ്ങളിലാണ് സൗദിയ ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. വർഷം മുഴുവനും സന്ദർശകർക്കും രാജ്യാന്തര യാത്രികർക്കും എക്സ്ക്ലുസീവ് ഡീലുകൾ നൽകാനുള്ള സൗദിയുടെ പ്രതിബദ്ധതയാണ് ഈ സംരംഭം പ്രതിഫലിപ്പിക്കുന്നത്.
ഈ ഓഫർ 'യുവർ ടിക്കറ്റ്, യുവർ വീസ' സേവനത്തിലൂടെ രാജ്യവുമായി അതിഥികളെ ബന്ധിപ്പിക്കുന്നു. ഇത് അനുസരിച്ച് 96 മണിക്കൂർ വരെ അതിഥികൾക്കു രാജ്യത്ത് തുടരാവുന്നതാണ്. ഈ സമയം കൊണ്ടു രാജ്യത്തെ വിവിധങ്ങളായ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുകയോ ഉംറ നിർവഹിക്കുകയോ ചെയ്യാവുന്നതാണ്. ഇത് അനുസരിച്ച് 2024 സെപ്തംബർ ഒന്നു മുതൽ നവംബർ 30 വരെ രാജ്യത്തേക്കു യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് പ്രമോഷണൽ ഓഫറിൽ ആഗസ്റ്റ് 18 മുതൽ 31 വരെ ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. ബിസിനസ് ക്ലാസ്, ഗസ്റ്റ് ക്ലാസ് എന്നിവയിൽ ആയിരിക്കും ഈ ഓഫർ ബാധകമായിരിക്കുക.
സൗദിയയുടെ വെബ്സൈറ്റും ഡിജിറ്റൽ ചാനലുകളും ട്രിപ്പ് പ്ലാനിങ് മുതൽ ചെക്ക്-ഇൻ, പോസ്റ്റ് ഫ്ലൈറ്റ് സപ്പോർട്ട് വരെയുള്ള സമഗ്രമായ സേവനം വാഗ്ദാനം ചെയ്യുന്നുണ്ട്. 1945ലാണ് സൗദി അറേബ്യയുടെ ദേശീയ പതാക വാഹകരായ സൗദിയ അഥവാ സൗദി എയർലൈൻസ് പ്രവർത്തനം ആരംഭിച്ചത്. മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ എയർലൈനുകളിൽ ഒന്നാണിത്.
ഏകദേശം നാല് ഭൂഖണ്ഡങ്ങളിലായി നൂറിലധികം വിമാനത്താവളങ്ങളിലേക്കാണ് സൗദി എയർലൈൻ എത്തുന്നത്. സൗദി അറേബ്യയിലെ 28 വിമാനത്താവളങ്ങളിലേക്കും ഇവർ സർവീസ് നടത്തുന്നുണ്ട്. രാജ്യാന്തര വ്യോമയാന ഗതാഗത അസോസിയേഷൻ IATA യിലും അറബ് എയർ കാരിയേഴ്സ് ഓർഗനൈസേഷൻ ആകോയിലും (AACO) അംഗമായ സൗദിയ 2012 മുതൽ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സഖ്യമായ സ്കൈടീം അംഗവുമാണ്.
2024 ലെ ലോകത്തിലെ ഏറ്റവും മെച്ചപ്പെട്ട എയർലൈൻ ആയി സൗദിയയെ അടുത്തിടെ സ്‌കൈട്രാക്‌സ് അംഗീകരിച്ചിരുന്നു. ഇത് മൂന്നാം തവണയും മറ്റ് 14 വിശിഷ്ട അവാർഡുകൾക്കൊപ്പം ഈ അംഗീകാരം നേടുന്നു. ദ അപെക്സ് ഒഫിഷ്യൽ എയർലൈൻ റേറ്റിങ് അവാർഡുകളിൽ തുടർച്ചയായി മൂന്നാം വർഷവും 'വേൾഡ് ക്ലാസ് എയർലൈൻ 2024' എന്ന ബഹുമതിയും സൗദിയയ്ക്കു ലഭിച്ചു. മികച്ച ഓൺ ടൈം പെർഫോമൻസിന് ആഗോള എയർലൈനുകളിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കി.