സ്ലീപ്പ് ടൂറിസം മുതൽ ആത്മീയ യാത്ര വരെ: 2024 ലെ യാത്രാ ട്രെൻഡുകൾ
Mail This Article
കോവിഡ് കാലഘട്ടം കഴിഞ്ഞതോടെ യാത്ര എന്നു പറയുന്നത് ഒരു ട്രെൻഡ് ആയി മാറി. എന്നാൽ, പിന്നെ ഇങ്ങോട്ട് അത് ജീവിതത്തിന്റെ ഭാഗമായി. വർഷത്തിൽ ഒരു തവണയെങ്കിലും യാത്ര ചെയ്യാത്തവരായി ആരും തന്നെ ഇല്ലെന്ന് പറയാം. വീടിന്റെ തൊട്ടടുത്തുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് തുടങ്ങി തൊട്ടടുത്തുള്ള സംസ്ഥാനത്തേക്കും എന്നല്ല മറ്റ് രാജ്യങ്ങളിലേക്കും യാത്ര ചെയ്തു തുടങ്ങി. ബസ് കയറി ബന്ധുക്കളുടെ വീട്ടിലെത്തി അവിടെ നിന്ന് മറ്റ് സ്ഥലങ്ങളിലേക്ക് യാത്ര പോകുന്നത് മാറി. ഓൺലൈൻ ആയി ട്രാവൽ വെബ്സൈറ്റുകളിൽ കൂടിയും ആപ്പുകളിൽ കൂടിയും ബുക്ക് ചെയ്തു യാത്ര പോകുന്നതിലേക്കെത്തി കാര്യങ്ങൾ.
ടൂറിസ്റ്റ് കമ്പനികൾ വളരെ സജീവമായി രംഗത്ത് എത്തിയതോടെ ആളുകളുടെ താൽപര്യങ്ങളും മാറി. മ്ക്കിൻസിയുടെ ഗവേഷണം അനുസരിച്ച് 71 ശതമാനം ഉപഭോക്താക്കളും വ്യക്തിഗതമായ ഇടപെടലുകൾ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് സംഭവിക്കാതെ വരുമ്പോൾ നിരാശരാകുകയാണ് 76 ശതമാനം ആളുകളും. അതിന് കാരണം മറ്റൊന്നുമല്ല യാത്ര ചെയ്യുന്നവരുടെ എണ്ണം അത്രമേൽ വർധിച്ചിരിക്കുകയാണ്. അതുകൊണ്ടു തന്നെ ഉപഭോക്താക്കളെ കുറച്ച് കൂടി ശ്രദ്ധിക്കുന്ന ട്രാവൽ കമ്പനികൾക്ക് ആയിരിക്കും ഇനി മുന്നോട്ടുള്ള ഭാവി. കുടുംബമൊന്നിച്ചുള്ള യാത്രകൾക്കൊപ്പം തന്നെ ബിസിനസ് ട്രിപ്പുകളിലും വർദ്ധനവ് ഉണ്ടായി. അതിലെല്ലാമുപരി ആളുകൾ പ്രത്യേകിച്ച സ്ത്രീകൾ സോളോ ട്രിപ്പുകളിലേക്ക് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു എന്നതാണ് കഴിഞ്ഞതവണത്തെ പ്രധാന യാത്രാവിശേഷങ്ങളിൽ ഒന്ന്.
∙ 2024ൽ കേരളവും വിനോദസഞ്ചാരവും
വിനോദസഞ്ചാര മേഖലയിൽ കേരളത്തിൽ ഒരു പുത്തനുണർവിന്റെ കാലമായിരുന്നു കഴിഞ്ഞ വർഷം. പക്ഷേ, ജൂലൈ അവസാനം വയനാട്ടിലെ ചൂരൽമലയിലും മുണ്ടക്കൈയിലും ഉണ്ടായ ഉരുൾപ്പൊട്ടൽ വയനാട് ജില്ലയിലെ ടൂറിസം മേഖലയെ മാത്രമല്ല കേരളത്തെ മൊത്തതിൽ ബാധിച്ചു. മാസങ്ങളോളം വയനാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ ആളുകൾ കാത്ത് കിടന്നു. പല റിസോർട്ടുകളിലും നവംബർ ആയതോടെയാണ് അൽപമെങ്കിലും തിരക്ക് ആരംഭിച്ചത്. കേരളത്തിൽ, പ്രത്യേകിച്ച് വയനാട് പോലെയുള്ള സ്ഥലങ്ങളിൽ 'സസ്റ്റയിനബിൾ ടൂറിസം' പ്രാധാന്യത്തോടെ തന്നെ നടപ്പാക്കേണ്ടതാണെന്ന് വ്യക്തമാക്കുന്നതാണ് 2024 ലെ സംഭവങ്ങൾ.
എല്ലാ വർഷത്തേയും പോലെ മൂന്നാർ തന്നെയായിരുന്നു 2024ലും സഞ്ചാരികളുടെ പ്രധാന ആകർഷണം. ഒപ്പം, ആലപ്പുഴയും കൊച്ചിയും കേരളത്തിന്റെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളായി തന്നെ നിലകൊള്ളുന്നു. വർക്കല ബീച്ചും ആതിരപ്പള്ളി വെള്ളച്ചാട്ടവും ആലപ്പുഴയിലെ ഹൗസ് ബോട്ടും വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളായി തുടരുന്നു. കോവളം, കുമരകം, തേക്കടി, വന്യജീവി കേന്ദ്രങ്ങൾ, ദേശീയോദ്യാനങ്ങൾ എന്നിവിടങ്ങളിലേക്കും സഞ്ചാരികൾ എത്തി. ഋതുക്കൾ മാറി വരുന്നതിന് അനുസരിച്ച് കേരളത്തിൽ യാത്ര ചെയ്യാനുള്ള സ്ഥലങ്ങളും ഉണ്ടെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. മഞ്ഞ് മൂടുന്ന ഡിസംബർ, ജനുവരി മാസങ്ങളിൽ സഞ്ചാരികളെ കാത്ത് ഹിൽ സ്റ്റേഷനുകൾ ഒരുങ്ങിയിരിക്കുകയാണ്. വേനൽക്കാലമാകുമ്പോൾ ഓടിയെത്താൻ നിരവധി ബീച്ചുകൾ, മഴക്കാലത്ത് ആസ്വദിക്കാൻ നിരവധി വെള്ളച്ചാട്ടങ്ങളും മഴനടത്തങ്ങളും. കൂടാതെ, ആയുർവേദ ആരോഗ്യരംഗത്ത് കൃത്യമായി അടയാളപ്പെടിത്തിയിട്ടുള്ളതിനാൽ സുഖചികിത്സയ്ക്കും മറ്റുമായി വിദേശികളും ആഭ്യന്തര സഞ്ചാരികളും കേരളത്തിലേക്ക് എത്തുന്നുണ്ട്. ഓണം, വള്ളംകളികൾ, തെയ്യക്കാലം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയും അടയാളപ്പെടുത്തി സഞ്ചാരികളെ ആകർഷിക്കാൻ കേരളത്തിന് കഴിഞ്ഞാൽ നാടിന്റെ വിനോദസഞ്ചാര മേഖലയിൽ അത് വലിയൊരു കുതിച്ചു ചാട്ടത്തിന് തന്നെ വഴിയൊരുക്കും.
∙ യാത്ര ചെയ്യാൻ ഇന്ത്യ കാണിച്ച മനസ്സ്
2024 ൽ ഇന്ത്യക്കാർ യാത്ര ചെയ്യാൻ ഇറങ്ങിപ്പുറപ്പെട്ടെങ്കിലും പലർക്കും താൽപര്യം വിദേശയാത്ര ആയിരുന്നു. ഗൂഗിളിൽ ഇന്ത്യക്കാർ ഏറ്റവുമധികം തിരഞ്ഞതും അസർബജാൻ, ബാലി, കസാക്കിസ്ഥാൻ, ജോർജിയ, മലേഷ്യ എന്നീ വിദേശരാജ്യങ്ങളെക്കുറിച്ച് ആയിരുന്നു. അതിനൊപ്പം തന്നെ മണാലി, ജയ്പൂർ, അയോധ്യ, കശ്മീർ, ദക്ഷിണ ഗോവ എന്നീ ആഭ്യന്തര വിനോദസഞ്ചാര കേന്ദ്രങ്ങളും ഇന്ത്യക്കാരുടെ ഗൂഗിൾ തിരച്ചിൽ പട്ടികയിൽ ഇടം കണ്ടെത്തി.
ഇന്ത്യൻ പൗരൻമാർക്ക് വീസ ഇല്ലാതെ സന്ദർശിക്കാവുന്ന രാജ്യങ്ങളുടെ എണ്ണം വർധിച്ചതോടെ ഇന്ത്യയിൽ നിന്നു വിദേശത്തേക്കുള്ള വിനോദസഞ്ചാര യാത്രകൾ വർധിച്ചു. അസർബൈജാനിലേക്കുള്ള വീസ നടപടി ക്രമങ്ങൾ കൂടുതൽ എളുപ്പമായതും ന്യായമായ പണച്ചെലവുകളുമാണ് ഈ രാജ്യത്തെ സഞ്ചാരികൾക്കു പ്രിയപ്പെട്ടതാക്കുന്നത്. 14 ദിവസത്തേക്ക് വീസ ഇല്ലാതെ സന്ദർശിക്കാൻ കഴിയുമെന്നത് കസാക്കിസ്ഥാനെ സഞ്ചാരികൾക്കിടയിൽ പ്രിയങ്കരമാക്കി. ജോർജിയയിലെ ഇ-വീസ സൗകര്യം ഇന്ത്യക്കാരെ ഇവിടേക്ക് ആകർഷിക്കുന്നു. യൂറേഷ്യൻ രാജ്യമാണ് ജോർജിയ എന്നതും സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നു. റഷ്യ, ടർക്കി, അർമേനിയ, അസർബെജാൻ എന്നിവയാണ് ജോർജിയയുടെ അയൽരാജ്യങ്ങൾ. മലേഷ്യ ബജറ്റ് ഫ്രണ്ട്ലിയാണെന്നതും വർഷം മുഴുവനും ഇവിടേക്ക് സഞ്ചാരികളെ ആകർഷിക്കുന്നു.
∙ ലോകം സഞ്ചരിക്കുന്നു
പുതിയ സ്ഥലങ്ങൾ തേടി എന്നതിനേക്കാൾ പുതിയ ആശയങ്ങളും പുതിയ സ്വപ്നങ്ങളുമായി ആളുകൾ സഞ്ചരിക്കുകയാണ്. ഏതെങ്കിലും പുസ്തകത്തിൽ വായിച്ചതോ സിനിമയിൽ കണ്ടതോ ആയ സ്ഥലങ്ങൾ തേടി ആളുകൾ സഞ്ചരിക്കുന്നതും ട്രെൻഡാണ്. സ്കൈസ്കാനറിന്റെ റിപ്പോർട്ട് അനുസരിച്ച് 2024 ലെ ട്രാവൽ ട്രെൻഡിൽ 94 ശതമാനം ഇന്ത്യൻ സഞ്ചാരികളെയും സ്വാധീനിച്ചത് സിനിമയും ടിവി ഷോകളും ആയിരുന്നു.
ആത്മീയപരമായ യാത്രകളും സഞ്ചാരികൾക്കിടയിൽ വർധിച്ചു. ലോകത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ആത്മീയ യാത്രാ കേന്ദ്രങ്ങളിലൊന്നാണ് ഇന്ത്യ. പല വിദേശീയരും ഇന്ത്യയിലേക്ക് എത്തുന്നത് പർവ്വതങ്ങൾക്കു മുകളിൽ ധ്യാനിക്കാനും യോഗ പോലെയുള്ളവ പഠിക്കാനുമാണ്. അയോധ്യയിലെ രാം മന്ദിർ കൂടി തുറക്കപ്പെട്ടതോടെ നിരവധി സഞ്ചാരികളാണ് ഇവിടേക്ക് എത്തുന്നത്. 2024 ൽ ആദ്യത്തെ ഏഴുമാസം കൊണ്ടു തന്നെ അയോധ്യയിലേക്ക് എത്തിയത് 12 കോടി ആളുകളാണ്.
2024 ൽ ട്രെൻഡായ മറ്റൊന്നാണ് സ്ലീപ്പ് ടൂറിസം. നിലവിലുള്ള സാഹചര്യങ്ങളിൽ നിന്ന് പൂർണമായി മാറി ശാന്തിയും സമാധാനവും തേടിയുള്ള യാത്രയാണ് ഇത്. മൊത്തത്തിൽ ഒന്ന് റിലാക്സ് ചെയ്ത് കൂടുതൽ ഉന്മേഷത്തോടെ ജീവിതത്തിലേക്ക് മടങ്ങിയെത്തുക എന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. ഡെസ്റ്റിനേഷൻ ഡ്യൂപ്പും 2024ൽ ട്രെൻഡ് ആയിരുന്നു. ചെലവേറിയ ഏതെങ്കിലും വിദേശരാജ്യത്തേക്ക് സഞ്ചരിക്കുന്നതിന് പകരം അതേ കാലാവസ്ഥയും സാഹചര്യവുമുള്ള ഒരു സ്ഥലത്തേക്ക് സഞ്ചരിക്കുക. ദുബായിലേക്ക് പോകുന്നതിന് പകരം ആളുകൾ അസർബൈജാനിലെ ബാകുവിലേക്ക് പോകുന്നത് അതിനുള്ള ഒരു തെളിവാണ്. അതുപോലെ തന്നെ പ്രധാനപ്പെട്ട ഒന്നാണ് ഇവന്റ് ടൂറിസം. ഒരു പ്രദേശത്തെ ഉത്സവവും ആഘോഷങ്ങളും മനസ്സിലാക്കി ആ ദേശത്തേക്ക് സഞ്ചരിക്കുന്നതാണ് ഇത്. 2024നേക്കാൾ ഇരട്ടി പ്രതീക്ഷയോടെയാണ് വിനോദസഞ്ചാര ലോകം 2025 നെ കാത്തിരിക്കുന്നത്.