ഇന്ത്യയിലെ ആദ്യത്തെ ഗ്ലാസ് ബ്രിജ് കാണാൻ പോയാലോ?; പുതുവർഷത്തിലെ ആദ്യയാത്ര എങ്ങോട്ട്?
Mail This Article
കഴിഞ്ഞ ദിവസമാണ് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ കന്യാകുമാരിയിലെ ഗ്ലാസ് ബ്രിജ് ഉദ്ഘാടനം ചെയ്തത്. ഇന്ത്യയിലെ ആദ്യത്തെ ഗ്ലാസ് ബ്രിജാണിത്. വിവേകാനന്ദ റോക്ക് മെമ്മോറിയലിനെയും 133 അടിയുള്ള തിരുവള്ളുവർ പ്രതിമയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് ഈ പുതിയ പാലം. ഇന്ത്യയിൽ ഇത്തരത്തിലൊരു ഗ്ലാസ് പാലം ഇത് ആദ്യമാണ്.
പ്രശസ്ത കവി തിരുവള്ളുവരുടെ പ്രതിമ കാൽ നൂറ്റാണ്ട് മുമ്പാണ് അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി എം കരുണാനിധി അനാച്ഛാദനം ചെയ്തത്. ഇതിന്റെ രജത ജൂബിലിയോട് അനുബന്ധിച്ചാണ് ഇത്തരമൊരു നിർമിതി ഒരുക്കിയത്. ഇന്ത്യയിൽ ഇത് ആദ്യമായാണ് ഇത്തരത്തിൽ ഒരു ഗ്ലാസ് ബ്രിജ്. രണ്ട് സ്മാരകങ്ങളെയും ബന്ധിപ്പിക്കുന്ന ഈ ഗ്ലാസ് ബ്രിജ് സഞ്ചാരികൾക്കു നൽകുന്നത് കടലിന്റെ മനോഹരമായ കാഴ്ചയാണ്. കടലിനു മുകളിലൂടെ നടക്കുന്നത് സഞ്ചാരികൾക്കു മനോഹരമായ അനുഭവം ആയിരിക്കും പ്രദാനം ചെയ്യുകയെന്നു ബന്ധപ്പെട്ടവർ അറിയിച്ചു.
ഏകദേശം 77 മീറ്റർ നീളത്തിലാണ് കന്യാകുമാരി ഗ്ലാസ് ബ്രിജ് തയാറാക്കിയിരിക്കുന്നത്. 133 അടി ഉയരമുള്ള ഈ ഗ്ലാസ് ബ്രിജിന് 10 മീറ്റർ വീതിയാണ് ഉള്ളത്. കടലിൽ നിന്നുള്ള ഉപ്പുവെള്ളത്തെയും ഉയർന്ന ആർദ്രതയെയും പ്രതിരോധിക്കുന്ന തരത്തിലാണ് ഗ്ലാസ് ബ്രിജിലെ കമാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇത്രയും കാലം കടത്തുവള്ളത്തിൽ യാത്ര ചെയ്തായിരുന്നു വിവേകാനന്ദ പാറയിലേക്ക് സഞ്ചാരികൾ എത്തിയിരുന്നത്. എന്നാൽ, ഇനി മുതൽ ഗ്ലാസ് ബ്രിജിലൂടെ നടന്ന് വളരെ എളുപ്പത്തിൽ തന്നെ രണ്ട് സ്മാരകങ്ങളിലേക്കും സഞ്ചരിക്കാം.
ഉദ്ഘാടനത്തിനു ശേഷം ഗ്ലാസ് ബ്രിജിലൂടെ നടന്ന മുഖ്യമന്ത്രി എം കെ സ്റ്റാലിന് ഒപ്പം ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും സംസ്ഥാനമന്ത്രിമാരും കനിമൊഴി എം പിയും മുതിർന്ന ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. തിരുവള്ളുവർ പ്രതിമയിൽ ലേസർ ലൈറ്റ് ഷോയും ഉണ്ടായിരുന്നു.
തിരുവള്ളുവരിന്റെ പാരമ്പര്യത്തെയും മഹത്വത്തെയും കുറിച്ച് സംസാരിച്ച മുഖ്യമന്ത്രി എല്ലാ ഡിസംബറിലെയും അവസാനത്തെ ആഴ്ച 'തിരുക്കുറൽ ആഴ്ച' ആയി ആഘോഷിക്കുമെന്നും വ്യക്തമാക്കി. തിരുക്കുറൽ എന്ന വിഖ്യാത കൃതിയിലെ പാഠങ്ങൾ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഇത്തരത്തിൽ ഒരു ആഴ്ച തിരുക്കുറൽ ആഴ്ചയായി ആഘോഷിക്കുന്നത്.
അതേസമയം, താൻ മുഖ്യമന്ത്രി ആയിരുന്ന കാലത്താണ് പദ്ധതിക്ക് അനുമതി നൽകിയതെന്നും പാരിസ്ഥിതിക അനുമതി നൽകിയതെന്നും എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസാമി പറഞ്ഞു. കന്യാകുമാരിയിൽ ഗ്ലാസ് ബ്രിഡ്ജ് ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അല്ല പദ്ധതി കൊണ്ടുവന്നതെന്നും താൻ മുഖ്യമന്ത്രിയായിരുന്ന എ ഐ എ ഡി എം കെ ഭരണകാലത്താണ് ഇത് കൊണ്ടു വന്നതെന്നും പളനിസ്വാമി മാധ്യമങ്ങളോട് പറഞ്ഞു.
തിരുവള്ളുവർ പ്രതിമയും വിവേകാനന്ദ പാറയും മാത്രമല്ല കന്യാകുമാരിയിൽ കാണാൻ വേറെയും നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളുണ്ട്. ഈ നഗരത്തിന്റെ പേരിന് തന്നെ കാരണമായ ഭഗവതി അമ്മൻ ക്ഷേത്രം അത്തരത്തിൽ പ്രധാനപ്പെട്ട ഒന്നാണ്. ഏഷ്യയിലെ തന്നെ ഏറ്റവും ഉയരവും നീളവുമുള്ള മാത്തൂർ അക്വഡക്ട് ആണ് മറ്റൊരു പ്രധാന ആകർഷണം. കന്യാകുമാരി ജില്ലയിൽ തിരുവട്ടാറിൽ നിന്നും മൂന്ന് കിലോമീറ്റർ അകലെ പറളിയാറിനു കുറുകേയാണ് ഇതു സ്ഥിതി ചെയ്യുന്നത്. 1966ൽ നിർമിച്ച ഈ പാലത്തിന് ഏകദേശം 115 മീറ്റർ ഉയരമുണ്ട്. കാർഷിക ജലസേചനാർഥം നിർമിക്കപ്പെട്ട ചിറ്റാർ പട്ടണം കനാലിന്റെ ഭാഗമായി രണ്ടു കുന്നുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതിനാണ് ഇതു നിർമിച്ചത്. കന്യാകുമാരി ബീച്ച്, പത്മനാഭപുരം കൊട്ടാരം, സുനാമി മെമ്മോറിയൽ പാർക്ക്, മഹാത്മഗാന്ധി മെമ്മോറിയൽ, ചിതരാൽ ജയിൻ സ്മാരകം എന്നിവയാണ് കന്യാകുമാരിയിലെ മറ്റ് പ്രധാന ആകർഷണ കേന്ദ്രങ്ങൾ.