കാണാത്ത ന്യൂയോർക്ക്
Mail This Article
അമേരിക്കയുടെ മുംബൈയാണു ന്യൂയോർക്ക് എന്നു പറയുന്നത് എത്ര ശരി. ഓരോ തവണ ന്യൂയോർക്കിൽ പോകുമ്പോഴും അടിവരയിട്ടുറപ്പിക്കപ്പെടുന്നു ഈ സത്യം. മറ്റൊരു അമേരിക്കൻ നഗരങ്ങളിലും കണ്ടെത്താനാവാത്ത തിരക്ക്. റോഡ് നിയമങ്ങൾ കാറ്റിൽപ്പറത്തി തെന്നിത്തെന്നി ട്രാക്ക് മാറി മുന്നേറുന്ന മഞ്ഞ ടാക്സികൾ. ഇവ ഓർമിപ്പിക്കുന്നത് മഞ്ഞ തലയിലും ബാക്കി കറുപ്പുമായ ഫിയറ്റ് ടാക്സികളെയല്ലേ?
വഴിയിൽ നിന്നു വിസിലടിക്കുന്ന ട്രാഫിക് പൊലീസുകാരനെ മറ്റ് എത്ര അമേരിക്കൻ നഗരങ്ങളിൽ കണ്ടിട്ടുണ്ട്? നിർത്താതെ ഹോണടിക്കുന്ന ഡ്രൈവർമാരെയും കണാം. അപൂർവമായാണെങ്കിലും വെള്ളം കെട്ടി നിൽക്കുന്ന റോഡുകളും പൊട്ടിപ്പൊടിഞ്ഞ ടാറിങ്ങും സബ് വേയിൽ നിന്നു റോഡിലേക്ക് പരക്കുന്ന പുകയും (അതോ പൊടിയോ) ഫൈവ് സ്റ്റാർ ഹോട്ടലിനു തൊട്ടു മുന്നിലും പ്രവർത്തിക്കുന്ന തട്ടു കടകളും ഷോപ്പുകൾക്കു മുന്നിൽ കോർപറേഷൻ വണ്ടി കാത്തിട്ടിരിക്കുന്ന ചപ്പു കൂനകളും പെയിൻറടിക്കാത്ത കെട്ടിടങ്ങളും ഇതിലും ലാവിഷായി കാണണമെങ്കിൽ മുംബൈയിൽത്തന്നെ പോകണം.
ഇങ്ങനെയൊക്കെയാണെങ്കിലും ഇന്ത്യയിലെ മുംബൈയെപ്പോലെ സകലതും ഉൾക്കൊള്ളുന്ന ഏക അമേരിക്കൻ നഗരമായിരിക്കണം ന്യൂയോർക്ക്. വിവിധ നാട്ടിൽ നിന്നു കുടിയേറുന്നവരെയെല്ലാം അമ്മയെപ്പോലെ ഉൾക്കൊണ്ടു പോറ്റി വളർത്തുന്നു. ഏതു വരുമാനക്കാരനും ജീവിക്കാം. ഏതു ജോലിയും കണ്ടെത്താം. അതുകൊണ്ടുതന്നെ ഇന്ത്യയിൽ നിന്നെത്തുന്നവർക്കും ന്യൂയോർക്ക് ഏറ്റവും സുഖകരമായ നഗരങ്ങളിലൊന്നാണ്.
ജെ എഫ് കെയിൽ ഇറങ്ങിയപ്പോൾത്തന്നെ ഈ സൗഹൃദവും തിരക്കും ഒക്കെ അനുഭവിച്ചറിഞ്ഞു. കൊച്ചി എയർപോർട്ടിൽ വന്നിറങ്ങി ഇമ്മിഗ്രേഷന് എന്തു തിരക്ക് എന്നു പറയുന്ന സായിപ്പിന്റെ താടി നോക്കിയൊരു തട്ടു കൊടുക്കണമെന്നു തോന്നിപ്പോയി. ഇവിടെയൊക്കെയുള്ളത് ഒരു തിരക്കാണോ? അതിനു മുമ്പ് വന്നിറങ്ങിയതിന്റെ ചില വിശേഷങ്ങൾക്കൂടി. ന്യൂയോർക്കിൽ വന്നിറങ്ങിയത് ഡെൽറ്റ എയർലൈനിലാണ്. സൂറിക്കിൽ നിന്നുള്ള വരവ്. എയ്റോ ബ്രിഡ്ജ് പ്രതീക്ഷിച്ചു നിന്നു മടുത്തപ്പോൾ അറിയിപ്പ്. വിമാനത്തിന്റെ പിൻവാതിലിലൂടെ ഇറങ്ങുക. ഇതെന്തു പരീക്ഷണം?
അതികഠിനമായ സെക്യൂരിറ്റി ചോദ്യം ചെയ്യലൊഴിച്ചാൽ (മുൻ പ്രസിഡൻറ് കലാമിനെ ഇന്ത്യയിൽ തുണിയഴിപ്പിക്കാൻ ധൈര്യപ്പെട്ടവരല്ലേ അമേരിക്കൻ എയർലൈനറുകൾ) അതേ വരെ ഡെൽറ്റ പൊതുവെ മോശമല്ലായിരുന്നെങ്കിലും ഒരനുഭവം തെല്ലു കല്ലു കടിച്ചു. സീൽ ചെയ്തു കിട്ടിയ കമ്പിളിപ്പുതപ്പ് പൊട്ടിച്ചു നോക്കിയപ്പോൾ നന്നായി നനഞ്ഞിരിക്കുന്നു. പോരാത്തതിന് ഏതോ മദാമ്മയുടെ വെഞ്ചാമരം പോലത്തെ ധാരാളം മുടിയിഴകളും. അറപ്പു തോന്നി. തിരിച്ചു കൊടുത്തു. സോറി സാർ എന്നു പറഞ്ഞു വാങ്ങിക്കൊണ്ടു പോയതല്ലാതെ പകരം ഒന്നു തരാനുള്ള പ്രൊസീഡ്യുവർ അവരുടെ മാന്വലിലില്ലത്രെ. കഷ്ടം. എയർ ഇന്ത്യയെ ഇതൊന്നുമറിയാതെയാണല്ലോ തെറി വിളിച്ചിട്ടുള്ളത്.
എന്തായാലും പിൻ വാതിൽ ഇറക്കം എയ്റോ ബ്രിഡ്ജിലേക്കായിരുന്നില്ല, നമ്മുടെ നാട്ടിലേതു പോലെ സ്റ്റെപ്പിറങ്ങി പുറത്തു നിൽക്കുന്ന വണ്ടിയിലേക്കുമായിരുന്നില്ല. നാലു ബസിന്റെ നീളവും രണ്ടു ബസിന്റെ വീതിയുമുള്ള ഒരു വാഹനത്തിലേക്ക്. ഇതുവരെ കണ്ടിട്ടില്ലാത്ത വലിയ ചക്രങ്ങളിൽ ഉയർന്നു നിൽക്കുന്ന അതിന്റെ ഡോറിലേക്ക് നേരേ കയറാം. എയർ ഹോസ്റ്റസും പൈലറ്റുമടക്കം എല്ലാവരും കയറിക്കഴിഞ്ഞാൽ കറുത്ത മദാമ്മ വാതിലടയ്ക്കും. എന്നിട്ട് അവർ തന്നെ ആ വണ്ടി ഓടിക്കയായി. കുണുങ്ങിക്കുണുങ്ങി ആ വലിയ വാഹനം ഒരു ബോയിങ് 767 ലെ യാത്രക്കാരെ മുഴുവൻ ഒരു ഗേറ്റിലെത്തിക്കും. പിന്നെയാണ് ഇമ്മിഗ്രേഷൻ.
ജെ എഫ് കെ ഇമ്മിഗ്രേഷനിലേക്കു പോകുംമുമ്പ് സെക്യൂരിറ്റിയെപ്പറ്റി ഒരു വാക്കു കൂടി. വലിയൊരു യാത്രയുടെ അവസാന പാദമായിരുന്നു ആ അമേരിക്കൻ യാത്ര. മൂന്നു രാജ്യങ്ങളിലായി ഇരുപതോളം യൂറോപ്പ് എയർപോർട്ടുകൾ താണ്ടി. ഒടുവിൽ സ്റ്റേക് ഹോമിൽ നിന്നു സൂറിക്ക്. അവിടെ നിന്നു ഡെൽറ്റ മാർഗം ജെ എഫ് കെ. ചെക്ക് ഇൻ ചെയ്യുന്നതിനു മുമ്പേ തുടങ്ങി ചോദ്യം ചെയ്യൽ.
എങ്ങനെ വന്നു, എന്തിനു വന്നു, ആരാണ് ബാഗ് പാക്ക് ചെയ്തത്, ആരാണ് എയർപോർട്ടിൽ വിട്ടത്, ഇതിനിടയ്ക്ക് എന്തെങ്കിലും കൈപ്പറ്റിയോ എന്നിങ്ങനെ 20 ചോദ്യങ്ങൾ വയോ വൃദ്ധയായ ഡെൽറ്റ ഗ്രൗണ്ട് സ്റ്റാഫ് ചോദിച്ചു ഇതിനിടെ കണക്ഷൻ ഫ്ളൈറ്റിലെ ബാഗേജ് ടാഗ് കാണാത്തതിനു ചോദ്യം ചെയ്യൽ വേറെ. ഒടുവിൽ എല്ലാം പരിശോധിച്ച് തൃപ്തിയായി അകത്തു കടത്തി. ബുദ്ധിമുട്ടിച്ചതിന് 75 വയസ്സെങ്കിലുമുള്ള ആ ഉദ്യോഗസ്ഥ ക്ഷമയും ചോദിച്ചു. തീർന്നില്ല വിമാനത്തിലേക്കു കടക്കുന്ന വാതിലിനടുത്തെത്തിയപ്പോൾ ചിരിക്കാത്ത മുഖവുമായി പിന്നെയും നിൽക്കുന്നു അതേ കക്ഷി. ഇതിനിടയ്ക്ക് എന്തെങ്കിലും വാങ്ങിയോ എന്നൊരു ചോദ്യം. സ്വിസ് ചോക്ലേറ്റു കുറച്ചു വാങ്ങിയെന്നു പറഞ്ഞു. കുഴപ്പമില്ല, കയറിക്കോ എന്നു മറുപടി.
എന്നിട്ടും തീർന്നില്ല പ്രശ്നങ്ങൾ. സിനിമയിലൊക്കെക്കാണുന്ന എഫ് ബി ഐ ഏജൻറുമാരെ അനുസ്മരിപ്പിക്കുന്ന രണ്ടു സായിപ്പൻമാർ. ഒരുത്തൻ മുട്ടത്തലയൻ. കയ്യിലൊരു ബാഗു പോലുമില്ല. കറുത്തവരായ ഞങ്ങൾ മൂന്നു പേർക്കു ചുറ്റും നടക്കയാണവർ. വിമാനത്തിൽക്കയറിയപ്പോൾ അതിലൊരുത്തൻ എനിക്ക് തൊട്ടടുത്തുള്ള എയ്ൽ സീറ്റിൽ ഇരിപ്പുറപ്പിച്ചു. ഇടയ്ക്കിടെ നോക്കി ചിരിക്കുന്നുമുണ്ട്. തിരിച്ചൊരു ചിരി പ്രതീക്ഷിക്കുന്നുണ്ടെങ്കിലും കാര്യമായി മൈൻഡ് ചെയ്തില്ല. യാത്ര കഴിഞ്ഞ് നമ്മുടെ വമ്പൻ വണ്ടിയിൽക്കയറിയപ്പോൾ അദ്ദേഹം ഒരു ചോദ്യമെറിഞ്ഞു. കൊസോവയിൽ പോയിട്ടുണ്ടോ? ഇല്ല ചേട്ടാ എന്നു പറഞ്ഞു തടിതപ്പി. കൂടുതൽ ചോദ്യത്തിനും ഉത്തരത്തിനുമൊന്നും ഇടം കൊടുത്തില്ല. വിമാനറാഞ്ചലും മറ്റും തടയാൻ സ്കൈ മാർഷൽമാരുണ്ടെന്നു കേട്ടിട്ടുണ്ട്. കക്ഷി അതിലൊരുത്തനാവാനാണു സാധ്യത.
എന്തായാലും പരുക്കില്ലാതെ എയർപോർട്ടിലിറങ്ങി. തറയിലിറങ്ങിയയുടൻ ആളുകൾ ഓടുന്നു. വളവും തിരിവും താണ്ടി പിന്നാലെ ഓടി. ഇടയ്ക്ക് ബാഗേജും കലക്ട് ചെയ്ത് ഓട്ടം തുടർന്നു. ഓട്ടം നിന്നത് വലിയൊരു ക്യൂവിന്റെ വാലറ്റത്ത്. ഇമ്മിഗ്രേഷൻ ക്യൂ അങ്ങനെ വളഞ്ഞു തിരിഞ്ഞു നീളുകയാണ്. നിന്നു നിന്നു കാലു കഴച്ചപ്പോൾ കറുത്ത യൂണിഫോമണിഞ്ഞ പൊലീസുകാരൻ കൗണ്ടറിലേക്കു വിളിച്ചു. ആളു വളരെ ഫ്രണ്ട്ലിയാണ്. ഇതിനു മുമ്പ് അമേരിക്കയിൽ വന്നിട്ടുണ്ടെന്നും സ്പെഷൽ കാറ്റഗറി മീഡിയ വിസയിലാണു യാത്രയെന്നും മനസ്സിലാക്കിയപ്പോൾ കൈവിരലടയാളമൊന്നും വേണ്ടെന്നു പറഞ്ഞു. എന്തിനു വന്നുവെന്നു മാത്രമൊരു ചോദ്യം. ഒരു സോഫ്റ്റ് വെയർ വാങ്ങാനാണെന്നു പറഞ്ഞപ്പോൾ ചിരിയോടെ മറുചോദ്യം. നിങ്ങളൊക്കെയല്ലേ സോഫ്റ്റ് വെയറുണ്ടാക്കുന്നത്. ഇവിടെ നിന്നും എന്തു വാങ്ങാനാ? ചോദ്യം തീരും മുമ്പ് ടപ്പേയെന്ന ശബ്ദത്തോടെ വിസ സീലും വീണു. വീണ്ടും അമേരിക്കയിലേക്ക് സ്വാഗതം.
ന്യൂയോർക്കിനെപ്പറ്റി അൽപം. അമേരിക്കയിലെ ഏറ്റവും ജനസാന്ദ്രതയുള്ള നഗരമാണ് ന്യൂയോർക്ക്. 81 ലക്ഷം പേർ ഇവിടെ താമസിക്കുന്നുവെന്ന് ഏറ്റവും പുതിയ സെൻസസ്. 800 ഭാഷകളെങ്കിലും ഇവിടെ സംസാരിക്കുന്നുണ്ടെന്നു പറയുമ്പോൾ വൈവിധ്യത്തെപ്പറ്റി ഏകദേശധാരണയാകുമല്ലോ. അറ്റ്ലാൻറിക് തീരത്തു സ്ഥിതിചെയ്യുന്ന നഗരം അഞ്ചു സ്വതന്ത്ര നഗരങ്ങൾ ചേർന്നതാണ്. ബ്രോങ്സ്, ബ്രൂക്ലിൻ, മാൻഹാട്ടൻ, ക്യൂൻസ്, സ്റ്റാറ്റേൻ എലെൻഡ്. 790 ചതുരശ്ര കിലോമീറ്ററിൽ പടർന്നു കിടക്കുന്ന ന്യൂ യോർക്കിൽ മുമ്പു പറഞ്ഞ തിക്കും തിരക്കും മാൻഹട്ടൻ പ്രദേശത്തേയുള്ളൂ. ശേഷം പ്രദേശങ്ങളൊക്കെ നഗരത്തിൻറെ തിക്കിലും തിരക്കിലും നി്ന്നൊഴിഞ്ഞ് മരങ്ങളാൽ ചുറ്റപ്പെട്ടു കിടക്കുന്നു. നഗരത്തിന്റെ നടുവിലും വനങ്ങൾ കണ്ടേത്താനാവുന്നത് അമേരിക്കയുടെ പ്രത്യേകതയാണല്ലോ. ന്യൂയോർക്കും വ്യത്യസ്ഥമല്ല. ന്യൂയോർക്കിനകത്തും ചുറ്റും കാണുന്ന വനങ്ങൾ അമേരിക്കയുടെ നാഷനൽ പാർക്കുകളാണ്. സംരക്ഷിത വനങ്ങൾ.
ചതുപ്പും പാറയും നിറഞ്ഞ് ആദിവാസികൾ പാർത്തിരുന്ന പ്രദേശമായിരുന്നു ന്യൂയോർക്ക്. പുതിയ ന്യൂയോർക്കിന്റെ ചരിത്രം 1524 ൽ ഫ്രഞ്ച് പര്യവേഷകൻ ജിയോവാനി ഡാ വേരസാനോ കണ്ടെത്തിയപ്പോൾ മുതൽ ആരംഭിക്കുന്നുവെങ്കിലും ഒരു നൂറ്റാണ്ടു കൂടി കഴിഞ്ഞ് ഡച്ച് അധീനതയിലായിരുന്നപ്പോഴാണ് ശ്രദ്ധേയമാകുന്നത്. ന്യൂ ആംസ്റ്റർ ഡാം എന്നായിരുന്നു അന്നത്തെ പേര്. മാൻഹട്ടന്റെ തെക്കൻ മൂലയിലായിരുന്നു അന്നത്തെ കുടിയേറിപ്പാർക്കൽ. ഡച്ച് കൊളോണിയൽ ഡയറക്ടർ മാൻട്ടൻ ദ്വീപ് ഫ്രഞ്ചു കാരിൽ നിന്ന് 60 ഗിൽഡർ (ഏതാണ്ട് ഇപ്പോഴത്തെ 50000 രൂപ) കൊടുത്തു വാങ്ങിയതാണെന്നു ചരിത്രം. പിന്നീട് 1664 ൽ ബ്രിട്ടീഷുകാർ പിടിച്ചടക്കി ന്യൂയോർക്ക് ആക്കി നാമകരണം ചെയ്തു.
കലുഷിതമായിരുന്നു ന്യൂയോർക്കിന്റെ ആദ്യകാല ചരിത്രം. പകർച്ച വ്യാധികളും കലാപങ്ങളും യുദ്ധങ്ങളുമൊക്കെയുണ്ടായി. ഒരവസരത്തിൽ ജനസംഖ്യ 200 ആയി താണെങ്കിൽ പിന്നീടൊരിക്കൽ ഒരു കോടി വരെ ഉയർന്നു. ആഭ്യന്തര കലാപ കാലത്ത് ലോംഗ് എലെൻഡിൽ ഉഗ്രയുദ്ധങ്ങൾ നടന്നു. കുടിയേറ്റങ്ങളാണ് നഗരത്തിന്റെ സ്വഭാവം രൂപീകരിച്ചത്. ആഫ്രിക്കൻ അമേരിക്കക്കാരുടെ പ്രിയ നഗരമാണ് ന്യൂയോർക്ക് അന്നും ഇന്നും. യൂറോപ്പിന്റെ എല്ലാ ഭാഗത്തുനിന്നും ഏഷ്യയിൽ നിന്നുമൊക്കെയുള്ള കുടിയേറ്റം ന്യൂയോർക്കിന്റെ സംസ്കാരവും ഭക്ഷണരീതിയും വൈവിധ്യമുള്ളതാക്കുന്നു. അമേരിക്കൻ ഇംഗ്ലീഷിൽ ഏറ്റവും മനസ്സിലാകുന്ന ആക്സൻറ് ന്യൂയോർക്കിലെ സംസാരരീതിയാണ്. ബ്രൂക്ക്ലിനെസ് എന്നും ന്യൂയോർക്കീസ് എന്നുമൊക്കപ്പറയുന്ന ഈ ഡയലക്ട് നാനാജാതി ജനങ്ങളിൽ നിന്നുണ്ടായതാണ്. ഇന്ത്യയ്ക്കും മലയാളികൾക്കുമൊക്കെ ഈ സംസാരഭാഷയിൽ സ്വാധീനമുണ്ടെന്നറിയുക.
സബ് വേ എന്നറിയപ്പെടുന്ന അണ്ടർഗൗണ്ട് ട്രെയിനുകളാണ് ന്യൂയോർക്കിലെ മികച്ച യാത്രാരീതി. സബ് വേയിലെ ടിക്കറ്റ് കലക്ടർമാരും മറ്റു സ്റ്റാഫുകളും മലയാളം പറഞ്ഞാൽ അമ്പരക്കരുത്. ആദ്യ കാലത്ത് മലയാളികൾ എളുപ്പത്തിൽ ജോലി കിട്ടിയിരുന്നതും ഏറ്റവുമധികം തൊഴിലെടുത്തിരുന്നതുമായ മേഖലയാണിത്. മഞ്ഞ ടാക്സികളും താരതമ്യേന ചിലവു കുറഞ്ഞവയാണ്. മൂന്നു ഡോളറാണ് മിനിമം കൂലി.
ന്യൂയോർക്കിൽ നല്ല സുഹൃത്തുകൾ പലരുണ്ട്. പഴയ സഹപ്രവർത്തകരായ താജ് മാത്യു (എഡിറ്റർ, അമേരിക്കയിലെ മലയാളം പത്രം), ജോർജ് ജോസഫ് (ഡപ്യൂട്ടി എഡിറ്റർ, ഇന്ത്യ എബ്രോഡ്), ശങ്കരത്തിൽ കോർ എപ്പി സ്കോപ്പയും ഭാര്യ എൽസിയും, സാമൂഹിക പ്രവർത്തകരായ തോമസ് ടി ഉമ്മൻ, ജോർജ് ഏബ്രഹാം, മനോരമ ഓൺലൈൻ ലേഖകൻ ജോർജ് തുമ്പയിൽ, സഹപാഠിയും ന്യൂജേഴ്സിയിൽ ഡെൻറിസ്റ്റുമായ ഡേവീസ് തോമസ് എന്നിങ്ങനെ ഒട്ടേറെപ്പേർ. വന്നതറിഞ്ഞാൽ ഇവർക്കൊപ്പം താമസിച്ചില്ലെങ്കിൽ പിണക്കമാകും. എന്നാൽ യാത്രോദ്ദേശ്യം വ്യത്യസ്തമായതിനാൽ നേരേ പോയത് ടൈം സ്ക്വയറിനു തൊട്ടടുത്തുള്ള ഹിൽറ്റനിലേക്കാണ്. ബുക്കിങ് അവിടെയായിരുന്നു. കൊലപാതകം. ഒരു ഡബിൾ റൂമിന് 350 ഡോളർ. ബ്രേക്ക് ഫാസ്റ്റ് ഇല്ല. രാവിലെ മുതൽ ജോലിയുണ്ട്. നാലു മണിയോടെ ഫ്രീയാകും. പിന്നെ അത്യാവശ്യം സൈറ്റ് സീയിംഗ്. ചില ന്യൂയോർക്ക് കാഴ്ചകളിലേക്ക്.
ടൈംസ് സ്ക്വയർ ലൈറ്റിങ്:
രാത്രിയിൽ വേണം ഇവിടെപ്പോകാൻ. ചെക് ഇൻ ചെയ്ത് മുറിയിൽ്പ്പോയി തിരിച്ച് ഹിൽറ്റൻ ലോബിയിലെത്തിയപ്പോൾ തെല്ലു പരുങ്ങി. ഇതെന്താ ഇന്ത്യയോ? സർദാർജിമാരും സാരിയും ചേലയും ചുരിദാറുമിട്ട യുവതികളുമടക്കം വലിയൊരു ഇന്ത്യൻ പട. അവർ ഹിന്ദിയിലും പഞ്ചാബിയിലും അറിയാൻ പാടില്ലാത്ത ഒരായിരം ഭാഷയിലും കലപില ശബ്ദമുണ്ടാക്കുന്നു. പിന്നെ പിടികിട്ടി. അവിടെയെന്തോ ഡോക്ടർമാരുടെ സെമിനാറാണ്. മരുന്നു കമ്പനി വകയാവണം. ഡോക്ടർമാരെ പിന്നിട്ട് റിവോൾവിങ് വാതിൽ തുറന്നു പുറത്തിറങ്ങിയപ്പോൾ നല്ല മസാല ചിക്കൻറ മണം. നല്ല വറുത്ത കോയീന്റെ മണം തന്നെ. മൂലയ്ക്കുള്ള ഹലാൽ തട്ടു കടയിൽ നിന്നാണ്. തട്ടുകടയിൽ നിന്നു കോഴി കിട്ടണമെങ്കിൽ തെല്ലു കഷ്ടപ്പെടും. നീണ്ട ക്യൂവാണവിടെ. റോഡരികു ചേർന്ന് മഴ വെള്ളം കെട്ടിക്കിടക്കുന്നിടത്തു കാലു വീഴാതെ ടൈം സ്ക്വയർ ലക്ഷ്യമാക്കി നീങ്ങി.
1904 ൽ ന്യൂ യോർക്ക് ടൈംസ് ഹെഡ് ക്വാർട്ടേഴ്സ് ഇങ്ങോട്ടുമാറ്റിയപ്പോഴാണ് ഈ പേരുണ്ടായത്. അതിനുമുമ്പ് 43 ഡ് സ്റ്റ്രീറ്റ് പടത്തലവന്മാരുടെ പാളയമായിരുന്നു. കഴിഞ്ഞ നൂറ്റാണ്ടിൻറെ ആദ്യകാലത്ത് ഷോ വേൾഡായി മാറിയ ഇവിടെ ചാർലി ചാപ്ലിനടക്കമുള്ളവർ നിത്യ സന്ദർശകരായിരുന്നു.
ലൈറ്റുകളുടെ ഒരു കൊട്ടാരമെന്നു വേണമെങ്കിൽ മാൻഹട്ടനിലെ ഈ മുഖ്യ വാണിജ്യ കേന്ദ്രത്തെ വിശേഷിപ്പിക്കാം. സൈൻ ബോർഡുകൾ മിന്നിത്തിളങ്ങുകയാണ് എവിടെയും. ആദ്യം കടന്നു ചെല്ലുന്നവർക്ക് സ്ഥലജല വിഭ്രാന്തിയുണ്ടായില്ലെങ്കിൽ അത്ഭുതം. ചില സൈൻ ബോർഡുകളിൽ കാഴ്ചക്കാരുടെ ചിത്രങ്ങൾ പോലും പ്രതിഫലിക്കുന്നു. ആളുകൾ വഴിയരുകിലിരുന്ന് ബിയറും മോന്തി ബോർഡുകൾ ആസ്വദിക്കുകയാണ്. സാംസ്കാരിക ഷോകളും സിനിമകളും സ്ട്രീറ്റ് പെർഫോമർമാരും ഭിക്ഷക്കാരും സെക്സ് ഷോപ്പുകളുമൊക്കെയുണ്ട് ടൈം സ്ക്വയറിൽ. നടന്നു നേരം വെളുപ്പിക്കാം.
എംപയർ സ്റ്റേറ്റ് ബിൽഡിങ്:
ഉയരം പേടിയാണെങ്കിൽ ഈ കെട്ടിടത്തിനു മുകളിലൊന്നു കയറി താഴേക്കു നോക്കിയാൽ പേടി മാറുമെന്നൊരു അമേരിക്കൻ പഴമൊഴി. 102 നിലയിലായി 1454 മീറ്ററിൽ ഉയർന്നു നിൽക്കുന്ന ന്യൂയോർക്കിന്റെ അന്തസ്സാണ് എംപയർ സ്റ്റേറ്റ് ബിൽഡിങ്. ട്വിൻ ടവറുകളുടെ തകർച്ചയിലും ന്യൂയോർക്ക് സ്കൈലൈന്റെ തനിമ നിലനിർത്തുന്നത് ആധുനിക ലോകത്തിലേ ഏഴ് അത്ഭുതങ്ങളിൽ ഒന്ന്. ഉയരത്തിൽ ന്യൂയോർക്ക് കെട്ടിടങ്ങൾക്കിടയിൽ രണ്ടാമനായിരുന്നു. ഒന്നാമൻ ഇപ്പോഴില്ലാത്ത ട്വിൻ ടവറുകൾ.
മൂന്നാമത് ബാങ്ക് ഓഫ് അമേരിക്കയും നാലാമത് ക്രൈസ്ലർ ബിൽഡിങ്ങും. അഞ്ചാമത് ന്യൂയോർക്ക് ടൈംസ്. 1930 ൽ സാമ്പത്തിക തിരിച്ചടികളുടെ കാലത്ത് പണിയാരംഭിച്ച കെട്ടിടം ഒരു കൊല്ലം കൊണ്ട് പ്രവർത്തനക്ഷമമായി. നാലു ദശകത്തോളം എംപയർ സ്റ്റേറ്റ് ബിൽഡിങ് ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായിരുന്നു.
365 ദിവസവും രാവിലെ എട്ടു മുതൽ ഉച്ചയ്ക്കു രണ്ടു വരെ എൺപത്തി ആറാം നിലയിലെ ഒബ്സർവേറ്ററി തുറക്കും. 21 ഡോളറിന് വെബ്സൈറ്റു വഴി ബുക്കു ചെയ്യാം. 37 ഡോളർ കൊടുത്താൽ 102 ാം നിലയിലും കയറാം. 21 ഡോളറിനുള്ള കയറ്റം മതിയെന്നു വച്ചു. ഹൈ സ്പീഡ് ലിഫ്റ്റിൽ മുകളിലെത്താൻ അധിക സമയമൊന്നും വേണ്ട. എഴുപതിലധികം എലിവേറ്ററുകളുണ്ട് കെട്ടിടത്തിന്. 86 ൽ നിന്ന് 102 ൽ എത്താൻ മാത്രം സ്പെഷൽ എലിവേറ്ററുകൾ. മുകളിലെത്തിയാൽ ഏതാണ്ട് ന്യൂയോർക്കിന്റെ ഭൂമിശാസ്ത്രം പിടികിട്ടും. തെളിഞ്ഞ ദിവസമായതിനാൽ കണ്ണെത്താ ദൂരത്തു പടർന്നു കിടക്കുന്ന കെട്ടിടങ്ങൾ. പണം കൊടുത്താൽ അപ്പോൾത്തന്നെ ഫോട്ടൊയെടുത്ത് കാഴ്ചകണ്ടു താഴെയിറങ്ങുമ്പോൾ കിട്ടും. ദൂരദർശിനി വഴി കാഴ്ചകാണണമെങ്കിലും പണം കൊടുക്കണം. 1953 ൽ സ്ഥാപിച്ച ബ്രോഡ്കാസ്റ്റ് ടവറാണ് കെട്ടിടത്തിന്റെ ഉയരം വീണ്ടും കൂട്ടുന്നത്.
മുകളിലെ ഡെക്കിൽ കെട്ടിടത്തിന്റെ ചരിത്രം ചിത്രങ്ങളിലൂടെ വിവരിക്കുന്നു. കുടിയേറ്റ തൊഴിലാളികളാണ് നിർമാണത്തിനു പിന്നിലുണ്ടായിരുന്നവരിൽ ഭൂരിപക്ഷവും. പണിക്കിടെ ഒട്ടേറെപ്പോർ അപകടത്തിൽ മരിച്ചിട്ടുണ്ട്. 1945 ൽ ഒരു വിമാനം കെട്ടിടത്തിൽ ഇടിച്ചിട്ടുമുണ്ട്. ട്വിൻ ടവറുകളിലല്ല ആദ്യം വിമാനം ഇടിച്ചതെന്നർത്ഥം.
മംഗോളിയൻ ഭക്ഷണം
വാൾസ്ട്രീറ്റിനടുത്ത് ഒരു ഫുഡ് കോർട്ടിലെ മംഗോളിയൻ ഭക്ഷണത്തിന്റെ രുചി ഇപ്പോഴും നാവിലുണ്ട്. രസരകരമായ ഒരനുഭവം. പലതരം ഇറച്ചികളും മത്സ്യവും കൊഞ്ചും പച്ചക്കറിയും മറ്റും പാത്രങ്ങൾ നിറയെയിരിക്കുന്നു. വേണ്ടത്ര സാധനങ്ങൾ ഒരു പാത്രത്തിലേക്കെടുത്ത് ഇഷ്ടമുള്ള സോസുകളും ഒഴിച്ച് പാചക കൗണ്ടറിൽ കൊടുക്കുക. ആദ്യം അവരൊന്നു തൂക്കി നോക്കും. അതനുസരിച്ചാണു വില. പിന്നെ വലിയൊരു മേശയുടെ വലുപ്പമുള്ള ദോശക്കല്ലിലേക്ക് ഇടും. ചുട്ടു പഴുത്തു കിടക്കുകയാണത്. വലിയൊരു ശീ ശബ്ദത്തിൽ പതിക്കുന്ന ഭക്ഷണത്തിലേക്ക് ഏതാനും ചില എണ്ണകളും സോസും പകരുന്നു. ഒരു മിനിറ്റിൽ ഭക്ഷണം റെഡി. ഒറ്റ മിനിറ്റു കൊണ്ട് ബീഫും ചിക്കനും എങ്ങനെ വേകുന്നു എന്നത് ഇന്നും പിടികിട്ടുന്നില്ല.
ഗ്രൗണ്ട് സീറോ
പത്തു കൊല്ലം മുമ്പ് ഒരു സന്ധ്യയ്ക്ക് കോട്ടയത്തെ വീട്ടിലിരുന്നു ടെലിവിഷനിലാണ് ഞെട്ടിക്കുന്ന കാഴ്ച കണ്ടത്. വിമാനങ്ങൾ ഇടിച്ചു ദുർബലമായ ട്വിൻ ടവറുകൾ ചീട്ടുകൊട്ടാരം പോലെ തകർന്നു വീഴുന്നു. അന്ന് ഒരിക്കലും കരുതിയില്ല ആ തകർച്ചയുടെ വടുക്കൾ നേരിൽക്കാണേണ്ടിവരുമെന്ന്. ട്വിൻ ടവറുകൾ തകർന്നിട്ടു വർഷങ്ങൾ പലതായിട്ടും ഗ്രൗണ്ട് സീറോയിൽ കാര്യമായി ഒന്നും നടന്നിട്ടില്ല. തകർച്ചയുടെ കല്ലും മണ്ണും ഉരുക്കും മാറ്റിയ മണ്ണ് വലിയൊരു വടുവായിത്തന്നെ കുഴിഞ്ഞു കിടക്കുന്നു. അതിവേഗം ബഹുദൂരം എന്നതു പ്രാവർത്തികമാക്കിയ അമേരിക്ക ഈ തകർച്ചയ്ക്കു മുന്നിൽ പകച്ചു നിൽക്കുംപോലെ.
വലിയ തിരക്കൊന്നും ഇവിടെയിപ്പോഴില്ല. എല്ലാവരും മറക്കാനാഗ്രിക്കുന്ന ഓർമയാകാം ട്വിൻ ടവറുകൾ. നിർമാണ പ്രവർത്തനങ്ങൾക്കായി കെട്ടി മറച്ച താൽക്കാലിക വേലിക്കു പുറത്തു കൂടി നടന്നപ്പോൾ ഓർമകൾ 2001 സെപ്റ്റംബർ 11 ലെ ടി വി കാഴ്ചകളിലേക്കു തിരിച്ചു പോയി. ഇവിടെയൊരു കൂറ്റൻ കെട്ടിടമുണ്ടെന്ന് സങ്കൽപിക്കാനേ സാധിക്കുന്നില്ല. ഈ റോഡിലൂടെയാണ് ആളുകൾ പ്രാണരക്ഷാർത്ഥം പരക്കം പാഞ്ഞതെന്ന് കരുതാനേ കഴിയുന്നില്ല. എന്നാൽ പൊടി പടലങ്ങൾ പർവതങ്ങളായി ഉയരുന്നതും രക്ഷാവാഹനങ്ങൾ പായുന്നതുമൊക്കെ ടെലിവിഷൻ ചിത്രങ്ങളായി ഇപ്പോഴും ഓർമയിൽ നിൽക്കുന്നു..
ഗ്രൗണ്ട് സീറോയിൽ ഇപ്പോൾ ഒന്നുമില്ലെങ്കിലും പഴയ ഓർമകൾ മാത്രം മതി അതിനു മുന്നിൽ നിന്ന് അവിടെ പൊലിഞ്ഞ ജീവനുകൾക്കു വേണ്ടി ഒരു നിമിഷം മൗനപ്രാർത്ഥനയർപ്പിക്കാൻ. (മനോരമ ഓൺലൈൻ എഡിറ്റോറിയൽ കോ ഓർഡിനേറ്റർ എന്ന നിലയിൽ തിരക്കിൽപ്പെട്ട് ഒറ്റപ്പെട്ടവരെ സഹായിക്കാനായി ഇൻറർനെറ്റ് സേവനങ്ങൾ നൽകിയിരുന്നുവെന്നൊരു ബന്ധം കൂടിയുണ്ട് ട്വിൻ ടവറുമായി ബന്ധപ്പെട്ട്). എൻറെ യാത്ര കഴിഞ്ഞ് ഏതാനും മാസങ്ങൾക്കകം ഇവിടെയൊരു മനോഹര സ്മാരകം പ്രസിഡൻറ് ബരാക് ഒബാമയും മുൻ പ്രസിഡൻറ് ജോർജ് ബുഷും ചേർന്ന് അനാവരണം ചെയ്തു.
വാൾസ്ട്രീറ്റ് ബുൾ
ന്യൂയോർക്കിലെത്തിയിട്ട് ഈ കാളക്കൂറ്റനെ ഒന്നു കണ്ടില്ലെങ്കിൽ മോശമല്ലേ. 1987 ലെ സ്റ്റോക് മാർക്കറ്റ് ഇടിവിനുശേഷം മൂന്നര ലക്ഷം ഡോളർ മുടക്കി ഓർട്ടിയോ ഡി മോഡികാ എന്ന ഇറ്റാലിയൻ അമേരിക്കൻ ഉണ്ടാക്കിയതാണീ പ്രതിമ. അമേരിക്കൻ ജനതയുടെ ശക്തിയുടെ പ്രതിഛായയായ ഈ കുത്താനോങ്ങി നിൽക്കുന്ന കാളക്കൂറ്റനെ ഒന്നു തൊട്ട്, ഫോട്ടോയെടുത്ത് മടങ്ങാത്തവർ കുറയും. വാൾസ്ട്രീറ്റിനടുത്ത് ബൗളിങ് ഗ്രീൻ പാർക്കിലാണ് സ്ഥാനം.
സ്റ്റാച്യു ഓഫ് ലിബർട്ടി
ഒരു ദിവസത്തെ പണിയാണ് ന്യൂയോർക്ക് ഹാർബറിലെ ഈ സ്മാരകം കാണാനുള്ള യാത്ര. ന്യൂജേഴ്സി സൈഡിൽ നിന്നായിരുന്നു എന്റെ യാത്ര. ഉപേക്ഷിക്കപ്പെട്ട പഴയൊരു വാർഫിൽ ഒരുക്കിയ റിസപ്ഷനിൽ നിന്നു ടിക്കറ്റെടുത്ത് ചെറിയ കപ്പലിലേക്ക് കയറി. രണ്ടു ഡെക്കുള്ള കപ്പലിന്റെ മുകൾത്തട്ടിലായിരുന്നു യാത്ര. ഇടയ്ക്കൊരു ദ്വീപുണ്ട്. കപ്പൽ നിർത്തും. വേണമെങ്കിൽ ഇറങ്ങാം. അല്ലാത്തവർ ലിബർട്ടി പ്രതിമയിരിക്കുന്ന ലിബർട്ടി ദ്വീപിലേക്ക് തുടരാം.
പോകുന്ന വഴിക്കെല്ലാം നാഴികക്കല്ലായി കയ്യുയർത്തി നിൽക്കുന്ന വൻ പ്രതിമ. ഭീകരാക്രമണമുണ്ടാകുന്നതിനു മുൻകാലങ്ങളിൽ പ്രതിമയുടെ മുകളിലുള്ള ലൈറ്റ് ഹൗസ് വരെ സ്റ്റെപ്പുകയറിച്ചെല്ലാമായിരുന്നു. ഇപ്പോൾ അതൊക്കെ നിയന്ത്രിച്ചിരിക്കയാണ്. വലിയൊരു പീഠത്തിലാണ് പ്രതിമയുടെ സ്ഥാനം. 1886 ൽ പണിത ഈ ഫ്രഞ്ച് ശിൽപമാണ് അമേരിക്കയുടെ ചിഹ്നമായതെന്നത് വൈരുദ്ധ്യമായിത്തോന്നാം. പീഠം ഒഴിച്ചു ബാക്കിയെല്ലാം ഫ്രാൻസിൽ നിർമിച്ചു കൊണ്ടുവന്നതാണ്. അമേരിക്കയ്ക്ക് ഫ്രഞ്ച് ജനതയുടെ സമ്മാനമാണ് ലിബേർട്ടാസ് എന്ന റോമൻ ദേവതയുടെ ശിൽപം. സ്വാതന്ത്യ്രത്തിന്റെ ദേവതയാണ് ലിബേർട്ടാസ്.
പ്രതിമയുടെ തറയുണ്ടാക്കാൻ ജോസഫ് പുലിറ്റ്സർ അടക്കമുള്ള പ്രമുഖരാണ് ധനശേഖരണം നടത്തിയത്. ചെമ്പിലുള്ള പ്രതിമയ്ക്ക് 151 മീറ്ററും മൊത്തത്തിൽ 305 മീറ്ററുമാണ് ഉയരം. തൊട്ടടുത്തു നിന്നാൽ വലുപ്പം കൊണ്ടുള്ള ഗാംഭീര്യം ശരിക്കറിയാം. അകത്തു കയറനാവാത്ത അവസ്ഥയിൽ ചുറ്റുമുള്ള പാർക്കിൽ വട്ടം ചുറ്റി സൊവനീർ ഷോപ്പിൽ നിന്നൊരു മെമൻറോയും വാങ്ങി മടങ്ങി. എന്തായിരിക്കും അതെന്നു ഊഹിക്കാവുന്നതേയുള്ളൂ. സ്റ്റാച്യു ഓഫ് ലിബർട്ടിയുടെ ചെറു രൂപം.
വീട്
അവസാനിപ്പിക്കുന്നതിനു മുമ്പ് അമേരിക്കയിലെയും ന്യൂയോർക്കിലെയും വീടുകളെപ്പറ്റി ഒരു വാക്ക്. പുറമെ ഒതുക്കമുണ്ടെങ്കിലും ധാരാളം വലുപ്പമുള്ളവയാണ് ഇവിടുത്തെ വീടുകൾ. മിക്ക പ്രദേശങ്ങളിലും ഒരു ബേസ് മെൻറ് കൂടിയുണ്ടാവും. ഇതിനു തന്നെ നമ്മുടെ നാട്ടിലെ സാധാരണയൊരു വീടിന്റെ വലുപ്പമുണ്ട്. ഹീറ്റിങ് സംവിധാനങ്ങളും സ്റ്റോറേജുമാണ് ഇവിടെ മുഖ്യമായി ഉദ്ദേശിക്കുന്നതെങ്കിലും ബെഡ് റൂമുകളും മീറ്റിങ് റൂമുകളും ഒരുക്കിയിട്ടുള്ള ബേസ് മെൻറുകളും കണ്ടു.
മിക്ക വീടിനും തടി കൊണ്ടുള്ള പാർട്ടിഷനുകളാണ്. എന്നാൽ ന്യൂയോർക്കിലെ പഴയ വീടുകളും ഫ്ളാറ്റുകളും ഇഷ്ടികയിൽ തീർത്തതാണ്. പലതിനും 100 കൊല്ലത്തിലധികം പഴക്കമുണ്ട്. പഴയതൊക്കെ അമേരിക്കക്കാർ വലിച്ചെറിയുമെന്നതു വെറും നുണക്കഥ. രണ്ടു ലിവിങ് റൂമുകളുണ്ട് മിക്ക വീടിനും. ഓട്ടമാറ്റിക് ഡോറുള്ള ഗാരജ് വഴി കയറുന്നത് അടുക്കളയിലേക്കാണ്. സാധാരണ ആ വാതിലാണ് എല്ലാവരും ഉപയോഗിക്കുക. ഗസ്റ്റ് മാത്രം ഒൗദ്യോഗിക മുൻവാതിലിലൂടെ ഗസ്റ്റ് ലിവിങ് റൂമിലെത്തും. കുടുംബാഗങ്ങൾ അടുക്കളയോടടുത്തുള്ള ലിവിങ് റൂമും മറ്റു സൗകര്യങ്ങളും പ്രയോജനപ്പെടുത്തുന്നു.