ADVERTISEMENT

വെള്ളത്തിന്‌ മുകളില്‍ സഞ്ചാരികള്‍ക്ക് താമസിക്കാന്‍ കമനീയമായ അന്‍പതോളം കബാനകള്‍. കൂടാതെ രുചികരമായ വിഭവങ്ങള്‍ വിളമ്പുന്ന റസ്റ്ററന്റും രസികന്‍ സ്വിമ്മിങ് പൂളും അടിച്ചുപൊളിക്കാന്‍ പബ്ബും കരോക്കെ ലോഞ്ചും അണ്ടർവാട്ടർ ജിമ്മും സ്പായുമെല്ലാമുണ്ട്. ശ്രീലങ്കയിലെ പുതുതായി തുറന്ന കിടിലന്‍ ഒഴുകും റിസോര്‍ട്ടായ ബോലാഗലയില്‍ ഒരിക്കലും മറക്കാനാവാത്ത മനോഹര അനുഭവങ്ങളാണ് താമസക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നത്.

bolagala-floating-resort-4

അഗ്രോ ടൂറിസം തീമില്‍ നിര്‍മിച്ച ശ്രീലങ്കയിലെ ആദ്യ ഫ്ലോട്ടിങ് റിസോര്‍ട്ടാണ് കാട്ടാനയിലെ ബോലാഗല ഫ്ലോട്ടിങ് അഗ്രോ ടൂറിസം റിസോര്‍ട്ട്. രാജ്യത്തെ ടൂറിസം ഹബ്ബായ നിഗോംബോയ്ക്ക് അടുത്താണ് ഇതു സ്ഥിതി ചെയ്യുന്നത്. കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന പഞ്ചാരമണല്‍ ബീച്ചുകള്‍ക്കും ഡൈവിങ്, സ്നോര്‍ക്കലിങ് മുതലായ  സമുദ്രസാഹസിക വിനോദങ്ങള്‍ക്കും പേരു കേട്ടതാണ് നിഗോംബോ. ലോകമെങ്ങു നിന്നുമുള്ള നിരവധി സഞ്ചാരികള്‍ അവധിക്കാലം ചിലവഴിക്കാന്‍ എത്തുന്ന സ്ഥലമാണ് നിഗോംബോ. ഇവിടെ നിന്നും റിസോര്‍ട്ടിലേക്ക് എത്തിച്ചേരാന്‍ ബുദ്ധിമുട്ടില്ല. നിഗോംബോയിലെത്തുന്ന അന്താരാഷ്ട്ര സഞ്ചാരികളെയാണ് പ്രധാനമായും റിസോര്‍ട്ടുകാര്‍ ഉന്നം വെയ്ക്കുന്നതും. 

വിവിധ സൗകര്യങ്ങള്‍ക്ക് പുറമേ, വാട്ടർസ്‌പോർട്സ്, ജോഗിങ്, സൈക്കിൾ ട്രാക്സ്, ടെന്നിസ് കോർട്ട്, ഫിഷിങ്, ഇലക്ട്രിക് കാർ എന്നിവ പോലുള്ള മറ്റു രസകരമായ അനുഭവങ്ങളും ഇവിടെ സഞ്ചാരികൾക്കായി ഒരുക്കിയിട്ടുണ്ട്. ജൈവകൃഷിയുടെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടുക എന്നതും ഈ സുസ്ഥിര ടൂറിസം സംരംഭത്തിന്‍റെ ലക്ഷ്യങ്ങളില്‍ ഒന്നാണ്. റിസോര്‍ട്ടില്‍ താമസിക്കുന്നവര്‍ക്ക് ശ്രീലങ്കയിലെ കൃഷിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ആസ്വദിക്കാനും കഴിയും. നെഗോംബോ പ്രദേശത്ത് ഇതാദ്യമായാണ് ജൈവകൃഷി എന്ന ആശയം ഈ രീതിയില്‍ ടൂറിസവുമായി ബന്ധപ്പെടുത്തി ഉപയോഗിക്കുന്നത്.  

bolagala-floating-resort-3

ബോലാഗല പദ്ധതി രണ്ടു ഘട്ടങ്ങളായാണ് പൂർത്തീകരിക്കുക. ആദ്യ ഘട്ടത്തിൽ, മൂന്നു സ്യൂട്ട് റൂമുകൾ, 3 ജിപിഎസ് മൂവബിള്‍ റൂമുകള്‍, 27 ഡീലക്സ് റൂമുകൾ, ഒരു റസ്റ്ററന്‍റ്, ഒരു ഫ്ലോട്ടിങ് സ്വിമ്മിങ് പൂൾ എന്നിവയുടെ പണികള്‍ പൂർത്തിയാക്കും. രണ്ടാം ഘട്ടത്തിൽ ബാക്കി കബാനകളും നാലു സ്പാ റൂമുകളുള്ള അണ്ടർവാട്ടർ സ്പായും മറ്റു സൗകര്യങ്ങളും പൂര്‍ത്തിയാക്കും. 

bolagala-floating-resort-1

ഈ മാസം ആദ്യവാരത്തില്‍ ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ ട്രാവല്‍ ബബിള്‍ ക്രമീകരണത്തിനായി ധാരണയായിരുന്നു. എന്നാല്‍ കോവിഡ് നിരക്ക് കുതിച്ചുയരുന്ന സാഹചര്യത്തില്‍ ശ്രീലങ്കയില്‍ അന്താരാഷ്ട്ര ടൂറിസം ഉടന്‍ പ്രോത്സാഹിപ്പിക്കാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ട്. ഒരു ലക്ഷത്തിനടുത്ത് ആളുകള്‍ക്ക് ഇതുവരെ കോവിഡ് ബാധിച്ചു. ഈ മാസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളില്‍ 15% വിദേശ സഞ്ചാരികളാണ് എന്ന് കണക്കുകള്‍ പറയുന്നു. വിദേശസഞ്ചാരികള്‍ വരുന്നതുമായി ബന്ധപ്പെട്ടുള്ള നിലവിലെ നയം അവലോകനം ചെയ്യേണ്ടതുണ്ടെന്ന് ചീഫ് എപ്പിഡെമോളജിസ്റ്റ് സുദാത് സമരവീര പറഞ്ഞു. 

bolagala-floating-resort-2

ഈ വര്‍ഷം ജനുവരിയിൽ 'നെബൊർഹുഡ് ഫസ്റ്റ്' നയപ്രകാരം ഇന്ത്യ  500,000 ഡോസ് കോവിഷീൽഡ് വാക്സിൻ ശ്രീലങ്കയ്ക്ക് സംഭാവന ചെയ്തിരുന്നു. ജനുവരി അവസാനം ആരംഭിച്ച വാക്സിനേഷൻ പ്രക്രിയയില്‍, ഇതുവരെ 925,000 പേർക്ക് ആദ്യ കുത്തിവയ്പ് നൽകിക്കഴിഞ്ഞു. മൊത്തം 21 ദശലക്ഷം ആണ് ശ്രീലങ്കയിലെ ജനസംഖ്യ.

English Summary: Sri Lanka all set to get its first-ever floating agro Tourism Resort

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com