ADVERTISEMENT

ഇക്കുറി ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്ക് തായ്‌ലൻഡ് യാത്ര ഒരു ട്രെന്‍ഡാണ്. കൊറോണ കൊണ്ടുപോയ കഴിഞ്ഞ പുതുവര്‍ഷക്കാലങ്ങളുടെ നഷ്ടം നികത്താന്‍ ഒട്ടേറെപ്പേരാണ് ഇവിടേക്ക് യാത്ര ചെയ്യുന്നത്. സോഷ്യല്‍മീഡിയയിലൊന്നാകെ തായ്‌ലൻഡില്‍ നിന്നുള്ള ദൃശ്യങ്ങള്‍ നിറഞ്ഞുകാണാം, ഇക്കൂട്ടത്തില്‍ ധാരാളം സെലിബ്രിറ്റികളുമുണ്ട്. 

തായ്‌ലൻഡിലെ ഫുക്കെറ്റില്‍ അവധിക്കാലം ആഘോഷിക്കുകയാണ് ബോളിവുഡ് നടി അനന്യ പാണ്ഡേ. ഇവിടെ നിന്നുള്ള ധാരാളം ചിത്രങ്ങള്‍ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. 

നേരത്തെ, സുഹൃത്തും അമിതാഭ് ബച്ചന്റെ കൊച്ചുമകളുമായ നവ്യ നവേലി നന്ദയ്‌ക്കൊപ്പമുള്ള അവധിക്കാല ചിത്രങ്ങളും അനന്യ പങ്കുവെച്ചിരുന്നു. പിങ്ക് നിറത്തിലുള്ള ഗൗണിൽ ഏറെ സുന്ദരിയായാണ് ഇവയില്‍ അനന്യ പ്രത്യക്ഷപ്പെടുന്നത്. 

വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പം ലൈഗറിലാണ് അനന്യ പാണ്ഡെ അവസാനമായി അഭിനയിച്ചത്. ഖോ ഗയേ ഹം കഹാൻ, ഡ്രീം ഗേൾ 2 തുടങ്ങിയവയാണ് ഇനി അനന്യയുടെതായി വരാനിരിക്കുന്ന ചിത്രങ്ങള്‍.

അനന്യ കൂടാതെ ബോളിവുഡ് നടി രാകുൽ പ്രീത് സിംഗും ഫുക്കെറ്റില്‍ നിന്നുള്ള പുതുവത്സര ആഘോഷചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. പാര്‍ട്ടി ആഘോഷത്തിന്‍റെയും ബീച്ചിന്‍റെയുമെല്ലാം ദൃശ്യങ്ങള്‍ രാകുലിന്‍റെ ഇന്‍സ്റ്റഗ്രാമില്‍ കാണാം.

തായ്‌ലൻഡിലെ ഏറ്റവും പ്രശസ്തമായ ബീച്ചുകളും ആഡംബരപൂര്‍ണ്ണമായ കടൽത്തീര റിസോർട്ടുകളും തിളങ്ങുന്ന രാത്രിജീവിതവുമുള്ള നഗരമാണ് ആൻഡമാൻ കടലിലെ ശാന്തമായ ജലത്തില്‍ സ്ഥിതി ചെയ്യുന്ന ഫുക്കെറ്റ്. സ്‌കൂബ ഡൈവിങ്, സ്‌നോർക്കെലിങ്, കയാക്കിങ്, സ്‌പീഡ് ബോട്ടിങ് തുടങ്ങിയ സമുദ്ര സാഹസികവിനോദങ്ങളും ഫുക്കെറ്റിന്‍റെ മുഖമുദ്രകളില്‍പ്പെടുന്നു. പുതുവര്‍ഷം സാധാരണയായി ഫുക്കെറ്റില്‍ ആഘോഷപൂര്‍ണമാണ്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന സഞ്ചാരികളെക്കൊണ്ട് ഫുക്കെറ്റ് നിറയുന്ന സമയമാണിത്. 

ബോട്ട് ടൂറുകൾക്ക് പേരുകേട്ട ഫാങ് എൻഗാ ബേ, കൊളോണിയൽ വാസ്തുവിദ്യയുടെ അതിശയകരമായ കാഴ്ചയൊരുക്കുന്ന ഓള്‍ഡ്‌ ഫുക്കെറ്റ് ടൗണ്‍, നക്കർഡ് കുന്നുകളില്‍ വെളുത്ത മാർബിൾ കൊണ്ട് നിർമിച്ച ഭീമന്‍ ബുദ്ധപ്രതിമ, തെക്കുപടിഞ്ഞാറൻ തീരത്ത് സ്ഥിതിചെയ്യുന്ന പ്രോംതെപ് കേപ്പ് വ്യൂ പോയിന്‍റ് തുടങ്ങിയവ ഫുക്കെറ്റിലെ പ്രധാന കാഴ്ചകളാണ്.

കൂടാതെ,  ഖാവോ ലക് പാർക്കിലും ഖാവോ സോക്ക് നാഷണൽ പാർക്കിലും വൈൽഡ് സഫാരി ടൂറുകൾ, ഡോൾഫിൻ ബേ നെമോ തീം പാർക്കിലെ ഡോൾഫിൻ ഷോ, വീക്കെൻഡ് നൈറ്റ് മാർക്കറ്റ്, ഫിഫി ഐലന്‍ഡ്സ്, കരോൺ വ്യൂ പോയിന്‍റ്, മങ്കി ഹിൽ എന്നിവയും ഫുക്കെറ്റിലെത്തുന്ന സഞ്ചാരികള്‍ ഒരിക്കലും ഒഴിവാക്കാന്‍ പാടില്ലാത്ത ചില അനുഭവങ്ങളാണ്. നവംബർ മുതൽ ഏപ്രിൽ വരെയാണ് ഫുക്കെറ്റ് സന്ദർശിക്കാൻ അനുയോജ്യമായ സമയം.

പുഞ്ചിരികളുടെ നാടെന്നറിയപ്പെടുന്ന തായ്‌ലൻഡ്, കാലങ്ങളായി ഇന്ത്യന്‍ സഞ്ചാരികളുടെ പറുദീസയാണ്. ബാങ്കോക്ക്, ഫിഫി ദ്വീപുകൾ, ഫുകേത് എന്നിവ കൂടാതെ, ആകർഷകമായ നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഇവിടെയുണ്ട്. ഇന്ത്യക്കാര്‍ക്ക് കുറഞ്ഞ ചിലവില്‍ പോയിവരാവുന്ന ഒരിടം കൂടിയാണ് തായ്‌ലൻഡ് എന്നതും ജനപ്രിയത കൂട്ടുന്നു.

English Summary: Ananya Pandey and Rakul Peet Celebrate Holidays in Phuket

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com