മൂകത നിറഞ്ഞ മെമ്മോറിയൽ പൂൾ, വിഡിയോകളിലെ ജീവിതകഥകൾ, ലാഡർ 3 ഫയർ ട്രക്ക്, മറക്കാനാവില്ല 9/11
Mail This Article
അമേരിക്കന്‍ ഐക്യനാടുകളുടെ മാത്രമല്ല ലോകചരിത്രത്തിലെ തന്നെ കറുത്ത ദിനങ്ങളിലൊന്നാണ് 2001 സെപ്റ്റംബര്‍ 11. നാലു യാത്രാവിമാനങ്ങളാണ് അന്ന് അൽഖായിദ ഭീകരർ റാഞ്ചിയത്. മാസച്യുസിറ്റ്‌സിലെ ബോസ്റ്റണിലുള്ള ലോഗൻ രാജ്യാന്തര വിമാനത്താവളത്തിൽനിന്നു കലിഫോർണിയയിലെ ലൊസാഞ്ചലസ് രാജ്യാന്തര വിമാനത്താവളത്തിലേക്കുപോയ അമേരിക്കൻ എയർലൈൻസിന്റെ പതിനൊന്നാം നമ്പർ വിമാനം, ഇതേ റൂട്ടിൽ പോയ യുണൈറ്റഡ് എയർലൈൻസിന്റെ 175–ാം നമ്പർ വിമാനം, വാഷിങ്ടൻ ഡാലസ് വിമാനത്താവളത്തിൽനിന്നു ലൊസാഞ്ചലസിലേക്കു പോയ അമേരിക്കൻ എയർലൈൻസിന്റെ 77–ാം നമ്പർ വിമാനം, ന്യൂജഴ്സിയിലെ നെവാർക്കിൽനിന്നു സാൻഫ്രാൻസിസ്കോയിലേക്കു പോയ യുണൈറ്റഡ് എയർലൈൻസിന്റെ 93–ാം നമ്പർ വിമാനം എന്നിവയാണു റാഞ്ചിയത്.
ആദ്യത്തെ വിമാനം പ്രാദേശിക സമയം രാവിലെ 8:46:40 നു വേൾഡ് ട്രേഡ് സെന്ററിന്റെ വടക്കേ ടവറിൽ ഇടിച്ചു കയറ്റി. 9:03:11ന് രണ്ടാമത്തെ വിമാനം തെക്കേ ടവറിലും ഇടിച്ചിറക്കി. മൂന്നാമത്തെ വിമാനം വാഷിങ്ടൻ ഡിസിയിലെ വിർജീനിയയിലുള്ള പെന്റഗൺ ആസ്ഥാന മന്ദിരത്തിൽ ഇടിച്ചു കയറ്റി. നാലാമത്തെ വിമാനം പെൻസിൽവാനിയ സംസ്ഥാനത്തെ സോമർസെറ്റ് കൗണ്ടിയിലുള്ള ഷാങ്ക്സ്‌വില്ലെ എന്ന സ്ഥലത്തെ പാടത്തു 10:03:11നു തകർന്നു വീണു. നാലു വിമാനങ്ങളിലെയും മുഴുവൻ യാത്രക്കാരും കൊല്ലപ്പെട്ടു.
ലോകത്തെ നടുക്കിയ ഈ ഭീകരാക്രമണങ്ങള്‍ വന്‍ നാശനഷ്ടമാണ് അമേരിക്കയില്‍ വിതച്ചത്. അമേരിക്ക തികഞ്ഞ അനിശ്ചിതാവസ്ഥയില്‍ മുങ്ങി. പേൾ ഹാർബറിനു ശേഷം അമേരിക്കക്കേറ്റ ഏറ്റവും വലിയ പ്രഹരമായിരുന്നു ഈ സംഭവം. മൂവായിരത്തില്‍പരം ആള്‍ക്കാരുടെ ജീവനെടുത്ത ഈ തീവ്രവാദ ആക്രമണങ്ങളുടെ സ്മരണയായ ന്യൂയോര്‍ക്ക് സിറ്റിയിലെ 9/11 മെമ്മോറിയൽ മ്യൂസിയവും വാഷിങ്ടണിലെ ആര്‍ലിംഗ്ടണ്‍ കൗണ്ടിയിലുള്ള പെന്റഗണ്‍ മെമ്മോറിയലും സന്ദര്‍ശിച്ചതിന്റെ ചെറുകുറിപ്പാണിത്.
∙ മൂകത തളംകെട്ടിയ മെമ്മോറിയൽ പൂൾ
ന്യൂയോര്‍ക്കിലെ എന്റെ രണ്ടാമത്തെ ദിവസമാണിന്ന്. താമസിച്ച ടൈം സ്ക്വയറിലുള്ള ഡബിള്‍ ട്രീ ഹില്‍ട്ടന്‍ ഹോട്ടലില്‍ നിന്ന് ബ്രേക്ക്‌ഫാസ്റ്റ്ന് ശേഷം സുഹൃത്തുക്കളായ സാം, ബിജി, ജോര്‍ഡന്‍ എന്നിവരൊത്ത് ഒരു യുബര്‍ ടാക്സിയില്‍ 9/11 മെമ്മോറിയലിനു സമീപത്തേക്ക് യാത്ര തിരിച്ചു. അമേരിക്കന്‍ ട്രിപ്പിനെപറ്റി ആലോചിച്ചപ്പോള്‍ തന്നെ മനസ്സില്‍ ആഗ്രഹിച്ച ഒന്നായിരുന്നു 9/11 മെമ്മോറിയൽ സന്ദര്‍ശിക്കണം എന്നത്.
സുഹൃത്തായ സാം മാന്‍ഹട്ടനില്‍ ആയിരുന്നു മുന്‍പ് ജോലി ചെയ്തിരുന്നത്, അതിനാല്‍ ഇവിടുത്തെ വഴികളൊക്കെ നന്നായി അറിയാം. ടാക്സി ഇറങ്ങി അമേരിക്കയുടെ തകര്‍ക്കപ്പെട്ട അഭിമാനമായ വേൾഡ് ട്രേഡ് സെന്‍റര്‍ നിന്നിരുന്ന സ്ഥലത്തേക്ക് ഞങ്ങള്‍ നടന്നു. 9/11 ന്റെ ഭീകരത ഇപ്പോഴും അവിടെ തളംകെട്ടി നില്ക്കുന്ന പ്രതീതി. പഴയ ഇരട്ടഗോപുരം നിന്നിടത്തു ‘മെമ്മോറിയൽ പൂള്‍’ എന്ന നിർമിതിയാണുള്ളത്. 2014 നവംബറിൽ ഉദ്ഘാടനം ചെയ്ത പുതിയ ഗോപുരം ‘വണ്‍വേൾഡ് ട്രേഡ് സെന്‍റര്‍’ സമീപമായി ഉണ്ട്. ഇതിനോട് ചേർന്നാണ് 9/11 മെമ്മോറിയൽ എന്ന മ്യൂസിയം.
ന്യൂയോര്‍ക്ക് സിറ്റിയിലെ നാഷനല്‍ സെപ്റ്റംബര്‍ 11 മെമ്മോറിയല്‍ ആൻഡ് മ്യൂസിയം, വിര്‍ജീനിയയിലെ ആര്‍ലിങ്ടണ്‍ കൗണ്ടിയിലെ പെന്റഗണ്‍ മെമ്മോറിയല്‍, പെന്‍സില്‍വാനിയ ക്രാഷ് സൈറ്റിലെ ഫ്ലൈറ്റ് 93 നാഷനല്‍ മെമ്മോറിയല്‍ എന്നിവ ഉള്‍പ്പെടെ ഒട്ടേറെ സ്മാരകങ്ങളാണ് 9/11ന്റെ സ്മരണയ്ക്കായി യുഎസില്‍ നിര്‍മിക്കപ്പെട്ടത്.
ഞങ്ങള്‍ മ്യൂസിയത്തിനുള്ളിലേക്കു പ്രവേശിച്ചു. സാധാരണ ഒരു മ്യൂസിയം സന്ദർശനത്തിൽ നിന്നു വ്യത്യസ്തമായി ഓരോ വസ്തുക്കളും നമുക്ക് പരിചയമുള്ള കഥകൾ പറയുന്ന ഒരു അനുഭവം. ലോകത്തിനു ഭീകരവാദത്തിന്റെ അനുഭവം പറഞ്ഞു കൊടുക്കാനുള്ള ഒരു അവസരം കൂടിയാണ് ഇത്. നടന്നു ചെല്ലുന്നതു ഒരു ബാൽക്കണിയിലേക്കാണ്, അവിടെ നിന്നും നോക്കിയാൽ താഴെ തകർന്ന ടവറുകളുടെ കോറിന്റെയും വലിയ പില്ലറിന്റെയും കത്തിനശിക്കാത്ത ഭാഗങ്ങള്‍ കാണാം. ആ കാണുന്ന പ്രദേശത്തേക്ക് എസ്കലേറ്റര്‍ വഴി ഇറങ്ങിച്ചെന്നു. മുൻപ് രണ്ട് ടവറിന്റെയും ബേസ്മെന്റ് ഫ്ലോറുകൾ നിലനിന്നത് ഇവിടെയാണ്. അരണ്ട വെളിച്ചമുള്ള വലിയൊരു പ്രദേശം, നല്ല തിരക്കുണ്ടെങ്കിലും ശ്മശാനമൂകത.
∙ വിഡിയോകളിൽ നിറയുന്ന ജീവിതകഥകൾ
ആക്രമണം നടന്ന രീതിയെ പറ്റിയൊക്കെ വിശദീകരിക്കുന്ന അനവധി വിഡിയോകളും ചിത്രങ്ങളും പലയിടത്തും കാണാം. രണ്ടു ടവറും പൂര്‍ണ്ണമായും തകര്‍ന്നു വീഴും എന്ന് ആരും വിചാരിച്ചിരുന്നില്ല. കാരണം, മാൻഹാട്ടൻ ദ്വീപിലെ റോക്ക് ബെഡിൽ സ്റ്റീൽ കൊണ്ടു നിർമിച്ചിരുന്ന രണ്ടു ടവറും ചെറിയ വിമാനങ്ങളുടെ ഇടി താങ്ങാൻ കെൽപ്പുള്ളവയായിരുന്നു. പക്ഷേ, അവിടെ ആണ് ഭീകരരുടെ ഹോം വർക്ക് കാണാൻ കഴിയുക.
ബോസ്റ്ൺ, ന്യൂജഴ്സി എന്നിവിടങ്ങളിൽനിന്ന് ഏറ്റവും ദൂരേക്ക് പോകുന്ന, ഏറ്റവും കൂടുതൽ ഇന്ധനം നിറച്ച വിമാനങ്ങളാണ് അവർ ഇതിനു ഉപയോഗിച്ചത്. ജെറ്റ് ഇന്ധനം രക്ഷാപ്രവർത്തനത്തെ ദുഷ്കരമാക്കി. ചൂടു കൊണ്ടു ബലക്ഷയം സംഭവിച്ച ഇരുമ്പ് തൂണുകൾ വൈകാതെ കീഴടങ്ങി. നിരവധി ദിവസങ്ങള്‍ തീ കത്തികൊണ്ടിരുന്നു. അമേരിക്കയിൽ പല ഭാഗങ്ങളിൽ നിന്നുള്ള രക്ഷാപ്രവർത്തകർ പങ്കെടുത്ത വലിയ ഒരു രക്ഷാപ്രവർത്തനം ആയിരുന്നു നടന്നത്.
അടുത്തുള്ള സെന്റ് പോൾസ് പള്ളി രക്ഷപ്രവർത്തകാരുടെ താത്കാലിക അഭയകേന്ദ്രമായി മാറി. ആക്രമണം നടന്നതിനു ശേഷം ന്യൂയോർക്കിലേക്കുള്ള എല്ലാ ടണലുകളും സർക്കാർ അടച്ചു. പലരും പാലങ്ങളിലൂടെയും ടണലിലൂടെയും നടന്ന് പിറ്റേന്നൊക്കെയാണ് വീടുകളിൽ എത്തിയത്. ഫോൺ ശൃംഖല ജാം ആയതിനാൽ വീട്ടിൽ എത്തിയശേഷമാണ് പലർക്കും പ്രിയപെട്ടവർ ജീവനോടെ ഉണ്ടോ എന്നതു പോലും അറിയാൻ കഴിഞ്ഞത്. കത്തിക്കൊണ്ടിരിക്കുന്ന ടവറിൽ നിന്നും പലരും പുകയും തീയും മൂലം എടുത്തു ചാടാൻ തുടങ്ങി. മ്യൂസിയത്തിലെ ചില വിഡിയോകളിൽ ഇത് കാണാം. 200 പേരോളം ഇങ്ങനെയാണ് മരിച്ചത്.
∙ ലാഡർ 3 എന്ന ഫയർ ട്രക്ക്
അവിടെ ടവറുകളിൽ നിന്നുള്ള ശേഷിപ്പുകളായ വിവിധ വസ്തുക്കളും മരിച്ചവരുടെ വസ്തുക്കളും പ്രദർശിപ്പിച്ചിട്ടുണ്ട്. ചോരപുരണ്ട ഒരു ലേഡീസ് ഷൂ മനസ്സിൽ നിന്ന് മായുന്നില്ല. ഞങ്ങള്‍ ഓരോന്നും കണ്ട് മുന്നോട്ട് നടന്നു. സാം അന്നത്തെ തന്റെ അനുഭവങ്ങൾ ഓര്‍ത്തെടുക്കുന്നുണ്ടായിരുന്നു. ന്യൂ ജേർസിയിലെയും ന്യൂ യോർക്കിലെയും എല്ലാ ഭാഗങ്ങളിലും നിന്നുള്ള അഗ്നിശമന സേനാംഗങ്ങളും രക്ഷ പ്രവർത്തനത്തിൽ പങ്കെടുത്തു. മരണത്തെ സ്വയം വരിച്ചവരാണ് അവർ. 343 അഗ്നിശമന സേനാംഗങ്ങളാണ് അന്നു മരിച്ചത്. അവരുടെ ഓർമക്കായി ടവറുകൾ വീണു തകർന്ന ലാഡർ 3 എന്ന ഫയർ ട്രക്ക് ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നു. ട്വിന്‍ ടവര്‍ കെട്ടിടത്തിന്റെ ഒരു പടവ് തകരാതെ നില്ക്കുകയും, കുറെ പേർ അതിലൂടെ ഇറങ്ങി രക്ഷപെടുകയും ചെയ്തിരുന്നു. ആ പടവുകൾ ‘Survivors Stairs’ എന്ന പേരിൽ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നു.
കെട്ടിടത്തിന്റെ ലിഫ്റ്റിന്റെ കൂറ്റൻ മോവിട്ടോറും ജനാലകളുടെ ഭാഗങ്ങൾ, സീറ്റ് ബെൽറ്റ് എന്നിവയുടെ അവശിഷ്ടങ്ങളും ഇവിടെയുണ്ട്. ടവറിന്റെ ആന്റിനയുടെ നശിക്കാത്ത ഭാഗം, അപകടത്തിൽ നശിച്ച ഫയർ ട്രക്ക്, ഒരു ഇന്ധന ടാങ്കിന്‍റെ ബാക്കി, സ്ലറി വാൾ, പില്ലറുകളുടെ അവശിഷ്ടം, വിമാനം ഇടിച്ച കോർ പില്ലറിന്റെ ഭാഗങ്ങൾ, മെക്കാനിക്കൽ ഷാഫ്റ്റ് അങ്ങനെ നിരവധി വസ്തുക്കൾ... പിന്നെ ആക്രമണത്തിന്റെയും രക്ഷാപ്രവർത്തനത്തിന്റെയും ചിത്രങ്ങൾ, അവിടുത്തെ ശാന്തതയിലും സംഗീതത്തിലും ദുഃഖം തളം കെട്ടി നിൽക്കുന്നു.
അമേരിക്കയുടെ സൈന്യത്തിന്റെ ആസ്ഥാനമായ പെന്റഗണിൽ ഇടിച്ചിറക്കിയ വിമാനത്തിലെ കോക്ക്പിറ്റിന്റെ വാതിലിൽ ഇടിക്കുന്ന ശബ്ദവും റാഞ്ചികൾ ലക്ഷ്യത്തിൽ എത്തുന്നതിനു മുൻപേ വിമാനം താഴേക്കു പതിപ്പിക്കാൻ പറയുന്നതും എല്ലാം നമുക്കു കേൾക്കാം. വിമാനത്തിൽ ഉണ്ടായിരുന്ന പലർ നടത്തിയ 30 ഓളം ഫോൺ കോളുകളുടെ റെക്കോർഡ് ഈ മ്യൂസിയത്തിൽ ഉണ്ട്. പ്രിയപ്പെട്ടവരെ വിളിച്ചു അവസാനയാത്ര പറയുന്ന അവസരത്തിൽ പോലും വളരെ ധൈര്യപൂർവം സംസാരിക്കുന്നതു അദ്ഭുതത്തോടെ മാത്രമേ കേൾക്കാൻ കഴിയൂ. പക്ഷേ കൊല്ലപ്പെട്ടോ ഇല്ലയോ എന്നറിയാതെ മരിച്ചവരുടെ ഫോണിൽ റെക്കോർഡ് ചെയ്ത മെസ്സേജുകൾ ഹൃദയഭേദകം ആണ്.
∙ കൊല്ലപ്പെട്ടവരിൽ 41 ഇന്ത്യക്കാരും
ഞങ്ങൾ പിന്നീട് നടന്നു ചെന്നെത്തിയത് ഒരു പ്രാർഥനാമുറിയിലാണ്. അവിടെ മരിച്ചവരുടെ ബന്ധുക്കളുടെയും മറ്റുള്ളവരുടെയും ആത്മശാന്തിക്കായി പ്രാർത്ഥിക്കാം. കുറച്ചു പേർ അവിടെ ഇരിക്കുന്നുണ്ടായിരുന്നു. കൊല്ലപ്പെട്ടവരിൽ 90 രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഉണ്ടായിരുന്നത്, അവരുടെ ഓർമയ്ക്കായി മെമ്മോറിയൽ വോൾ അവിടെയുണ്ട്. ഓർമയുടെ ഭിത്തിയിൽ എല്ലാവരുടെയും ഫോട്ടോകള്‍ ഉണ്ട്. മാത്രമല്ല പേരുകൾ സെർച്ച് ചെയ്യാനായി ടച്ച് സ്ക്രീനും ടാബുകളും കണ്ടു. ഗോപാലകൃഷ്ണൻ എന്ന് ഒരു പേര് കണ്ടപ്പോള്‍ മലയാളി എന്ന് തോന്നിയെങ്കിലും അന്വേഷിച്ചപ്പോള്‍ 32 വയസ്സുള്ള ചെന്നൈ സ്വദേശിയായിരുന്നു അദ്ദേഹം എന്നു മനസ്സിലായി.
ഏറ്റവും കൂടുതൽ വിദേശികൾ കൊല്ലപ്പെട്ടത് ഇന്ത്യക്കാരാണ്, 41 പേർ!. ഒരു ടാബിൽ സ്ക്രോൾ ചെയ്തു നോക്കിയപ്പോൾ Deanna Lynn Galante & her unborn child എന്നു കണ്ടു. അത് ക്ലിക്ക് ചെയ്തപ്പോൾ അവരുടെ ഫോട്ടോയും ഒരു ചുരുങ്ങിയ വിവരണവും സ്‌ക്രീനിൽ തെളിഞ്ഞു. സുന്ദരിയായ 32 വയസുള്ള ഒരു പെൺകുട്ടി ആയിരുന്ന ഡിയന്ന, വേൾഡ് ട്രേഡ് സെന്ററിലെ 106-ാം നിലയിലെ ഓഫിസിൽ ആയിരുന്നു ജോലി ചെയ്തിരുന്നത്. മരിക്കുമ്പോൾ അവര്‍ 7 മാസം ഗർഭിണി ആയിരുന്നു. അവിടെ പൊലിഞ്ഞു പോയ 2977 പേരുടെയും പേരും ഫോട്ടോയും ഇത്തരത്തിൽ സ്ക്രോൾ ചെയ്തു നോക്കാം. ഓരോന്നും വേദനിപ്പിക്കുന്ന കഥകൾ!.
കുറച്ച് സമയം കൂടി അവിടെ നിന്നതിനു ശേഷം ഞങ്ങൾ മ്യൂസിയത്തിനു പുറത്തേക്കിറങ്ങി, മെമ്മോറിയൽ പൂളിന് സമീപം ദുഃഖം ഘനീഭവിച്ച മനസ്സുമായി ഇരുന്നു. 9/11-ലെ Twin Towers നിന്നിടത്ത് രണ്ടു വലിയ ജലാശയങ്ങൾ നിർമ്മിച്ചിട്ടുണ്ട്, ട്വിൻ റിഫ്ലക്ടിങ് പൂളുകൾ. കുളങ്ങളുടെ ചുറ്റുമതിലുകളിലൂടെ വെള്ളം നിലത്തേക്ക് പതിച്ചിറങ്ങുന്ന ഫൗണ്ടനുകൾ. ഓരോ കുളത്തിന്റെയും അരികുകളില്‍ ഇവിടെ ജീവൻ നഷ്ടപ്പെട്ട ആളുകളുടെ പേരുകൾ വെങ്കലത്തിൽ ആലേഖനം ചെയ്തിട്ടുണ്ട്. കുളങ്ങൾക്ക് ചുറ്റുമുള്ള 8 ഏക്കർ പ്ലാസയിൽ 400-ലധികം വൈറ്റ് ഓക്ക് മരങ്ങൾ നട്ട് മനോഹരമാക്കിയിരിക്കുന്നു.
മുൻപ് ഇവിടെ ഉണ്ടായിരുന്ന, ദുരന്തത്തിലും പച്ചപ്പ് പോകാതെ അവശേഷിച്ച ഒരു മരം ‘സർവ്വൈവൽ ട്രീ’ എന്ന പേരിൽ പരിരക്ഷിച്ചിട്ടുള്ളതും കണ്ടു. 1973 ൽ നിർമിച്ച വേൾഡ് ട്രേഡ് സെന്റർ ട്വിന്‍ ടവറുകള്‍ (415 മീറ്റർ) ഭീകരാക്രമണത്തിൽ തകർന്നതിനുശേഷം 2014 നവംബറിലാണ് പുതിയ വേൾഡ് ട്രേഡ് സെന്ററിന്റെ ഉദ്ഘാടനം നടന്നത്.
ലോവർ മാൻഹട്ടനിലെ വണ്‍വേൾഡ് ട്രേഡ് സെന്റർ സമുച്ചയത്തിന്റെ പ്രധാന കെട്ടിടം (541 മീറ്റർ) അമേരിക്കയിലെ ഏറ്റവും ഉയരമുള്ള കെട്ടിടവും ലോകത്തിലെ ആറാമത്തെ ഉയരമുള്ള കെട്ടിടവുമാണ്. അതിന്‍റെ 102-ാം നിലയിലുള്ള ഒബ്സെര്‍വേഷന്‍ ഡക്കില്‍ നിന്നും സന്ദർശകർക്ക് ന്യൂയോർക്ക് സിറ്റിയുടെ മനോഹരമായ കാഴ്ചകൾ വീക്ഷിക്കാവുന്നതാണ്.
രണ്ട് ദിവസങ്ങൾക്കുശേഷം വാഷിങ്ടൺ സന്ദർശിച്ചപ്പോൾ പെന്റഗണിൽ 184 പേരുടെ ജീവൻ പൊലിഞ്ഞ മെമ്മോറിയൽ കാണുവാനിടയായി. 'ലോക പൊലീസ്' എന്ന് അവകാശപ്പെടുന്ന അമേരിക്കയുടെ സൈനിക ആസ്ഥാനത്തിന് സമീപമായി മരിച്ച ഓരോരുത്തരുടെയും പേരും മറ്റു വിവരങ്ങളും എഴുതിയ മാർബിൾ ഫലകങ്ങൾ ഒരു പ്രദേശം. മരിച്ചവരുടെ പിറന്നാളിനും മറ്റും സമ്മാനങ്ങളുമായി എത്തുന്ന പ്രിയപ്പെട്ടവരുടെ കാഴ്ച വേദനിപ്പിക്കുന്നതായിരുന്നു.
9/11 മെമ്മോറിയൽ, 2001-ലെ ആ സങ്കീർണ്ണമായ ദിവസത്തെ ഓർമ്മകൾക്കും. ജീവൻ നഷ്ടപ്പെട്ടവരുടെയും അവരുടെ കുടുംബങ്ങളുടെയും സ്മരണയ്ക്കും ലോകം മുഴുവൻ വേദനയായി മാറിക്കഴിഞ്ഞ ആ ദിനത്തിന്റെ ചരിത്രത്തിനും ഒരു നിശ്ശബ്ദമായ ആദരവാണ്. ഈ സ്മാരകവും മ്യൂസിയവും ആ ദിനത്തിന്റെ നിസ്സഹായത, ധൈര്യം, ഐക്യം എന്നിവ സ്‌മരിപ്പിക്കുന്നു.
യുദ്ധങ്ങളും ആക്രമണങ്ങളും ചില ഓർമപ്പെടുത്തലുകളാണ്. 9/11 മെമ്മോറിയലും മ്യൂസിയവും സന്ദർശിക്കുന്നത് ഒരു വികാരപരമായ അനുഭവം മാത്രമല്ല, അത് നമുക്ക് ആ ഭീകരാക്രമണത്തിന്റെ പശ്ചാത്തലവും അതിന്റെ ഫലവും ഗഹനമായി ആലോചിക്കാൻ പ്രേരിപ്പിക്കുന്നു. അമേരിക്കൻ ഐക്യനാടുകളുടെ ചരിത്രത്തിലെ വേദനിപ്പിക്കുന്ന ഓർമപ്പെടുത്തലായി ഇന്നും 9 /11 തുടരുന്നു, ലോകത്തിനു തന്നെ ഒരു നൊമ്പരമായി!
2001 സെപ്റ്റംബര്‍ 11 ചൊവ്വാഴ്ച...
നോര്‍ത്ത് ഈസ്റ്റേണ്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ നിന്ന് കലിഫോര്‍ണിയയിലേക്ക് പോവുകയായിരുന്ന നാല് യാത്രാ വിമാനങ്ങള്‍ ഭീകരർ തട്ടിയെടുത്തു. നാലു സംഘങ്ങളിലായി പത്തൊമ്പത് അല്‍-ഖ്വയ്ദ ഭീകരരാണ് വിമാനങ്ങള്‍ കീഴടക്കിയത്. ഓരോ സംഘത്തിലും പൈലറ്റ് പരിശീലനം ലഭിച്ച ഒരാള്‍ വീതം ഉണ്ടായിരുന്നു. വിമാനത്തിലെ പൈലറ്റിനെ കീഴ്‌പ്പെടുത്തി അവര്‍ വിമാനവും യാത്രക്കാരെയും ബന്ദികളാക്കി. അവരുടെ ലക്ഷ്യം ഓരോ വിമാനവും ഓരോ പ്രമുഖ അമേരിക്കന്‍ കെട്ടിടങ്ങളിലേക്ക് ഇടിച്ചു കയറ്റുകയും നശിപ്പിക്കുകയുമായിരുന്നു.
ആദ്യ വിമാനം അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ ഫ്ലൈറ്റ് 11 ആയിരുന്നു. അമേരിക്കന്‍ സമയം രാവിലെ 8:46ന് ലോവര്‍ മാന്‍ഹട്ടനിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ സമുച്ചയത്തിന്റെ നോര്‍ത്ത് ടവറിലേക്ക് വിമാനം ഇടിച്ച് കയറി. പതിനേഴ് മിനിറ്റിനു ശേഷം 9:03ന്, യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ ഫ്ലൈറ്റ് 175 വേള്‍ഡ് ട്രേഡ് സെന്ററിന്റെ സൗത്ത് ടവറിലേക്കു പറന്നു കയറി. 110 നിലകളുള്ള രണ്ട് ടവറുകളും രണ്ട് മണിക്കൂറിനുള്ളില്‍ തകര്‍ന്നു തരിപ്പണമായി. വേള്‍ഡ് ട്രേഡ് സെന്ററും ചുറ്റുമുള്ള കെട്ടിടങ്ങളും തകര്‍ന്നു. ഡലസ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ടില്‍ നിന്നും ഉയര്‍ന്ന അമേരിക്കന്‍ എയര്‍ലൈന്‍സ് ഫ്ലൈറ്റ് 77, ഒഹായോയ്ക്ക് മുകളില്‍ ഹൈജാക്ക് ചെയ്യപ്പെടുകയും രാവിലെ 9:37ന്, വിര്‍ജീനിയയിലെ ആര്‍ലിംഗ്ടണ്‍ കൗണ്ടിയിലെ പെന്റഗണിന്റെ (അമേരിക്കന്‍ സൈന്യത്തിന്റെ ആസ്ഥാനം) പടിഞ്ഞാറ് ഭാഗത്തേക്ക് ഇടിച്ചു കയറി.
കെട്ടിടം ഭാഗീകമായി തകര്‍ന്നു. നാലാമത്തെ വിമാനം, യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ ഫ്ലൈറ്റ് 93, വാഷിങ്ടണ്‍ ഡിസി ലക്ഷ്യമാക്കി പറക്കുകയായിരുന്നു. ഭീകരർ ഉദ്ദേശിച്ച ലക്ഷ്യം പരാജയപ്പെട്ട ഒരേയൊരു വിമാനം ഇതു മാത്രമാണ്. വിമാനത്തിലെ യാത്രക്കാര്‍ വിമാനത്തിന്റെ നിയന്ത്രണം തിരിച്ചുപിടിക്കാന്‍ ശ്രമിച്ചതിന്റെ ഫലമായാണ് വിമാനം ലക്ഷ്യത്തില്‍ എത്താതിരുന്നത്. പെന്‍സില്‍വാനിയയിലെ ഷങ്ക്‌സ്വില്ലിനടുത്തുള്ള ഒരു മൈതാനത്ത് രാവിലെ 10:03ന് ഈ വിമാനം ക്രാഷ് ലാന്‍ഡ് ചെയ്തു. ഫ്ലൈറ്റ് 93 ന്റെ ലക്ഷ്യം വൈറ്റ് ഹൗസോ, യുഎസ് ക്യാപിറ്റോളോ ആയിരുന്നെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്.
ആക്രമണത്തിനു പിന്നില്‍ അല്‍-ഖ്വയ്ദ ആണെന്ന് വ്യക്തമായതോടെ അവരുടെ ആസ്ഥാനമായ അഫ്ഘാനിസ്ഥാനെതിരെ അമേരിക്ക യുദ്ധം (വാര്‍ ഓണ്‍ ടെറര്‍) പ്രഖ്യാപിച്ചു. ആദ്യം നിഷേധിച്ചെങ്കിലും 2004 ല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം അൽഖായിദ തലവൻ ബിൻ ലാദന്‍ ഏറ്റെടുത്തു. ഒരു പതിറ്റാണ്ടിലേറെ അമേരിക്കയെ വെട്ടിച്ച് നടന്ന ലാദനെ ഒടുവില്‍ പാകിസ്ഥാനിലെ അബോട്ടാബാദിലെ ഒരു ഒളിത്താവളത്തില്‍ കണ്ടെത്തി അമേരിക്കന്‍ സൈന്യം കൊലപ്പെടുത്തി എന്നതും ചരിത്രം.
2,977 പേരുടെ മരണത്തിനും 25,000 ത്തിലധികം പേര്‍ക്കു പരിക്കേല്‍ക്കാനും 9/11 ആക്രമണം കാരണമായി. മനുഷ്യചരിത്രത്തിലെ ഏറ്റവും മാരകമായ ഭീകരാക്രമണമായും അമേരിക്കന്‍ സുരക്ഷാ സേനാംഗങ്ങള്‍ക്കും നിയമപാലകര്‍ക്കും നേരിടേണ്ടിവന്ന ഏറ്റവും വലിയ വെല്ലുവിളിയുമായി ഈ ആക്രമണം. ആക്രമണത്തിന് ശേഷം യുഎസ് കനേഡിയന്‍ സിവിലിയന്‍ വ്യോമാതിര്‍ത്തികള്‍ സെപ്റ്റംബര്‍ 13 വരെ അടച്ചിട്ടു. വോൾസ്ട്രീറ്റ് വ്യാപാരം സെപ്റ്റംബര്‍ 17 വരെ നിലച്ചു. എപ്പോള്‍ വേണമെങ്കിലും വീണ്ടും ഒരാക്രമണം ഉണ്ടായേക്കുമെന്ന ഭീതി അവിടെയെങ്ങും നിറഞ്ഞു.
ആക്രമണം ന്യൂയോര്‍ക്ക് നഗരത്തിന്റെ സമ്പദ് വ്യവസ്ഥയെ സാരമായി ബാധിക്കുകയും ആഗോളതലത്തിൽ സാമ്പത്തിക മാന്ദ്യം സൃഷ്ടിക്കുകയും ചെയ്തു. ലോകരാജ്യങ്ങളില്‍ അതിശക്തമായ അമേരിക്കയെ പോലും ഇങ്ങനെ തകര്‍ക്കാമെങ്കില്‍ പിന്നെ എന്തു സുരക്ഷ എന്ന ചിന്ത മറ്റ് രാജ്യങ്ങളെ ഭീതിയില്‍ ആഴ്ത്തി. പലരും ഭീകരവിരുദ്ധ നിയമങ്ങള്‍ ശക്തിപ്പെടുത്തുകയും ഭീകരാക്രമണങ്ങള്‍ തടയുന്നതിനുള്ള നിയമനിര്‍മാണങ്ങൾ വിപുലീകരിക്കുകയും ചെയ്തു.