ADVERTISEMENT

ആദ്യമായി മഞ്ഞു പൊഴിയുന്ന കാഴ്ച കണ്ട അനുഭവം പങ്കുവച്ച നടി സാനിയ ഇയ്യപ്പന്‍. വെളുത്ത ജാക്കറ്റും ജീന്‍സും ധരിച്ച് മഞ്ഞുവീഴ്ച ആസ്വദിക്കുന്ന വിഡിയോയും സാനിയ പോസ്റ്റ്‌ ചെയ്തു. ഇത് ഒരിക്കലും മറക്കാനാവാത്ത അനുഭവമാണെന്നു സാനിയ എഴുതി. മഞ്ഞിന്‍തൊപ്പിയിട്ട പര്‍വ്വത നിരകളുടെയും പുരാതന വനങ്ങളുടെയും തിരക്കേറിയ നഗരങ്ങളുടെയും മനോഹരമായ കൂടിച്ചേരലാണ് ഓസ്‌ട്രേലിയയിലെ ടാസ്മാനിയ എന്ന സംസ്ഥാനം. മെയിൻ ലാൻഡിൽ നിന്നു 240 കിലോമീറ്റർ തെക്ക് സ്ഥിതി ചെയ്യുന്നു, സമൃദ്ധമായ വനങ്ങൾക്കും സുന്ദരമായ  ബീച്ചുകൾക്കും ഇടതൂര്‍ന്ന ആൽപൈൻ പ്രദേശങ്ങൾക്കും പേരുകേട്ടതാണ്. സാഹസികർക്കും പ്രകൃതി സ്നേഹികൾക്കും സാംസ്കാരിക പ്രേമികൾക്കും ഒരുപോലെ പ്രിയപ്പെട്ട ഈ സ്ഥലം, മഞ്ഞുകാലത്താണ് ഏറ്റവും കൂടുതല്‍ മനോഹരമാകുന്നത്.

ഓസ്‌ട്രേലിയയുടെ ഭൂരിഭാഗവും ഊഷ്‌മളമായ കാലാവസ്ഥയ്ക്കു പേരുകേട്ടതാണെങ്കിലും, തെക്കന്‍ അക്ഷാംശത്തിലെ സ്ഥാനവും പര്‍വ്വതനിരകളും മൂലം ടാസ്മാനിയയിലെ സെൻട്രൽ ഹൈലാന്റുകളിലും ആൽപൈൻ പ്രദേശങ്ങളിലും ശൈത്യകാലത്ത് മഞ്ഞുവീഴ്ച കാണാറുണ്ട്‌. ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള സമയമാണു സാധാരണയായി മഞ്ഞു പൊഴിയുന്നത്. ഈ സമയത്ത് മഞ്ഞുകാല റിസോര്‍ട്ടുകളും പലവിധ വിനോദങ്ങളും സജീവമാകും.

വടക്കുകിഴക്കൻ ടാസ്മാനിയയിൽ സ്ഥിതി ചെയ്യുന്ന ബെൻ ലോമണ്ട്, സംസ്ഥാനത്തെ പ്രധാന സ്കീയിങ് കേന്ദ്രമാണ്. അതിന്റെ പ്രധാന കൊടുമുടി, 1,572 മീറ്റർ ഉയരമുള്ള ലെഗ്ഗെസ് ടോർ ടാസ്മാനിയയിലെ രണ്ടാമത്തെ ഏറ്റവും ഉയർന്ന കൊടുമുടിയാണ്. ശൈത്യകാലത്ത്, ബെൻ ലോമണ്ട് സ്കീയിങ്, സ്നോബോർഡിങ്, സ്നോഷൂയിങ് അവസരങ്ങൾ ഒരുക്കുന്നു. ഇവിടെ സന്ദര്‍ശകര്‍ക്കു താമസ സൗകര്യങ്ങളുണ്ട്, കൂടാതെ ഗിയർ വാടകയ്ക്കു ലഭ്യമാണ്. 

ഡോബ്സൺ തടാകത്തിനു ചുറ്റുമായി സ്ഥിതിചെയ്യുന്ന മൗണ്ട് ഫീൽഡ് നാഷണൽ പാർക്കിനുള്ളില്‍ ആല്‍പൈന്‍ വനങ്ങള്‍ക്കുള്ളിലൂടെയുള്ള ഒട്ടേറെ ഹൈക്കിങ് പാതകളുണ്ട്. ടാസ്മാനിയയിലെ ഏറ്റവും പ്രശസ്തമായ സ്ഥലങ്ങളിലൊന്നായ ക്രാഡിൽ മൗണ്ടൻ ശൈത്യകാലത്ത് മഞ്ഞുമൂടിക്കിടക്കുന്ന കാഴ്ച മനോഹരമാണ്. ഡോവ് ലേക്ക് സർക്യൂട്ട് പോലുള്ള വെല്ലുവിളി നിറഞ്ഞ ആൽപൈൻ ട്രെക്കിങ് യാത്രകള്‍ ഈ സമയത്തു സജീവമാകും. മഞ്ഞുവീഴ്ചയുള്ള വനങ്ങളിലൂടെയും തണുത്തുറഞ്ഞ അരുവികളിലൂടെയും തടാകങ്ങളിലൂടെയും നടന്നു പോകാം. മഞ്ഞുമൂടിയ വെല്ലിങ്ടൺ പർവ്വതത്തിലേക്കുള്ള ഡ്രൈവും ഈ സമയത്തെ മറക്കാനാവാത്ത അനുഭവങ്ങളില്‍ ഒന്നായിരിക്കും.  

മാരകൂപ്പ ഗുഹ, കിങ് സോളമൻസ് ഗുഹ തുടങ്ങിയ ചുണ്ണാമ്പുകല്ല് ഗുഹകളുടെ ഒരു ശൃംഖലയാണ് ഇവിടെയുള്ള മോൾ ക്രീക്ക് കാർസ്റ്റ് നാഷണൽ പാർക്കിലേക്കു സഞ്ചാരികളെ ആകര്‍ഷിക്കുന്നത്. അതിശയകരമായ സ്റ്റാലാക്റ്റൈറ്റുകൾ, സ്റ്റാലാഗ്മിറ്റുകൾ, ഭൂഗർഭ അരുവികൾ എന്നിവയും കാണാം.

ശൈത്യകാലത്ത് നടക്കുന്ന രണ്ടു പ്രധാന ഉത്സവങ്ങളാണ് കല, സംഗീതം, ഭക്ഷണം, സംസ്കാരം എന്നിവ ആഘോഷിക്കുന്ന ഡാർക്ക് മോഫോ (ജൂൺ), സംഗീതോത്സവമായ ഫെസ്റ്റിവൽ ഓഫ് വോയ്‌സ് (ജൂലൈ) എന്നിവ. ഹോബാർട്ടിൽ നടക്കുന്ന ഫെസ്റ്റിവൽ ഓഫ് വോയ്‌സ് ലോകമെമ്പാടുമുള്ള കലാകാരന്മാരെയും ഗായകസംഘങ്ങളെയും ആകർഷിക്കുന്നു.

ഇവ കൂടാതെ, മോണ മ്യൂസിയം, പോർട്ട് ആർതർ ഹിസ്റ്റോറിക്കല്‍ സൈറ്റ്, കിഴക്കൻ തീരത്തുള്ള ഫ്രെയ്‌സിനറ്റ് നാഷണൽ പാർക്കിൽ സ്ഥിതി ചെയ്യുന്ന, ചന്ദ്രക്കലയുടെ ആകൃതിയിലുള്ള കടൽത്തീരമുള്ള വൈൻഗ്ലാസ് ബേ,  ബ്രൂണി ദ്വീപ് എന്നിവയും സന്ദര്‍ശിക്കേണ്ടതാണ്. 

saniya-film-travel
Image Credit: saniya_iyappan/instagram

ടാസ്മാനിയയുടെ ഏകദേശം 42% ദേശീയ ഉദ്യാനങ്ങളായോ ലോക പൈതൃക പ്രദേശങ്ങളായോ റിസര്‍വുകളായോ സംരക്ഷിച്ചിരിക്കുന്നു എന്നതാണ് എടുത്തു പറയേണ്ട മറ്റൊരു കാര്യം. ടാസ്മാനിയയിലെ, പ്രത്യേകിച്ച് പടിഞ്ഞാറൻ തീരത്തുള്ള വായു, ലോകത്തിലെ ഏറ്റവും ശുദ്ധമായ വായുവായി കണക്കാക്കപ്പെടുന്നു. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന വൃക്ഷ ഇനങ്ങളിലൊന്നായ ഹുയോൺ പൈൻ പോലെ മറ്റെവിടെയും കാണാൻ കഴിയാത്ത നിരവധി ജീവജാലങ്ങളുടെ ആവാസ കേന്ദ്രം കൂടിയാണ് ടാസ്മാനിയ.

English Summary:

Saniya Iyappan Captivated by Tasmania's Winter Wonderland.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com