കുടുംബത്തോടൊപ്പമുള്ള യാത്ര വിലമതിക്കാനാകാത്തത്: വിഡിയോയുമായി സണ്ണി ലിയോണി
Mail This Article
മക്കൾക്കും ഭർത്താവിനുമൊപ്പം ലോണാവാലയുടെ സൗന്ദര്യം, രുചികരമായ ഭക്ഷണം, വിവിധതരം വിനോദങ്ങൾ, ട്രെക്കിങ് എന്നിവയെല്ലാം ആസ്വദിക്കുന്നതിന്റെ ദൃശ്യങ്ങൾ സണ്ണി ലിയോണി സമൂഹ മാധ്യമങ്ങളിലൂടെ തന്റെ ആരാധകർക്കായി പങ്കുവച്ചിട്ടുണ്ട്. ‘‘കുടുംബത്തിനൊപ്പമുള്ള യാത്ര....വിലമതിക്കാനാകാത്തത്'' സണ്ണി ലിയോണിയുടെ ഈ വാക്കുകൾ എത്രത്തോളം അർഥപൂർണമാണെന്നതിന്റെ തെളിവാണ് താരം പങ്കുവച്ചിരിക്കുന്ന യാത്രാദൃശ്യങ്ങൾ. എത്ര സുന്ദരവും ഹൃദ്യവുമാണ് ആ നിമിഷങ്ങളെന്നു കാഴ്ചക്കാരിലും തോന്നിപോകും. മക്കളായ നിഷയും അഷറും നോഹയും യാത്രയുടെ ഓരോ നിമിഷങ്ങളും ആസ്വദിക്കുന്നതും കാണാം.
ബോളിവുഡ് താരങ്ങളുടെ സ്ഥിരം ഡെസ്റ്റിനേഷനുകളിൽ ഒന്നാണ് മഹാരാഷ്ട്രയിലെ പൂനെയിലുള്ള ലോണാവാല. 'സഹ്യപര്‍വതത്തിലെ രത്നം' എന്നറിയപ്പെടുന്ന ഇവിടം മണ്‍സൂണ്‍ കാലത്താണ് സഞ്ചാരികളെക്കൊണ്ട് നിറയുന്നത്. മഴക്കാലങ്ങളില്‍ നിറഞ്ഞൊഴുകുന്ന അരുവികളും വെള്ളച്ചാട്ടങ്ങളും കോട്ടകളും ഗുഹകളും സുന്ദരമായ തടാകങ്ങളും എങ്ങും കാണാവുന്ന പച്ചപ്പുമെല്ലാം സ്വര്‍ഗതുല്യമായ സൗന്ദര്യമാണ് ലോണാവാലയ്ക്ക് നല്‍കുന്നത്. ഗുഹകളുടെ നഗരം എന്നൊരു പേര് കൂടി ലോണാവാലയ്ക്കുണ്ട് മുംബൈ പട്ടണത്തിൽ നിന്നും 96 കിലോമീറ്റര്‍ ദൂരമേയുള്ളൂ എന്നതും ഇവിടം സഞ്ചാരികളുടെ പ്രിയപ്പെട്ടതാക്കുന്നു.
ലോണാവാലയിലെ പ്രശസ്തമായ ഗുഹയാണ് കർള & ഭജ. ഇന്ത്യയിലെ അതിപുരാതന ബൗദ്ധ ഗുഹകളിൽ ഒന്നാണിത്. ബി സി മൂന്നാം നൂറ്റാണ്ടിലേതാണിത് എന്നാണ് രേഖകൾ സൂചിപ്പിക്കുന്നത്. കല്ലിൽ കൊത്തിയുണ്ടാക്കിയതാണ് ഈ നിർമിതി. വലിയ സ്തംഭങ്ങളും ശില്പങ്ങളും ലിഖിതങ്ങളുമെല്ലാം ഈ ഗുഹകളിൽ കാണുവാൻ കഴിയും. കാലത്ത് 9 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് ഇവിടുത്തെ സന്ദർശക സമയം.
ബുഷി ഡാമിനടുത്താണ് അതേ പേരിൽ തന്നെയുള്ള തടാകം സ്ഥിതി ചെയ്യുന്നത്. പ്രകൃതി ഒരുക്കിയ മനോഹര കാഴ്ചകളാണ് ഇവിടുത്തെ പ്രധാനാകർഷണം. മലനിരകളും വെള്ളച്ചാട്ടങ്ങളും ഈ ഭൂമികയെ കൂടുതൽ സുന്ദരിയാക്കുന്നു. നഗരത്തിരക്കുകളിൽ നിന്നുമൊഴിഞ്ഞു വളരെ ശാന്തമായി തടാകക്കരയിൽ ഏറെ സമയം ചെലവഴിക്കാമെന്നുള്ളത് കൊണ്ടുതന്നെ നിരവധി പേർ ഇവിടെയെത്താറുണ്ട്. കാലത്ത് ഒമ്പതു മണി മുതലാണ് ഇവിടം സന്ദർശനത്തിനായി അതിഥികൾക്ക് തുറന്നു കൊടുക്കുന്നത്. വൈകുന്നേരം അഞ്ചുമണി വരെ പ്രവേശിക്കാം.
ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടങ്ങളിൽ പതിനാലാം സ്ഥാനത്താണ് കുനെ. മനോഹരമായ മലഞ്ചെരുവിലൂടെ താഴേക്ക് പതിക്കുന്ന ഈ വെള്ളച്ചാട്ടത്തിന്റെ മനോഹാരിത എത്ര കണ്ടാലും മതിവരുകയില്ല. 200 മീറ്റർ മുകളിൽ നിന്നുമാണ് വെള്ളം താഴേക്കു പതിക്കുന്നത്. ചുറ്റിലുമുള്ള പച്ചപ്പും മൂന്നു തട്ടുകളായി ജലം താഴേക്ക് പതിക്കുന്നതുമായ കാഴ്ച അനിർവചനീയം തന്നെയാണ്. അടുത്ത് നിന്നും വെള്ളച്ചാട്ടം ആസ്വദിക്കാം മാത്രമല്ല, താല്പര്യമുള്ളവർക്ക് കുളിക്കുകയുമാകാം.
ശ്രീവർദ്ധൻ, മനരഞ്ജൻ എന്നിങ്ങനെ പേരുള്ള രണ്ടു കോട്ടകൾ ചേർന്നതാണ് രാജ്മാച്ചി കോട്ട. 1657 ൽ ഛത്രപതി ശിവജി ഈ കോട്ട പിടിച്ചെടുത്തു. ഏറെക്കാലത്തിനു ശേഷം 1818 ൽ കോട്ട ബ്രിട്ടീഷുകാരുടെ അധീനതയിലായി. പുരാതനമായ ധാരാളം ക്ഷേത്രങ്ങൾ കോട്ടയിൽ കാണുവാൻ കഴിയുമെങ്കിലും അതിലേറ്റവും പ്രധാനവും സന്ദർശിക്കേണ്ടതുമായ ഒന്നാണ് കാല ഭൈരവ ക്ഷേത്രം. രാജ്മാച്ചി പീഠഭൂമിയുടെ പടിഞ്ഞാറ് ഭാഗത്തായി വളരെ പുരാതനമായ ഒരു ബൗദ്ധ ഗുഹയുമുണ്ട്.
മൂക്കിന്റെ ആകൃതിയിലുള്ള കൊടുമുടി ലോണാവാലയിലെത്തുന്ന സഞ്ചാരികൾ മറക്കാതെ സന്ദർശിക്കുന്നൊരിടമാണ്. വെല്ലിങ്ടൺ ഡ്യൂക്കിന്റെ മൂക്ക് എന്ന പേരിലാണ് ഇതറിയപ്പെടുന്നത്. ഇതിനു മുകളിൽ നിന്നുമുള്ള അസ്തമയ കാഴ്ചകൾ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ടത് തന്നെയാണ്. നാഗ്പ്പാനി എന്ന പേരിലാണ് ഇവിടം പ്രശസ്തം.
3400 അടി മുകളിലായി സ്ഥിതി ചെയ്യുന്ന മറ്റൊരു കോട്ടയും ലോണാവാലയിലുണ്ട്. നിർമാണവൈദഗ്ധ്യത്തിന്റെ ഏറ്റവും വലിയൊരു ഉദാഹരണങ്ങളിൽ ഒന്നാണ് ലോഹഗഡ് കോട്ട. 1648 ലാണ് ശിവജി കോട്ട പിടിച്ചെടുത്തത്. നാട്ടുരാജ്യങ്ങൾ കീഴടക്കിയതിലൂടെ സ്വന്തമാക്കുന്ന സമ്പത്ത് സൂക്ഷിക്കാനും ശിവജി ഈ കോട്ട ഉപയോഗിച്ചിരുന്നുവെന്നു പറയപ്പെടുന്നു. സഹ്യാദ്രി മലനിരകളിൽ സ്ഥിതി ചെയ്യുന്ന ഇവിടുത്തെ പാറകളിൽ ഇരുമ്പിന്റെ നിക്ഷേപം ധാരാളമായിട്ടുണ്ട്. മറാത്തി ഭാഷയിൽ ലോഹഗഡ് എന്നതിനർഥം ഇരുമ്പ് കോട്ട എന്നാണ്.
ഒക്ടോബർ മുതൽ ഫെബ്രുവരി വരെയുള്ള സമയമാണ് ലോണാവാല കൂടുതൽ സുന്ദരിയാകുന്നതും ഇവിടെ ഏറ്റവും കൂടുതൽ സന്ദർശകരെത്തുന്നതും. ഈ സമയം കാലാവസ്ഥ ഏറെ അനുകൂലമാകുമെന്നു മാത്രമല്ല, ട്രെക്കിങ്, ഹൈക്കിങ് പോലുള്ളവയ്ക്ക് ഏറെ അനുയോജ്യവുമാണ്. മാർച്ച് മുതൽ മേയ് വരെയുള്ള സമയത്ത് ചൂട് കൂടുതലായിരിക്കും. ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള സമയം ഓഫ് സീസണാണ്. എങ്കിലും നിറഞ്ഞൊഴുകുന്ന തടാകങ്ങളും പച്ചപ്പുമെല്ലാം ആസ്വദിക്കണമെന്നുള്ളവർക്കു ആ സമയം തിരഞ്ഞെടുക്കാവുന്നതാണ്.