ഈ നഗരത്തിലെ വിസ്മയങ്ങൾ അദ്ഭുതപ്പെടുത്തുന്നു : സുരേഷ് ഗോപി
Mail This Article
ലോകാദ്ഭുതങ്ങളിൽ ഒന്നായ ഇറ്റലിയിലെ ചരിഞ്ഞ ഗോപുരത്തിന്റെ കാഴ്ചകൾ ആരെയാണ് വിസ്മയിപ്പിക്കാത്തത്? പിസ ഗോപുരത്തിന്റെ ആ മനോഹര കാഴ്ച്ചകൾ തന്റെ ഹൃദയം കവർന്നു എന്നാണ് കേന്ദ്ര സഹമന്ത്രിയും സിനിമാതാരവുമായ സുരേഷ് ഗോപിയും പറയുന്നത്. ആ നഗരത്തിലെ വിസ്മയങ്ങൾ തന്നെ അദ്ഭുതപ്പെടുത്തുന്നു എന്നെഴുതി കൊണ്ടാണ് ഇറ്റലിയിൽ നിന്നുമുള്ള യാത്രാചിത്രങ്ങൾ താരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്. ജി 7 ഉച്ചകോടിക്കായി ഇറ്റലിയിലെത്തിയതാണ് കേന്ദ്ര സഹമന്ത്രി.
ലോകത്തിലെ ഏറ്റവും മികച്ച നിർമാണവിസ്മയങ്ങളില്‍ ഒന്നാണ് ഇറ്റലിയിലെ പിസ ഗോപുരം. ചെരിവുള്ള ഈ ഗോപുരം സന്ദര്‍ശിക്കാന്‍ ലോകത്തിന്‍റെ വിവിധഭാഗങ്ങളില്‍ നിന്നും നിരവധി സഞ്ചാരികള്‍ വർഷാവർഷം ഇവിടെയെത്തുന്നുണ്ട്. മനുഷ്യനുണ്ടായ പിഴവ് മഹാദ്ഭുതമായി മാറിയ കാഴ്ചയ്ക്കു ഇവിടെയെത്തിയാൽ സാക്ഷിയാകാം.
ഫ്ലോറൻസിലെ ഫിറൻസ് സാന്താ മരിയ നോവെല്ല റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിനിൽ ഒരു മണിക്കൂർ യാത്ര ചെയ്താൽ അർനോ നദിയിൽ സ്ഥിതി ചെയ്യുന്ന മനോഹരമായ നഗരമായ പിസയിലെത്താം. പിസ-സെൻട്രൽ ആണ് ഇവിടുത്തെ പ്രധാന റെയിൽവേ സ്റ്റേഷൻ. ട്രെയിന്‍ ഇറങ്ങിയ ശേഷം ഏകദേശം 20 മിനിറ്റ് നടന്നാൽ ഗോപുരത്തിനടുത്തെത്താം.
കത്തീഡ്രലും പിസ ബാപ്റ്റിസ്ട്രിയും ഉൾപ്പെടുന്ന പിസ കത്തീഡ്രൽ സ്ക്വയറിലെ മൂന്ന് ഘടനകളിൽ ഒന്നാണ് ഗോപുരം. കത്തീഡ്രലിന് പുറകിലാണ് ചെരിഞ്ഞ ഗോപുരം സ്ഥിതി ചെയ്യുന്നത്. പിസ കത്തീഡ്രലിന്‍റെ ബെൽ ടവർ അഥവാ കാമ്പനൈൽ ആയി നിർമിച്ചതായിരുന്നു ഈ ടവർ. ഗോപുരത്തിന്‍റെ മുകളിലേക്ക് കയറാന്‍ 294 പടികൾ ഉണ്ട്. പടികൾ വളരെ വിശാലവും കയറാൻ എളുപ്പവുമാണ്. പ്രവേശനത്തിനായി സഞ്ചാരികളില്‍ നിന്നും ഫീസ് ഈടാക്കുന്നുണ്ട്.
പിസ പ്രവിശ്യയില്‍, 57 മീറ്റർ ഉയരവും 14,500 മെട്രിക്ടൺ ഭാരവുമുള്ള ഗോപുരത്തിന്‍റെ പണി ആരംഭിച്ചത് 1173- ലായിരുന്നു. ഉറപ്പില്ലാത്ത മണ്ണായതിനാല്‍ നിര്‍മ്മാണം തുടങ്ങിയപ്പോള്‍ത്തന്നെ കെട്ടിടത്തിന് ചെരിവുണ്ടായിരുന്നു. 199 വർഷത്തിനിടെ മൂന്ന് ഘട്ടങ്ങളിലായാണ് ഗോപുരത്തിന്‍റെ നിർമാണം നടന്നത്. 14-ാം നൂറ്റാണ്ടിൽ നിർമാണം പൂർത്തീകരിച്ചതോടെ ചെരിവ് കൂടുതൽ വഷളായി. 1990 ആയപ്പോഴേക്കും ചരിവ് 5.5 ഡിഗ്രിയിലെത്തി. പിന്നീട്, 1993- നും 2001- നും ഇടയിൽ നടത്തിയ പ്രവർത്തനങ്ങളിലൂടെ ചരിവ് 3.97 ഡിഗ്രിയായി കുറച്ചു.
ചെരിവിന്‍റെ കാര്യത്തില്‍ മാത്രമല്ല പിസ ഗോപുരം ലോകശ്രദ്ധയാകര്‍ഷിച്ചത്. 1280 മുതൽ കുറഞ്ഞത് നാല് ശക്തമായ ഭൂകമ്പങ്ങളെങ്കിലും ഈ മേഖലയിൽ ഉണ്ടായിട്ടുണ്ട്, പിസ ഗോപുരം അവയെല്ലാം അതിജീവിച്ച് ഒരു പോറല്‍ പോലുമേല്‍ക്കാതെ നിലകൊണ്ടു. കെട്ടിടത്തിന് ചെരിവുണ്ടാകാന്‍ കാരണമായ അതേ മൃദുവായ മണ്ണിന്‍റെ സാന്നിധ്യം മൂലമുണ്ടാകുന്ന ‘ഡൈനാമിക് സോയിൽ-സ്ട്രക്ചർ ഇന്ററാക്ഷൻ’ എന്ന സവിശേഷതയാണ് പിസ ഗോപുരത്തെ രക്ഷിച്ചത് എന്നു ഗവേഷകര്‍ പിന്നീട് കണ്ടെത്തി.