‘ഈ ആഴ്ചയിലെ മാനസിക സന്തോഷം’; തടാകങ്ങളുടെ നഗരത്തിൽ നിന്ന് മാനുഷി ചില്ലാർ

Mail This Article
ബോളിവുഡ് താരവും 2017 ലെ മിസ് വേൾഡുമായ മാനുഷി ചില്ലാർ ഇത്തവണ യാത്രയ്ക്കായി എത്തിയിരിക്കുന്നത് തടാകങ്ങളുടെ നഗരം എന്നറിയപ്പെടുന്ന ഉദയ്‌പൂരിന്റെ മനോഹര കാഴ്ചകളിലേക്കാണ്. തടാകങ്ങളും കോട്ടകളും കൊട്ടാരങ്ങളുമൊക്കെ മോടി കൂട്ടുന്ന ഉദയ്പൂർ ആദ്യകാഴ്ചയിൽ തന്നെ മനസ്സ് കീഴടക്കുന്ന സഞ്ചാരികളുടെ ഇഷ്ടയിടങ്ങളിലൊന്നാണ്. ഈ ആഴ്ചയിലെ മാനസിക സന്തോഷം എന്ന കുറിപ്പോടെയാണ് മാനുഷി ചിത്രങ്ങളെല്ലാം പങ്കുവച്ചിരിക്കുന്നത്. തിരക്കുകൾക്കിടയിലും ഇടയ്ക്കിടെ യാത്രകൾക്കും സാഹസിക വിനോദങ്ങൾക്കുമെല്ലാം സമയം കണ്ടെത്തുകയും ആ വിശേഷങ്ങളെല്ലാം തന്റെ ആരാധകരുമായി പങ്കിടുകയും ചെയ്യുന്നതിൽ യാതൊരു മടിയും കാണിക്കാത്ത മാനുഷിയുടെ ഈ യാത്രാചിത്രങ്ങളും ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്.
ഇന്ത്യയുടെ സ്വന്തം വെനീസ് എന്നറിയപ്പെടുന്ന നഗരമാണ് ഉദയ്പൂര്‍. തെക്കൻ രാജസ്ഥാനില്‍, ആരവല്ലി മലനിരകളുടെ തെക്കേച്ചരിവിലുള്ള പീഠഭൂമി പ്രദേശത്താണ് ഈ നഗരം. മനുഷ്യനിര്‍മ്മിതമായ തടാകങ്ങളും മനോഹരമായ നിര്‍മ്മിതികളുമുള്ള ഉദയ്പൂരില്‍ കാണാനും ആസ്വദിക്കാനും ധാരാളം കാഴ്ചകളുണ്ട്. ഉദയ്പൂര്‍ കൊട്ടാരം, മണ്‍സൂണ്‍ പാലസ് തുടങ്ങി നൂറ്റാണ്ടുകളുടെ ചരിത്രം പേറുന്ന എണ്ണമറ്റ കോട്ടകളും ജെയ്‌സാമന്ദ്, രാജ്സമന്ത്, ഉദയസാഗർ, പിച്ചോല തുടങ്ങിയ തടാകങ്ങളും ആരവല്ലി മലനിരകളുടെ വശ്യമായ പ്രകൃതിഭംഗിയുമെല്ലാം ഉദയ്പൂരിന്‍റെ മുഖമുദ്രകളാണ്.
ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ മനുഷ്യ നിർമിത തടാകമാണ് ജെയ്‌സാമന്ദ് തടാകം. 102 അടി ആഴമുള്ള തടാകമാണിത്. പതിനേഴാം നൂറ്റാണ്ടിലെ മഹാറാണ ജയ് സിങ്ങിന്‍റെ ബുദ്ധിയിലുദിച്ചതായിരുന്നു ഈ തടാകമെന്ന ആശയം.
ഉദയ്പൂര്‍ കോട്ട ഏറെ പ്രസിദ്ധമാണ്. നഗരത്തിലെ ഏറ്റവും ഉയർന്ന ഭാഗത്ത് മഹാറാണാപ്രാസാദം, യുവരാജഗൃഹം, സർദാർ ഭവനം തുടങ്ങിയ നിര്‍മ്മിതികളും പ്രസിദ്ധമായ ജഗന്നാഥക്ഷേത്രവും സ്ഥിതിചെയ്യുന്നു. ഇവയുടെ പ്രതിബിംബങ്ങൾ സമീപത്തുള്ള പിച്ചോല തടാകത്തിൽ പ്രതിബിംബിക്കുന്നത് മനോഹരമായ കാഴ്ച്ചയാണ്. തടാകത്തിനു നടുവിലായി, യജ്ഞമന്ദിരം, ജലവാസഗൃഹം എന്നിങ്ങനെ രണ്ടു വാസ്തുശില്പങ്ങളുമുണ്ട്.
മുഗള്‍ വാസ്തുവിദ്യയുടെ സൗന്ദര്യം ആവാഹിച്ച് പിച്ചോല തടാകനടുവില്‍ ഗാംഭീര്യത്തോടെ നില്‍ക്കുന്ന താജ് ലേക്ക് പാലസ് ലോകപ്രശസ്തമാണ്. പതിനെട്ടാം നൂറ്റാണ്ടില്‍ മഹാറാണ ജഗത് സിങ് രണ്ടാമൻ നിർമ്മിച്ച ജഗ് നിവാസ്, 1963-ൽ മേവാര്‍ രാജകുടുംബത്തിലെ മഹാറാണ ഭഗവത് സിങ് ഒരു ഹെറിറ്റേജ് ഹോട്ടലാക്കി മാറ്റി. പിന്നീട്, ജെയിംസ് ബോണ്ട് ചിത്രമായ 'ഒക്ടോപസി'യില്‍ ചിത്രീകരിക്കപ്പെട്ടതോടെ പാലസിന്‍റെ പ്രശസ്തി ലോകമെമ്പാടും പരക്കുകയും, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ ഇവിടേക്ക് പറന്നെത്തുകയും ചെയ്തു. ഇന്ന് ഇവിടെ 65 ആഡംബര മുറികളും 18 ഗ്രാൻഡ് സ്യൂട്ടുകളും ഉണ്ട്.