ADVERTISEMENT

വ്യത്യസ്തമായ കാഴ്ചകളും തേടിയാണ് എസ്തറിന്റെ യാത്രകളിലധികവും. ‘ദൃശ്യം’ സിനിമയിലെ അനുമോൾ എന്ന കഥാപാത്രത്തിലൂടെ ഏറെ പ്രശസ്തയായ താരമിപ്പോൾ മൊറോക്കോൻ യാത്രയിലാണ്. വേറിട്ട കാഴ്ചകളുടെ പറുദീസയാണ് മൊറോക്കോ. വായിച്ചറിയുന്ന ലോകത്തിനപ്പുറം കണ്ടും തൊട്ടും അറിയുന്ന കാഴ്ചകൾ എക്കാലവും അവിസ്മരണീയമായിരിക്കും. അത്തരം അനുഭവങ്ങൾ അറിഞ്ഞാസ്വദിക്കുകയാണ് എസ്തർ. മൊറോക്കയിലെ പ്രശസ്ത പട്ടണമായ മരക്കേഷും എസോയിറയുമൊക്കെയാണ് താരത്തിന്റെ യാത്രകളിൽ ഇടംപിടിച്ചിരിക്കുന്നത്. പഴമയും പുതുമയും ഒത്തുചേരുന്ന ആ നാടിന്റെ നിരവധി സുന്ദരമായ ദൃശ്യങ്ങൾ എസ്തർ സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച ചിത്രങ്ങളിലുണ്ട്. 

Moroccan city. Image Credit:Credit:Kar-Tr/istockphoto
Moroccan city. Image Credit:Credit:Kar-Tr/istockphoto

മൊറോക്കയിലെ ഏറ്റവും വലിയ നഗരങ്ങളിൽ സ്ഥാനമുണ്ട് മരക്കേഷിന്. ചുവന്ന നഗരമെന്നാണ് മരക്കേഷിന്റെ മറ്റൊരു പേര്. വാസ്തുവിദ്യകൊണ്ട് അദ്ഭുതപ്പെടുത്തുന്ന ഈ നഗരത്തിലെ ഒരു നിർമിതിയാണ് കുതുബിയ മസ്ജിദ്. ആകർഷകമായ മിനാരവും നിർമിതിയിലെ വൈദഗ്‌ധ്യവുമാണ് ആദ്യ കാഴ്ചയിൽ അദ്ഭുതപ്പെടുത്തുക. ചുറ്റിലും ഈന്തപ്പന തോട്ടവും വിശാലമായ പൂന്തോട്ടവും കാണാം. ശാന്തമായി ഏറെ സമയം ചെലവഴിക്കാൻ ഉചിതമായ ഒരിടമാണിത്. കുറച്ചു നാളുകൾക്കു മുൻപുണ്ടായ ഭൂകമ്പത്തിൽ ചെറിയ കേടുപാടുകൾ  സംഭവിച്ച മസ്ജിദിന്റെ അറ്റകുറ്റപണികൾ ഈയടുത്തിടെ നടത്തിയിരുന്നു. അമുസ്ലിങ്ങൾക്ക് ദേവാലയത്തിനകത്തേക്കു പ്രവേശനമില്ലെങ്കിലും ചിത്രങ്ങൾ പകർത്തുന്നതിനു വിലക്കുകളില്ല.  

മരക്കേഷിലെ പ്രധാനപ്പെട്ട ഒരു വാണിജ്യ കേന്ദ്രമാണ് ജമാ അൽ ഫിന. കുതുബിയ മസ്ജിദിനു എതിർവശത്തായി സ്ഥിതി ചെയ്യുന്ന ഈ മാർക്കറ്റ് സന്ദർശകരുടെ പ്രിയയിടങ്ങളിൽ ഒന്നാണ്. മൊറോക്കൻ സംസ്കാരത്തിന്റെ പ്രതിഫലനമാണ് ജമാ അൽ ഫിന. ഇവിടെയെത്തുന്ന അതിഥികളെ സ്വീകരിക്കുന്നതിലുമുണ്ട് ഏറെ പ്രത്യേകത. പാരമ്പര്യ മൊറോക്കൻ വസ്ത്രങ്ങൾ അണിഞ്ഞ ആളുകൾ മൃഗങ്ങളുടെ തുകലിൽ തീർത്ത പാത്രങ്ങളിൽ നിന്നും വെള്ളം പകർന്നു നൽകിയാണ് അതിഥികളെ തങ്ങളുടെ വാണിജ്യ ചത്വരത്തിലേക്കു സ്വാഗതമോതുക. മൃഗങ്ങളുടെ കച്ചവടം, കുരങ്ങന്മാരുടെ അഭ്യാസ പ്രകടനങ്ങൾ തുടങ്ങി നിരവധി കാഴ്ചകളാണ് ആദ്യം കാണാൻ കഴിയുക. ധാരാളം വേറിട്ട രുചികൾ വിളമ്പുന്ന ഭക്ഷണശാലയും ഇവിടെയുണ്ട്. അമ്പതിലധികം ഭക്ഷണ ശാലകൾ ഈ മാർക്കറ്റിൽ കാണുവാൻ കാണുവാൻ കഴിയും. രുചിച്ചാൽ തീരാത്തത്രയും വിഭവങ്ങളാണ് ഇവിടെ വിളമ്പുന്നത്. മത്സ്യവും മാംസവും പച്ചക്കറികളും പലരുചികളിൽ പാകം ചെയ്ത് ലഭിക്കും. ഇതിനെല്ലാം പുറമെ ധാരാളം വിനോദങ്ങളും ആസ്വദിക്കാവുന്നതാണ്. 

8000 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള മരത്തിൽ തീർത്ത ബാഹിയ കൊട്ടാരം മരക്കേഷിലെ  മറ്റൊരു ആകർഷണമാണ്. 150 മുറികളാണ് ഈ കൊട്ടാരത്തിലുള്ളത്. കൊട്ടാരത്തിന്റെ കാഴ്ചകൾ പൊതുജനങ്ങൾക്ക് ആസ്വദിക്കാമെങ്കിലും ഇതിന്റെ ഒരു ഭാഗം മാത്രമേ സന്ദർശകർക്ക് തുറന്നു കൊടുത്തിട്ടുള്ളൂ. 

ജാർഡിൻ മജോറെല്ല എന്ന ഉദ്യാനവും മരക്കേഷിലെ ഒരു പ്രധാന കാഴ്ചയാണ്. 1924 ലാണ് ഈ പൂന്തോട്ടം പ്രവർത്തനം ആരംഭിച്ചത്. അഞ്ചു ഭൂഖണ്ഡങ്ങളിൽ നിന്നുമുള്ള 300 ഇനം സസ്യങ്ങളുടെ ഒരു വർണപ്രപഞ്ചമാണ് ഈ പൂന്തോട്ടം. 1980 ലാണ് ജാർഡിൻ മജോറെല്ല പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തത്. ഉദ്യാനത്തിന്റെ മധ്യത്തിലായി ഫ്രഞ്ച് ലാൻഡ് സ്കേപ്പ് ചിത്രകാരനും ഇതിന്റെ യഥാർഥ ഉടമയുമായ ജാക്വസ് മജോറെല്ലിന്റെ ഇലക്ട്രിക് ബ്ലൂ ആർട്ട് സ്റ്റുഡിയോ സ്ഥിതി ചെയ്യുന്നു. മനോഹരമായ കോർട്ട്‌യാർഡ് കഫേ, ഒരു ചെറിയ പുസ്തകശാല, ഫൊട്ടോഗ്രാഫി ഷോപ്പ്, മജോറെല്ലെ ബ്ലൂ സ്ലിപ്പറുകള്‍, തുണിത്തരങ്ങൾ, വിവിധ ഡിസൈനുകളിലുള്ള ആഭരണങ്ങൾ എന്നിവ വിൽക്കുന്ന ഒരു ബോട്ടിക് എന്നിവയും ഇവിടെ കാണാം. 

മൊറോക്കയിലെ ജനങ്ങളുടെ 600 ലധികം പുരാവസ്തുക്കൾ സൂക്ഷിച്ചിട്ടുള്ള മ്യൂസിയമാണ് ബർബെ. ധാരാളം സന്ദർശകരെത്തുന്ന ഈ മ്യൂസിയം സന്ദർശിക്കാതെ മൊറോക്കൻ യാത്ര പൂർണമാകില്ല. പ്രതിവർഷം 900000 പേരാണ് ബർബെ മ്യൂസിയത്തിലെത്തുന്നത്. വിശാലമായ ഉദ്യാനവും ആർട് ഡെക്കോ വാസ്തുവിദ്യയുമൊക്കെയുള്ള ഇവിടം അതിഥികൾക്ക് എക്കാലവും വലിയ വിസ്മയമാണ്. 

മൊറോക്ക എന്ന രാജ്യത്തിൻറെ സമ്പന്നമായ ചരിത്രം പറയുന്നയിടമാണ്  സാദിയൻ ശവകുടീരങ്ങൾ. പതിനാറാം നൂറ്റാണ്ടിൽ സാദിയൻ സുൽത്താൻ അഹമ്മദ് അൽ മന്‍സൂർ അദഹ്ബി നിർമ്മിച്ച ഈ ശവകുടീരങ്ങൾ ആ രാജവംശത്തിന്റെ ശക്തിയും മഹത്വവും വെളിവാക്കുന്നവയാണ്. കല്ലിൽ തീർത്ത കൊത്തുപണികള്‍, തൂക്കുവിളക്കുകൾ എന്നിവയെല്ലാം ഇവിടെ കാണുവാൻ കഴിയും. മനോഹരമായ രൂപകൽപനയും നിർമാണത്തിലെ ചാരുതയും സന്ദർശകരെ ആകർഷിക്കുന്ന കാഴ്ചയാണ്. 

മനോഹരമായ ഒരു ചിത്രം പോലെ സുന്ദരമായ മൊറോക്കയിലെ ഒരു പഴയ പട്ടണമാണ് എസോയിറ. ബീച്ചുകളാണ് ഈ പട്ടണത്തിന്റെ സൗന്ദര്യത്തിനു മാറ്റുക്കൂട്ടുന്നത്. അറബിക്, ജൂത, ബെർബെർ സംസ്കാരങ്ങളുടെ സംഗമമാണ് ഇവിടം. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടമുള്ള ഈ പട്ടണത്തിനു പറയാൻ നീണ്ട ചരിത്രമുണ്ട്. ഇവിടുത്തെ തെരുവ് വീഥികളിൽ മൺപാത്രങ്ങൾ. സുഗന്ധ വ്യഞ്ജനങ്ങൾ, കമ്പിളികൾ തുടങ്ങി ധാരാളം വസ്തുക്കൾ വാണിഭത്തിനായി വെച്ചിരിക്കുന്നത് കാണാം. തനതു രുചികൾ, പ്രധാനമായും മൽസ്യ വിഭവങ്ങൾ വിളമ്പുന്ന ഭക്ഷണ ശാലകൾ ഇവിടെ നിരവധിയുണ്ട്. സുഖകരമായ കാലാവസ്ഥ അനുഭവപ്പെടുന്നതു കൊണ്ടുതന്നെ മൊറോക്കൻ സന്ദർശനത്തിൽ മടിക്കാതെ എസോയിറയിലുമെത്താം.

English Summary:

Esther Anil's Moroccan adventure: Explore the Red City of Marrakesh and the coastal charm of Essaouira. Discover stunning mosques, vibrant markets, and historical palaces in this unforgettable journey.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com