പെൺകുട്ടികളെ നോക്കേണ്ടത് ആൺകുട്ടികളുടെ ബാധ്യതയാണോ? പാട്രിയാർക്കിയുടെ ഇരയായി സ്വയം ജീവനൊടുക്കുന്നവർ

Mail This Article
വിപിൻ എന്ന യുവാവ് എന്തിനാവും കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തത്? സഹോദരിയെയും അമ്മയെയും സ്വർണാഭരണക്കടയിൽ ഇരുത്തിയ ശേഷമാണ് വിപിൻ തിരികെ വീട്ടിൽപ്പോയി മരിച്ചത്. സ്ഥലം ഈടു വച്ച ശേഷം ബാങ്കിൽനിന്ന് വായ്പയെടുക്കാനായി അയാൾ ശ്രമിച്ചിരുന്നു. എന്നാൽ മൂന്നു സെന്റ് മാത്രം ഉള്ളതുകൊണ്ട് ബാങ്കുകളൊന്നും വായ്പ കൊടുക്കാൻ തയാറായില്ല. ഒടുവിലത്തെ പ്രതീക്ഷയും അറ്റു പോയപ്പോഴാണ് വിപിൻ വീടിനെ ഉപേക്ഷിച്ച് മരണത്തിലേക്കു മടങ്ങിയത്.
വിവാഹവുമായി ബന്ധപ്പെട്ടു നിൽക്കുന്ന സാമ്പത്തിക ചെലവുകൾ പലപ്പോഴും ഒരു സാധാരണ കുടുംബത്തിന്റെ സർവ താളങ്ങളെയും തെറ്റിക്കാറുണ്ട്. സ്ത്രീധനം ആവശ്യപ്പെടുന്നവരല്ലെങ്കിൽപ്പോലും ഈ ചെലവിനു കുറവില്ല, ലേശം വ്യത്യാസം വരുമെന്നു മാത്രം. ‘തൊട്ടടുത്ത വീട്ടിലെ പെൺകുട്ടിക്ക് അവർ വിവാഹത്തിന് പത്തു ലക്ഷം കൊടുത്തു, പിന്നെയൊരു കാറും. ഇപ്പുറത്തെ വീട്ടിലാണെങ്കിൽ സ്ത്രീധനമൊന്നും വേണ്ടെന്നു പറഞ്ഞു, പക്ഷേ, ആ വിവാഹത്തിന് ഇരുപത് ലക്ഷം രൂപയായിരുന്നു ചെലവ്. അപ്പൊ എങ്ങനെ നമ്മുടെ മകളെ ആ ഒരു റേഞ്ചിൽ എങ്കിലും വിവാഹം കഴിപ്പിക്കാതെയിരിക്കും. നമുക്കും അയൽപക്കത്ത് ജീവിക്കണ്ടേ?’ ഒരു അമ്മയുടെ ആവലാതിയാണിത്. കയറ്റിറക്കങ്ങളുടെ ഒരു കണക്ക് എല്ലാ മനുഷ്യരും സൂക്ഷിക്കുന്നുണ്ട്. സ്വന്തം വീട്ടിൽ എന്തുണ്ട് എന്നതിനേക്കാൾ മറ്റൊരു വീട്ടിൽ ഉള്ളതിനെച്ചൊല്ലി വ്യക്തികളുടെ തീരുമാനങ്ങൾ മാറുന്നുണ്ട് എന്നതു സത്യമാണ്. ഇത് വിവാഹത്തിൽ മാത്രമല്ല, വീട്ടിൽ ഒരു ഗാർഹിക ഉപകരണം വാങ്ങുന്നതിൽ വരെയുണ്ടാകും.
എങ്കിലും ഒരു ചോദ്യമുണ്ട്, എന്തുകൊണ്ട് വിപിൻ എന്ന ആൺകുട്ടി ആത്മ ചെയ്തു? പാട്രിയാർക്കി എന്ന അവസ്ഥയുടെ ബലിയാടാണ് ഇവിടെ വിപിൻ. പെൺകുട്ടികളെ നോക്കേണ്ട ‘ബാധ്യത’ കുടുംബത്തിലെ ആണുങ്ങൾക്കാണെന്നുള്ള ധാരണ ഇപ്പോഴും കുടുംബങ്ങളിൽനിന്ന് ഒഴിഞ്ഞു പോയിട്ടില്ല. സാധാരണ ഇരകളാക്കപ്പെടുന്നത് സ്ത്രീകളാണെന്നാണ് വയ്പ്. വീടുകളിൽനിന്നു സ്വർണവും മറ്റും നൽകി ‘ഇറക്കി വിടേണ്ട’ സ്ത്രീകൾ മറ്റൊരു വീട്ടിൽ ‘ചെന്നുകയറേണ്ടി’ വരുമ്പോഴാണല്ലോ ഇരകൾ ആയി മാറുന്നത്! എന്നാൽ മറ്റൊരു വിധത്തിൽ നെഞ്ചു തകർന്നിരിക്കുന്ന പുരുഷ വിഭാഗമുണ്ട് ഓരോ വീട്ടിലും. പാട്രിയാർക്കിയുടെ സംഭാവനയാണ് ഈ തകർച്ച. കുടുംബത്തിന്റെ അഭിമാനം സൂക്ഷിക്കാനുള്ള ബാധ്യത ആണിന്റെ തലച്ചുമടാവുമ്പോൾ മകളുടെ/പെങ്ങളുടെ വിവാഹം ഏറ്റവും മാന്യമായി നടത്തുക എന്നതാണ് അവരുടെ മുന്നിലുള്ള ഒരു സാധ്യത. വീട് പണയം വച്ചും അധികമുള്ള സ്ഥലം കച്ചവടം ചെയ്തും വായ്പ എടുത്തും പലിശയ്ക്കെടുത്തും വരെ പലരും പെൺകുട്ടികളെ വിവാഹം കഴിപ്പിച്ചയയ്ക്കുന്നു. ബാക്കി വരുന്ന കടവും സാമ്പത്തിക ബുദ്ധിമുട്ടും സ്വയം കഴുതയെപ്പോലെ ചുമന്നു നടക്കുകയും ചെയ്യുന്നു. പലരും വർഷങ്ങൾക്ക് മുൻപു തന്നെ ‘മകളുടെ’ വിവാഹത്തിനായി സമ്പാദ്യശീലം തുടങ്ങിയിട്ടുണ്ടാവും. എന്തുതന്നെയായാലും ഈ വിവാഹത്തിനു മുൻപും കഴിഞ്ഞുമുള്ള ഓട്ടം മിക്കപ്പോഴും ആണുങ്ങളുടെ കുത്തകയാണ്.
വിവാഹം എന്നത് ഇപ്പോഴും ഒരു ആർഭാടമാണ്. അതിൽ വിട്ടുവീഴ്ചയ്ക്ക് തയാറാകാത്തവരാണ് മലയാളികൾ. പെൺകുട്ടികളുടെ ഇഷ്ടങ്ങൾ പോലും ഇതിൽ പ്രസക്തമല്ല. ‘പെൺകുട്ടികളെ കൊടുക്കുക’ എന്നൊരു പ്രയോഗം തന്നെയുണ്ട് ചില സമുദായങ്ങളിൽ. മറ്റൊരിടത്തേക്കുള്ള ഈ കൊടുക്കലിന് ചെലവേറുമല്ലോ. പെണ്മക്കളെ വെറുതെ മറ്റൊരിടത്തേക്ക് കൊടുക്കാനാകുമോ?
എപ്പോഴാണ് ഇത്തരം വിവാഹ ധൂർത്തുകൾ അവസാനിക്കുക? മിക്ക പെൺകുട്ടികൾക്കും ഇപ്പോൾ വിവാഹത്തെക്കുറിച്ച് സ്വന്തമായ അഭിപ്രായങ്ങളുണ്ട്. വളരെ ലഘുവായ ചടങ്ങ്, അതിൽ കൂടുതൽ ആഗ്രഹിക്കാത്ത ഒരുപാടു പെൺകുട്ടികളുണ്ട്. ‘കൊടുക്കുക’ എന്ന അവസ്ഥയിൽനിന്ന്, വിവാഹങ്ങൾ പരസ്പരം ഒന്നിച്ചു ജീവിക്കാനുള്ള ഒരു കരാറിന്റെ അപ്പുറത്തെ ആഡംബരങ്ങളിലേക്കു കൊണ്ടുപോകാതിരിക്കുന്ന സംസ്കാരം വരുന്ന ഒരു കാലത്തു മാത്രമേ വിപിനെ പോലെയുള്ള ആങ്ങളമാർക്കും അച്ഛന്മാർക്കും സ്വസ്ഥതയുണ്ടാകൂ എന്നതാണ് സത്യം. പെൺകുട്ടികളുടെ പഠനവും സ്വന്തം കാലിൽ നിൽക്കാനുള്ള ജോലിയും സ്വന്തമായി തീരുമാനങ്ങളെടുക്കാനുള്ള ശേഷിയും വരുന്ന ഒരു കാലത്ത് അവളല്ലേ തീരുമാനിക്കേണ്ടത് ആർക്കൊപ്പം ഭാവിജീവിതം മുന്നോട്ടു കൊണ്ടു പോകണമെന്ന്? കുടുംബത്തിന്റെ മഹിമ, സാമ്പത്തികം, ജാതി, മതം തുടങ്ങിയ മാനദണ്ഡങ്ങളുമായി മക്കൾക്കു ബന്ധങ്ങൾ തേടുന്ന മാതാപിതാക്കൾ സാമൂഹിക/സദാചാര തത്വം മാത്രമാണ് നോക്കുന്നത്, അതിൽ വിവാഹം കഴിക്കേണ്ട പെൺകുട്ടികളുടെ ശാരീരികവും മാനസികവുമായ ശീലങ്ങൾക്കും ഇഷ്ടങ്ങൾക്കും പ്രസക്തിയൊന്നുമില്ല. ഇതെത്ര നീതികേടാണ്!
പൂർണമായും വിവാഹത്തിനുള്ള ഉത്തരവാദിത്തം അതു ചെയ്യേണ്ടവർക്കു തന്നെ വിട്ടു കൊടുക്കുക എന്നതാണ് ഇനിയുള്ള കാലത്ത് മാതാപിതാക്കൾക്ക് ചെയ്യാനുള്ളത്. അവർ ആഗ്രഹിക്കുന്നതു പോലെ ഒപ്പം നിന്ന് അവരെ ചേർത്തു പിടിക്കുന്നതിനപ്പുറം മാതാപിതാക്കൾ ഈ സാഹചര്യത്തിൽ കൂടുതൽ ഉത്തരവാദിത്തം കാണിക്കേണ്ടതില്ല. മകളുടെ വിവാഹത്തോടെ ഒടുങ്ങേണ്ടതല്ല സ്വന്തം ജീവിതവും വീടും ഒന്നും. അതിനു ശേഷം കടങ്ങൾ കൂടി ജീവിതം ഒടുക്കേണ്ടതില്ല. ആർഭാടമായി വിവാഹം വേണമെന്നുള്ള പെൺകുട്ടികൾ സ്വന്തമായി ജോലി ചെയ്ത് അതിനുള്ള വിഭവങ്ങൾ കണ്ടെത്തട്ടെ. എല്ലാവരും ഒന്നിച്ച് ചെലവുകൾ പങ്കിട്ടു നടത്തട്ടെ. കൊടുത്തയയ്ക്കുകയല്ല, ഒന്നിച്ചു ജീവിക്കാൻ അവരെ ഒന്നിച്ചു തന്നെ വിടുകയാണ് വിവാഹം. അതിനു മറ്റാരും കടക്കാർ ആകേണ്ടതില്ല. പെണ്മക്കളുടെ വിവാഹ ശേഷവും മാതാപിതാക്കൾക്ക് ജീവിക്കേണ്ടതുണ്ട്. ജീവിതം ആസ്വദിക്കേണ്ടതുണ്ട്. അവർക്കു വേണ്ടി മാത്രം ബാക്കിയുള്ള കാലം ജീവിക്കേണ്ടതുണ്ട്. പാട്രിയാർക്കിയുടെ കാലം കഴിഞ്ഞാൽ മാത്രം സംഭവിക്കാൻ സാധ്യതയുള്ള കാര്യങ്ങളെക്കുറിച്ചാണ് ഈ പറയുന്നത്. സാമ്പത്തിക, സാമൂഹിക സമത്വം നേടിയ പെൺകുട്ടികൾ അവരുടെ ജീവിതം സ്വയം കണ്ടെത്തുന്നത് എത്ര മനോഹരമായ കാര്യമാണ്! അയൽക്കാരല്ല മക്കളുടെ സന്തോഷവും സമാധാനവും മാത്രമാണ് പ്രധാനമെന്നും, ആർഭാടമല്ല ഇഷ്ടത്തിന് അനുസരിച്ചുള്ള ജീവിതമാണ് പ്രധാനമെന്നുമുള്ള തീരുമാനങ്ങളിൽ എത്തുന്ന എല്ലാ മാതാപിതാക്കളും അവരുടെ എല്ലാ കാലങ്ങളും മനോഹരമായിത്തന്നെ ജീവിച്ചു തീർക്കും. വിപിനെ പോലെയുള്ള ആങ്ങളമാർക്കോ അച്ഛന്മാർക്കോ ആത്മഹത്യ ചെയ്യേണ്ടി വരികയുമില്ല. ഇനിയുള്ള കാലത്തിലെന്നെങ്കിലും ആ സ്വാതന്ത്ര്യം ഓരോ മാതാപിതാക്കൾക്കും ലഭിക്കുമായിരിക്കാം.\
English Summary: Vipin Trissur Suicide