'എന്റെ അമ്മ സൂപ്പർ കൂളാണ്', ജീവിക്കാൻ പഠിപ്പിച്ച അമ്മയ്ക്ക് ടീച്ചേഴ്സ് ഡേ ആശംസകളുമായി കാജോൾ
Mail This Article
മികച്ച അഭിനേത്രി എന്നതിലുപരി നല്ലൊരു വ്യക്തി എന്ന നിലയിലാണ് ബോളിവുഡ് താരം കാജോൾ അറിയപ്പെട്ടത്. രസകരമായ സംസാരരീതിയും, തമാശയും കളിചിരിയുമൊക്കെയായി ആർക്കും ഇഷ്ടപ്പെടുന്ന സ്വഭാവം. എന്നാൽ ഇതിനൊക്കെ പിന്നിൽ തന്റെ അമ്മയാണെന്ന് കാജോൾ പലതവണ പറഞ്ഞിട്ടുണ്ട്. ടീച്ചേഴ്സ് ഡേയിൽ തന്നെ ജീവിക്കാൻ പഠിപ്പിച്ച അമ്മയ്ക്ക് ആശംസകൾ അറിയിക്കുകയാണ് കാജോൾ.
പലപ്പോഴായി നൽകിയ ഇന്റർവ്യൂകളിൽ നിന്നും അമ്മയെപ്പറ്റി പറയുന്ന ക്ലിപ്പുകൾ ചേർത്തുവച്ച വിഡിയോ കാജോൾ സോഷ്യൽമീഡിയയിൽ പങ്കുവച്ചു.
'അമ്മ എപ്പോഴും എന്റെ സൈഡിലായിരുന്നു. എനിക്കത് കുഞ്ഞുനാള്‍ മുതൽക്കേ അറിയാമായിരുന്നു. അമ്മ എപ്പോഴും പറയുമായിരുന്നു, മോളേ ഞാൻ നിന്റെ പുറകിൽ തന്നെയുണ്ട്. നീ വീണാൽ ഞാൻ നിന്റെ കൈ പിടിച്ച് എഴുന്നേൽപ്പിക്കും. പക്ഷേ വീഴുന്നതും, മുറിവേൽക്കുന്നതും, വേദന സഹിക്കുന്നതുമൊക്കെ നിനക്ക് ഒറ്റയ്ക്ക് ചെയ്യേണ്ടിവരും'. കാജോൾ വിഡിയോയിൽ പറയുന്നു.
'കുട്ടിക്കാലത്ത് സ്കൂളിൽ പഠിക്കുമ്പോൾ എന്റെ അമ്മ മാത്രമായിരുന്നു വിളിക്കാൻ വരാത്തത്. എനിക്കൊരു ചോയിസ് ഉണ്ടായിരുന്നെങ്കിൽ ഞാൻ സന്തോഷത്തോടെ വിളിക്കാൻ വന്നേനെ പക്ഷേ ജോലി ചെയ്യാതെ പറ്റില്ലല്ലോ എന്നാണ് അമ്മ പറയുന്നത്'. ഇതെല്ലാം തനിക്കു ഓരോ പാഠങ്ങളായിരുന്നുവെന്ന് കാജോൾ പറയുന്നു.
കാജോളിന്റെ അഭിപ്രായത്തിൽ സ്വന്തം അമ്മ മാത്രമല്ല, അമ്മൂമ്മയും അവരുടെ അമ്മയുമെല്ലാം അടിപൊളി ആയിരുന്നു. അവരെപ്പോലെ നല്ല സ്ത്രീകൾ ഉണ്ടായിരുന്ന ഗ്രാമത്തിലാണ് താൻ ജനിച്ചുവളർന്നതെന്നും ആ ശക്തരായ സ്ത്രീകളെ കണ്ടാണ് ഇങ്ങനെ ബോൾഡ് ആയി മാറാൻ കഴിഞ്ഞതെന്നും കാജോൾ സോഷ്യൽമീഡിയയിൽ എഴുതി. 'സ്കൂളിൽ പഠിച്ചതുമായി ഒരു ബന്ധവുമില്ലാത്ത ഒരുപാട് കാര്യങ്ങൾ നിങ്ങളോരോരുത്തരുമാണ് എനിക്ക് പഠിപ്പിച്ചു തന്നത്'. അതുപോലെ തന്നെ പെർഫെക്ട് ആവേണ്ടതില്ലെന്നും നമ്മുടെ ചെറിയ കുറവുകളാണ് ഓരോരുത്തരെയും ഭംഗിയുള്ളവരാക്കുന്നതെന്നും മുത്തശ്ശി പറഞ്ഞതായി കാജോൾ ഓർക്കുന്നു. താൻ ഇപ്പോൾ നല്ലൊരു അമ്മയായിരിക്കുന്നതിനുള്ള ക്രെഡിറ്റും സ്വന്തം അമ്മയ്ക്കു തന്നെയാണ് കാജോൾ നൽകുന്നത്. ജീവിക്കാൻ പറഞ്ഞുതന്ന അമ്മയ്ക്ക് ടീച്ചേഴ്സ് ഡേ ആശംസകൾ നേരുകയാണ് കാജോൾ.
Content Summary: Kajol Shares about her Mother on teachers day