വിവാഹബന്ധം ഉപേക്ഷിച്ച് വീട്ടിലെത്തിയ മകളെ പാട്ടും ഡാൻസുമായി ആഘോഷത്തോടെ സ്വീകരിച്ച് അച്ഛൻ
Mail This Article
ഒരു വ്യക്തിയുടെ ജീവിതത്തിൽ സംഭവിക്കാവുന്ന ഏറ്റവും നല്ല കാര്യം വിവാഹമാണെന്നും, അച്ഛനമ്മമാരുടെ പ്രധാന കർത്തവ്യം മക്കളുടെ കല്യാണം നടത്തിക്കൊടുക്കുക എന്നതാണ് എന്നും വിശ്വസിക്കുന്ന ഒരു വലിയ ജനത ഇന്ത്യയിലുണ്ട്. വിവാഹത്തിന് ഇത്രയും പ്രാധാന്യം കൊടുക്കുന്നതുകൊണ്ട് തന്നെ വിവാഹബന്ധം വേർപിരിയുന്നത് പലർക്കും ചിന്തിക്കാൻ പോലും കഴിയില്ല എന്നതാണ് വസ്തുത. എന്തൊക്കെ സംഭവിച്ചാലും ദാമ്പത്യത്തിൽ നിന്നു പിന്തിരിയരുതെന്നും ജീവിതം ഇങ്ങനെയൊക്കെ തന്നെയാണ് എന്നും പറഞ്ഞു തരുന്ന ചിലരെങ്കിലും ഇപ്പോഴും നമ്മുടെ പരിചയത്തിലോ കുടുംബത്തിലോ ഉണ്ടാവാറില്ലേ. സ്വന്തം മകൾ വിവാഹബന്ധം വേർപെടുത്തി വീട്ടിൽ മടങ്ങി വന്നു എന്നത് പലയിടത്തും സ്വീകാര്യമായ കാര്യവുമല്ല. എന്നാൽ അതിൽനിന്നെല്ലാം വ്യത്യസ്തനായി മകളെ ആഘോഷത്തോടെ വീട്ടിലേക്ക് തിരികെ കൊണ്ടുവരുന്ന ഒരു അച്ഛന്റെ വിഡിയോയാണ് ഇപ്പോള്‍ സോഷ്യൽമീഡിയയിൽ ചർച്ച.
എല്ലാ മാതാപിതാക്കൾക്കും ഒരു മാതൃക തന്നെയാണ് പ്രേം ഗുപ്ത എന്ന ജാർഖണ്ഡുകാരൻ. ഭർതൃഗൃഹത്തിലെ ദുരിതങ്ങൾ സഹിക്കവയ്യാതായപ്പോഴാണ് മകൾ സാക്ഷി ഗുപ്ത വിവാഹമോചനത്തിനു കേസ് ഫയൽ ചെയ്യാമെന്ന് തീരുമാനിച്ചത്. മകളുടെ തീരുമാനത്തെ അച്ഛൻ എതിർത്തില്ല എന്നു മാത്രമല്ല ബാന്റുമേളവും, ഡാൻസും, പാട്ടും, വെടിക്കെട്ടുമൊക്കയായി ആഘോഷമായാണ് മകളെ തിരികെ വീട്ടിലേക്ക് സ്വാഗതം ചെയ്തതും.
'മകളെ വിവാഹം കഴിപ്പിച്ച് വിട്ടെങ്കിലും ഭർത്താവും കുടുംബവും ശരിയല്ലെന്നു തോന്നിയാൽ, ആദരവോടെയും അഭിമാനത്തോടെയും മകളെ മടക്കിക്കൊണ്ടുവരണം. കാരണം പെൺമക്കൾ അമൂല്യമാണ്' - ഇങ്ങനെ കുറിച്ചുകൊണ്ടാണ് മകളെ വരവേൽക്കുന്ന വിഡിയോ പ്രേം ഗുപ്ത സോഷ്യൽമീഡിയയിൽ പങ്കുവച്ചത്.
2022ലാണ് സാക്ഷിയുടെ വിവാഹം നടന്നത്. അധികം വൈകാതെ തന്നെ ഭർത്താവ് ഉപദ്രവിക്കാൻ തുടങ്ങി. പലപ്പോഴും ഉപദ്രവത്തിനു ശേഷം വീടിനു പുറത്താക്കാനും തുടങ്ങി. ഒരു വർഷം പിന്നിട്ടപ്പോഴാണ് രണ്ടു തവണ വിവാഹിതനായ വ്യക്തിയാണ് തന്റെ ഭർത്താവ് എന്ന വിവരം സാക്ഷി അറിയുന്നത്. എന്നിരുന്നാൽ കൂടി, എല്ലാം സഹിക്കാൻ ശ്രമിച്ചു. അതിനു ശേഷമാണ് എല്ലാം അവസാനിപ്പിച്ച് ബന്ധത്തിൽനിന്നു പുറത്തുകടക്കാൻ സാക്ഷി തീരുമാനിച്ചത്. സന്തോഷത്തോടെയാണ് അച്ഛൻ മകളെയും അവളുടെ തീരുമാനത്തെയും സ്വീകരിച്ചത്.
മകളോട് എല്ലാം സഹിക്കാൻ പറയുകയും ഒടുവിൽ ജീവൻ നഷ്ടപ്പെട്ടതിനു ശേഷം മാത്രം തിരിച്ചറിവുണ്ടാവുകയും ചെയ്യുന്ന പല കുടുംബങ്ങളുമുണ്ട്. അതിൽനിന്നു വ്യത്യസ്തനായതിൽ അഭിനന്ദിക്കുകയാണ് സോഷ്യൽമീഡിയ.