'വിവാഹ ശേഷം പെൺകുട്ടികളുടെ ജീവിതം കീഴ്മേൽ മറിയും, പലപ്പോഴും ശത്രുരാജ്യത്തേക്കാവും പോവുക'
Mail This Article
ഒരു കഥാപാത്രത്തെ കരുത്തുറ്റതാക്കുന്നതിൽ അയാൾ പറയുന്ന ഓരോ വാക്കിനും പ്രാധാന്യമുണ്ട്. അത്തരത്തിൽ കയ്യടികൾ ഏറെ നേടിയ ഒരുപാട് ഡയലോഗുകൾ എഴുതുകയും, സ്ക്രീനില്‍ ഗംഭീര അഭിനയം കാഴ്ച വയ്ക്കുകയും ചെയ്തതിലൂടെ മലയാളികൾക്ക് പ്രിയങ്കരനാണ് രഞ്ജി പണിക്കർ. ജീവിതത്തിൽ ആൺകുട്ടികൾക്കുള്ള എക്സ്പോഷറേ ആയിരിക്കില്ല പെൺകുട്ടികൾക്കെന്ന് രഞ്ജി പണിക്കർ മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ പറയുന്നു.
'ഒരു ആൺകുട്ടി മേഞ്ഞു നടക്കുന്നതു പോലെ ഒരു പെൺകുട്ടിക്ക് ജീവിതത്തിന്റെ ഏറ്റവും സുരഭിലമായ പ്രായത്തിലോ കാലഘട്ടത്തിലോ മേഞ്ഞു നടക്കാൻ അനുവദിക്കപ്പെടുന്നില്ല. തന്നിഷ്ടത്തിനു നടക്കാനാവില്ല, എപ്പോഴും ആരുടെയെങ്കിലും സെക്യൂരിറ്റി വേണം. അല്ലെങ്കിൽ വിലക്കുകളുണ്ടാകും, ടൈമിങ്ങുകളുണ്ടാകും. ഒരു 10 മിനുട്ട് വൈകിയാൽ വീട്ടിലിക്കുന്നവർക്ക് ആശങ്കയുണ്ടാകും, വെപ്രാളമുണ്ടാകും'.
'തീർത്തും പരിചിതമല്ലാത്തൊരു ഗൃഹാന്തരീക്ഷത്തിലേക്ക് വിവാഹത്തോടെ പെൺകുട്ടികൾക്ക് പേകേണ്ടി വരുന്നു. വീട്ടിലുള്ള അംഗങ്ങളുടെ ഇഷ്ട അനിഷ്ടങ്ങളിലേക്ക് പൊരുത്തപ്പെടുകയും, സ്വന്തം ഇഷ്ടങ്ങൾ ആ ദിവസം മുതല്‍ സമ്പൂർണമായി നഷ്ടപ്പെടുകയും ചെയ്യുന്ന ഒരു തരം അഡാപ്റ്റേഷനാണ് സാധാരണ ഗതിയിൽ വിവാഹം കൊണ്ട് സംഭവിക്കുന്നത്. അവനവന്റെ വീടല്ല എന്ന മാർജിൻ എപ്പോഴും സംഭവിക്കുന്നുണ്ട്. ഒരു വീട് ഭാര്യയുടേത് കൂടിയാകുന്നത് ഒരുപക്ഷേ ഭർത്താവിന്റെ കാലശേഷമാണ്. എന്നാൽ സ്വന്തം വീടെന്ന നിലയ്ക്ക് ഒരു സമ്പൂർണ അധികാരവും അവകാശവും എടുക്കുമ്പോഴേക്കും ചിലപ്പോൾ മക്കൾ തീരുമാനമെടുക്കുന്ന അവസ്ഥ എത്തിയിട്ടുണ്ടാവും'. രഞ്ജി പണിക്കർ പറയുന്നു.
'ഒരു പരിചയവുമില്ലാത്ത ഒരാളുടെ കൂടെ കല്യാണം കഴിച്ച് ഒരു വീട്ടിലേക്ക് ചെന്ന് കൺവെൻഷണൽ മണിയറയിൽ പ്രവേശിക്കുന്നതോടു കൂടി ആ സ്ത്രീ പലരുടെ അവകാശങ്ങളുടെ പ്ലാറ്റ്ഫോമായി മാറുകയാണ്. അമ്മായിഅപ്പൻ. അമ്മായിഅമ്മ, ഭർത്താവിന്റെ സഹോദരങ്ങൾ, അങ്ങനെ കുറേ ആളുകളുടെ ഇഷ്ടങ്ങളുടെ നടുക്ക് ഒരു വേഷമെടുത്തിട്ടിട്ട് അത് അഴിച്ചു വയ്ക്കാൻ നിവർത്തിയില്ല, അതാവാൻ നിവർത്തിയില്ല. അതാവാൻ ഓവർനൈറ്റ് പറ്റുന്നതല്ല, എക്സ്പോഷർ ലെവൽ വ്യത്യാസമായതുകൊണ്ട്. സ്വന്തം വീട്ടിലല്ലല്ലോ, നമ്മൾ വിവാഹം കഴിച്ച് അയക്കുകയല്ലേ. വേറൊരു വീട്ടിൽ ജീവിക്കാൻ വേണ്ടി ആ അഡാപ്റ്റേഷനാണ് നമ്മൾ പഠിപ്പിക്കുന്നത് മുഴുവൻ. അവിടെ പോയിട്ട് അങ്ങനെ പെരുമാറണം, വീട്ടുകാർക്ക് പേരുദോഷം കേൾപ്പിക്കരുത് എന്നൊക്കെ പറയുന്ന ഒരുപാട് കൺവെൻഷൻ ധാരണകളുടെ സ്വാധീനത്തിലല്ലാതെ ഒരു പെൺകുട്ടിക്കും ആ പ്രായം കടക്കാൻ പറ്റില്ല. പലപ്പോഴും ശത്രുരാജ്യത്തേക്കാണ് പോകുന്നത്. അയാളുടെ സ്വഭാവത്തിൽ സമൂലമായ മാറ്റം വരും, ലോകത്തോടുള്ള കാഴ്ചപ്പാടിൽ മാറ്റം വരും. പലപ്പോഴും അഗ്രസീവ് ആവാം, അത് നഷ്ടപ്പെട്ടു പോയതിന്റെ നിരാശയാവാം, തിരിച്ചുപിടിക്കാനുള്ള വ്യഗ്രത ആവാം. അങ്ങനെ ഒരുപാട് അർഥത്തിൽ മനുഷ്യന്റെ ജീവിതം കീഴ്മേൽ മറിയുകയാണ്. അത് ബാലൻസ് ചെയ്യപ്പെടുന്നത് വളരെ അപൂർവം സ്ഥലങ്ങളിലാണ്'. - രഞ്ജി പണിക്കരുടെ ഈ വാക്കുകൾ സോഷ്യൽമീഡിയയിൽ കയ്യടി നേടുകയാണ്.
ഇടിവെട്ട് മാസ് ഡയലോഗുകൾ എഴുതാൻ മാത്രമല്ല, മനസ്സ് നിറയ്ക്കുന്ന ഇതുപോലെയുള്ള നല്ല വാക്കുകൾ പറയാനുമറിയാം എന്നുമാണ് അഭിപ്രായം. ഒരുകാലത്തെ ഹിറ്റ് ഡയലോഗായിരുന്ന 'നീ വെറും പെണ്ണാണ്' എന്ന ഡയലോഗ് എഴുതിയ വ്യക്തി തന്നെ ഇത്ര മനോഹരവും സത്യസന്ധവുമായി സ്ത്രീകളുടെ ജീവിതത്തെപ്പറ്റി പറഞ്ഞത് കേൾക്കുമ്പോൾ സന്തോഷമുണ്ടെന്നാണ് ഒരാൾ അഭിപ്രായപ്പെട്ടത്.