'ഇതിലും വലിയ സന്തോഷം ഇനിയെനിക്കു കിട്ടാനില്ല'; വീൽച്ചെയറിലിരുന്നു സ്കൂളിലെത്തിയ 67കാരി അമ്മ
Mail This Article
കുടുംബശ്രീയുടെ നേതൃത്വത്തിൽ നടന്ന 'തിരികെ സ്കൂളിലേക്ക്' എന്ന പദ്ധതിയിലൂടെ ലക്ഷക്കണക്കിനു സ്ത്രീകളാണ് സ്കൂളുകളിലെത്തിയത്. ചെറുപ്പകാലത്ത് പള്ളിക്കൂടത്തിന്റെ പടി ചവിട്ടാനാവാതിരുന്ന അനേകം സ്ത്രീകളാണ് ക്ലാസ് മുറികളിലിരുന്ന് പാഠങ്ങൾ പഠിച്ചത്. മന്ത്രി എം. ബി. രാജേഷ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ പങ്കുവച്ച വിഡിയോയാണ് ഇപ്പോൾ ജനശ്രദ്ധയാകർഷിക്കുന്നത്. ക്ലാസ് മുറിയിൽ വീൽചെയറിലിക്കുന്ന ഒരു അമ്മയുടെ സന്തോഷമാണ് വിഡിയോയിൽ കാണാനാവുന്നത്. എറണാകുളം കുന്നുകരയിലെ ലളിതാമണി എന്ന അമ്മയാണ് ആദ്യമായി സ്കൂളിൽ പോയതിന്റെ സന്തോഷം പങ്കുവച്ചത്.
' 67 വയസ്സായി, ഇതിനിടയ്ക്ക് ഞാൻ സ്കൂൾ കണ്ടിട്ടില്ല. എന്നെ സ്കൂളിൽ ചേര്‍ത്തിട്ടില്ല'. എന്നാൽ ഇങ്ങനയൊരു പരിപാടിയെന്നു കേട്ടപ്പോൾ പങ്കെടുക്കാൻ ആഗ്രഹം തോന്നിയെന്നു ലളിതാ മണി പറയുന്നു. 'വരണം, സമൂഹത്തിലിറങ്ങണം, പഠിക്കണം, അറിവ് സമ്പാദിക്കണം, ഇതൊക്കെയാണെന്റെ മനസ്സിൽ. വീട്ടിലിരിക്കുമ്പോൾ മനസ്സിന് ആകെയൊരു അസ്വസ്ഥതയാണ്. കേട്ടു കഴിഞ്ഞപ്പോൾ വരണമെന്ന് തോന്നി. എനിക്ക് പറഞ്ഞറിയിക്കാൻ പറ്റണില്ല സന്തോഷം, എന്നെ കാണാൻ മാത്രാണ് ക്ലാസിലേക്ക് കയറിയതെന്നാണ് സാറ് പറഞ്ഞത്. അത് തന്ന അനുഭവം ചെറുതല്ല. ഇത്രയും വലിയൊരു സന്തോഷം ഇനിയെനിക്കു വരാനില്ല. എന്റെ കല്യാണം കഴിഞ്ഞു. കുട്ടികളുണ്ടായി, അവർക്കും കുട്ടികളുണ്ടായി. അതിലും വലിയൊരു കാര്യമാണ് എനിക്ക് ഇവിടെ കിട്ടിയത്.' ലളിതാമണിയമ്മ പറഞ്ഞു.
ആഗ്രഹങ്ങൾ സഫലമാകുമ്പോഴുള്ള അതിരുകടന്ന സന്തോഷവും സംതൃപ്തിയും ആ വാക്കുകളിൽ അറിയാം. ഇങ്ങനെയൊരു പദ്ധതിയിലൂടെ പലരുടെയും മുഖത്തു പുഞ്ചിരി കൊണ്ടുവന്നതിനു ആശംസകൾ അറിയിക്കുകയാണ് പലരും.