പങ്കാളിക്കു വേണ്ടി സ്വന്തം ഇഷ്ടങ്ങൾ മാറ്റിവയ്ക്കാറുണ്ടോ? ഈ തെറ്റുകൾ സ്ത്രീകൾ ഒഴിവാക്കണം
Mail This Article
എല്ലാ ബന്ധങ്ങളും തുടക്കത്തില്‍ ക്യൂട്ടും സ്വീറ്റും ഹോട്ടുമായിരിക്കും. അഭിപ്രായവ്യത്യാസങ്ങളും ഇഷ്ടക്കേടുകളുമെല്ലാം പലപ്പോഴും കാണാന്‍പോലും സാധിക്കില്ല. എന്നാല്‍ തുടക്കത്തിലേതന്നെ അടിച്ചുപിരിയുന്നവരും വിരളമല്ല. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ബന്ധത്തിന്റെ ഊഷ്മളത എക്കാലവും നിലനിര്‍ത്താം. അതിനായി ഇനി പറയുന്ന മൂന്ന് തെറ്റുകള്‍ തുടക്കത്തിലേ ചെയ്യാതിരിക്കാന്‍ ശ്രമിച്ചാല്‍ മതി.
ധൃതി വേണ്ട
ഏതൊരു ബന്ധം ആരംഭിക്കുമ്പോഴും പരസ്പരം മനസിലാക്കുന്നതിനു മുന്‍പുതന്നെ കമ്മിറ്റഡാവാനാണ് പലരും ശ്രമിക്കുക. പരസ്പരം ഇഷ്ടമായി, എന്നാല്‍ അതിനര്‍ത്ഥം നിങ്ങള്‍ തമ്മില്‍ പ്രശ്നങ്ങളില്ലാതെ ജീവിക്കാനാകുമെന്നോ പരസ്പരം മനസിലാക്കിയെന്നോ അല്ല. അതിനാല്‍ വിവാഹം, കുട്ടികള്‍ തുടങ്ങിയ ഉത്തരവാദിത്തപ്പെട്ട തീരുമാനങ്ങള്‍ എടുക്കും മുന്‍പ് നന്നായി ആലോചിക്കുക.
പലപ്പോഴും സ്ത്രീകളാണ് ഇത്തരത്തില്‍ സ്നേഹബന്ധത്തെ വിവാഹത്തിലേക്കു എത്തിക്കാന്‍ ധൃതിവെക്കുന്നവര്‍. ഭാവിയെകുറിച്ചുളള ആശങ്കയും വീട്ടുകാരുടെ സമ്മര്ദ്ദവുമെല്ലാമാകാം ഇതിനു കാരണം. എന്നിരുന്നാലും നിങ്ങള്‍ പരസ്പരം മനസിലാക്കുകയും ബന്ധം വളരാനുളള സാഹചര്യം ഒരുക്കുകയുമാണ് ആദ്യം വേണ്ടത്. ഒരുമിച്ചു പോകാനുളള അടുപ്പവും സ്നേഹവും ഉണ്ടെങ്കില്‍മാത്രം സ്നേഹത്തെ ദീര്ഘകാലബന്ധത്തിലേക്കു കൊണ്ടുപോയാല്‍ മതി.
തന്നിഷ്ടം മോശമല്ല
ഒരു ബന്ധത്തിന്റെ തുടക്കത്തില്‍ പലപ്പോഴും സ്ത്രീകള്‍ അവരുടെ ഇഷ്ടങ്ങളും താത്പര്യങ്ങളും അവഗണിക്കും. പങ്കാളിയുടെ ഇഷ്ടങ്ങളോടായിരിക്കും അവര്‍ കൂടുതല്‍ മമത കാണിക്കുക. ഇത് നിങ്ങളുടെ ബന്ധം ദൃഢമാക്കുകയും പങ്കാളിയ്ക്ക് നിങ്ങളോട് കൂടുതല്‍ സ്നേഹം തോന്നിക്കുമെന്നും കരുതിയെങ്കില്‍ തെറ്റി. നിങ്ങള്‍ക്ക് നിങ്ങളെ നഷ്ടപ്പെടാന്‍ മാത്രമേ ഇത് വഴിയൊരുക്കൂ.
പങ്കാളിയുടെ ഇഷ്ടങ്ങളെ മാനിക്കുന്നതിനൊപ്പം തന്നെ നിങ്ങളുടെ ഇഷ്ടങ്ങള്‍ക്കായും സമയം കണ്ടെത്തുക. നിങ്ങളുടെ പാഷനും ഹോബികളും സൗഹൃദങ്ങളുമെല്ലാം നിലനിര്‍ത്തികൊണ്ടുതന്നെ പങ്കാളിയെ സ്നേഹിക്കാന്‍ ശ്രമിക്കാം. ഇത് നിങ്ങളെ മാനസികമായും ശാരീരികമായും ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കാന്‍ സഹായിക്കും.
അമിത ചിന്തകള്‍
ഒരു ബന്ധത്തിന്റെ തുടക്കകാലത്ത് പലപ്പോഴും സ്ത്രീകള്‍ ഒരുപാട് ചിന്തിച്ചുകൂട്ടും. ബന്ധത്തെകുറിച്ച് അവര്‍ വല്ലാതെ വ്യാകുലപ്പെടുകയും പങ്കാളിയുടെ ചിന്തകളെയും ഉദ്ദേശങ്ങളെയും ചോദ്യം ചെയ്യുകയും ചെയ്യും. ഈ അമിതമായ ഉത്കണ്ഠ പലപ്പോഴും നിങ്ങളെ അരക്ഷിതമായ അവസ്ഥയിലേക്ക് എത്തിക്കും. മാത്രമല്ല അത് ബന്ധത്തെ തന്നെയും ബാധിക്കാന്‍ ഇടവരുത്തും. ഏതൊരു ബന്ധത്തിന്റെയും വിജയത്തിന് അത്യാവശ്യമായ ഘടകമാണ് പരസ്പര വിശ്വാസവും മനസു തുറന്ന ആശയവിനിമയവും. പങ്കാളിയെ കുറിച്ച് ആശങ്കപ്പെടുന്നതിന് പകരം നിങ്ങളുടെ ആശങ്കകള്‍ അവരുമായി പങ്കുവെക്കുക. അത് പങ്കാളിയെ കൂടുതല്‍ മനസിലാക്കുന്നതിനും നിങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനും സഹായിക്കും.