തഖ്വയുടെ ആന്തരാർഥങ്ങൾ

Mail This Article
തഖ്‌വയ്ക്കു ഭയഭക്തിയെന്ന് അർഥം പറഞ്ഞു പോകുന്ന നമ്മൾ തഖ്‌വ എന്തെന്ന് മനസ്സിലാക്കിയിട്ടില്ല എന്നതാണ് യാഥാർഥ്യം. നോമ്പ് എന്തിനാണെന്നു ചോദിച്ചാൽ ഒരു ഉത്തരമേ ഉള്ളു, അത് തഖ്‌വ ഉണ്ടാവാനാണ്. പക്ഷെ തഖ്‌വ എന്താണെന്ന് ഒരോരുത്തരും മനസ്സിലാക്കണം. തഖ്‌വയ്ക്ക് ഭയഭക്തി എന്ന അർഥം യഥാർഥത്തിൽ ചേരുമോ..?. ചെയ്യുന്ന ഓരോ പ്രവൃത്തിയിലും അല്ലാഹുവിന്റെ സ്മരണ ചേർത്തുവച്ചാൽ തഖ്‌വ താനേ വന്നുചേരും.
അല്ലാഹുവിൽ സദാ സമയവുമുള്ള അനുസ്മരണത്തെ സൂക്ഷിക്കുന്നതാണ് തഖ്‌വ, ആ സ്മരണയെ സൂക്ഷിക്കുന്നവരാണ് തഖ്‌വ ഉയുള്ളവർ. അണമുറിയാതെ ഒരോ സെക്കൻഡിലും, തന്റെ ഓരോമിടിപ്പിലും അല്ലാഹുവിനെ സ്മരിച്ചുകൊണ്ടിരിക്കുക. റമസാനിലൂടെ നമ്മൾ അല്ലാഹുവിനെ അറിയുന്ന അവസ്ഥയിൽ എത്തണം. അപ്പോൾ മാത്രമേ നമ്മളിൽ ഈ റമസാൻ പൂർണമാവുകയുള്ളൂ. ഖുർആനിൽ മാഊൻ സൂറത്തിൽ നമസ്‌കരിക്കുന്നവർക്കാണ് നരകം എന്ന് പറയുന്നുണ്ട്, അതും നരകത്തിലെ കഠിന ശിക്ഷ ലഭിക്കുന്ന വൈൽ എന്ന ചെരുവ്.
ഏത് നമസ്‌ക്കാരത്തിനാണ് ഈ ശിക്ഷയുള്ളത് – അശ്രദ്ധമായി, മറ്റുള്ള കാര്യങ്ങളിലെ ചിന്തയുമായി നമസ്കരിക്കുന്നവർ. അവർക്കാണ് വൈൽ എന്ന നരകത്തിലെ കഠിന ശിക്ഷയുള്ളത്. നമ്മൾ നമ്മുടെ നമസ്‌ക്കാരത്തിൽ എപ്പോഴാണ് അല്ലാഹുവിന്റെ പൂർണമായ സ്മരണ പുലർത്തുന്നത്? ആ സ്മരണ ഇല്ലാതിരിക്കുമ്പോഴെല്ലാം നമ്മൾ നമ്മുടെ നമസ്‌ക്കാരത്തിൽ അശ്രദ്ധരല്ലേ..? ഇന്നത്തെ ഒട്ടുമിക്ക നമസ്‌ക്കാരങ്ങളും അല്ലാഹുവിന്റെ സ്മരണയില്ലാതെ കേവലം പ്രകടനങ്ങളാവുന്നത് അപകടമല്ലേ..?
ഇസ്‌ലാമിന്റെ അഞ്ച് കർമങ്ങളിൽ ഏതൊക്കെ അതിന്റെ പൂർണതയോടുകൂടി നാം നിർവഹിച്ചു എന്നു പരിശോധിക്കണം. കലിമത്തു തൗഹീദിൽ സാക്ഷിയാവുന്നത് തൊട്ട് തുടങ്ങുന്നതാണ് നമ്മുടെ കർമങ്ങൾ. വിശ്വാസം പൂർണതയിലെത്തുന്നത് ഈ കലിമത്തു തൗഹീദിൽ സാക്ഷിയായതിന് ശേഷം മാത്രമാണ്. അപ്പോൾ മാത്രമേ നമ്മുടെ നമസ്‌ക്കാരവും നോമ്പും സക്കാത്തും ഹജ്ജും സ്വീകരിക്കുകയുള്ളു. നാലു കർമങ്ങളിലേക്കുള്ള പ്രധാന കവാടമായ കലിമയിൽ സാക്ഷ്യം വഹിക്കുക എന്നതിലുണ്ട് നമുക്ക് എല്ലായ്‌പ്പോഴും അല്ലാഹുവിനെ ഓർക്കുന്ന തഖ്‌വ.