ഇന്‍വെസ്റ്റ് കേരള ആഗോള ഉച്ചകോടി ഫെബ്രുവരി 21-22 തിയതികളിൽ കൊച്ചിയിൽ

Mail This Article
കൊച്ചി: വ്യവസായ കേരളത്തിന്റെ ഭാവി നിർണയിക്കുന്ന രണ്ടു ദിവസത്തെ ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിയ്ക്ക് (ഐകെജിഎസ്) വെള്ളിയാഴ്ച തിരി തെളിയും. കൊച്ചിയിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന ഉച്ചകോടിയില്‍ കേന്ദ്ര-സംസ്ഥാന മന്ത്രിമാരും വിദേശരാജ്യങ്ങളിലെ പ്രതിനിധികളും പങ്കെടുക്കും.
ലുലു ബോള്‍ഗാട്ടി ഇന്‍റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍ററിലാണ് ഉച്ചകോടി അരങ്ങേറുക. സംസ്ഥാനത്തിന്റെ വ്യവസായ വളർച്ചയ്ക്കു മുൻഗണ നൽകുന്ന വിവിധ മേഖലകളിലെ സാധ്യതകളന്വേഷിച്ച് വിദേശ പ്രതിനിധികളടക്കം 3000 പേർ പങ്കെടുക്കുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ആഗോള തലത്തിലെ ബിസിനസ് അവസരങ്ങൾക്കൊപ്പം മുന്നേറുന്നതിനുള്ള കേരളത്തിന്റെ സാധ്യതകളെ വിവിധ മേഖലകളിൽ നിന്നുള്ളവർക്ക് അടുത്തറിയാൻ അവസരമൊരുക്കുന്നതായിരിക്കും ഉച്ചകോടിയെന്ന് അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്തെ സംരംഭകത്വ സാധ്യതകൾ ഊട്ടിയുറപ്പിക്കുന്നതിനൊപ്പം അടിസ്ഥാന സൗകര്യങ്ങൾ, റോബോട്ടിക്–ഡാറ്റ അനലിറ്റിക്കൽ ടൂളുകളുടെ നിർമാണം, ഭാവി ജോലികൾക്കാവശ്യമായ വൈദഗ്ധ്യ വികസനം, ഒരോ മേഖലയ്ക്കും അനുയോജ്യമായ ഇക്കോസിസ്റ്റം, ഇഎസ്ജിക്ക് നൽകുന്ന മുൻഗണന, എല്ലാത്തിലുമുപരി കേരള ബ്രാന്‍ഡിനുള്ള മുൻഗണന ഇവയൊക്കെയാണ് ഉച്ചകോടിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ടെക്നേളജി മേഖലകൾക്ക് നൽകുന്ന മുൻഗണനയ്ക്ക് പുറമെ ബയോടെക്നോളജി, ലൈഫ് സയൻസ് ഡിസൈൻ, ഇവി, ഇലക്ട്രോണിക് സിസ്റ്റംസ് ഡിസൈനും നിർമാണവും, ഫുഡ് ടെക്നോളജി, ഗ്രാഫിൻ, മൂല്യവർധിത റബർ, ഹൈടെക് ഫാമിങ്–ഫുഡ് ടെക്നോളജി, ലോജിസ്റ്റിക്സ്, മാരിടൈംം, മെഡിക്കൽ ഉപകരണങ്ങൾ,നാനോ ടെക്നോളജി –ഫാർമസ്യൂട്ടിക്കൽ, റീസൈക്കിളിങ്, മാലിന്യ നിർമാർജനം, റീടെയ്ൽ, റിന്യൂവബിൾ എനർജി, ടൂറിസം തുടങ്ങിയ വിവിധ മേഖലകളെ കുറിച്ചുള്ള 30 ഓളം സെഷനുകളാണുള്ളത്.
കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി(ഓണ്‍ലൈന്‍), വാണിജ്യമന്ത്രി പീയൂഷ് ഗോയല്‍, നൈപുണ്യ വികസന മന്ത്രി ജയന്ത് ചൗധരി എന്നിവരും സംസാരിക്കും.

യുഎഇ സാമ്പത്തിക മന്ത്രി അബ്ദുള്ള ബിന്‍ തുക് അല്‍മാരി, ബഹ്റൈന്‍ വാണിജ്യ-വ്യവസായമന്ത്രി അബ്ദുള്ള ബിന്‍ അദെല്‍ ഫഖ്രു, പ്രതിപക്ഷനേതാവ് വി ഡി സതീശന്‍, പ്രമുഖ വ്യവസായിയും നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്‍മാനുമായ എം എ യൂസഫ് അലി, സിഐഐ പ്രസിഡന്‍റ് സഞ്ജീവ് പൂരി, അദാനി പോര്‍ട്സ് എം ഡി കരണ്‍ അദാനി തുടങ്ങിയവരും സംസാരിക്കും.
സംസ്ഥാന മന്ത്രിമാര്‍, നീതി ആയോഗ് മുന്‍ ചെയര്‍മാൻ അമിതാഭ് കാന്ത്, വ്യവസായികളായ എം ഡി അദീബ് അഹമ്മദ്, അനസൂയ റേ, അനില്‍ ഗാന്‍ജു, ഡോ. ആസാദ് മൂപ്പന്‍, ഗോകുലം ഗോപാലന്‍, ജീന്‍ മാനേ, ജോഷ് ഫോള്‍ഗര്‍, മാര്‍ട്ടിന്‍ സൊന്‍റാഗ്, മാത്യു ഉമ്മന്‍, മുകേഷ് മേത്ത, എം എം മുരുഗപ്പന്‍, രവി പിള്ള, ടി എസ് കല്യാണരാമന്‍, ശശികുമാര്‍ ശ്രീധരന്‍, ശ്രീപ്രിയ ശ്രീനിവാസന്‍, വിനീത് വര്‍മ്മ, വിവിധ വകുപ്പ് സെക്രട്ടറിമാര്‍ തുടങ്ങിയവരും ഉച്ചകോടിയിൽ സംബന്ധിക്കും.